link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: 1-കവിത

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

1-കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
1-കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ജൂൺ 29, ചൊവ്വാഴ്ച

മേഘലാളനം

 




പുലരിക്കും പുവിനുമൊപ്പം

പുതുവർണ്ണച്ചന്തംചേരും

ഒരുപുത്തൻ ഭാവന മെല്ലെ-

ത്തളിരിട്ടതുമൊട്ടിട്ടുള്ളിൽ..

ഒരു പാടലകോമളകല്പന...

മാറത്തേയ്ക്കോടിയണഞ്ഞെൻ

നിനവിന്റെകിളുന്നാമോമൽ-

ക്കനവിന്റെ തളിർ‌ത്തൊത്തതിലായ്

മിഴിപൂട്ടിപാൽച്ചിരിതൂകി..

ഇതളൊന്നു തുടുത്തു തിളങ്ങാൻ

കവിളത്തുതലോടിമുകർന്ന-

ച്ചെറുചേലിനെ വെറുതെ വിട്ടി-

ട്ടിളവേല്ക്കാൻ പോരുന്നെരം...

അൻപില്ലാത്ത ദിനപ്പത്രം വ-

ന്നമ്പുകണക്കിടനെഞ്ചിൽത്തട്ടീ

ട്ടഹസിച്ചുനടുക്കിപ്പിന്നാ

യുദ്ധമുഖത്തേയ്ക്കെറിയപ്പെട്ടും

മനമാസകലം കീറിമുറിഞ്ഞും

പോറിയെരിഞ്ഞും പോരിൽത്തോറ്റും

നേരമ്പോയിട്ടൊടുവിൽ വന്നെ-

ന്നുമ്മറശാന്തിയിൽ വീണ്ടുമിരിക്കെ

ച്ചിന്തിച്ചേനിപ്പുലരിയിൽ മാറ-

ത്തോടിയണഞ്ഞോ-

രോമനഭാവനയെവിടെപ്പോയി..!?

അപ്പൊഴു,താ പുലർവേള ഒരുക്കിയ ചേലുകളാകെയുലഞ്ഞു.. നിറങ്ങൾ

കലങ്ങി...യുടഞ്ഞോരുടലും...

ആരെന്നറിയാതാകെമെലിഞ്ഞി

ട്ടേന്തിവലിഞ്ഞുവിചാരത്തിന്റെ പുറമ്പോക്കിൽപോയകലെയലഞ്ഞു

മലിഞ്ഞുമ്മാഞ്ഞും കാണാതായെൻ കോമളഭാവന

പോയതു പോൽ...ഈ

സായാഹ്നത്തിലും....ഇതാ...

കടപ്പുറത്തിരിക്കെ...

ചക്രവാളച്ചരുവിൽ നിന്ന് കണ്ണ് ഒരു വർണ്ണ മേഘക്കിളുന്തിനെ എടുത്തു ലാളിച്ചു..

മേഘപ്പൈതൽ ചെമ്മാനമുറ്റത്ത് പിച്ചവെച്ചു നടക്കും മുതൽ വിടാതെ കണ്ണിലിട്ടു വളർത്തുകയായിരുന്നല്ലോ. എന്തെന്തു ചന്തങ്ങൾ ആ മുഖത്ത്....! ഇത്തിരി മുമ്പ് വരെ ആ കുഞ്ഞു മേഘത്തെ ചൊല്ലി എന്തെല്ലാം പ്രതീക്ഷകളായിരുന്നു...!

എപ്പോഴോ ഒരു കടലക്കച്ചവടക്കാരൻറെ വിളികേട്ട് അറിയാതെ മേഘക്കിളുന്തിനെ കണ്ണിൽനിന്നു വിട്ടു പോയി... ഒരു ചെറുകമ്പോളപ്പേശലിൽ പെട്ടുപോയി. പിന്നെ കടലകൊറിച്ചും കടപ്പുറപ്പകിട്ടുകൾ കണ്ണിനാൽ കവർന്നും ഒട്ടുനേരം പോകെ ഒരു ഞെട്ടലോടെ ഓർത്തു....

എനിക്ക് ഇവിടൊരു കുഞ്ഞുമേഘം ഉണ്ടായിരുന്നല്ലോ.....!

ഒടുവിൽ..

അകലെ...

മാനത്തെ പൂരങ്ങൾ മടങ്ങുന്ന ചക്രവാളച്ചരിവിൽ മായുന്ന ഒരു പോറലായി.....

മായാത്ത നീറലായി...

എന്റെ...കുഞ്ഞുമേഘം...

അപ്പോൾ...

മനസിന്റെ മണൽപ്പുറവും മാനത്തിന്റെ ഉമ്മറവും മെല്ലെ മന്ത്രിച്ചു: 

...ഇനിയുംതുടുക്കുമിച്ചക്രവാളങ്ങൾ.‘

                                          --മധു,മുട്ടം

                               ---❤---

 

 

2016 ഡിസംബർ 29, വ്യാഴാഴ്‌ച

വൈശാഖസന്ധ്യ


                                 






ഞാനെന്‍റെ ഏകാന്തതയെ കസവിന്‍റെ 

ചേലയുടുപ്പിച്ചൊരുക്കിനിൽക്കെ...

മാടിയൊതുക്കി വാർമുടികെട്ടി 

ശ്വേതപുഷ്പങ്ങൾ തിരുകിനിൽക്കെ..

നീയെന്തിനീ ശോണപുഷ്പമിറുത്തെന്‍റെ

വാതിലിൽവന്നു വൈശാഖസന്ധ്യേ....!?

 

ഞാനെന്‍റെ  ഏകാന്തതയുടെ  സീമന്ത-

രേഖയിൽ സിന്ദൂരംചാർത്തിനിൽക്കെ...

മായുന്ന കുങ്കുമപ്പൊട്ടുമായെന്തിനു

വാതിലിൽനിന്നു വൈശാഖസന്ധ്യേ ...!

 

ഞാനീ എകാന്തതയ്ക്കിന്നു മംഗല്യ-

ത്താലിയും മാലയുംചാർത്തിനിൽക്കെ..

ദൂരെത്തിരിഞ്ഞുനിന്നെന്തിന്നഴിച്ചെറി-

ഞ്ഞാ വൈരമാല  വൈശാഖസന്ധ്യേ....!? 

            --മധു,മുട്ടം                         






2016 സെപ്റ്റംബർ 14, ബുധനാഴ്‌ച

തെക്കൻകാറ്റിന്റെ പൂവിളി




തെക്കൻ കാറ്റിന്റെ പൂവിളി മാഞ്ഞല്ലോ
തെക്കിനിക്കോലായിലാളും പിരിഞ്ഞല്ലോ
ഒറ്റക്കുനീയെന്തിനിപ്പോഴുമീക്കളി-
മുറ്റത്തു വന്നിരിപ്പൂ….!? മൂകമീ
മുറ്റത്തു വന്നിന്നിരിപ്പൂ….!?

ഇന്നലെ ഈ ഓണമുറ്റത്തു നീയൊരു
പൊൻ‌കതിരെന്നപോൽ വന്നു നിൽക്കെ
പൂമുഖത്തൂണും ചാരി നിന്നെ നോക്കി
പൂവമ്പനെന്തോ കൊതിച്ചു നിൽക്കെ..ആ 
പൂവമ്പനെന്തോ കൊതിച്ചു നിൽക്കെ
നിന്റെ മോഹത്തിന്റെ നേത്രോല്പലമാല
എന്തേ ചാർത്താൻ മറന്നുപോയ് നീ..!? അവ-
നെന്തേ മൂകം പിരിഞ്ഞുപോയി..!?

ഇന്നലെ നിൻ കിനാപ്പൂക്കുലചിന്നിയ
പൊന്നോണത്തുമ്പിതുള്ളാക്കളത്തിൽ
ഇന്നെന്തേ തേടുന്നു നിൻസ്വപ്നശാരിക
മങ്ങാത്തൊരോർമ്മതൻ തേനല്ലിയോ-നിന്റെ
മങ്ങിയ സ്വപ്നത്തിൻ പൂവല്ലിയോ…?

തെക്കേമുറ്റത്തെ പൂക്കളം മാഞ്ഞല്ലോ..
മുത്തശ്ശിപ്ലാവിലെ ഊഞ്ഞാലഴിഞ്ഞല്ലോ..
അക്കരെ അമ്മാത്തൂന്നുള്ളോരും പോയല്ലോ..
ഒറ്റക്കുനീയെന്തിനിപ്പോഴുമീക്കളി-
മുറ്റത്തു വന്നിന്നിരിപ്പൂ….!? മൂകമീ
മുറ്റത്തു വന്നിന്നിരിപ്പൂ….!?
                                         -മധു,മുട്ടം
  

2016 മാർച്ച് 17, വ്യാഴാഴ്‌ച

ആരോ മറയുന്ന വഴിത്തുമ്പ്…



   




      ഇതാ.. ഇതാ…
      ഈ ആഹ്ലാദം.. എങ്ങുനിന്നാണു വരുന്നത്….!?
      എങ്ങുനിന്നെങ്ങുനിന്ന്…!?
      അമ്പലച്ചങ്കിലെ അടയാളക്കല്ലിൽനിന്നോ….?
      ആറിച്ചണയ്ക്കുന്ന ആലിലക്കാറ്റിൽനിന്നോ…?
      അങ്ങേക്കാവിലെ അത്തിമരക്കൊമ്പിൽനിന്നോ…?
      ഇങ്ങേൽക്കൊഞ്ചുന്ന പാലിളഞ്ചുണ്ടിൽനിന്നോ…?
      അതോ….
      എനിക്കറിയാത്ത ഏതോ അൻപോലും പാടത്തുനിന്നോ…?

      ഇതാ…ഇതാ..
      ഈ ദു:ഖം… എങ്ങുനിന്നാണു വരുന്നത്….!?
      എങ്ങുനിന്നെങ്ങുനിന്ന്…!?
      ആരോ പോയ്‌മറഞ്ഞ നേർ‌വഴിത്തുമ്പിൽനിന്നോ…?
      ആരും തിരിവയ്ക്കാക്കോവിലി-
      ന്നുള്ളിൽനിന്നോ…?
      ആളാരുംചെല്ലാതായോരക്കന്റെ കുടിലിൽനിന്നോ…?
      അത്താഴക്കലമുടച്ച കൊട്ടിയമ്പലത്തിൽനിന്നോ…?
      അതോ…
      എനിക്കറിയാത്ത  ഏതോ നെഞ്ചാളും പാടത്തുനിന്നോ…?

      ആൽമരച്ചോട്ടിൽ ഒറ്റയ്ക്കിരുന്നവൻ പറഞ്ഞു:
      ഹ്ലാദവും ദു:ഖവും ആനന്ദത്തിൽനിന്നു വരുന്നു…!
                                                                      -മധു,മുട്ടം        

    

2016 ഫെബ്രുവരി 10, ബുധനാഴ്‌ച

തോന്നൽ

                                         ചാരത്തും ദൂരത്തുമാരുമില്ലെന്നാലും
                                         പേരെടുത്താരോ വിളിച്ചപോലെ…!
                                         നേരോ...!? തിരയും… മിഴിനിറച്ചിന്നുമാ
                                         നേരറിയാത്ത ദിഗന്തം മാത്രം...
                                                              -മധു

2016 ജനുവരി 3, ഞായറാഴ്‌ച

പാണപ്പാട്ട്








പട്ടണക്കെട്ടിലെക്കണ്ണാടിക്കൂട്ടിലെ

കാണാൻ ചേലുള്ള വീണപ്പെണ്ണേ…

പാട്ടു മറന്നിട്ടോ  പാണൻ മറന്നിട്ടോ

നാട്ടീന്നു പോന്നു വീണപ്പെണ്ണേ.....!?

 

കേട്ടല്ലോ നന്തുണിപ്പെണ്ണേ  നിന്നെപ്പണ-

ക്കൂട്ടരാരോ കെട്ടിക്കൊണ്ട്വോയെന്നും

പാണൻ പരതി നടന്നെന്നും…നീ പുത്ത-

നീണങ്ങൾ കേട്ടു മയങ്ങിയെന്നും…!

 

പണ്ടത്തെയീണങ്ങൾ ചുണ്ടത്തുണ്ടോ..?പഴേ

പാണച്ചെറുക്കനെയോർമ്മയുണ്ടോ..?

ഓണമുറ്റത്തവൻ വാരിപ്പൂണർന്നപ്പോ

മാറത്തു പൂത്ത പുളകമുണ്ടോ…?

 

പണ്ടൊക്കെ നിൻ‌കൊച്ചു മോഹങ്ങളെ

ചെണ്ടണിയിക്കാനവൻ കൊതിച്ചു

തെണ്ടിത്തിരിഞ്ഞെത്ര പൂരപ്പറമ്പു നിൻ

കണ്ഠത്തിലിമ്പത്തിൻ മാലചാർത്താൻ….

 

നാട്ടക്കുറിഞ്ഞികൊണ്ടല്ലിമാല..

കേട്ടാൽക്കൊതിക്കും കുറിഞ്ഞിമാല..

കാംഭോജി-കല്ല്യാണി രാഗമാല..

കേദാരഗൌളകൊണ്ടക്ഷമാല..

 

മിണ്ടാത്തതെന്തേ നീ വീണപ്പെണ്ണേ…

മിണ്ടിയാൽച്ചേലുള്ള വീണപ്പെണ്ണേ..

എല്ലാം മറന്നുവോ വീണപ്പെണ്ണേ…!നീ

എല്ലാം മറന്ന പൊൻ രാവുകളും…!

 

എന്തോന്നിതോർപ്പു കള്ളിപ്പെണ്ണേ…?നീ

എന്തോമറന്നിട്ട നാഗക്കാവോ.. ?

ചിന്തൊന്നു മൂളിയ കന്നിക്കാവോ…?

കന്നേപ്പറമ്പിലെ കുന്നിക്കാവോ…?

 

കാവൂട്ടുന്നാളിലെ പാതിരാവോ…?

കാർത്തികപൂത്തമൂവന്തിക്കാവോ…!?

കാലം കലിതുള്ളിപ്പോയപ്പോഴുള്ളിലെ

ചായം ചിതറിയ സ്വപ്നക്കാവോ….?

                          -മധു,മുട്ടം