link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ഒരു പൂക്കിനാവ്

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ഒരു പൂക്കിനാവ്


ഒരു പൂക്കിനാവ്

ന്നലെരാത്രീൽ ഞാൻ സ്വപ്നത്തിലേയ്ക്കു പോകുമ്പോൾ എന്റെമുറ്റത്തെ  

ഒരു മുല്ലപ്പൂവും ഒപ്പമുണ്ടായിരുന്നു..   

അപ്പോൾ അവിടെയും രാത്രിയായിരുന്നു

അരുകിൽ കസ്സവു പിടിപ്പിച്ച ഒരു നീലരാത്രി .

സ്വപ്നത്തിലെ രാത്രിയുടെ ഇന്ദ്രനീലമണ്ഡപത്തിൽ ഞാൻ ആരെയോ കാത്തിരുന്നു.

വരുമെന്നു പറഞ്ഞവർ ഒരിക്കലും വരില്ലെന്നേറ്റുപറയുന്ന യാമമെത്തി. കാവലിരുന്ന മുല്ലപ്പൂവ് സ്വപ്നത്തിലെ ഉറക്കത്തെപ്പറ്റിപ്പറഞ്ഞു. പിന്നെ സ്വപ്നങ്ങളിലെ സ്വപ്നത്തെപ്പറ്റി സ്വപ്നങ്ങളിൽവച്ചു തമ്മിൽ കണ്ടുമുട്ടുന്നതിനെപ്പറ്റികാത്തിരിക്കുന്നതിനെപ്പറ്റി. സ്വപ്നങ്ങൾക്കു ജീവിതത്തോളം നീളം വരുന്നതിനെപ്പറ്റി....

അങ്ങനൊരു സ്വപ്നത്തിൽ വിടർന്നതാണത്രെ ആ പൂവ്..!

ഞാൻ   പൂവിനെ ഒറ്റയ്ക്ക്  സ്വപ്നത്തിലിരുത്തിയിട്ട് ഉറക്കത്തിലേയ്ക്കു നടന്നു. തിരിഞ്ഞുനോക്കുമ്പോഴും  പൂവ് സ്വപ്നം കണ്ട്  നീലക്കൽമണ്ഡപത്തിൽത്തന്നെ ഇരിപ്പുണ്ടായിരുന്നു.

ഉറക്കം പതിവുപോലെ ഒന്നും മിണ്ടാതെ പൊതിച്ചോറൊരുക്കി.  പിന്നെഎപ്പോഴാണെന്നറിയില്ല ഞാൻ സ്വപ്നത്തിലേയ്ക്കു തിരിച്ചെത്തിയത്. 

നമുക്കൊന്നു തിരിച്ചെത്താൻ ആകെ ഈ സ്വപ്നമല്ലേയുള്ളു.

അതോ....മറ്റൊരിടമുണ്ടോ...?

നീലക്കൽമണ്ഡപത്തിൽ അപ്പോഴും മുല്ലപ്പൂവ് എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. പക്ഷേ..പുലരിക്കൈ തൊട്ടപ്പോൾ ഞാൻ ഉണർന്നുപോയിഇന്നിലേക്ക്. അതാണല്ലോ    ഇന്ന്.

 ഇന്നിനു കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും എന്തൊക്കെയോ മാറിയതായി ഒരു നാട്യം. പഴയ കാട്ടിലെകൈയ്യൂക്ക് ഇപ്പോൾ പണമായി വേഷംമാറിയതുപോലെ; പണ്ട് കൊല്ലാനെറിഞ്ഞ കല്ല് ഇന്ന് ഇന്റെർകോണ്ടിനന്റൽ മിസൈൽ ആയതുപോലെ. അന്ന് വിശപ്പിനെ കൊന്നലറിയ കാട് ഇന്നു വിഷമൂട്ടിക്കൊന്ന് അലറിപ്പാടുന്ന കമ്പോളമായതുപോലെ! 

സത്യത്തിൽ ഉറക്കത്തിലെ ആ പൊതിച്ചോറിനു പോയില്ലെങ്കിൽ ഇക്കണ്ടതെല്ലാം ഒരു നീണ്ട ഇന്ന്!

മുറ്റത്തെ മുല്ല എന്നെ കണ്ടപ്പോൾ ഉൽക്കണ്ഠയോടെ ചോദിച്ചു-  “എന്റെ പൂ എവിടെ--?

ഉത്തരമില്ലാതെ ഞാൻ ഓർത്തു നിന്നു

പിന്നെ ഇന്നിതുവരെ ഞാൻ ആ പൂവിനെ തേടി നടക്കുകയായിരുന്നു.

ഇപ്പോൾ ഒരിത്തിരി മുമ്പ്.. ഈ പാണ്ടിത്തെരുവിലെ തിരക്കിലൂടെ നടക്കവെ ഒരു മിന്നായം പോലെ ഞാൻ കണ്ടു.ആരുടേയോ മുടിക്കെട്ടിൽആ പൂവ്.!! എന്റെ മുറ്റത്തെ ആ ഒറ്റ മുല്ലപ്പൂവ്!

അതെ!! പക്ഷേ.ആരായിരുന്നു ആ പൂ ചൂടിയിരുന്നത്---?

ഞാൻ തിരയുകയാണ്.ഇപ്പോഴും ഈ പാണ്ടിത്തെരുവിൽ.

ആരായിരുന്നു ആ പൂ ചൂടിയിരുന്നത്---!?

അല്ല.! ഈ തെരുവ്.സ്വപ്നത്തിലോ..അതോ.ഈ ഇന്നിന്റെ ഏതെങ്കിലും മൂലയിലോ--?

ങേ? ഇപ്പോ ആരോടാ ഒന്നു ചോദിക്കുക.

ഏയ്അതേയ് ഒന്നു നിൽക്കണേ.!—‘ ഈ സ്വപ്നത്തിലേയ്ക്കു പോകാൻ ഈ വഴി ചെന്നിട്ട്?

                                                                                     -മധു,മുട്ടം.

  

 


അഭിപ്രായങ്ങളൊന്നുമില്ല: