link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: മാർച്ച് 2015

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015, മാർച്ച് 29, ഞായറാഴ്‌ച

ആർക്കു സ്വന്തം…?!



പാട്ട്



   ടിഞ്ഞാറ്  പടിഞ്ഞാറൊരില്ലം…പാ-
    ലലതല്ലും തീരത്തൊരില്ലം…!
    ഇല്ലത്തെ ചെമ്മുകിൽപല്ലക്കിലെത്തും
    പെണ്ണോ....   തങ്കച്ചെല്ലം…!
2. അന്നാ രാവിന്റെ ചില്ലകൾ പൂത്തപ്പോൾ
    വന്നൂ ആരോമൽ മന്ദം---വിണ്ണിൽ
    വന്നൂ ആരോമൽ മന്ദം.
    എന്നേ   മരച്ചോട്ടിൽ കണ്ടിട്ടോ
    എന്തേ മടങ്ങീ തങ്കം…! പൂനുള്ളാ-
    തെന്തേ മടങ്ങീ തങ്കം….!?
3. ചന്ദനപ്പൊയ്കയിൽ മുങ്ങിക്കുളിക്കാൻ
    വന്നൂ വിണ്ണിലച്ചന്തം….! ഇന്നു
    വന്നൂ വിണ്ണിലെച്ചന്തം…!
    കുന്നിൽ നീരാളമൂരിവിരിക്കുമീ
    കന്യകയാരുടെ സ്വന്തം--!?
                             -മധു,മുട്ടം



2015, മാർച്ച് 22, ഞായറാഴ്‌ച

കല്‌പ്പടവ്







ടയിൽത്തെളിയുവാൻ പോകുന്ന ദീപമി-
പ്പടവിനെ കൈകൂപ്പിനിൽപ്പൂ..!?
മിഴിയിൽപ്പതിഞ്ഞുവോ ഈ കൃഷ്ണശിലയിലെ
പ്പിഴവന്ന പാഴ്‌സുരമുദ്ര...!

കരമൊന്നുപാളി പണ്ടുളിയോടെ കാലമെൻ
കരളിന്റെ നീലമൗനം കടഞ്ഞതിലെന്റെ
കനവുകൾ കോറവെ വെറിവീണുചിതറിയെ-
ന്നറിയു നീ ഈ കൃഷ്ണശിലയെ.....
മലരൊന്നു പതിയാതെ... 
തിരിയൊന്നു തെളിയാതെ...
വടിവറ്റയൊരു ശിലാഖണ്ഡമായിവിടെന്റെ
ഗതകാലനിനവുകൾ കുടികൊണ്ട കാവിലെ-
പ്പടവായ്ക്കിടക്കുമെന്നിടനെഞ്ചിലിന്നുമു-
ണ്ടൊരു ദേവശില്പത്തിൻ പടു പാട്....! ദീപമേ
അറിയു നീ ഈ കൃഷ്ണശിലയെ.

കനവിന്റെ കൗമാരനീലമൗനങ്ങൾക്കു
മനയോല ചാലിച്ച രജനീദളങ്ങളും..
തിരികരിഞ്ഞൊടുവിലെൻ 
ചമയങ്ങൾ തീരാതെ
ചിറകിട്ടടിച്ചുപോയൊരു വിൺചെരാതും...
കരളിന്റെ കന്നേപ്പുറത്തുള്ള കാവിലു,ണ്ട-
വിടെന്റെ ഓർമ്മകൾ കണ്ണുനീർപ്പൂക്കുല-
ക്കതിരുകൾ തുള്ളിച്ചു തുള്ളുന്ന കളവുമു,ണ്ട-
റിയു നീ ഈ കൃഷ്ണശിലയെ.

ഇവിടെൻ ശിലാമൗനനാകൂദരങ്ങളിൽ
പിണയുന്ന കൃഷ്ണസർപ്പങ്ങളെൻ പകലിന്റെ
കനൽമെത്തമേൽ വീണു പിടയുന്നു....; ഇരുളിന്റെ
ജടയഴിഞ്ഞിടനെഞ്ചിലിഴയുന്നു..; അവസാന-
യുത്താളമുള്ളിന്റെ ഡമരിൽ നിന്നടരുന്നു....
ഒടുവിലെൻ പ്രത്യുഷ:സിന്ദൂരനാളമായ്
വിടരുന്നുവോയെന്റെ നടയിൽ നീ....!!  ദീപമേ-!
തെളിയുന്നുവോയെന്റെയുള്ളിൽ...!!
ഇനി...നിന്റെയമൃതാംഗുലികളെൻ പ്രാണന്റെ
ഇഴതോറുമെന്നോ മരിച്ചയീണങ്ങളെ-
ത്തഴുകട്ടെ..! എന്നിലെ ശൈലഗീതങ്ങളൊ-
ന്നുണരട്ടെ...! അരുണ സഹസ്രകരങ്ങളാൽ
പുണരു നീ എന്നെ സ്വയംപ്രഭേ-!! പ്രാചീന-
പിഴചാഞ്ഞുറങ്ങുമിടനെഞ്ചിൽ...!

ഒരു നെയ്ത്തിരിത്തുമ്പിൽ 
വിരലൂന്നി.... പ്രേമാഗ്നി-
മുകുളമാ,യനുരാഗ പഞ്ചാഗ്നിയിൽക്കൊടും-
തപവുമാ,യീ സാന്ധ്യതിലകമായ്....ദീപമേ-!
തെളിയുകീ ശൈലനിടിലത്തിൽ...!!
                                          -മധു,മുട്ടം





2015, മാർച്ച് 15, ഞായറാഴ്‌ച

പാൽക്കടൽക്കുളി

പാട്ടു കവിത







പാൽക്കടലിൽ കുളിച്ചുകുളിച്ചാ-
പാലാഴിപ്പെണ്ണിനെ വളച്ചെടുത്താ-
പാമ്പിൻമെത്തമേൽ കിടപ്പും….
പാമ്പിന്റെ വൈരിമേൽ നടപ്പും….!!
പറയും ഞാനെല്ലാം പറയും…. 
മറയും വല്ലാത്തമുറയും…!
പറഞ്ഞുവരുമ്പോൾ പരദോഷം
അറിഞ്ഞുവരുമ്പോൾ പരിതോഷം…!!

ണത്താർമാനിനീനൃത്തം നുകരാൻ
മുപ്പാരെല്ലാം കണ്ണേറാൽ തീർത്താ-
ത്തൂണിലും പിന്നെ തുരുമ്പിലും വരെ
മറഞ്ഞുമൊളിഞ്ഞുമൊളിസേവ……!!
പറയും ഞാനെല്ലാം പറയും……
മറയും വല്ലാത്തമുറയും….!

കറുമ്പൻ കാലിച്ചെറുക്കനായി-
ക്കുറുമ്പുംകാട്ടിക്കറങ്ങും കാലം
ഇടയപ്പെണ്ണിനെ വലച്ചു…..; പോയി-
ട്ടരചപ്പെണ്ണിനെപ്പിടിച്ചു….;
ഇടിച്ചുമാമനെപ്പൊടിച്ചു…;  മുടി-
യഴിച്ചപെണ്ണിനെത്തുണച്ചു….:
ഒഴക്കവൽക്കിഴി കിടച്ചപ്പോൾ ചേടി-
പ്പണിക്കു വേളിയെയയച്ചു…..!!
പറയും ഞാനെല്ലാം പറയും….
മറയും വല്ലാത്തമുറയും…!
പറഞ്ഞുവരുമ്പോൾ പര ദോഷം….
അറിഞ്ഞുവരുമ്പോൾ പരിതോഷം..!
                  -മധു,മുട്ടം                 




2015, മാർച്ച് 11, ബുധനാഴ്‌ച

രാക്കിളിപ്പിണക്കം











നീലപ്പീലിയിളക്കും രാവിന്റെ
തൂവലിനിന്നെന്തു മിനുക്കം..!
തേഞ്ചോരും മൊഴിയേരാക്കിളിയേ നിന്റെ
പൂഞ്ചുണ്ടിലിന്നെന്തേ പിണക്കം?!

1-പൂമാനച്ചില്ലയിൽ പൂവമ്പൻ പോറ്റുന്ന
പൂന്തിങ്കൾക്കിളി വന്നൂനിന്റെ
തൂവലുരുമ്മിയിരുന്നൂ
പൂഞ്ചിറകൊതുക്കും രാക്കിളിയേ നിന്റെ
തൂമൊഴിക്കെന്നിട്ടും പിണക്കം! നിൻ
നീൾമിഴിക്കീറൻ തിളക്കം.!

2-മാലേയത്തെന്നലിൽ മാകന്ദവിശിഖന്റെ
തേരായിന്നവൻ വന്നൂ.നിന്നെ
മാറോടണക്കാൻ നിന്നൂ
മാമ്പൂമണക്കും ഇണക്കിളിയേ നിന്റെ
മാരനോടെന്തിത്ര പിണക്കം! നിൻ
ഭാവങ്ങൾക്കിന്നെന്തിണക്കം..!

                      -മധു,മുട്ടം

2015, മാർച്ച് 8, ഞായറാഴ്‌ച

അസുരഗീതം

           







ത്തിയേൻ മായേ  നിന്റെ 
നടക്കൽ..വേദാന്തം -
ന്നെത്തി മൂർച്ഛിക്കാറുള്ള 
രഥ്യാമണ്ഡപം തന്നിൽ..!
--ഉത്തുംഗതാരാപഥ-
പ്പരപ്പിൽ ദുരൂഹത
പത്തിനീർത്താടും നീല
നിശ്ശബ്ദവിഹായസ്സും...
തൊട്ടുതൊട്ടെല്ലാമസ്ഥി-
മാടമായ് മാറ്റും കാല-
കല്പന നിഗൂഢമായ്
പതുങ്ങും ഹൃദന്തവും...
ബ്രഹ്മകല്പങ്ങൾ ഹോമ-
കുണ്ഡങ്ങൾ ജ്വലിപ്പിക്കെ
ജന്മങ്ങൾ പരാർദ്ധം ഞാൻ
ഹവിസ്സായർപ്പിച്ചിട്ടു-
മിന്നുമീയസ്തിത്വത്തിൻ 
കാവിലെത്തിറയ്ക്കുള്ളിൽ
വന്നെന്നെ വിറപ്പിച്ച 
ഞാനും--- എൻ പ്രജ്ഞയ്ക്കുള്ളിൽ
നിത്യവും കണ്ണാമ്പൊത്തി
കളിക്കെത്തളർന്നു മ-
ച്ചിത്തവും ചിറകുള്ള 
ചിന്തയും ചേക്കേറുന്ന
പൊത്തിതിൽ--വന്നേൻ നിത്യ-
സത്യമേ നിന്നെത്തേടി
ഭക്തനാമെന്നെത്തന്നെ 
നേദിക്കാനില്ലാതകാൻ.

അഷ്ടതാരിണീ--! ദേവീ--!
 ത്വൽപ്പദം തേടിക്കോടി
നക്ഷത്രമായി ക്ഷീര-
പഥത്തിലലഞ്ഞു ഞാൻ
ദുഷ്ടനായ്, കൃതഘ്നനായ്..,
ശിഷ്ടനായ്..,നിശ്ചേഷ്ടനായ്
മൃഷ്ടമായ് പിന്നെക്കോടി
ജന്മങ്ങൾ നിന്നെത്തേടി....!!
എന്നിൽനിന്നെന്നോളമു-
ള്ളീവഴിക്കനന്തത-
യൊന്നൊന്നായുരിഞ്ഞിട്ട 
പടങ്ങൾ പാറീടുന്നു....!!
എത്രയോ മഹാകല്പം 
വറ്റിയീപ്രപഞ്ചത്തിൽ...
എത്രയോ രൂപം പേറി
ത്തളർന്നേൻ...!! ഇന്നും ദേവീ-!
ബന്ധനങ്ങളെത്തെറ്റി-
ദ്ധരിച്ചാ പ്രമ്ലോചയ്ക്കു
ബിന്ദുവാസരക്കുളി-
രേകുന്നു നിരന്തരം...!
ജുടക സഹസ്രങ്ങൾ
കൊഴിഞ്ഞൂ......! ഇന്നോ മുഖ-
മ്മൂടികൾ ചൂടിച്ചൂടി 
എന്നെ ഞാൻ മറന്നേപോയ്.....!
അങ്കുശങ്ങളെത്തെറ്റി-
ദ്ധരിച്ചു തൂവൽത്തുമ്പാൽ
ശങ്കിയാതയേ ബത-! 
ചാർത്തി ഞാൻ വിരാമമായ്!
പുരളേ-! നീയല്ലാതെ 
പൂർണ്ണമാം ബിന്ദു വേറെ
വിരിയും സങ്കല്പങ്ങൾ
കരിയായെന്നേയുള്ളിൽ.
ബ്രഹ്മബിന്ദുക്കൾകൊണ്ടീ 
മണ്ണിൽ ഞാനൊഴുക്കിയ
ബ്രഹ്മപുത്രകൾ നിന്റെ 
തൃക്കഴൽ തേടുന്നിന്നും
യുഗങ്ങൾ അവഭൃഥ-
സ്നാനം ചെയ്തിന്നും മമ
ഹൃദന്തേ പുനർജ്ജനി-
ക്കൂഴം കാത്തിരിക്കുന്നു!
ഇക്കണ്ട ചരാചര-
സഞ്ചയങ്ങളിലെന്റെ-
യുഗ്രമാം തപസ്സല്ലോ 
തുടരുന്നനുസ്യുതം...
നേരമായില്ലേയിന്നും 
കാരണീ-! സനാതന
തീരമേ-!അടഞ്ഞ നിൻ 
തൃക്കാപ്പു തുറക്കുവാൻ?
വേണ്ടെനിക്കിനി മൂന്നു
പുരങ്ങൾഅമ്മേ-! ഒന്നു
ചൂണ്ടിയാൽ കരിഞ്ഞുപോം
വരങ്ങൾ നാഗാസ്ത്രങ്ങൾ..
വേണ്ടല്ലോ ചിരംവാഴാനമൃതം...! 
എനിക്കിനിവേണ്ടതോ.അമ്മേ-!?
ഒരു പൂർണ്ണമാം വിരാമമാം.
                                           --മധു,മുട്ടം


2015, മാർച്ച് 1, ഞായറാഴ്‌ച

എന്റെവിസ്മയം


   



ഴവില്ല് കണ്ടു
മതിവരാഞ്ഞും
മറിമാന്മിഴിയിൽ
മതിമറന്നും
തളിരും മലരും
മനം കവരും
കുളിരും പുലർകാല
ഭംഗി കണ്ടും
തെളിമാനംകണ്ടും 
ത്രിസന്ധ്യകണ്ടും
പുളകംകൊണ്ടമ്പിളി-
ത്തെല്ലുകണ്ടും
കവിമനപ്പൂങ്കാ-
വനങ്ങൾ പൂക്കെ
അതിലല്ലെൻ 
വിസ്മയച്ചെണ്ടുപൂത്തു-!
അവിടില്ലാക്കൊമ്പിലെ
പൂവിറുത്ത്
ഇവിടില്ലാനൂലിലാ 
പൂവുകോർത്ത്
അഴകോടിന്നീവിധം
ചൂടിനിൽക്കും
മമ മനം കണ്ടു ഞാൻ
വിസ്മയിപ്പൂ.!!

           -മധു,മുട്ടം



കുള