link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ജ്ഞാന-കർമ്മയോഗങ്ങളും നീലാണ്ടപ്പിള്ളയും

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ജ്ഞാന-കർമ്മയോഗങ്ങളും നീലാണ്ടപ്പിള്ളയും


ജ്ഞാന-കർമ്മയോഗങ്ങളും          
നീലാണ്ടപ്പിള്ളയും


രാവണവിജയം എന്നൊരു നാടകമുണ്ടെന്നും അതിൽ രാവണന്റെവേഷത്തിൽ അഭിനയിക്കുന്നത് വെള്ളിക്കുന്നത്ത് പാർവതീഭവനിൽ നീലകണ്ഠൻപിള്ള എന്ന നീലാണ്ടപ്പിള്ളയാണെന്നും ഒന്നു സങ്കല്പിക്കുക..! അരങ്ങിൽ രാവണവേഷത്തിൽ തകർപ്പൻഅഭിനയം കാഴ്ചവച്ച്  കാണികളുടെ വിസ്മയഭരിതമയ ആരാധനയും ഹസ്താരവവും നേടാറുള്ള നീലാണ്ടപ്പിള്ള  ഇതെങ്ങനെസാധിക്കുന്നു.!?   നീലാണ്ടപ്പിള്ളയുടെ നടനവൈഭവത്തിന്റെഎൻജിൻറൂമി കയറി നമുക്കൊന്നു നോക്കാം!

--നല്ല ഫലിതബോധവുംപാണ്ഡിത്യവുമുള്ള  ഗുരുജി പ്രായോഗികജീവിതത്തിൽ ജ്ഞാന-കർമ്മയോഗങ്ങൾഎന്ന വിഷയത്തെപ്പറ്റി ഞങ്ങളോടു വിവരിക്കുകയാണ്-

 താൻ രാവണനല്ല, നൂറുശതമാനവും വെള്ളിക്കുന്നത്തു പാർവ്വതീഭവനിൽ നീലാണ്ടപ്പിള്ളയാണെന്ന പൂർണ്ണബോധമാണു വീട്ടിൽനിന്നിറങ്ങു മ്പോഴും, രാവണനായി അരങ്ങുതകർക്കുമ്പോഴും, നാടകം കഴിഞ്ഞു വേഷമഴിച്ചു വീട്ടിൽ പോകുമ്പോഴുമെല്ലാം അയാളുടെ ചെയ്തികൾക്കാകെ അയത്നേന ആധാരമായിരിക്കുന്നത്.

ഇതിൽ ജ്ഞാനയോഗത്തിന്റെ ഒരു മിനിയെച്ചർ  കാണാം -!!

 അപ്പോൾ കർമ്മയോഗമോ-? ഞങ്ങൾ ചോദിച്ചു.

 അതെ. ഇനികർമ്മയോഗം നീലാണ്ടപ്പിള്ളയിൽ എവിടെ,എങ്ങനെയാണു

സംഭവിക്കുന്നത് നോക്കാം.  രാവണവേഷധാരിയായി സാക്ഷാൽ ലങ്കേശനായുള്ള

രംഗാവതരണത്തിനു മനസാ-വാചാ-കർമ്മണാ സജ്ജനായിവേദിയിലെത്തി യവനികയുയരുമ്പോഴുണ്ടാകുന്ന സർഗ്ഗാത്മകലോകത്താണ് അതു സംഭവിക്കുന്നത്-കർമ്മയോഗം-!!

 അതെങ്ങനെ-?! എന്നു ഞങ്ങൾ.

 പറയാം-  ഗുരുജി തുടരുന്നു-:   “ഞാൻ നീലകണ്ഠപ്പിള്ളയാണ്  എന്നജ്ഞാനയോഗം യാതൊരു ഉടവുംതട്ടാതെ പൂർണ്ണമായിത്തന്നെസാക്ഷിനിൽക്കെ താൻ രാവണനാണ്, ഇവിടം ലങ്കാപുരിയാണ്, കൂടെനിൽക്കുന്ന മറ്റൊരു ജ്ഞാനയോഗംശൈലജാകുമാരി എന്ന നടി മണ്ഡോദരിയാണ്, നാടകഗ്രൂപ്പിലെ പുഷ്പകുമാറും വേലായുധനും ഗണനാഥൻനായരും യഥാക്രമം ഇന്ദ്രജിത്തും വിഭീഷണനും കുംഭകർണ്ണനുമാണ്എന്നിങ്ങനെയുള്ള ബോധപൂർവമായ അദ്ധ്യാരോപങ്ങളും തദനുസൃതങ്ങളായ പെരുമാറ്റങ്ങളുംസംഭാഷണങ്ങളും ഭാവ-ഹാവാദികളുമാണു കർമ്മയോഗം-!!

 ഈ പറഞ്ഞ കർമ്മയോഗത്തിൽ   രാവണന്റെ മാനസ-വാചസ-ചേഷ്ടിതങ്ങൾക്ക് സാക്ഷിയായി മാത്രംനിൽക്കുകയല്ലതെ ഞാൻ നീലാണ്ടനാണ് എന്ന ആധാരജ്ഞാനം രാവണനിൽ ഇടപെടുകയേ യില്ല. എന്നാൽ ആ ഇടപെടായ്ക എന്നത് ഒരു വലിയ ഇടപെടലാണെന്നും, അതാണു രാവണാവതരണത്തിന്റെ സർഗ്ഗാത്മകവിജയത്തിന് അടിസ്ഥാനമെന്നും അല്പം ഒന്നാലോചിച്ചാൽ പിടികിട്ടും രാവണവേഷധാരിയായി വിഭീഷണനോടു കയർത്തുനിൽക്കെ വേദിക്കുമുന്നിൽ തന്നെത്തന്നെ നോക്കിനിൽക്കുന്ന  മുറുക്കാൻകടക്കാരൻ മുരുകനോട്   ഇന്നത്തെ സർബ്ബത്തിന്റേതുൾപ്പെടെയുള്ള പറ്റു നാളെത്തന്നെയങ്ങുതീർത്തേക്കാം.എന്നോ മറ്റോ നീലാണ്ടപ്പിള്ള കേറിഅങ്ങു പറഞ്ഞുപോയാൽ..!!?        അതായത്- നീലണ്ടപ്പിള്ള’ എന്ന ജ്ഞാനയോഗത്തിന്റെഇടപെടൽ  രാവണൻ എന്നകർമ്മയോഗത്തിലുണ്ടായിപ്പോയാൽ.. ആ മുറുക്കാൻകടമുരുകൻ ഉൾപ്പെടെ കൂവും.!!

 ഈ വിധവീഴ്ചകൾക്കു രണ്ടുകോടികൾ ഉണ്ട്.  ഒന്ന്-  നീലാണ്ടപ്പിള്ളയാണു താൻ എന്ന അടിസ്ഥാനബോധംഅപ്പാടെ വിസ്മരിച്ച് താൻ ശരിക്കും ലങ്കേശനാണെന്നും, വിഭീഷണന്റെ നിലപാടിനെ സ്ക്രിപ്റ്റിനു വിരുദ്ധമായി രണ്ട് വീക്കുകൊടുത്ത് നിയന്ത്രിക്കേണ്ടതാണെന്നുമുള്ള തരത്തിൽ രാവണബോധത്തിലേക്കുചായുക-! മറ്റൊന്ന്- രാവണവേഷധാരിയായി രംഗത്തു വന്നു നിൽക്കുന്നെങ്കിലും  ‘ഞാൻ നമ്മുടെ പാവം നീലാണ്ടനാണേ…’ എന്ന മട്ടിൽ രാവണസഹജമായ ദർപ്പിതചേഷ്ടിതങ്ങൾ കാട്ടാനാകാതെ അരങ്ങിന്റെ ഒരു കോണിൽ വെറുമൊരു നീലമണ്ടനായി നിൽക്കുക-!!   ഇതുരണ്ടും  ഉണ്ടായിക്കൂടല്ലോ.

 ഏറ്റവും രസകരമായസംഗതി- കൈയിൽ കാശില്ലാത്തതുകൊണ്ട് മാടക്കടക്കാരൻ മുരുകനോടു പറ്റുകാശ് കടംപറഞ്ഞിരിക്കുന്ന നീലാണ്ടപ്പിള്ള സർവ്വൈശ്വര്യസമൃദ്ധമായ ലങ്കയുടെ അധീശനായിരുന്നിട്ടുംപറ്റുകാശിനുള്ളതുപോയിട്ട്  ലങ്കയിൽനിന്ന്  ഒരു മൊട്ടുസൂചിപോലും  വേണമെന്നില്ലാതെ  നാടകാന്ത്യത്തിൽ  അവിടുന്നെത്ര കൂളായിട്ടാണ് ഇറങ്ങിപ്പോരുന്നത് എന്നതാണ്-!!  ഒന്നോർത്താൽ ഇതു തന്നെയാണു കർമ്മയോഗത്തിന്റെ ഒരു ഗുണം-!!

 ഇതുപോലെ.. സകലരിലും ഒന്നുപോലെ  സദാ സ്ഫുരിച്ചു സാക്ഷിമാത്രമായി നിൽക്കുന്ന ഞാൻ ഉണ്ട്  എന്ന ആത്മബോധത്തിന്റെ വെളിച്ചത്തിൽ എന്റെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് കൂളായി ഒരു മൂളിപ്പാട്ടും പാടി  വേഷം അഴിച്ചുവച്ച് വേദിവിട്ടു പോകുക-!

 ഗുരുജി ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ കേട്ടുകൊണ്ടിരുന്ന ഞങ്ങളിൽ ഒരാൾ ഒട്ടൊന്നു വിസ്മയിച്ച് ചിന്തയിൽമുഴുകിയിരുന്നിട്ട് തെല്ലുറക്കെയായിപ്പോയ ഒരു ആത്മഗതത്തിൽ -:    അപ്പോ.. എടുക്കുന്നവേഷം ഒക്കുമ്പോലെയൊക്കെ പൊടിച്ചുവാരിയിട്ട്  ഈ നീലാണ്ടപ്പിള്ളേപ്പോലെ  ഇത്രക്ക് കൂളായിട്ടിറങ്ങിയങ്ങു പോകാനുള്ളതേയുള്ളൂ    ഈ ജീവിതം! അല്ലേ !!

 അതുകേട്ട് ഗുരുജി-: അതെ-! അത്രയേയുള്ളൂ-!

ഇത് അറിയുന്നതിനുള്ള അഭ്യാസത്തിനു പണ്ടൊരു പേരുണ്ടായിരുന്നു--

വിദ്യാഭ്യാസം-!   മറ്റൊരു അഭ്യാസത്തിനും ആ പേരു യോജിക്കില്ല!

---മധു,മുട്ടം (നിത്യമാധവം)

 

 

അഭിപ്രായങ്ങളൊന്നുമില്ല: