നർമ്മകഥ
കണ്ണാണ്ടരെ ചിലരൊക്കെ ‘കണ്ണാണ്ടർപക്കീറെ’ന്നാ വിളിക്കുക. ചിലർ ‘കണ്ണാണ്ടർസ്വാമി’യെന്നും. ‘പ്രാന്തൻകണ്ണാണ്ട’രെന്നു നേരേയങ്ങു വിളിക്കുന്നവരുമുണ്ട്. ‘കണ്ണാണ്ടർകാവ്ശിവക്ഷേത്ര’ത്തിലേക്കു തിരിയുന്ന മൂന്നുംകൂടിയ നാടൻജങ്ഷനിലെ ആൽത്തറയിലും കൽമണ്ഡപത്തിലുമായിട്ടാണു കണ്ണാണ്ടരുടെ സ്ഥിരവാസം.
-മധു,മുട്ടം
പണ്ടത്തെ നാട്ടുമ്പുറശൈലിയിൽ തുമ്പില്ലാത്തപലകഥകളുമുണ്ട് കണ്ണാണ്ടരെപ്പറ്റി. വടക്കെങ്ങാണ്ടുള്ള മുപ്പിരിക്കാട്ടുമനയിൽനിന്നു പണ്ടെങ്ങോ ഭ്രഷ്ടനായ വലിയപണ്ഡിതനായ ഒരു നമ്പൂരിയാണ് കണ്ണാണ്ടരെന്ന് ഒരുകഥ. അതല്ല, ഒത്തിരിക്കാലംമുമ്പ് എങ്ങാണ്ടൂന്ന് ഊരുചുറ്റിവന്ന ഒരു സൂഫി ‘കണ്ണാണ്ടർകാവ്’ക്ഷേത്രത്തിൽ ചെന്നുകയറി നിസ്കരിച്ചപ്പോൾ ശിവദർശനംകിട്ടിയെന്നും പിന്നെ ഈനാടുവിട്ടുപോകാതെ ആ ആൽച്ചുവട്ടിൽ ഇരിപ്പുതുടങ്ങിയെന്നും ആ സൂഫിയാണ് ഈകണ്ണാണ്ടാരെന്നുമാണ് മറ്റൊരുകഥ. അതുമല്ലപണ്ടെങ്ങോ അങ്ങു തെക്കെങ്ങാണ്ടൂന്നുവന്ന ത്രികാലജ്ഞനായ ഒരു സിദ്ധകവിയാണ് ഇദ്ദേഹമെന്നും അവധൂതനാണെന്നും ഇപ്പോൾ നൂറ്റിയറുപത്തിനാലുവയസുണ്ടെന്നുമാണ് വേറൊരുകഥ-! ഇതൊന്നുമല്ല കണ്ണാണ്ടർകാവുക്ഷേത്രത്തിലെ സാക്ഷാൽ ശ്രീപരമേശ്വരൻ നാട്ടുകാരെ പരീക്ഷിക്കാൻ വേഷംമാറിനടക്കുകയാണെന്നു രഹസ്യമായി വിശ്വസിച്ച് ബലമായിസംശയിക്കുന്ന വേറേകക്ഷികളുമുണ്ട്-!!
അല്ലെങ്കിലും തുമ്പില്ലാക്കഥകൾക്കു ജീവൻവക്കുന്നതിനു തക്ക ഇടവും തരവുമൊക്കെ ഇപ്പോഴുമുണ്ടല്ലോ ഞങ്ങളുടെനാട്ടിൽ....!
എന്നാൽ കണ്ണാണ്ടർ ഒരു തനിപ്രാന്തനാണെന്നു വെട്ടിത്തുറന്നങ്ങുപറഞ്ഞിട്ട് തലമണ്ടഫ്രീയാക്കി അവനോന്റെ പാട്ടിനുപോകുന്ന എടുത്താൽപൊങ്ങാത്ത യുക്തിവാദികളും ഞങ്ങളുടെ
നാടിന്റെ അഭിമാനമായിട്ടുണ്ടെന്നോർക്കണം.
എന്തായലും, സർവീസിന്റെ പകുതിമുക്കാലും പിന്നിട്ട ഞങ്ങളൊക്കെ പ്രൈമറിസ്കൂളിൽ
പഠിക്കുന്നകാലത്തേ കണ്ണാണ്ടരെ ആ ആൽത്തറയിൽ ഇന്നുകാണുന്ന ഇതേ രൂപത്തിൽ കാണുന്നുണ്ട്…! ഞങ്ങളുടെ മുൻതലമുറക്കാരോടുചോദിച്ചാലും ഇതുതന്നെ കേൾക്കാം…! ആ കണക്കിനുതന്നെ വർഷങ്ങളെത്ര കഴിഞ്ഞു..! കണ്ണാണ്ടർക്ക് യാതൊരു മാറ്റവുമില്ലപോലും-!!
കണ്ണാണ്ടര് കാഴ്ചയിൽ ആളൊരു കൌതുകമാണ് കേട്ടോ. ബസ്സിന്റെ പിന്നാലെ ഓടുന്നതിനിടയിലായാലും കണ്ണാണ്ടരെ ആദ്യംകാണുന്ന അല്പം വിവരമുള്ളവന്റെ ബസ്സ് അതിന്റെ പാട്ടിനു പോകും-!എങ്ങനെ പോകാതിരിക്കും-ഊശാന്താടിവച്ച ഒർജിനൽ ഷേക്സ്പിയർ ജംങ്ഷനിലെ ആൽത്തറയിൽ കയറി കാലുമ്മേൽകാലുകയറ്റിവച്ച് ഇരിക്കുന്നതുകണ്ടാൽ…!! അതെ, പടങ്ങളിൽ കാണുന്നതരം ഒരു ഷേക്സ്പീരിയൻ മുഖവടിവാണു കണ്ണാണ്ടർക്ക്-! പക്ഷേ മുഖത്തെ ആ ഷേക്സ്പിയർ ഉടഞ്ഞു പരന്നുപോകുന്ന ഒരു തനി ഭാരതീയചിരിയുണ്ട് കണ്ണാണ്ടർക്ക്. തികച്ചും ആർഷഭാരതീയം. എന്തോ കോമഡികണ്ടു ചിരിക്കുകയാണെന്നുകരുതി കണ്ണാണ്ടരുടെ നോട്ടം പോകുന്നിടത്തേക്ക് നമ്മൾനോക്കിയാൽ അവിടെ ഒന്നും കാണില്ല- അനന്തം…അജ്ഞാതം..അപാരശൂന്യം-! അതെ-ഒരുതരം എങ്ങുംതൊടാത്ത ചിരി-!
ദേഹത്തു രണ്ടോ മൂന്നോ ഷർട്ടുകളും എല്ലാത്തിനുംമേലേ പഴയ ഒരു കോട്ടും കൈയ്യിൽ വട്ടത്തിൽ വെട്ടിയെടുത്ത ഒരു പാളവിശറിയും പിന്നെ ഒരു ഉടുമുണ്ടും ആൽത്തറയിൽ ഉണക്കാനിട്ടിരിക്കുന്ന മറ്റൊരു മുണ്ടും..കഴിഞ്ഞു കണ്ണാണ്ടരുടെ ലോകബന്ധം-! രാവിലെ ആൽച്ചുവട്ടിൽ സൂര്യനെ നോക്കി ഒറ്റയിരിപ്പാണ്. മണിക്കൂറുകൾ നീളും ആ ഇരിപ്പ്.
ങാ-! പറഞ്ഞില്ലല്ലോ- കണ്ണാണ്ടര് മനുഷ്യരോടാരോടും മിണ്ടാറില്ല-! മരങ്ങളോടും കിളികളോടും മറ്റു ജന്തുക്കളോടും സ്വന്തക്കാരോടെന്നപോലെ പലതും പറയും. മറ്റാരോടോ എന്ന പോലെ തന്നെത്താൻ ചോദ്യങ്ങൾ ചോദിക്കും,തന്നെത്താൻ ഉത്തരം പറഞ്ഞു ചിരിക്കും.
കണ്ണാണ്ടര് ആരോടുംമിണ്ടാറില്ലെങ്കിലും നാട്ടുകാരിൽപലരും കണ്ണാണ്ടരോടു മിണ്ടും- പലതും ചോദിക്കും. ചിലർ ദീനത്തിനുള്ള പച്ചമരുന്നിനാകും ചോദ്യം. മറ്റുചിലർ രഹസ്യമായിച്ചെന്നു തങ്ങളുടെ ഭാവികാര്യങ്ങൾ, മേൽഗതിക്കുള്ളവഴികൾ...ചില്ലറ ഗൂഢകാര്യങ്ങൾ--അങ്ങനെ. ഭൂലോകത്തെങ്ങുമില്ലാത്ത
കാര്യങ്ങൾപോലും കേറിചോദിക്കുന്നവരുണ്ടുപോലും!
കാശുമുടക്കൊന്നുമില്ല്ലല്ലോ-!! ആകെ വേണ്ടത് ഒരു
വെള്ളക്കടലാസുകീറും ഒരു പെൻസിൽക്കൊരടും! കണ്ണാണ്ടരുടെ
പ്രതികരണങ്ങളെല്ലാം കക്ഷികൾ നീട്ടിക്കൊടുക്കുന്ന കടലാസിൽ പെൻസിൽകൊണ്ട് ഓടിച്ചുള്ള
എഴുത്തായിട്ടാണ്-! അച്ചിട്ടതുപോലെ അതൊക്കെ പലർക്കും ഫലിച്ചിട്ടുണ്ടത്രെ-!
പക്ഷേ എപ്പോഴും കണ്ണാണ്ടർ പ്രതികരിക്കുമെന്നൊന്നും വിചാരിക്കേണ്ട. മറുപടി വേണ്ടവർ പ്രശ്നം അവതരിപ്പിച്ചിട്ട്
കടലാസും പെൻസിലും നീട്ടണം. അതോടെ കക്ഷികളുടെ ഭാഗത്തുനിന്നുള്ള നടപടിതീർന്നു-! കണ്ണാണ്ടര് വാങ്ങി
എഴുതിയാലെഴുതി.. ഇല്ലെങ്കിലില്ല. മറുപടിക്കു പകരം കടലാസിൽ
ചിലപ്പോൾ കുത്തിവരകളിൽ നിന്നുണ്ടായ പൂക്കളാകാം-! ചിലപ്പോൾ വല്ല ജന്തുക്കളുടെയും
രൂപമാണോ എന്നു തൊന്നിക്കാവുന്ന കുത്തിവരകളും കിട്ടിയെന്നിരിക്കും-! അതല്ല എഴുത്തുതന്നെയാണെങ്കിൽ
മിക്കപ്പോഴും ഒന്നോ രണ്ടോവരികളേ കാണൂ. എന്നാൽ കൊടുക്കുന്ന കടലാസുനിറയെ എഴുതി വളരെഅപൂർവ്വമായി അടുത്ത കടലാസിനു
കൈനീട്ടുമെന്നും കേഴ്വിയുണ്ട്. കണ്ണാണ്ടരുടെ അത്തരം എഴുത്തുകളൊക്കെ വല്ല്യ ഗഹനമായകാര്യങ്ങളാണെന്നാ
നാട്ടിലെ പഠിപ്പും പ്രായവുമുള്ള ചിലരുടെ മതം. ശുദ്ധപ്രാന്താണെന്നു മറുപക്ഷം.
നേരുപറഞ്ഞാൽ കണ്ണാണ്ടരുടെ ഒരെഴുത്തെങ്കിലും ഒന്നുനേരിൽ കാണണമെന്നു ഞാൻ
മനപ്ലാനിട്ടിട്ട് കാലം കുറെയായി. ആൽത്തറയിൽ ആരുംകാണാതെ ചെന്ന് കണ്ണാണ്ടരെ ക്കൊണ്ട് ഏഴുതിക്കാറുണ്ടെന്നുകേട്ട
ചിലരോടൊക്കെ നയത്തിൽ അടുത്ത് ഒന്നു ചോദിച്ചുനോക്കി-
“ഹേയ്-! ഞാനോ-! ആ പ്രാന്തന്റെ അടുക്കൽ പോയെന്നോ…!! ആട്ടെ.. നിങ്ങളോടിത് ആരാ പറഞ്ഞത്-!?.”എന്നമട്ടിൽ ചോദിച്ചവരാരും സംഗതി ഏൽക്കുന്നില്ല-!
ഈ അടുത്തകാലത്ത് പ്രായമുള്ള ഒരു
വാര്യർ കണ്ണാണ്ടരുടെ ലിഖിതങ്ങളെപ്പറ്റി പൊടിപ്പുംതൊങ്ങലുംവച്ചു പറയുന്നതു
കേട്ടപ്പോൾ അതിലൊന്നെങ്കിലും ഒന്നു നേരിൽ കാണാനുള്ള എന്റെ പൂതി ഇരട്ടിച്ചു.
അങ്ങനെയാണ് ഞാനീ ‘കണ്ണാണ്ടർഗവേഷണം’ തുടങ്ങിയത്. പക്ഷേ കണ്ണാണ്ടരുടെ ഒരു കുറിപ്പുപോയിട്ട്
ഒരക്ഷരംപോലും എനിക്കു കാണാൻ കിട്ടിയിട്ടില്ല…! രഹസ്യമായിട്ട് ആ ആൽത്തറയോളം ചെന്ന് എന്തെങ്കിലും ഒന്ന് എഴുതിക്കാമെന്നുവച്ചാൽ- “ ദേ-! നമ്മടെ ബിഷപ്സിലെ പ്രൊഫസ്സറ്
കണ്ണാണ്ടരെക്കൊണ്ട് ഏതാണ്ട് എഴുതിച്ചോണ്ട് ദേ…ദേ…ദേ പോണ്….!!” എന്നു പറഞ്ഞുകളയും -ഒളികണ്ണന്മാര്--!!
അല്ല-പറയുമ്പോൾ എല്ലാം പറയണമല്ലോ-- കണ്ണാണ്ടരുടെ കൈവിളയാട്ടം നടന്ന
കടലാസ്സുതുണ്ടുകൾ തീരെകണ്ടിട്ടില്ലാന്നങ്ങു തീർത്തുപറയാനും പറ്റില്ല…! ഒരിക്കല്… ഒരു അവധി ദിവസം… എന്തോ വീട്ടുകാര്യം സംബന്ധിച്ച് അത്യാവശ്യമായി എവിടെയോ പോകാൻ ഞാൻ കണ്ണാണ്ടർകാവുബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയാണ്. രാവിലെ അതുവഴി ആകെ
വരാനുള്ള ഒരേയൊരു ബസ്സ് ‘വിവേക്’ഉം കാത്താണ് എന്റെ നിൽപ്പ്. തട്ടുകടതങ്കപ്പൻ കൈയിലൊരു
ലോട്ടറിടിക്കറ്റും പെൻസിലുമായി റോഡിന്റെ എതിർവശത്തുകൂടി അതാ തെക്കുംപക്കും
നോക്കി കണ്ണാണ്ടരുടെ ആൽത്തറയ്ക്കടുത്തേക്ക് അടുക്കുന്നു…! ഞാൻ ശ്രദ്ധിച്ചു.. ആൽത്തറയിൽ കാക്കകളോടു കാര്യംപറഞ്ഞിരിക്കുന്ന കണ്ണാണ്ടരുടെ അടുത്തേക്കെത്താൻ
മറ്റാരുംകാണാത്ത തക്കംനോക്കുകയാണു തങ്കപ്പൻ-! കൈയിലിരിക്കുന്ന ലോട്ടറി
ടിക്കറ്റിന്റെ ഭാവി കുറിപ്പിക്കാൻ! എനിക്ക് ഒറ്റ നോട്ടത്തിൽത്തന്നെ
കാര്യം പിടികിട്ടി. തങ്കപ്പന്റെ ആകാംക്ഷാഭരിതമായ ആദ്യശ്രമം എന്റെ നോട്ടത്തിൽത്തട്ടി
ആൽത്തറപ്പടിയിലേക്കുള്ള ഒരു സാദാ ഇരിപ്പായി പെട്ടെന്നങ്ങു ചുരുങ്ങി. ഞാൻ ആരു
പുള്ളി-! അങ്ങോട്ടു ശ്രദ്ധിക്കാത്തമട്ടിൽ നയത്തിൽനിന്നു. തങ്കപ്പൻ കണ്ണാണ്ടരെക്കൊണ്ട് എന്തെങ്കിലുമൊന്നു എഴുതിപ്പിച്ചിട്ടുവേണമല്ലോ എനിക്കു
കണ്ണാണ്ടർഗവേഷണത്തിലോട്ടു കാലെടുത്തു കുത്താൻ-! അതാ.. അതാ- തന്ത്രത്തിൽ നിരങ്ങിയടുത്ത്
തങ്കപ്പൻ ലോട്ടറിടിക്കറ്റും പെൻസിലും കണ്ണാണ്ടരുടെനേർക്കു നീട്ടുന്നു….! കണ്ണാണ്ടർ അതാ.. വങ്ങുന്നു…! എന്തോ
കുത്തിക്കുറിക്കുന്നു…! അതാ... എന്റെ വിവേക് ബസ്സ് ദാ.. ദാ.. പോകുന്നു…..!
‘ ഹോ… ഹോയ്…നിർത്ത് ..നിർത്ത്
ഹോയ്.. ഹോയ്… ശ്ശോ …!! ഹോ..! പോയല്ലോ…..! ഛെ…! ഹോയ്.. ‘
പിന്നാലെ കുറച്ച് ഓടിയിട്ട് പൊയ ബസ്സിന്റെ മൂടുംനോക്കി നിൽക്കുന്ന എന്റെ
മുന്നിലൂടെ മൂഡുതെറ്റിയ മുഖവുമായി ദാ വരുന്നൂ തങ്കപ്പൻ-! സ്വയം പഴിച്ച് തോളിലെ
തോർത്തെടുത്തു പടക്കം പൊട്ടിക്കും പോലെ ഒന്നു കുടഞ്ഞു പൊട്ടിച്ച് വീണ്ടും
തോളിലിട്ടുകൊണ്ടാണു തങ്കപ്പന്റെ വരവ്. ‘വിവേകം’ പോയിനിൽക്കുന്ന ഞാൻ വിടുമോ-
“എന്തായി തങ്കപ്പോ..ലോട്ടറിടിക്കറ്റ്
കണ്ണാണ്ടരെകാണിച്ചിട്ട്-!? അടിക്ക്വോ..?”
തങ്കപ്പൻ ആ ചോദ്യം ഒട്ടും പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു. ഒന്നു പതറിനിന്നിട്ട് ഒരു
വാട്ടച്ചിരിയുമായി ഇത്തിരി രഹസ്യമട്ടിൽ തങ്കപ്പൻ അടുത്തേക്കു വന്നു-
“ഹ്! സാറിതൊക്കെ ഇവിടെ
കണ്ടോണ്ടുനിക്കുകാരുന്നോ-!! എന്റെ സാറേ- ഇന്നലെ വാങ്ങിച്ച അമ്പതുലക്ഷത്തിന്റെ ടിക്കറ്റാ…! ഓരോരുത്തരു പറേന്നതു കേട്ടോണ്ട് ചുമ്മാ പ്രാന്തച്ചാരടെ കൈയിൽകൊണ്ടുക്കൊടുത്തു-! ഹോ-ദേ
കഴേക്കാടാക്കിക്കളഞ്ഞു…!നോക്യാട്ടെ-!” കണ്ണാണ്ടരുടെ കൈവിളയാട്ടം നടന്ന
ലോട്ടറിടിക്കറ്റ് കാണിച്ചുകൊണ്ടു തങ്കപ്പൻ ചോദിച്ചു-
“-ഇനി
ഇത് എടുക്ക്വോ സാറേ--!?”
ആർത്തിയോടെ ഞാൻ
അതുവാങ്ങി നോക്കി-!കണ്ണാണ്ടർലിഖിതങ്ങൾ ഉണ്ടോ-? തങ്കപ്പന്റെ
അമ്പതുലക്ഷത്തിന്റെ ടിക്കറ്റിൽ പെൻസിൽകൊണ്ടുള്ള നാലു കുത്തിവര-! കഷ്ടിച്ച് ഒരു
കാക്കയാക്കിയെടുക്കാം. എന്റെ ബസ്സും കളഞ്ഞ് അമ്പതുലക്ഷത്തിൽ കണ്ണാണ്ടരുടെ കാക്കയിരുന്നു
കോക്രികുത്തുന്നു…! ഉത്തരാധുനിക ദൃഷ്ടികൊണ്ടു
നോക്കിയാലും ശുദ്ധപ്രാന്ത്-! പക്ഷേ അതു തങ്കപ്പനോ കണ്ണാണ്ടർക്കോ...! അതോ… ‘കണ്ണാണ്ടർഗവേഷണ’ത്തിനിറങ്ങിയിരിക്കുന്ന ഈ എനിക്കോ…?-എന്ന് ആ കുത്തിവരകൾക്കിടയിലൂടെ ഒരു കാക്ക നോക്കുന്നു….!
“സാരമില്ല തങ്കപ്പോ- ടിക്കറ്റിന്റെ
നമ്പരുപോയിട്ടില്ലല്ലോ-! ” –ഞാൻ ടിക്കറ്റു തിരിച്ചേൽപ്പിച്ചുകൊണ്ട്
തങ്കപ്പനെ ആശ്വസിപ്പിച്ചു. ഒരു പുത്തൻ ടിക്കറ്റുകിട്ടിയ തൃപ്തിയോടെ തലകുലുക്കി
സമ്മതിച്ചുകൊണ്ടു തങ്കപ്പൻ നടന്നു, ഞാൻ ഹൈവേയിലെ
ബസ്സ്റ്റോപ്പിലേക്കും.
അങ്ങനെ കണ്ണാണ്ടരുടെ തൃക്കൈവിളയാട്ടം ഞാൻ ആദ്യമായിക്കാണുന്നത് കാകരൂപത്തിലാണ്. പക്ഷേ…ആ കാക്ക ഇനിയങ്ങു പറന്നൂന്നു
വന്നാലും അത് ഒരു അക്ഷരമാകില്ലല്ലോ-! എന്നാലും എന്റെ
ഗവേഷണപ്പുറപ്പാടിന് ഇപ്പോ ഉത്സാഹിയായ ഒരു പക്ഷീടെ ശകുനം കിട്ടി- അത്രതന്നെ. സംഗതി എന്തായാലും അതൊരു
നല്ലലക്ഷണം തന്നാണേ…! ഒരു പക്ഷിയല്ലേ-! അതോടെ ശുഭാപ്തിവിശ്വാസക്കാരനായ
എന്റെ ഗവേഷണത്തരിപ്പു കൂടി. കണ്ണാണ്ടരുടെ കൈപ്പട പതിഞ്ഞ ഒരു എഴുത്ത് എങ്ങനേം കണ്ടെത്തണം-! അതിന് ഇലയ്ക്കും മുള്ളിനും
കേടില്ലാത്ത ഒരു പോംവഴീം ഞാൻ കണ്ടു...!
പക്ഷേ ആ
പോംവഴീലോട്ട് ഒരു കണക്ക്ഷൻ കിട്ടണമല്ലോ-! അതായത്-കണ്ണാണ്ടരെക്കൊണ്ട്
എഴുതിപ്പിക്കാൻ ദിവസവും പലപ്രാവശ്യം കടലാസുംപെൻസിലുമായി പോകുന്ന ഒരു കഥാപാത്രമുണ്ട്-കാപ്പിരിമിണ്ടാപ്പൻ-! ‘കാൽ’ ‘പിരി’യായതിനാൽ ‘കാപ്പിരി’യെന്നും മിണ്ടാട്ടം കുറവായതുകൊണ്ടു ‘മിണ്ടാപ്പ’നെന്നുമാകാം നാട്ടിലെ ‘ഇരട്ടപ്പേർ’സ്പെഷ്യലിസ്റ്റുകളായ അ‘ശരീരി’കളുടെ വിവക്ഷിതം. എന്നാൽ കാപ്പിരിക്കു ‘കാലും’ ‘അരയ്ക്കാലു’ മൊന്നുമല്ല മുഴുവട്ടാണെന്നാണു
നാട്ടിലെ മുഖ്യധാരയുടെ മട്ട്-! . മുഖ്യധാരക്കു മൂടോടെ വട്ടാണെന്നു കാപ്പിരിയുടെ മട്ട്-!
ഒരുകോർമ്പലു ഡിഗ്രകളുമെടുത്തോണ്ടു
പണ്ടെങ്ങോ മറുനാട്ടിൽ ഗവേഷണമായിരുന്നുപോലും! പിരിയിളകാതങ്ങു മേൽപ്പോട്ടുപോയി
കേന്ദ്രലെവലിലെങ്ങാനം പൊങ്ങിയിരുന്നെങ്കിൽ സഭക്കാര് സ്നേഹത്തള്ളിച്ചയോടെ ‘ഞങ്ങടെഅച്ചായ’നെന്നും അമ്പലക്കമ്മറ്റിക്കാർ
ബഹുമാനത്തുള്ളിച്ചയോടെ ‘പോറ്റിസാറെ’ന്നും വിളിച്ച് അടികൂടാനുള്ള പൊരുളുണ്ടായിരുന്നത്രെ കാപ്പിരിക്കഥകളിൽ. ഏതായലും വെറും ‘കാൽ’പിരികൊണ്ടു കലഹം ഒഴിവാക്കി
മിണ്ടാപ്പൻ വെറുമൊരു ‘മിണ്ടാപ്പ’നായി തിരിച്ചെത്തി നാടിനെ രക്ഷിച്ചുകളഞ്ഞു. ഇപ്പോൾ മിണ്ടാപ്പനു മാത്രമല്ല
മിണ്ടാട്ടക്കുറവ്, മിണ്ടാപ്പനെപ്പറ്റിയും നാട്ടിൽ ‘കമാ’ന്നൊരു മിണ്ടാട്ടമില്ല-! കാപ്പിരിമിണ്ടാപ്പനെച്ചൊല്ലി പിന്നെ മുഖ്യധാരയിൽ ഒന്നും സംഭവിച്ചില്ല -കണ്ട മട്ടുപോലും-!
(എങ്കിലും ചില തല്പരകക്ഷികൾ ഇപ്പോഴും ‘കാപ്പിരിപ്പോറ്റി’ എന്നു വിളിച്ച്
കക്ഷിചേർക്കാറുണ്ട്, കേട്ടോ.)
മിണ്ടാപ്പൻകാപ്പിരിയുടെ കണ്ണാണ്ടർസന്ദർശനവും എഴുതിക്കിട്ടുന്ന കണ്ണാണ്ടർ
ലിഖിതങ്ങൻ വായിച്ചു ചിലപ്പോൾ ചിരിച്ചും ചിലപ്പോൾ ഗൗരവമായ ചിന്തയിൽമുഴുകിയും ചെറുകൈയാംഗ്യങ്ങളും
പിറുപിറുപ്പുകളുമായുള്ള കാപ്പിരിയുടെ ആ പോക്കുവരവുകളും മുഖ്യധാര അശ്ശേഷം
ശ്രദ്ധിക്കാത്ത പതിവു കാഴ്ചയാണ്. എന്റെ ‘കണ്ണാണ്ടർഗവേഷണ’ത്തിനു ഈ കാപ്പിരീടെ ഒരു കക്ഷിയായാൽ മതി-! പക്ഷേ- എന്താ അതിനൊരുമാർഗ്ഗം? ആ മിണ്ടാക്കുണ്ടാണോമായിട്ട്
എങ്ങനെ ഒരു നയതന്ത്രബന്ധം സ്ഥാപിക്കും-? മിണ്ടാപ്പനെ
മിണ്ടിക്കണം-! അതിനു ആരുണ്ട്-? ഹല്ല-! ഈയിടെ ഒരു റിട്ട.എഞ്ചനീയർ കാപ്പിരി
മിണ്ടാപ്പനെക്കൊണ്ടു മിണ്ടിച്ചുകളഞ്ഞല്ലോ-! (ആ കഥ വേറേ.) കക്ഷിയെ ഒന്നു തിരക്കിയാലോ..? ഇല്ല.. രാമൻകുട്ടിഎഞ്ചിനീയർ ടൂറിലാ.
പിന്നെ ആരാഉള്ളത്-?
ങാ-! ഉണ്ടല്ലോ- പറ്റിയ ആൾ-!! ഡി ഇ ഒ ആയി റിട്ടയർചെയ്ത നമ്മുടെ പഴയ ശാസ്ത്രിസാർ-! കാശിയിൽപോയി തർക്കംപഠിച്ചിട്ടുണ്ടെന്നാ കേൾവി. കഴുത്തിലിട്ടിരിക്കുന്ന ആ എമണ്ഡൻ രുദ്രാക്ഷവും എരുമച്ചാണകത്തിന്റെ പച്ചനിറത്തിലുള്ള ഖദർജുബ്ബയുമൊക്കെയിട്ടുള്ള ശാസ്ത്രിസാറിന്റെ ആ വരവുകണ്ടാൽത്തന്നെ ആരുമൊന്നു തർക്കിച്ചുപോകും-ഓടണൊ നിൽക്കണോ എന്ന്-! കാപ്പിരിമിണ്ടാപ്പനെ എഞ്ചനീയർക്കുംമുമ്പേ മിണ്ടിച്ചിട്ടുള്ള ധീരൻ-!പണ്ഡിതൻ, ആത്മീയപ്രഭാഷകൻ,ക്ഷേത്രക്കമ്മറ്റിപ്രസിഡന്റ്- ഗുസ്തിവിദഗ്ദ്ധൻ! എന്തിലും 'മല്ലാ'ണുതാല്പര്യം-!! ഇതെല്ലാംകൂടെകേട്ട് പേടിക്കേണ്ടാ. ആർക്കും അവരവർക്ക് ഇഷ്ടമുള്ള വിഷയത്തിൽ മാത്രമായും ഏറ്റുമുട്ടാം-! കരുണാമയനാണു ശാസ്ത്രിസാർ. പ്രതിയോഗികൾക്ക് ആക്രമണവിഷയം തിരഞ്ഞെടുക്കാനും ഗോദയിൽനിന്ന് മതിയാവോളം മപ്പടിക്കനും അവസരംതരും ഉദ്ദണ്ഡൻ. ശാസ്ത്രിസാറുമായി ചില വൈകുന്നേരങ്ങളിൽ സന്ധിക്കാറുണ്ടു ഞങ്ങൾ. ഞങ്ങളെന്നു വച്ചാൽ-ഞങ്ങൾ സർവീസിലുള്ള ചില കോളേജ് വാദ്ധ്യാന്മാരും ബാങ്കുദ്യോഗസ്ഥരും മറ്റുമായി സന്തുഷ്ടരായ കുറച്ച് ഏ പി എല്ലുകാർ. ജോലിസ്ഥലങ്ങളിൽ നിന്നു നെരത്തെ തിരിച്ചെത്തുന്ന ലക്ഷണയുക്തമായ ചില വൈകുന്നേരങ്ങളിൽ ഇപ്പറഞ്ഞ ജീവനക്കാർ പഴയ വായനശാല പ്പരിസരത്തു കുറച്ചുനേരം സംഘംചേർന്നു സല്ലപിക്കുന്ന ഒരു പതിവുണ്ട്. കൈവാക്കിനുകിട്ടുന്ന എന്തിനെപ്പറ്റിയും ഞങ്ങൾ സാംസ്കാരികമായി ഉൽക്കണ്ഠപ്പെടുന്നസമയമാണത്-
ങാ-! ഉണ്ടല്ലോ- പറ്റിയ ആൾ-!! ഡി ഇ ഒ ആയി റിട്ടയർചെയ്ത നമ്മുടെ പഴയ ശാസ്ത്രിസാർ-! കാശിയിൽപോയി തർക്കംപഠിച്ചിട്ടുണ്ടെന്നാ കേൾവി. കഴുത്തിലിട്ടിരിക്കുന്ന ആ എമണ്ഡൻ രുദ്രാക്ഷവും എരുമച്ചാണകത്തിന്റെ പച്ചനിറത്തിലുള്ള ഖദർജുബ്ബയുമൊക്കെയിട്ടുള്ള ശാസ്ത്രിസാറിന്റെ ആ വരവുകണ്ടാൽത്തന്നെ ആരുമൊന്നു തർക്കിച്ചുപോകും-ഓടണൊ നിൽക്കണോ എന്ന്-! കാപ്പിരിമിണ്ടാപ്പനെ എഞ്ചനീയർക്കുംമുമ്പേ മിണ്ടിച്ചിട്ടുള്ള ധീരൻ-!പണ്ഡിതൻ, ആത്മീയപ്രഭാഷകൻ,ക്ഷേത്രക്കമ്മറ്റിപ്രസിഡന്റ്- ഗുസ്തിവിദഗ്ദ്ധൻ! എന്തിലും 'മല്ലാ'ണുതാല്പര്യം-!! ഇതെല്ലാംകൂടെകേട്ട് പേടിക്കേണ്ടാ. ആർക്കും അവരവർക്ക് ഇഷ്ടമുള്ള വിഷയത്തിൽ മാത്രമായും ഏറ്റുമുട്ടാം-! കരുണാമയനാണു ശാസ്ത്രിസാർ. പ്രതിയോഗികൾക്ക് ആക്രമണവിഷയം തിരഞ്ഞെടുക്കാനും ഗോദയിൽനിന്ന് മതിയാവോളം മപ്പടിക്കനും അവസരംതരും ഉദ്ദണ്ഡൻ. ശാസ്ത്രിസാറുമായി ചില വൈകുന്നേരങ്ങളിൽ സന്ധിക്കാറുണ്ടു ഞങ്ങൾ. ഞങ്ങളെന്നു വച്ചാൽ-ഞങ്ങൾ സർവീസിലുള്ള ചില കോളേജ് വാദ്ധ്യാന്മാരും ബാങ്കുദ്യോഗസ്ഥരും മറ്റുമായി സന്തുഷ്ടരായ കുറച്ച് ഏ പി എല്ലുകാർ. ജോലിസ്ഥലങ്ങളിൽ നിന്നു നെരത്തെ തിരിച്ചെത്തുന്ന ലക്ഷണയുക്തമായ ചില വൈകുന്നേരങ്ങളിൽ ഇപ്പറഞ്ഞ ജീവനക്കാർ പഴയ വായനശാല പ്പരിസരത്തു കുറച്ചുനേരം സംഘംചേർന്നു സല്ലപിക്കുന്ന ഒരു പതിവുണ്ട്. കൈവാക്കിനുകിട്ടുന്ന എന്തിനെപ്പറ്റിയും ഞങ്ങൾ സാംസ്കാരികമായി ഉൽക്കണ്ഠപ്പെടുന്നസമയമാണത്-
സാഹിത്യം, ഭാഷ, ആഗോളതാപനം, ക്രിക്കറ്റ്, സ്വവർഗ്ഗരതി, വേദാന്തം, ലാറ്റിനമേരിക്കൻഎഴുത്ത്, ജൈവകീടനാശിനി, മമ്മടൻ, പാൽവില, നെടുംചടയപരാന്തകന്റെഭരണകാലം, നടൂവേദന, കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനം, ശനിയുടെവലയങ്ങൾ, ഇറാനിയൻസിനിമ,
കൂൺകൃഷി, ദൃഗ്ഗണിതം..! ഏതുവിഷയമായാലും ഒടുവിൽ കൂട്ടത്തർക്കമായി ഗുരുതരമായപരിക്കുകളോടയേ പിരിയൂ-! ബിഷപ്സിലെ പ്രൊഫ. ഐപ്പും ഞാനും വാദ്ധ്യാന്മാരുടെ
വർഗ്ഗബോധം കൊണ്ടോഎന്തോ.. കലാപത്തിൽ ഒരുചേരിയിൽ വരും. ഐപ്പുസാറിന് ഒരു ഗുണമുള്ളത്..എന്തിനും തർക്കിക്കും-! തർക്കിച്ചാൽ ചൂടാകും. ചൂടായാൽ കൃശഗാത്രൻ വിറക്കും; ചത്താലും വിടുകയുമില്ല-! ഒടുവിൽ പിടിച്ചു
നിൽക്കാനാകാതെവരുമ്പോൾ ഞങ്ങൾ-ഞങ്ങളെന്നുവച്ചാൽ ഞാനും ഐപ്പുസാറും-ജ്ഞാനികളുടെ ഒരുചിരിയുംചിരിച്ച് അവിടുന്നങ്ങ് അന്തർധാനം ചെയ്യും-അതാണു കീഴ്മേൽ വഴക്കം.
മിക്കവാറും പിന്നെ ഞങ്ങൾ
പൊങ്ങുന്നതു കണ്ണാണ്ടരുടെ ആൽത്തറയ്ക്കുമുമ്പുള്ള വളവിനപ്പു റത്തെ കൽമണ്ഡപത്തിലായിരിക്കും. നല്ല കാറ്റുകിട്ടുന്നസ്ഥലം. ഞങ്ങൾ മണ്ഡപത്തിലിരുന്നു
തണുക്കും. ഈ സമയത്താകും റിട്ടയേർഡ് നടപ്പുകാരായ ശാസ്ത്രിസാറും ഹമീദ്മാഷും പട്ടാളം
ദാമുവേട്ടനും കൂടിയുള്ള വരവ്. അവിടെയുണ്ടാകുന്ന ഒരു പ്രശ്നം- ശാസ്ത്രിസാറും ഐപ്പുസാറും തമ്മിൽ
കണ്ടുപോയാൽ സ്ഥല-കാലഭേദവും മുഖവുരയുംകൂടാതെ പരമ്പരയാനടന്നു വരുന്ന ‘ദൈവമുണ്ടോ ഇല്ലിയോ-?’ എന്ന മല്ലിലേക്ക്
ഓർക്കാപ്പുറത്തുള്ള വല്ല മർമ്മപ്രയോഗവു മായിട്ടായിരിക്കും ശാസ്ത്രിസാറിന്റെ
ചാടിവീഴൽ-! ഐപ്പുസാറാണെങ്കിൽ ദൈവത്തിനെ ജനിച്ചപടുതി പിടിച്ചു മുന്നിൽക്കൊണ്ടു
നിർത്തിക്കൊടുത്താലും ‘ഇതേതാ- നമ്മുടെ തകിടിയിലെ ദിവാകരന്റെ
എളേ ചെറുക്കനല്ലേ--!?’ എന്ന മട്ടിൽനിൽക്കുന്ന കൊടുംയുക്തിവാദിയും-! എന്നാൽ ദൈവം ആരുംവിരണ്ടു
പോകുന്ന എന്തെല്ലാംഅത്ഭുതങ്ങൾ കൺമുമ്പിൽകാട്ടിയിരിക്കുന്നു.!ആകാശമുണ്ടാക്കി.! ഭൂമിയുണ്ടാക്കി! മനുഷ്യനെയുണ്ടാക്കി..!അങ്ങനെ
ദൈവത്തിനെക്കൊണ്ട് ആവതുള്ളതെല്ലാം ദൈവം ഉണ്ടാക്കിയിട്ടില്ലേ-! എന്നാൽ ങേഹേ..ഐപ്പുസാറിന്
ഇതിലൊന്നുപോലും കണ്ടമട്ടേയില്ല-!! ആകാശത്തേക്കു ചൂണ്ടി ആരെങ്കിലുമൊന്നു
കാണിച്ചുകൊടുക്കാൻചെന്നാലോ--ഇങ്ങേര് യുക്തിവാദംകേറി തുള്ളിയലറി
ക്കളയുമെന്നേ--“അതൊക്കെ ബിഗ് ബാംഗിൻറെ ഗ്യാസും
കെമിക്കലുകളുമാടേ-!”എന്ന്-! എന്നിട്ട് അയൽവഴക്കിൽ അരിശംവന്നവൻ മറ്റവനെ തന്തക്കുപറഞ്ഞു നോർമ്മലായമട്ടിൽ നമ്മളെനോക്കും. അങ്ങനെയുള്ള ഏതുംപോരാത്ത
ഐപ്പുസാറിന്റെ മുമ്പിലേക്കാണ് ശാസ്ത്രികൾ പരബ്രഹ്മവുമായി വന്നു ചാടുന്നത്-!! സ്ഫോടനാത്മകമാണു പിന്നത്തെ
സ്ഥിതി-!
ഹമീദ്മാഷിനു കുഴപ്പമില്ല. പ്രതികൂലസാഹചര്യമെന്നുകണ്ടാൽ മാഷ് ആകാശത്തിന്റെ സർവ്വേനടത്തിനിന്നുകളേം. ആ വിദ്യ പട്ടാളംദാമുവേട്ടന്
അറിയാനേവയ്യ. അങ്ങേര് ശാസ്ത്രിയുടെ ശിങ്കിടിയായി പ്രാപ്തിക്കനുസരിച്ച് ദൈവത്തിനെ
പിന്താങ്ങാൻചെല്ലും. ഐപ്പ്സാറ് യുക്തിവാദത്തിന്റെ കുഞ്ഞാംവിരലേൽ തൂക്കി പട്ടാളത്തെ പൊക്കിയെറിയും. “എന്തൊക്കെപ്പറഞ്ഞാലും മേളിലൊരു
ശക്തിയുണ്ട്--!” എന്ന സ്ഥായിയിൽ പിടിച്ച് പട്ടാളം പിന്നെയും നാലുകാലിൽ വന്നു നിൽക്കും. ഇത്തരം വൈകുന്നേരങ്ങൾ
ഉന്നതസമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ താനേ ഉരുത്തിരിഞ്ഞു വരുന്നതാണെന്നു മറക്കരുത്-!
അങ്ങനെ ഉരുത്തിരിഞ്ഞ് ഉരുത്തിരിഞ്ഞു വരുന്നൂ ഒരു വകുന്നേരം…! രാവിലെ കിടക്കപ്പായേൽവച്ചുതന്നെ തുടങ്ങിയിരുന്നു ആ തോന്നൽ- ഇന്നു സാക്ഷാൽ കണ്ണാണ്ടരുടെ
ഒറിജിനൽ ലിഖിതം കാണാൻ പോകുന്നു.. കാണാൻ പോകുന്നു-! ചുമ്മാ ഒരു തോന്നൽ-!
3 അഭിപ്രായങ്ങൾ:
കാപ്പിരി മിണ്ടാപ്പന്റെ ബാക്കി ഭാഗം ഇല്ലേ
കാപ്പിരി മിണ്ടാപ്പന്റെ യുക്തി ബോധം ശരിയുമാണല്ലൊ?
വന്ദനം ശ്രീ. Unknown. കാപ്പിരി മിണ്ടാപ്പന്റെ നേർത്തുടർച്ച ഇല്ല. എങ്കിലും കാപ്പിരിമിണ്ടാപ്പൻ വരുന്ന മറ്റൊരു ലിഖിതം ഉണ്ട്. ‘കണ്ണാണ്ടർ ലിഖിതങ്ങൾ’. അങ്ങയുടെ വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ആശംസകൾ. ----മധു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ