link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: കണ്ണാണ്ടർലിഖിതങ്ങൾ-2

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015, മേയ് 17, ഞായറാഴ്‌ച

കണ്ണാണ്ടർലിഖിതങ്ങൾ-2

നർമ്മകഥ

   [കണ്ണാണ്ടർലിഖിതങ്ങൾ 1 ന്റെ  തുടർച്ച ]

ന്നു വൈകുന്നെരം വായനശാലപ്പരിസരത്ത്  ഞങ്ങൾ ഏ പി എൽ ജീവനക്കാരുടെ സംഘംചേരൽ കോറം ഒമ്പതുംതികഞ്ഞു നിൽക്കുന്നു-! ആ അർത്ഥഗർഭമായ സാഹചര്യത്തിലേക്കാണ് പത്തും തികച്ചുകൊണ്ട് ഐപ്പു സാറിന്റെ അന്നത്തെ പ്രവേശം. വന്നപാടെ പ്രൊഫസ്സറുടെ നാക്കിലെ തർക്കസരസ്വതി   വിളയാട്ടം തുടങ്ങി.   എല്ലാവരുടെയും  മുഖമടച്ച് പ്രൊഫസ്സർ ഒരു ചോദ്യം-: എടേയ്-! കുമാരനാശാന്റെ വീണപൂവിലെ അവസാന ശ്ലോകത്തിന്റെ അവസാനവരിയിലെ അവസാനത്തെ പദപ്രയോഗമെന്താടേ-?"
ഹും-!! ഓർക്കാപ്പുറത്ത് ഒരു ഇരുട്ടടിവന്നാലും ഇത്രക്കങ്ങ് ദൂരേന്നു വരാവോ.!- ഞാനോർത്തു---

ഐപ്പുസാറിന്റെ വകേലെ ഒരു വിരോധി ജേക്കബ്ബ് എന്റെ ചെവിയിൽ മന്ത്രിച്ചു:   ഇതിയാന്റെ കെട്ട്യോൾ ആ ഇംഗ്ലീഷ് പ്രൊഫസ്സർ ആലീസ് ആംഗലത്തിലെ തടിച്ചതെന്തെങ്കിലുമെടുത്താ രിക്കും  ഇന്ന് ഇങ്ങേരെ  എറിഞ്ഞത്-!  'ആശാന്റെസമ്പൂർണ്ണം' എടുത്തായിരിക്കും ഇങ്ങേര് തടുത്തത്! അല്ല്ലെങ്കിൽ ഈ കണക്കു പ്രൊഫസർക്ക് ഈ വന്നവരവിൽ ഇങ്ങനൊരു വിളിതോന്നേണ്ട വല്ല്ല കാര്യോമൊണ്ടോ-!! ഇത്രയൊക്കേയുള്ളു മനുഷ്യന്റെ കാര്യം

ഞങ്ങൾ വീണപൂവിന്റെ അവസാനമോർത്തു നിൽക്കുന്ന ആ നിൽപ്പുകണ്ട

ഐപ്പുസാർ പറഞ്ഞു- കഷ്ടം-!

“ എന്തോന്നു കഷ്ടം-!? ഒരു മിനിറ്റൊന്നു ക്ഷമിക്കു പ്രൊഫസ്സറെ  പണ്ടെങ്ങാണ്ടു പഠിച്ചതാ    ഒന്നോർത്തെടുത്തോട്ടെ..!- ബാങ്ക് ഉത്തമൻ.

എടേ-! വീണപൂവിന്റെ  അവസാനത്തെ ആ പദപ്രയോഗമാടേ ഞാൻ പറഞ്ഞത്--കഷ്ടംന്ന്-!!ഐപ്പുസാർ ശാസിച്ചു.

നേരാണല്ലൊ!  പണ്ടൊരു മാഷ് ഒരു കുറുക്കുവഴി പറഞ്ഞു തന്ന് അനുഗ്രഹിച്ചതു ഞാനോർക്കുന്നു-- വീണപൂവ് തുടങ്ങുന്നത്  ‘ ഹാ-! യിലും അവസാനിക്കുന്നത് ‘കഷ്ട ’ ത്തിലു മായതുകൊണ്ട് ‘ഹാ-! കഷ്ടം-!’ എന്നു മാത്രം ഓർത്തിരുന്നാൽ മതി വീണപൂവു മുഴുവനും ഓർക്കാൻ..’ എന്ന്-! ഇപ്പഴതു പ്രയോജനപ്പെട്ടല്ലോ-! ശരിയാ---കഷ്ടം-!

കണ്ണേ-! മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു

മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ;

എണ്ണീടുകാർക്കുമിതുതാൻ ഗതി; സാദ്ധ്യമെന്തു

കണ്ണീരിനാൽ..? അവനിവാഴ്വു കിനാവു.., കഷ്ടം!” 

ബാങ്ക്ഉത്തമൻ ജനഗണമന ചൊല്ലുമ്പോലെ വിവാദശ്ലോകം ശങ്കകൂടാതെ ചൊല്ലി എല്ലാവരേയും അന്തംവിടാൻ വിട്ടിട്ട്  ഐപ്പുസാറിനോടു ചോദിച്ചു :

ആട്ടേ, അതിനിപ്പോ എന്താ കൊഴപ്പം-?!” 

എടേ,  കരിഞ്ഞും അലിഞ്ഞും പൊരിഞ്ഞുമൊക്കെ മായുന്ന ഇത്ര ദുരിതം പിടിച്ച ഈ ലോകജീവിതം ഒരു കിനാവുമാത്രമാണെന്നു വരുന്നത് ഒരു...ഒരു ആച്ചല്ലേടേ-! ഓർക്കാപ്പുറത്ത് ഏതു കൊനഷ്ടും  വന്നു കേറി കൊളമാക്കാവുന്ന  ഈ അവനിവാഴ്വ് ’  ഒരു കിനാവുമാത്രം!’ എന്നു പറഞ്ഞങ്ങു നിർത്തിയാൽ പോരാരുന്നോടേ-!? കാവിയുടുക്കാൻപറ്റിയ ഒരു സ്ഥലമായിരുന്നില്ലേടേ അത്..!? ആശാൻ പിന്നേം  എന്തിനാടേ അതിന്റെ പൊറത്തു കേറി  നിന്ന് ഇങ്ങനൊരു  കഷ്ടം..’ വച്ചുകളഞ്ഞത്-!? ങേ--?!

ഒരു യുക്തിവാദിക്കുനിരക്കാത്ത ഐപ്പ്സാറിന്റെ ഈ ചോദ്യം കേട്ടപ്പോൾ ഞാൻ അതിയാന്റെ പരിസരത്തു നിന്നൊന്നു ഘ്രാണിച്ചുനോക്കി.ഇനി വല്ല സല്ക്കാരോം കഴിഞ്ഞു വരുകാണോ-!?ഇല്ലില്ല-ആലീസ്ഐപ് ഉണ്ടാക്കുന്ന വെറും അസ്തിത്വദു:ഖമല്ലാതെ വേറൊന്നും ഐപ്പിൽ മണക്കുന്നില്ല.

ഐപ്പ്സാറേ-!” സാഹിത്യനിരൂപണത്തിൽ കുടുങ്ങിക്കിടക്കെ താലൂക്കാപ്പീസിലെ ജോലിവഴി രക്ഷപ്പെട്ട കുര്യന്റേതാണു വെല്ലുവിളി

കുസുമത്തിനു എത്ര നല്ല നല്ല പ്രൊപ്പോസൽസ് വന്നതാ-!അതൊന്നും മൈൻഡ് ചെയ്യാതെ ആ ഒരു കാരിക്കറുമ്പൻ ‘ഒതല്ലോയെത്തന്നെ കെട്ടണമെന്നു  വാശിപിടിച്ചു നിൽക്കുകയായി രുന്നില്ലേ  മനോഹരി-! അതു മറക്കരുതു സർ-! ലവറിനു ചെറിയൊരു ദുർന്നടപ്പുണ്ടെന്നോ മറ്റോ കേട്ടപാതി നിന്ന നില്പിൽ അടിച്ചു പോകുകാരുന്നില്ലേ സുന്ദരി!ഐപ്പുസാർ ആരോപിക്കുന്നതരം ഒരു ദുരിതോം മൃദുലയ്ക്കില്ലായിരുന്നു സർ-! അതുകൊണ്ട് ആരും വച്ചുപോകുന്ന കഷ്ടമാ ആശാൻ വച്ച കഷ്ടം-!

കുര്യന്റെ ഉര തീർന്നതും ഐപ്പുസാറിന്റെ കുര തുടങ്ങിയതും ഒന്നിച്ച്

ഛായ്-! കഴുതെ-! പലപല ശ്ലോകങ്ങളിലൂടെ ഉടുപ്പിച്ചു കൊണ്ടുവന്ന കാവി ആ ഒരൊറ്റ കഷ്ടം കൊണ്ടു വലിച്ചുരിഞ്ഞു  ദൂരെക്കളഞ്ഞിട്ട് ആശാൻ പോയ പോക്കു കണ്ടില്ലേടേ നീയൊക്കെ!”  

അയ്യയ്യേ-! ദുർവ്യാഖ്യാനം-! ദുഷ്ടവും ദുരുദ്ദേശപരവുമായ ദുർവ്യാഖ്യാനം--!ശ്ശോ-! ശ്ശോ-! ഇങ്ങനേമൊണ്ടോ ഒരു കൊടുംപ്രൊഫസർ-! ഇപ്പം തട്ടണം    ദുർവ്യാഖ്യാന ദുശ്ശാസനനെ-! തട്ടിയേപറ്റൂ--!”    കൂട്ട ആക്രമണം.    ഐപ്പ് അടങ്കലം തെറിവിളിച്ചുദാരിദ്ര്യരേഖക്കുമൊക്കെ താഴോട്ടിങ്ങു പോരുന്ന മുട്ടൻ തെറിതൊട്ടു പുറകേ ഐപ്പ്ഗുരുവിൽ ജ്ഞാനിയുടെ മന്ദഹാസം..! സ്ഥലം വിടാറായെന്നർത്ഥം-! അടുത്തമാത്രയിൽ സംഭവസ്ഥലത്ത് ഐപ്പ് ഒരു ഐതിഹ്യം മാത്രം-!

അല്ലെങ്കിലും ഐപ്പുസാറിന്റെ ഒരു രീതി ഇതാണല്ലോ. കോളെജിലെ തന്റെ ഉപജീവനമാർഗ്ഗമായ മാത്തമാറ്റിക്സിൽ ആകെയുള്ളത് എടുത്താൽ തീർന്നുപോകുന്ന ഒരു ‘ഒന്നു’ മാത്രമാണെന്ന്  ക്ലാസ്സിലെ പിള്ളാരോടു അങ്ങു തുറന്നുപറഞ്ഞുകളഞ്ഞ പാർട്ടിയാ പുള്ളി-! എന്തായാലും വലിയൊരു കണക്കൻ പ്രൊഫസ്സറ് സ്ഥലം കാലിയാക്കിയ സ്ഥിതിക്കു ചേരാസിനേം, ചാലൂക്യാ സിനേം, പല്ലവാസിനേം ഒക്കെക്കൊണ്ട് വല്ലവിധേനയും കഴിഞ്ഞുപോകുന്ന ഒരു സാദാ ഹിസ്റ്ററിവാദ്ധ്യാരായ ഞാൻ വായും പൊളിച്ച് അവിടെ നില്ക്കുന്നതു പന്തിയല്ലെന്നു പെട്ടെന്നൊരു തോന്നൽ. ഞാനും ചിരിച്ചു ഒരു ജ്ഞാനച്ചിരി.. പിന്നെ ഐപ്പുസാറിന്റെ പിന്നാലെ നാടുനീങ്ങി..  അങ്ങനെ നീങ്ങി നീങ്ങി ഐപ്പുസാറിനൊപ്പം പതിവുപോലെ കൽമണ്ഡപത്തിൽ വന്ന് അരിയിട്ടു വാഴുമ്പോഴാണ് ഓർക്കാപ്പുറത്ത് സക്ഷാൽ കണ്ണാണ്ടർലിഖിതത്തിന്റെ പ്രഥമദർശനം കിട്ടുന്നത്.

സംഭവം നടക്കുന്നതിനു തൊട്ടുമുമ്പ് ഉത്തമപുരുഷൻ ( അതായത് ഞാൻ)  സന്ദർശനവിസയിൽ മനോരാജ്യങ്ങളിലാണ്. ലോകബാങ്കിൽ നിന്നു കണ്ണു പിൻവലിക്കുന്ന മനോരാജ്യത്തിൽ നിന്ന്  നേരെ പോകുന്നത് വിമൻസിലെ മലയാളംവിദുഷിയായ സ്വന്തം ശ്രീമതി ലൈലാമ്മപ്രൊഫസ്സറെ  ഓർക്കാപ്പുറത്തു ചെന്നൊന്നു ശോധനം ചെയ്യുന്നതിനെപ്പറ്റിയുള്ള മനോരാജ്യത്തിലേക്കാണ്. ഇന്നു ഐപ്പിന്റെ വായിൽനിന്നു വീണുകിട്ടിയ വീണപൂവിലെ ആ ‘കഷ്ടത്തിന്റെ നിജസ്ഥിതിയെപ്പറ്റി ലൈലാമ്മപ്രൊഫസ്സറുടെ   മുഖത്തു നോക്കി   ഒരു നാലുചോദ്യം ചോദിക്കുക. ശ്രീമതിയിൽ നിന്നു പരമ്പരാഗത ഉത്തരങ്ങൾ പിറക്കും. അപ്പോൾ  തമിഴ്പേച്ചുംപടംമാതിരി ഒരു ജ്ഞാനച്ചിരി ചിരിച്ച്  അപ്പുറം കുമാരനാശാൻ കാവിഅഴിച്ചിട്ടുപോയ അതേ സ്ഥാനത്തു കൊണ്ടുപോയി  ഫെമിനിസ്റ്റിനെ യഥേഷ്ടം നിൽക്കുന്നിടത്തൊക്കെച്ചെന്നു വരച്ചുവരച്ച്  വരച്ചവരയിൽ നിർത്തി ഫോട്ടൊ എടുക്കുക. അങ്ങനെ, ആണുങ്ങൾ ഇക്കാലത്തു ഭരിക്കണമെന്നില്ലെന്നും ഭരിക്കുന്ന പോസിൽ ഒരു ഫോട്ടോ മതി ആരോഗ്യത്തിനെന്നുംവരെ എത്തിയ ആൺചിന്ത... പിന്നെ പെട്ടെന്നു ‘ഹാ-! കഷ്ടം-! ആണുങ്ങൾ-!’ എന്നിങ്ങനെ മുട്ടനായങ്ങു വളരുകയായിരുന്നു. കഷ്ട-!ത്തിനു ഇതിൽപ്പരം ഔചിത്യഭംഗിയോടെ ദീർഘായുഷ്മാനാകാവുന്ന മറ്റൊരിടം  പൂമുഖത്തെ ‘ആൺകിടപ്പ്-ഇരിപ്പിടം ‘ പോലെ ഭൂമുഖത്തെങ്ങാനമുണ്ടോ (കണ്ടു)..!

ചായക്കടക്കാരൻ പിശുക്കൻപട്ടര് രാവിലെ വിൽപ്പനക്കായി ചുടുന്ന ദോശക്ക് ദോശക്കല്ലിന്റെ കേന്ദ്രഭരണപ്രദേശത്തു ഒരു കൊച്ചുപപ്പടവൃത്തത്തിൽ മാത്രമൊതുങ്ങുന്ന ദോശമാവുപോലെ ‘വെറും ഭാര്യാസമേതരായ കേരളആണുങ്ങളിൽ മാത്രം ഒതുങ്ങിനിന്ന എന്റെ ആ  ഇടത്തരം ‘നാടൻമനോരാജ്യം’ പട്ടരുടെ പൊണ്ടാട്ടി സ്വന്തം തീറ്റക്ക് ചുടുന്നദോശക്കായി അണ്ടാവിൽ നിന്നു വലിയ തവിനിറയെ കോരിയൊഴിക്കുന്ന ദോശമാവു ദോശക്കല്ലിലെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്താകെ പരക്കുമ്പോലെ   ‘സർവ്വലോകആണുങ്ങൾ’ എന്ന അതിചിന്തയായി വികസിച്ച് ആഗോളതലത്തിലേക്കു പരന്നു--!! യുദ്ധങ്ങൾകൊണ്ടു പ്രകൃതി കൺട്രോൾചെയ്തു പോന്നിരുന്ന ഒരു ഇനമായിരുന്നു ഈ ആണുങ്ങളെന്നും, ഇത്രയധികം ആണുങ്ങൾ ഇപ്പോൾ ലോകത്തു നിലനിന്നുപോരുന്നത് ഭൂമിക്കെതിരേ നടന്നുവരുന്ന കമ്പോളലോകമഹായുദ്ധത്തിലെ വിവിധയുദ്ധമുഖങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ജൈവായുധങ്ങൾ എന്ന നിലയ്ക്കുമാത്രമാണെ’ ന്നുമുള്ളിടത്തേക്കു ഓടിക്കേറിയ ചിന്ത ചക്രവാളത്തിന്റെ അരമതിലിൽ  കാലുംപൊക്കിവച്ച് താടിക്കു കൈയ്യും കൊടുത്തു നിൽക്കുമ്പോഴാണ്.രണ്ടു ഷീറ്റു പേപ്പറുമായി കൽമണ്ഡപത്തിനടുത്തേക്കുള്ള ശാസ്ത്രിസാറിന്റെയും കൂട്ടരുടെയും നിർണ്ണായകമായ ആ വരവ്-! ശാസ്ത്രിസാർ, ഹമീദ്മാഷ്പട്ടാളം പിന്നെഇതാര്!? ങേ--!ഒരു ആശ്ചര്യചിഹ്നം പോലെ ദേ നിക്കുന്നു കാപ്പിരിമിണ്ടാപ്പൻ!!മിണ്ടാപ്പൻകാപ്പിരിപ്പോറ്റി!! ഹും-!! നോക്കണേ! വള്ളികൾ കാലുകളെത്തേടിയിറങ്ങുന്ന കാലമേയ്! ശാസ്ത്രിസാർ ‘മുഖവുര’യ്ക്കാതെ കൈയിലുള്ള പേപ്പർഷീറ്റുകൾ ഞങ്ങളുടെ നേരേ നീട്ടി.

നോക്ക്-! കണ്ണാണ്ടരും ഈ  കാപ്പിരിയത്തുപോറ്റീം തമ്മിൽ ഇന്നു നടന്ന ചൊദ്യോത്തരങ്ങളാ. വല്ലതും പിടികിട്ടുന്നുണ്ടോന്നു  നോക്ക്.

ഞാൻ ഐപ്പുസാറിനേക്കാൾ മുൻപേ ചാടിവീണു പേപ്പറുകൾ വാങ്ങി; ആശ്ചര്യത്തോടെ മൊത്തമൊന്നു നോക്കി.! ഹോ-! ഒടുവിൽ ഓർക്കാപ്പുറത്ത്  ഇതാ കൈകളിലേക്കു താനേ പറന്നെത്തിയിരിക്കുന്നു- സാക്ഷാൽ കണ്ണാണ്ടർലിഖിതങ്ങൾ!! ഇതുവരെ തുമ്പില്ലാക്കഥകളിലൂടെ കേട്ടുകേഴ്വി മത്രമായിരുന്ന ഒർജിനൽ കണ്ണാണ്ടർലിഖിതംദേ-! കൈയിൽ-!!  ഞാൻ പേപ്പർ എന്ന കണ്ടുപിടുത്തം ആദ്യമായിക്കാണുമ്പോലെ കടലാസുകൾ തിരിച്ചും മറിച്ചും നോക്കി.

“ ആ കറുത്ത ഡോട്ട്പെൻകൊണ്ടുള്ള കൈപ്പട പോറ്റീടേതാ, പെൻസിലു കൊണ്ടുള്ളതു കണ്ണാണ്ടരുടേം-” ശാസ്ത്രിസാർ ലിഖിതങ്ങളുടെ മെക്കാനിസം വെളിപ്പെടുത്തി. ഐപ്പ്സാറ് ക്യൂ തെറ്റിച്ചു തള്ളിക്കയറുന്ന സ്പിരിറ്റോടെ എന്റെ പിന്നിൽനിന്ന് എത്തിവലിഞ്ഞു നോക്കുന്നുണ്ട്ഞാൻ കടലാസിലെ ലിഖിതങ്ങളിൽ ഒന്നു സ്ലോയിൽ കണ്ണോടിക്കാൻ തുടങ്ങി. കാപ്പിരി എഴുതിച്ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് കണ്ണാണ്ടർ മറുപടി എഴുതിയിരിക്കുകയാണ്. കൊള്ളാം-രണ്ടും കാണാൻ രസമുള്ള കൈപ്പടകൾ. കണ്ണാണ്ടരുടെ കൈപ്പട നിരനിരയായിപ്പോകുന്ന കട്ടുറുമ്പുകൾ പോലെ-! നീളത്തിൽനിരത്തിയ കുരുമുളകുകൾ പോലെ കാപ്പിരിയുടെ കൈപ്പട. രണ്ടും കടിച്ചാൽ എരിക്കും.

മിണ്ടാപ്പൻകാപ്പിരിപ്പോറ്റി ഇതൊന്നും മൈൻഡ്ചെയ്യാതെ മണ്ഡപത്തൂണുംചാരി ആ ചെറുചിരിയോടെ ദൂരെയെവിടെയോനോക്കി ഇരിപ്പാണ്. ഞാൻ വീണ്ടും കടലാസിലേക്കു കണ്ണിട്ടു. കണ്ണ് നേരെ ചെന്നുവീഴുന്നത്  കുരുമുളകിലാണ്. കുരുമുളകിലൂടെ കണ്ണുരുട്ടുമ്പോൾ ഒരുപിടിയുംകിട്ടാത്ത ആകെ പുകച്ചുകുഴക്കുന്ന കാപ്പിരിയുടെ ഒരു ആവശ്യമാണു തെളിയുന്നത്

‘ പുൽനാമ്പിൻ തുമ്പത്തെ മഞ്ഞുതുള്ളി ചോദിക്കുന്നു----

പ്രഭാതസൂര്യാ-! നെഞ്ചോടു ചേർക്കൻ ഒരു രശ്മിതരൂ.ഞനൊരു പത്മരാഗമാകട്ടെ-!’ 

 തുടർന്നു കാണുന്ന പെൻസിൽകട്ടുറുമ്പുകളാണ് സാക്ഷാൽ കണ്ണാണ്ടരുടെ ആദ്യ ലിഖിതംസൂര്യൻ പറയുന്നു-: 

നിന്നെക്കാണാൻ നീ ആദ്യമൊരു കണ്ണുതേടുക-!’ 

-ഇതാ..ഇത്രകാലം കാണാൻ ഉഴറിയ കണ്ണാണ്ടർലിഖിതം-- ‘നിന്നെക്കാണാൻ നീ ആദ്യമൊരു കണ്ണുതേടുക-!

ഇതുവെറും പ്രാന്തല്ല്ലെടേ! ഇത് അത്യുത്തരാന്തകനാടേ--!!” വാനൊലി കേട്ടു ഞാൻ തിരിഞ്ഞ് പ്രക്ഷേപണകേന്ദ്രത്തിലേക്കു നോക്കിയപ്പോൾ ഒരുകണ്ണിറുക്കിക്കാണിച്ചു നിൽക്കുന്നു ഐപ്പുസാർ. ശാസ്ത്രിക്കു കൊള്ളാൻ ഐപ്പൻ  വിട്ടതാണേ എന്നു കണ്ണിറുക്കിന്റെ നിഘണ്ടു . 

ഞാൻ ഓർത്തതു മറ്റൊന്നാണ്--ഇന്നീ ‘കണ്ണ് ’ പലരീതിയിൽ വരുന്നല്ലോ..ആദ്യം വീണപൂവിൽ , പിന്നെ ലോകബാങ്കിൽ.., ഇപ്പോ ദേ കണ്ണാണ്ടരുടെ ലിഖിതത്തിലും ! എന്താണോ  ഇതിനർത്ഥം!?

എന്തു തോന്നുന്നെടേ-?”  ഐപ്പുസാർ വെല്ല്ലുവിളിതുടങ്ങി.

എന്തോ ചില ഗൂഢാർത്ഥങ്ങളൊക്കെ ഫീലു ചെയ്യുന്നു..” ഞൻ എല്ലാടോം കൊള്ളിച്ചു കാച്ചി. ശാസ്ത്രിക്കാണ് അതു ‘ക്ഷ’ പിടിച്ചത്......

ങാ- അതുകൊണ്ടാണല്ലോ ഞാൻ കൈയോടെ ഈ കടലാസ് നിങ്ങളെയൊക്കെ ഒന്നു കാണിക്കാൻ കൊണ്ടുവന്നത്. പോറ്റിക്കും കണ്ണാണ്ടർക്കും വട്ടാണെന്നല്ല്യോ ഇവിടുത്തെ കൊറേ കോളേജ് വാദ്ധ്യാന്മാരുടെ വിചാരം..!” ഐപ്പുസാറിനെ ഉന്നംവച്ച് ശാസ്ത്രി പട്ടാളത്തിന്റെ മുഖത്തേക്കു നോക്കിയാണു ഗോദാ ഒരുക്കുന്നത്---ആട്ടെ-കടലാസിലെ ആദ്യഭാഗം വായിച്ചല്ലോ-! എന്താ അതിന്റെ ഗൂഢാർത്ഥം-?”—ശാസ്ത്രി കളിതുടങ്ങി.

കടലാസിലേക്ക് എത്തിനോക്കിനിന്ന പട്ടാളം പെട്ടെന്നു സീര്യസായി-- 

ഇതു ഹനുമാൻസ്തുതിയാ!” 

ദാ-! കേട്ടോടേ-!-ഒറ്റനോട്ടത്തിൽ കര്യം വെളിവാക്കിയത്-! ഹനുമാനും പഴയൊരു എയർഫോഴ്സ് എക്സർവ്വീസാണല്ലോ!ഇതാ രണ്ടും ഒരുവർഗ്ഗമാകുമ്പോൾക്കിട്ടുന്ന ഒരു ഗുണം-!” ഐപ്പൻ എന്നെ തോണ്ടിവിളിച്ച് പട്ടാളത്തെ കിളയ്ക്കുന്നതു പട്ടാളം അറിഞ്ഞതേയില്ല. ഹമീദ്മാഷ് കാര്യത്തിന്റെ കിടപ്പുകണ്ടപ്പഴേ ആകാശസർവ്വേതുടങ്ങിയിരുന്നു.

“കണ്ണാണ്ടരുടെ മറുപടി സൂര്യഭാവത്തിലാ-!” --വരുന്നു ശാസ്ത്രിയുടെ പോർവിളി--- കണ്ണാണ്ടര് ഭരദ്വാജഗോത്രക്കാരായ മുപ്പിരിക്കാട്ടുമനേന്ന് സൂര്യോപാസനയ്ക്കു  പൊറപ്പെട്ടതാണെന്നൊരു കേഴ്വിയുണ്ട്-! അങ്ങനെ നോക്കുമ്പോൾ ഇതു സൂര്യഗായത്രിയുടെ സ്വാധീനപരിധിയിൽ വരുന്ന ചില സൂചനകളാണെന്നതിനു യാതൊരു സംശയവുമില്ല-! എന്താ തർക്കമുണ്ടോ-?” ശാസ്ത്രിസാർ ഐപ്പുസാറിനെ നോക്കി മപ്പടിച്ചു .    ഇവിടേം പുക്കാറാകുമോ.!? ഇല്ലഈ സൂര്യഗായത്രി യിലൊക്കെ ഇനി എന്തു പാരയാ ഇരിക്കുന്നതെന്ന് ആർക്കറിയാംഐപ്പുസാർ ചിന്തിച്ചു കാണണം. അതുകൊണ്ടു ശാസ്ത്രിയെ ശ്രദ്ധിക്കാതെ അതിയാൻ വിഷയം മാറ്റിക്കൊണ്ടു പറഞ്ഞു--ബാക്കി കേൾക്കട്ടെ-വായിക്കെടേ

ഞാൻ  കടലാസിലേക്ക് തലയിട്ടു.

കുരുമുളക്-:   “ഭാസ്കരാ-!

എന്നെക്കണ്ടു മടുത്തുമടുത്ത-

ക്കണ്ണുംതേടിനടന്നൂ ഞാൻ

വിണ്ണിൽത്തപ്പാൻ ചൂടായി..

മണ്ണിൽത്തപ്പാൻ നീരായി..!”

(ഇവിടം മുതൽ എന്റെ വായന ഈണത്തിലും തെല്ലുറക്കെയുമാണ്)

“കണ്ണുതപ്പിത്തപ്പിയെവിടെല്ലാം ചെന്നിട്ടും

കണ്ണുകാണുന്നില്ല സൂര്യാ-!

കണ്ണുകണ്ടോരുണ്ടോന്നാകെത്തിരഞ്ഞിട്ടും

കണ്ണുകണ്ടോരില്ല സൂര്യാ-!”

കട്ടുറുമ്പ്-:

“ ‘കണ്ണുകാണുന്നില്ലയെന്നുകാണുന്നുണ്ടാ-

കണ്ണേതു കണ്ണ് നീർത്തുള്ളീ-?

കണ്ണിനെക്കാഴ്ച മറച്ചങ്ങിരിക്കയാൽ

കണ്ണുകാണില്ല നീർത്തുള്ളീ

കണ്ണിനെയോർക്കാൻ-മറക്കുവാനും

കാഴ്ചയേയുള്ളു നീർത്തുള്ളീ ”

കുരുമുളക്-:    “ഹേ-! സൂര്യ-! 

എനിക്ക് കണ്ണും കാണണം

കണ്ണിനേം കാണണം ”           

കട്ടുറുമ്പ്-:        

“എങ്കിൽ നിനക്കു മു-

ക്കണ്ണു വേണം-!  

പോകൂ-! പോയി മുക്കണ്ണനാകൂ-!”

അങ്ങനെ  സൂര്യൻ മഞ്ഞുതുള്ളിയെ ‘മുക്കണ്ണു’ നേടാൻ  വിടുന്നിടത്തു കട്ടുറുമ്പ് നിൽക്കുന്നു.

ദാ-! ആ ഭാഗങ്ങളാ തീരെ പിടികിട്ടാത്തത്-!ശാസ്ത്രി മീഡിയം വോളിയത്തിൽ ഒരു ആത്മഗതം വിട്ടു. ആ ഗ്യാപു നോക്കി ഐപ്പ്സാർ കത്തിക്കാൻ തുടങ്ങി...

അതായത്, പുരാതന ഈജിപ്റ്റിൽ അസംബന്ധസാഹിത്യം എന്നൊരു അപൂർവ്വശാഖയുണ്ടായിരുന്നു. വംശനാശം വന്ന ആ ജനുസ്സിൽപ്പെടുന്ന ഒരു ഇനമാ ഇത്. ഇതിൽ അർത്ഥങ്ങളുണ്ടാവില്ല-ഫീലിങ്സേ കാണൂ...!”

അതു കേട്ട് ശാസ്ത്രി വെള്ളരിക്കാപ്പട്ടണത്തിൽ ലാൻഡ് ചെയ്യുന്നതു കണ്ട് ഐപ്പുസാർ എന്നെ നോക്കി കണ്ണിറുക്കി.

അറവനപ്പാട്ടിനു പറ്റിയ വരികളാ----പേപ്പറിൽ എത്തിനോക്കിനിന്ന ഹമീദ്മാഷ് ഒരു ഉപയോഗം പറഞ്ഞു. അങ്ങനൊരു സ്ഥായിയായ ഉപയോഗത്തെപ്പറ്റി കേട്ടിട്ടും കാപ്പിരിപ്പോറ്റി മണ്ഡപത്തൂണിൽച്ചാരി അതേ ഇരിപ്പാണ്.

സത്യത്തിൽ എനിക്കു  ചില വെളിപാടുകളൊക്കെ വന്നു തുടങ്ങിയിരുന്നു. പക്ഷേ ആ കൂട്ടത്തിൽ ആരോടു പറയാനാ-! എന്തായാലും ഞാൻ ഒരു കാര്യം ഉറപ്പിച്ചു... ഈ കണ്ണാണ്ടർ നമുക്കറിയാത്ത-നമ്മളൊന്നും കാണാത്ത എന്തൊക്കെയോ കാണാക്കാഴ്ചകൾ കാണുന്നുണ്ട്...! ഇത്തരം  കാണക്കാഴ്ചകൾ കിട്ടുന്ന ഈ ‘കണ്ണാണ്ടർസാഹിത്യം’ ഏതു വിധേനയും കുറേ സംഘടിപ്പിക്കണം! എന്നിട്ടു മുറിയിലെ മേശപ്പുറത്ത്  വായിച്ചു കൊണ്ടിരിക്കുന്ന ഗണത്തിൽപ്പെടുത്തി അങ്ങനെ മലർത്തിയിടണം. ലൈലാമ്മപ്രൊഫസറു വരുമല്ലോ മുറിയുടെ വെടിപ്പുകൂട്ടാനും മറ്റുചില ചില്ലറ നിരീക്ഷണ-പരീക്ഷണങ്ങൾക്കുമായി! അപ്പോൾ കാണട്ടെ.. ഹസ്ബെന്റിന്റെഭ്രമണപഥങ്ങൾ-!  കണ്ടുകിടിലംകൊള്ളണം-!  മലയാളംപ്രൊഫസറുടെ കണ്ണുതള്ളണം-! എന്നിട്ടു മര്യാദക്കു ഭവ്യതയോടെ വരട്ടെ ഇതിന്റെയൊക്കെ അർത്ഥ-ഭാവങ്ങൾ അറിയാൻ.!അങ്ങനെ പലപല കീഴടക്കുകളും വെട്ടിപ്പിടുത്തങ്ങളും മുന്നിൽക്കണ്ടുകൊണ്ടാണ് ഞാൻ ആ കടുത്ത തീരുമാനമെടുത്തത്. പട്ടാപ്പകൽ യതൊരു ഒളിവും മറവുമില്ലാതെ നാലു ബ്രഹ്മാണ്ഡൻ ചോദ്യങ്ങളുമായി കണ്ണാണ്ടരുടെ മുമ്പിൽ നേരേ അങ്ങു ചെല്ലുക-! ചൊദ്യങ്ങൾക്കു മറുപടിയായികിട്ടുന്ന കണ്ണാണ്ടർലിഖിതങ്ങൾ സമാഹരിക്കുക. അങ്ങനെ കുറേ   കണ്ണാണ്ടർസാഹിത്യം  സ്വന്തമായി സമ്പാദിക്കുക. ഒക്കുമെങ്കിൽ ഒരു ഫോട്ടോ ഗ്രാഫറെക്കൂടി കൂട്ടിക്കൊണ്ടുപോയി കണ്ണാണ്ടർലിഖിതങ്ങൾ സക്ഷാൽ കണ്ണാണ്ടരിൽ നിന്നു നേരിട്ടു വാങ്ങുന്നതിന്റെ കുറേ ചിത്രങ്ങളുമെടുക്കുക. കണ്ണാണ്ടരെ ഇപ്പോൾ പ്രാന്തൻകണ്ണാണ്ടരെന്നു വിളിക്കുന്ന ജനം 'കണ്ണാണ്ടർസാഹിത്യ'ത്തിനായി നെട്ടോട്ടം ഓടുകയും ടിപ്പണികളും വ്യാഖ്യാനങ്ങളും ഗവേഷണപ്രബന്ധങ്ങളുംകൊണ്ടു ഉന്നതങ്ങളിലെത്തുകയും ചെയ്യുന്ന  അനതിവിദൂരകാലം നമ്മളെ നോക്കി കൊഞ്ഞണംകുത്തരുതല്ലോ....

ഇങ്ങനെ പൂത്തുലയുന്ന പുതുപുത്തൻ ചിന്തകളുമായി വീട്ടുപടിക്കലെത്തിയത് അറിഞ്ഞതേയില്ല . ഐപ്പുസാറ് പോസ്റ്റാപ്പീസ് ജംഗ്ഷനിൽ വച്ച് അങ്ങേരടെ വഴിക്കു പോയിക്കാണും. പൂത്തുലയുന്ന ബുദ്ധിക്കിടയിൽ അതൊക്കെ ആരറിയാൻ.

വീട്ടിൽ മുറിയിൽക്കയറി വേഷം മാറി ലൈലാമ്മപ്രൊഫസ്സറെ മുഖം കാണിക്കാൻ അടുക്കളവഴിക്കു ചെന്നു. പ്രൊഫസ്സർ മീൻ വെട്ടുകയാണ്..   

ങാ-!! വന്നോ പരാന്തകചടയൻ-! വൈകുന്നേരം  വന്ന് ഈ മീൻ വെട്ടാമെന്നു പരാന്തകൻ  രാവിലെ ഏറ്റതല്ലേ-!എന്നിട്ട്  വന്നിരിക്കുന്ന സമയം നോക്ക്-! ഞാൻ വന്നു നോക്കിയപ്പൊ മീൻ അങ്ങനെ തന്നെയിരിപ്പുണ്ട്-! മീൻവെട്ടുകഴിഞ്ഞപ്പോ ദേ കേറിവന്നിരിക്കുന്നു-! ഇനിയിപ്പം  ആ ഇരിക്കുന്ന  ചെമന്നുള്ളി വേഗം തൊലികളഞ്ഞ് ഒന്നു നുറുക്കിയെടുത്തേ....!  ഒന്നെളുപ്പംവേണേ..! മീൻ കറിവച്ച് ജോലിയൊതുക്കിയിട്ടുവേണം എനിക്കു ആ ‘കണ്ണാണ്ടരുടെ കാഴ്ചകൾ‘ തഞ്ചമായിട്ടിരുന്നൊന്നു വായിക്കാൻ 

കാര്യം പിടികിട്ടാതെ ഞാൻ ഉള്ളിക്കണ്ണീരോടെ ലൈലാമ്മപ്രൊഫസ്സറെ നോക്കി ചോദിച്ചു -: എന്തോന്നാ..എന്തോന്നാ..?

നമ്മടെ ജംങ്ഷനിലെ ആൽത്തറയിലിരിക്കുന്ന ആ കണ്ണാണ്ടരില്യോ..!   കണ്ണാണ്ടരെഴുതിയ കൊറേ എഴുത്തുകൾ ഞങ്ങടെ കോളേജ് പ്രിൻസിപ്പലും കൊറേ പ്രൊഫസ്സറന്മാരും കൂടെ സമാഹരിച്ചു പ്രസിദ്ധീകരിച്ചു.വല്യ ഗഹനമായ കാര്യങ്ങളാണെന്നാ എല്ലാരും പറേന്നത്. അതിന്റെ ഒരു കോപ്പി ഇന്നു കിട്ടി. ഞാൻ ഒന്നു മറിച്ചുനോക്കിയതേയുള്ളു. ഒന്നു വായിച്ചുപഠിക്കാനൊള്ളതുതന്നെയാണ് കേട്ടോ-!.  അല്ല-! നിങ്ങളോട് ഇതൊക്കെപ്പറഞ്ഞിട്ടെന്താ കര്യം..!!  നോക്കിനിക്കാതെ എളുപ്പം ആ ഉള്ളിയൊന്നു ശരിയാക്ക്  മനുഷ്യാ 

ഉള്ളിക്കണ്ണീരോടെ  ലൈലാമ്മയെ നോക്കിനിന്ന ആ നിൽപ്പിലാണു ഞാനറിയുന്നത്---ഞാൻ  മുക്കണ്ണനായിരിക്കുന്നു..!

-മധു,മുട്ടം

                                                               ❤

                                                                                         

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഇതൊരു പൂര്ണ്ണ കഥ ആക്കിക്കൂടെ??

സുഭാഷിണി പറഞ്ഞു...

നമസ്കാരം ശ്രീ.Unknown.
മുമ്പെങ്ങോ ഇത് എഴുതുമ്പോൾ ഒരു ഭാഗം കൂടി ഉദ്ദേശിച്ചിരുന്നെങ്കിലും...പിന്നീട് ശ്രദ്ധ വിട്ടുപോയി. അങ്ങയുടെ വായനയ്ക്കും നിർദ്ദേശത്തിനും നന്ദി. ആശംസകൾ.