‘സ്നേഹം’ എന്നു പറയാറുണ്ടല്ലോ…! സംഗതി സത്യത്തിൽ
എന്താണ്…?”
“ചോദ്യം ഒന്നുകൂടി
വ്യക്തമാക്കണം…”
“തിന്നാനും കുടിക്കാനും
കിട്ടിയാൽ പിന്നെ മനുഷ്യനു സ്നേഹിക്കണം-! സ്നേഹിക്കപ്പെടണം...അല്ലെങ്കിൽ ആകെയൊരു
അതൃപ്തിയാ! എന്താ ഇങ്ങനെ-? എന്താ ഈ ‘സ്നേഹം’ ‘സ്നേഹിക്കൽ’ എന്നൊക്കെവച്ചാൽ--?”
“മനുഷ്യന്റെ ആത്മോപാസന!”
“ങെ…!?--മനസ്സിലായില്ല…”
“പറയാം. ‘ആത്മ’ എന്നുവച്ചാൽ ‘തൻതനിമ’യായ ‘ഞാൻ’ എന്ന സ്വത്വബോധം. ‘ഞാൻ’ എന്നുവച്ചാൽ ‘ജ്ഞാനം’ തന്നെ--അതായത് അറിവിന്റെ അറിവായ നിരപേക്ഷജ്ഞാനം എന്ന ‘ഉണ്മ’.
(‘ഞാനും’ ‘ഞാനെന്ന ഭാവ’വും ഒന്നല്ല. ‘ഞാനെന്ന ഭാവം’ ‘അഹ’മല്ല അഹങ്കാരമാണ് അതു ജഡമാണ്. ‘അഹം’ എന്ന ‘ഞാൻ‘ സ്വയം സാക്ഷിയായ ചൈതന്യമാണ്—സ്വയംസിദ്ധമായ ബോധമാണ്.)
‘ഉപാസിക്കുക’എന്നാൽ അടുത്തിരിക്കുക. അപ്പോൾ ‘ആത്മോപാസന’ എന്നതിനു ‘ഞാനിനോട് അടുത്തിരിക്കൽ’…എന്നൊക്കെ അർത്ഥപ്രതീതിവരുന്നു.
വാസനയുടെ പ്രേരണ
നിമിത്തം തന്റെ സ്വത്വമായ ആത്മസത്തയിൽ നിന്ന് അകന്നുഎന്നുള്ള സ്ഥലകാലബദ്ധമായ
ഭ്രമംകൊണ്ടാണു ജനനം അഥവാ ഞാൻ ‘ജനിച്ചു’ എന്നപ്രാഥമികപ്രതീതി
സാധിക്കുന്നത്. അങ്ങനെ അഹം സാക്ഷിയായി അഹങ്കാരം എന്ന ഒരു സാധനം ഉണ്ടാകുന്നു.
യഥാർത്ഥത്തിൽ ഈ ‘അഹങ്കാരം’ ഒരു സാധുവായ സാധനമാണ്. (‘സാധനം’ എന്നു വച്ചാൽ ‘സാധകം’ ചെയ്താൽ (അഭ്യസിച്ചാൽ)
അതുകൊണ്ടു ‘സാധി’ക്കാൻ എന്തോ ഒരു ‘സാധ്യം’ ഉണ്ടായിരിക്കുന്നത് എന്ന്
അർത്ഥം.)
‘സാധിക്കാൻ എന്തോ ഉണ്ട് ’എന്ന ‘രസകര’മായ ഉപഭാവന ‘ജനനം’എന്ന ഭാവനയ്ക്കു സഹജമായതാണ്.
മാത്രമല്ല അതു ജീവിതമെന്ന കലാവിഷ്കാര ത്തിന്റെ ആധാരഭാവവും പ്രചോദകവുമാണ്. എന്തു
സാധിക്കണം എന്നു തിട്ടമില്ലെങ്കിൽ ഏതു സാധനംകൊണ്ടും ‘യോഗ’മുണ്ടാവില്ല, ദുരുപയോഗമേ ഉണ്ടാകൂ..! ദുരുപയോഗമെന്നാൽ കളിക്കളത്തിലെ സെൽഫ്ഗോൾ പൊലെ
മറ്റുള്ളോർ പഴിക്കുന്ന ഒരു കളിപ്പിഴവ് എന്നർത്ഥം. മാല കാലേൽചുറ്റുക, വീണ വിറകാക്കുക--ഇങ്ങനെയൊക്കെയാവും ഈ ‘ദുരുപയോഗ’ത്തിന്റെ ഒരു
പോക്ക്..!
‘ചിന്തിക്കുന്നജന്തുവർഗ്ഗം’ എന്നനിലയിൽ ശൈശവം
പിന്നിട്ടിട്ടില്ലാത്ത ‘മനുഷ്യവർഗ്ഗത്തി’ന് തങ്ങൾക്കു
കൈവന്നിരിക്കുന്ന ‘അഹങ്കാര’വും ‘മനസ്സു’മൊക്കെ എന്തുസാധിക്കാനുള്ള ‘സാധന’ങ്ങളാണെന്ന് ഇനിയും തിട്ടം
വന്നിട്ടില്ല-! ജീവിതമെന്നകളിക്കളം ഉപയോഗിക്കാനും വേണ്ടവണ്ണം രസിക്കാനും
ജീവിതക്കളിയിൽപിച്ചവയ്ക്കുന്ന മനുഷ്യവർഗ്ഗത്തിനു ഇനിയും കഴിഞ്ഞിട്ടില്ലെന്നു സാരം.
ഇക്കാര്യത്തിൽ മെല്ലെമെല്ലെ വെളിവുണ്ടാകുമ്പോൾ അതിനു പറയുന്ന പേരു ‘പരിഷ്ക്കാരം’ എന്നും ജീവിതം ഇങ്ങനെ
ശാസ്ത്രീയമായി പരിഷ്കാരത്തിൽ നിന്ന് കൂടുതൽ കൂടുതൽ പരിഷ്ക്കാരത്ത്iലേയ്ക്കു
മുന്നേറുമ്പോൾ ഒപ്പം കൊണ്ടു പോകുന്ന പരിഷ്കാരത്തിന്റെ സാരാംശത്തെ ‘സംസ്കാര’മെന്നുമാണു പറയുന്നത്.. ഈ
മുന്നേറ്റത്തിനു വേണ്ടത് ശരിയായ വിദ്യയാണു. പക്ഷേ അല്പസ്വല്പം
കേട്ടുകേഴ്വിയൊക്കെയല്ലാതെ മനുഷ്യന്റെ വിദ്യാഭ്യാസസങ്കൽപ്പം ശരിയായ
വിദ്യയുടെവഴിക്കു കാര്യമായിട്ടു തിരിഞ്ഞിട്ടുമില്ല-!!”
“ചോദ്യത്തിൽനിന്ന്
അകന്നുപോകുന്നു. എന്റെ ചോദ്യം ‘സ്നേഹം’‘സ്നേഹിക്കൽ’എന്നാൽ എന്താണ് എന്നാണ് ”
“സ്നേഹം ഫലത്തിൽ
യുദ്ധംതന്നെയാണ്.!”
“ങേ..യുദ്ധമോ...!!?”
“അതെ...! സ്നേഹം’ സൂക്ഷ്മമായിനോക്കിയാൽ യുദ്ധം
തന്നെയാണ് , സ്നേഹിക്കൽ’ യുദ്ധംചെയ്യലും..!
നാം ‘സ്നേഹപൂർവ്വം’ നമ്മുടെ ‘സ്നേഹഭാജനങ്ങ’ളോടു ചെയ്യുന്നതെന്തും
നിഷ്പക്ഷമായി ഒന്നു നിരീക്ഷിച്ചാൽ അവരെ അല്ലെങ്കിൽ അവയെ‘ആത്മാർത്ഥ’മായി കീഴടക്കി നമ്മുടെ
സുഖോപാധിയാക്കാൻ നാം നടത്തുന്ന ‘യുദ്ധ’ത്തിലെ
അടവുകൾതന്നെയാണെന്ന് തിരിച്ചറിയാം. അതേസമയംതന്നെ ലോകത്തിൽകാണുന്ന യഥാർത്ഥ
യുദ്ധങ്ങളും വ്യക്തിവിദ്വേഷങ്ങളുമെല്ലാം സ്നേഹത്തിനുവേണ്ടിയാണെന്നും കാണാം..!! അത്
ഉരുട്ടിവിട്ട ഒരു കളിച്ചക്രത്തിന്റെ ഉരുളലാണ്! ആ ഉരുട്ടലും ഉരുളലും ഒരു കളി
തന്നെയാണു. ഏതു കളിയും രസിക്കാനുള്ളതാണു. ഈ ‘രസ’മോ? ‘രസം’ കൊണ്ടുണ്ടാക്കി
രസംകൊണ്ടു രസിക്കുന്നതാണു രസം! ജീവിതക്കളിക്കളത്തിൽ രസമേയുള്ളു. ജീവിതത്തിന്റെ ഈ
കളിക്കളംതന്നെ രസംകൊണ്ടാണ് ഉണ്ടായിരിക്കുന്നതു,.. ഉണ്ടാക്കിയിരിക്കുന്നത്!”
"വട്ടാണ്.. അല്ലേ!?"
"ഉദയാസ്തമയങ്ങളില്ലാത്ത
സൂര്യൻ ‘ഉദിക്കുന്നു’ ‘അസ്തമിക്കുന്നു’ എന്ന് കാണുകയുംകരുതുകയും
അനുഭവിക്കുകയും അതിനനുനുസരിച്ചു രൂപപ്പെടുകയും രൂപപ്പെടുത്തുകയുംചെയ്യുന്ന ഈ
ജീവിതം തന്നെ ഒരുതരം വട്ടല്ലാതെപിന്നെ എന്താണു..?!"
“ങേ------!!?”
“എന്തു പറ്റി…..പറഞ്ഞതു കേട്ടില്ലേ..?!”
“അല്ല… കേട്ടു….അത്പിന്നെ…!...ങാ..ങാ.... അതു
പോട്ടെ. നമുക്കുപറഞ്ഞിടത്തേക്കു തന്നെ വരാം. അപ്പോ...മനുഷ്യൻ പരസ്പരം
വിദ്വേഷിക്കുന്നതുപോലും സ്നേഹത്തിനുവേണ്ടിയാണെന്നാണോ-!?
“അതെ.
എപ്പോഴോ..എവിടെയൊക്കെയോവച്ച് ദിശതെറ്റിപ്പോകുന്ന ആരുടെയൊക്കെയോ സ്നേഹാന്വേഷണം
തന്നെയാണു ആദ്യം മനസ്സറിയാതെയും…പിന്നെ മനസ്സറിഞ്ഞും മഹായുദ്ധങ്ങളായിപ്പോകുന്നത്-!”
“ങെ.!!? ശ്ശെ..!! എന്നാലും.. അതെങ്ങനെ...!!?”
“ഇക്കണ്ട ദേഹമാണു ‘ഞാൻ’ എന്ന ഉറച്ച അനുഭവമാണല്ലോ
നമുക്കുള്ളത്..?”
“അതെ..! യഥാർത്ഥത്തിൽ അത്
അങ്ങനെയാണല്ലോ..!”
“പക്ഷേ…പരമാർത്ഥത്തിൽ അത്
അങ്ങനെയല്ലല്ലോ-! എന്നാൽ അക്കാര്യം ‘ഭവ-അനുഭവ’ബലം കൊണ്ടു നാം
അറിയുന്നില്ല എന്നു മാത്രമല്ല നേരെ വിപരീതമായി ധരിക്കുകയും ചെയ്യുന്നു..! അഥവാ ആ
തെറ്റിദ്ധാരണയുടെ മറുപേരുകളാണ് ‘അനുഭവം’ എന്നതും ‘യാഥാർത്ഥ്യം’ എന്നതും.
“ങെ-!!? അല്ല...അപ്പോൾപ്പിന്നെ ഈ ‘സത്യമായ ഞാൻ’ എവിടെ!?”
“എവിടെയെന്നോ-!? ‘എവിടെ’ ‘എപ്പോൾ’ തുടങ്ങിയ ചോദ്യങ്ങൾ ‘അനുഭവം’ എന്നതെറ്റിദ്ധാരണയുടെ
ലോകത്തുമാത്രം നിലനിൽപ്പുള്ള ചോദ്യങ്ങളാണ്. ‘ഞാൻ’എവിടെയും അല്ല.
അഥവാ എവിടെയും ഉണ്ട് എന്നർത്ഥം..! അല്ലെങ്കിലും സത്യമായ ‘ഞാൻ’ ഒരിക്കലും അങ്ങനെ ‘മറ്റൊരിടത്ത് ’ആകാൻ ഇടയില്ലല്ലോ-! അങ്ങനെ ഒരു
വേർപാട് ഉണ്ടാകാനേ പറ്റില്ല-! എന്നാലും ഈ ദേഹാനുഭവത്തിലിരിക്കുന്ന ഏവർക്കും അറിയാം
ഇനിയും ഇങ്ങു വന്നു ചേർന്നിട്ടില്ലാത്ത ആരോ.. എന്തോ ഒന്ന് വരാനുണ്ടെന്നൊരു
തോന്നൽ..! ഇല്ലേ?! എന്നാൽ
ഇനിയുംവരാൻ ആരുമൊട്ടില്ലതാനും-!!
അങ്ങനെ ഈ
ദേഹാനുഭവമാകുന്ന യാഥാർത്ഥ്യത്തിൽവച്ചുണ്ടാകുന്ന എന്തൊ ഒരു നഷ്ടബോധം-ആ അപൂർണ്ണതാബോധം
- ‘സത്യമായ ഞാ’നിനെ തേടാനും ‘അടുത്തിരി’ക്കാനുമുള്ള സഹജമായ വാസനയായി
വരുന്നു. അതേസമയം ഇപ്പോൾത്തന്നെ ‘സത്യമായ ഞാൻതന്നെ ആയിരിക്കുന്ന’ നിജാവസ്ഥ കാണാമറയത്തെങ്കിലും പരമാർത്ഥമായിരിക്കുകയും ചെയ്യുന്നു. നമ്മിലെല്ലാം
ഈ വൈരുദ്ധ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുകയാണ്. ഈ വൈരുദ്ധ്യം തന്നെയാണു
സ്നേഹിക്കാനുള്ള പ്രേരണയായിരിക്കുന്നത്.
സ്നേഹിക്കാനുള്ള
ആ പ്രേരണയിൽ ഓരോ ആളും എന്തിലും ഏതിലും, എവിടെയും എപ്പോഴും, തേടുന്നത്
കാണാതായ ‘ഞാൻ‘ എന്ന ആ ‘പരമപ്രിയത’യെയാണ്, ആ പരമാനന്ദത്തെയാണു! അങ്ങനെയാണു ‘ഇല്ലാതെ ഉണ്ടായിരിക്കുന്ന’ ഈ തീരം ഇത്രക്കു ‘മനോഹരതീര’മാകുന്നത് ! അതുകൊണ്ടുതന്നെ ‘രസ’കരവും..!“
“ആകട്ടെ, സ്നേഹിക്കാനുള്ള പ്രേരണയുണർത്തുന്ന ഈ മനോഹരതീരം പിന്നെഎങ്ങനെയാണു ഈവിധം
ഭയാനകമായ സംഗ്രാമഭൂമികളായി കലാശിക്കുന്നത്..!?”
“അതല്ലേ ‘രസകരം’ എന്നു പറഞ്ഞു തുടങ്ങിയത്-!
കേൾക്കൂ----
‘സ്നേഹം’ ഒരു നാമപദമാണ്. ഏതു
നാമപദത്തിന്റെയും ഉള്ളിലുള്ളത് ഒരു ക്രിയയായിരിക്കും.സ്നേഹത്തിനു പിന്നിലുള്ള
ക്രിയ ഒരു ‘ഒട്ടിപ്പിടിക്ക’ലാണ്-! ഒട്ടിപ്പിടിക്കണമെങ്കിൽ‘രണ്ട് ’ ഉണ്ടായേ പറ്റൂ-!
സ്നേഹത്തിന്റെ കാര്യത്തിൽ അതു ‘ഞാനും’ ‘നീ’ യുമാണ്.അപ്പോൾ സ്നേഹത്തിന്റെ
പ്രഥമവ്യവസ്ഥ ‘ഞാനും‘ ’നീ’യുമാണു്. ഈ രണ്ടു പദങ്ങളെയും
അനുഭവത്തെ മുൻനിർത്തി ഒന്നു നിർവചിക്കാൻ ശ്രമിച്ചാൽ ഇങ്ങനെ വരും::- ‘ഞാൻ‘-- സർവ്വർക്കും
സദാ സ്വയംസിദ്ധവും അതേ സമയം സകലർക്കും അദൃഷ്ടവുമായ ആത്മബോധം. 'നീ’യോ..? ‘നീ’---സകലർക്കും ദൃഷ്ടവും
ഞാനല്ലാത്തതും...! അതായതു്, ‘ഞാനും’, ‘ഞാനല്ലാത്തതും’----- ‘ഞാനല്ലാ’ത്തതെല്ലാം ‘നീ’യാണു്.
(ഇവിടെ ഓർക്കുക:
യഥാർത്ഥത്തിൽ ‘നീ’ മാത്രമല്ല...കാണുമാറായതൊക്കെ ‘ഞാൻ അല്ലാത്ത’താണ്...! ‘ഞാൻ അല്ലാത്ത’തിനെ എല്ലാംകൂടി നാം
വിളിക്കുന്നത് ‘ഇത് ’എന്നാണ്. അല്പം അകലെയിരുന്നാൽ ‘ഇത് ’ ‘അത് ’ ആകും. ഇതിന്റെ
ഒരു രസം അതല്ല..! …നാം
സാധാരണപറയാറുള്ള ‘എന്റെ’ എന്നതും ഈ ‘ഞാനല്ലാത്ത’തിന്റെ ലിസ്റ്റിൽ പെടുന്നു..!
ഞാനല്ലാത്തതു കൊണ്ടല്ലേ ‘എന്റെ മനസും’ ‘എന്റെ ശരീരവും’ഒക്കെ നമ്മെ
വേദനിപ്പിക്കുന്നത്....!! ഹും...! ചുമ്മാ രസത്തിന് ഒന്നാലോചിച്ചു നോക്കിക്കെ...! )
നമുക്കു
പ്രകൃതത്തിലേക്കു തന്നെ വരാം--
‘ഞാനല്ലാത്തതി’ന്റെ പൊതുപ്പേര് ‘ഇത് ’ എന്നാണെന്നു
പറഞ്ഞല്ലോ. ‘ഇത് എന്താണ്..?’ എന്ന ചോദനയിലാണു ബുദ്ധി എന്ന ആയുധപ്പുര ഇരിക്കുന്നത്. ഈ ചോദ്യത്തിനു പ്രതിഭാസ
വിഷയഭേദം അനുസരിച്ച് ‘ഇതു നീയാണു’ ‘അതു കുടമാണ്’ ‘ഇതു ഞാനാണ് ’ എന്നു ഭേദിക്കും.
‘ഞാനല്ലാത്തതുണ്ടു് ’ എന്ന അറിവിന്റെ
മറ്റൊരു പേരാണു ‘ഭയം’. ഭയമെന്നാൽ--‘ഭ’യാല്‍ യമനംചെയ്യപ്പെടുന്നതു്. ‘ഭ’ എന്നാൽ പൂർണ്ണവെളിച്ചം; അഥവാ ആപേക്ഷികവെളിച്ചത്തിന്റെ വെളിച്ചമായ പരമബോധം. അപ്പോൾ ഭയം എന്നാൽ പൂർണ്ണമായ
വെളിച്ചത്തിൽ (പൂർണ്ണമായ അറിവിനാൽ) അടങ്ങിപ്പോകുന്നത്/ഇല്ലാതാകുന്നത് അഥവാ
പ്രലയിക്കുന്നത് എന്നർത്ഥം.
അപ്പോൾ, അല്പവെളിച്ചം അഥവാ അപൂർണ്ണതാബോധം
(ബോധകല) തന്നെയാണ് ‘ഭയം’ എന്നു വ്യക്തം. (ഭയം തന്നെയാണു ‘രതി‘ എന്ന കാര്യവും അറിയണം. കടൽ
വെള്ളംതന്നെ എന്നപോലെ.)
കണ്മുന്നിൽ
വിടർന്നു നില്ക്കുന്ന ഈ വിശ്വ പ്രകൃതി അങ്ങനെയാണു ഭൈരവി ആകുന്നത്. അവൾ
ഉള്ളതല്ല...ഉണ്ടായതാണ്.‘ പ്രകർഷേണ കൃത ‘ യായവൾ. അവൾ ‘ഞാ‘നല്ല...‘എന്റെ‘യാണു....!
അങ്ങനെ ‘ഞാനല്ലാ’ത്ത ‘നീ’ എന്റെ ‘ഭയ’മാണു്. അതേസമയംതന്നെ
നിന്നെകാണുന്ന "ഈ' ഞാൻ" അതേ
ഭയത്തിന്റെ മറ്റേത്തുമ്പായ ‘അഹങ്കാര’മായി പ്രതിഭാസിക്കുന്നു.
‘ഞാനല്ലാത്ത’തിനെ അതായത് ‘എന്റെ ഭയ’ത്തെ കീഴടക്കിയേ പറ്റൂ. ഇങ്ങനെ ‘എന്റെ ഭയ’ത്തെ കീഴടക്കാനുള്ള
തന്ത്രങ്ങളുടെയും പ്രയത്നങ്ങളുടെയും പേരാണു യുദ്ധം-! അതിനായി ആ ഭയത്തിന്റെ കൈകൾ
തന്നെയാണ് ഇക്കണ്ട ആയുധങ്ങളായി മാറുന്നത്! ഭയം എവിടെയുണ്ടോ അവിടെ ആയുധവുമുണ്ടു്; ആയുധമെവിടെയുണ്ടോ അവിടെ ഭയവുമുണ്ടു്. ഭയം കൊണ്ടാണു നാം ജനിച്ചത്. ജനനത്തിന്റെ
ഉപാദാനകാരണമാണു ഭയം.
( അവ്യയവും അപരിച്ഛിന്നവുമായ ‘പൂർണ്ണ ബോധ‘ ത്തിൽ ‘രസ‘ ത്തിനായി വിവർത്ത സ്വഭാവത്തിൽ
ഉണ്ടാകുന്ന ആദ്യത്തെ കലാഭ്രമമാണു ഭയം. ഇതു വേദാന്തപ്രസിദ്ധമായ അവിദ്യയാണു )
ഭയന്നിട്ടാണു നമുക്ക്
പല്ലും നഖവും ശ്വാസകോശവും ശരീരവും ഉണ്ടായത്! ഇവയെല്ലാം നിലനിൽപ്പിനു വേണ്ടി എടുത്ത
ആയുധങ്ങളാണ്. ‘ഭയം’ആണു ഇവയുടെ ആവശ്യം ഉന്നയിച്ചത്.
അഥവാ ഭയം അതിന്റെ കൈകളിൽ ആയുധവുമായാണു ജനിക്കുന്നത്...! ഭയത്തിന്റെ വേരുകൾ
മാത്രമല്ല തായ്ത്തടിയും ശാഖകളുമെല്ലാം സങ്കൽപ്പ-വികല്പാത്മകമായ
മനസ്സുതന്നെയായതിനാൽ മനസ്സു് ‘ബുദ്ധിപൂർവ്വം’ ആയുധങ്ങളെടുക്കും.
മനസ്സു് സ്വയം
തന്നെ ഭാവപരമായി ഭയവും പ്രയോഗപരമായി ആയുധവുമാണ്... ഭയന്നു ‘സ്വയം രക്ഷി’ക്കാനുള്ള പ്രഥമകരണമാണു
മനസ്സ്-! അതു് ഒരു ആയുധപ്പുരയാണു്. അതിന്റെ ഉത്തരവും,കഴിക്കോലുമെല്ലാം
ആയുധങ്ങളാണു്-! അതിൽ മുന്തിയതു ബുദ്ധിയാണു്. ബുദ്ധി ഭയത്തെ രൂപതലത്തില്‍
രണ്ടുരീതിയിൽ സമീപിക്കും.
ഒന്നുകിൽ
അനുനയിപ്പിക്കൽ എന്ന ‘മറഞ്ഞ യുദ്ധം‘. അഥവാ ‘സമാധാന‘മെന്ന യുദ്ധങ്ങളുടെ ഇടവേള.
അല്ലെങ്കിൽ ആയുധമെടുത്തുള്ള തുറന്ന യുദ്ധം. സൈക്കിൾ ബാലൻസ് മുതൽ അഹിംസവരെയുള്ള ‘ധർമ്മത്തിൽ
കാലുറപ്പിച്ചുകൊണ്ടുള്ള’ അർത്ഥ-കാമപൂരണങ്ങളെല്ലാം
ആദ്യം പറഞ്ഞ അനുനയിപ്പിക്കൽ എന്ന ‘മറഞ്ഞ യുദ്ധ’ത്തിന്റെ--അഥവാ ‘സമാധാന‘ത്തിന്റെ ശാസ്ത്രീയമായ
വകഭേദങ്ങളിൽപ്പെടും. താളപ്പെടുത്തി അനുനയിപ്പിച്ച ഭയമാണല്ലൊ നമ്മുടെ
സൈക്കിൾബാലൻസും, സമൂഹത്തിലെ
സമാധാനവും, നെറ്റിപ്പട്ടംകെട്ടി
എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന ആനയും മറ്റും--!! അതു മനസ്സിലാകണമെങ്കില്‍
ബാലൻസ്സ് തെറ്റിയ സൈക്കിളിൽ ഇരുന്നു നോക്കണം. അല്ലെങ്കില്‍, കണക്കുതെറ്റിയ ബഹിരാകാശവാഹനത്തെയോ ,തെറ്റിപ്പിരിയുന്ന
ദമ്പതികളെയോ, താളപ്പിഴപറ്റിയ ഒരു പാട്ടോ
ശ്രദ്ധിക്കുക-! ഇവയെല്ലാം ‘ഋത’ത്തില്‍ നിന്നു് -സർഗ്ഗതാളത്തിൽനിന്നു---ഭ്രഷ്ടം.
രണ്ടാമത്തെ രീതി
ആയുധമെടുത്തുള്ള തുറന്ന യുദ്ധമാണു്. ഞാൻ‘നിന്നെ’ നേടിയെടുക്കലാണു
-കീഴടക്കലാണു സ്നേഹിക്കല്‍. നേടിയെടുക്കുന്നതിനുള്ള ഏതു പ്രയത്നവും യുദ്ധമാണു്.
അഥവാ പ്രയത്നംതന്നെ യുദ്ധമാണു്. ശ്വാസോച്ഛ്വാസം പ്രയത്നമാണു്. അതു യുദ്ധമാണു്.
മരണത്തിനു നേരെ ജീവന്‍ നിരന്തരംനടത്തിക്കൊണ്ടിരി ക്കുന്ന യുദ്ധം. മരണഭയം
താളബദ്ധമായി മരണത്തിനുനേരെ എടുത്തു വീശിക്കൊണ്ടിരിക്കുന്ന ആയുധമാണു ശ്വസനക്രിയ..!
ലോകത്ത്
നേട്ടത്തിനല്ലാത്ത പ്രയത്നം എവിടെയുമില്ല- ആ‘നാറാണത്തു’ പോലും-! ഏതു
നേട്ടത്തിന്റെ കളവും യുദ്ധക്കളമാണു്.
“എന്തേ ഇങ്ങനെ-!?“
അതെ?! എവിടെയോ ഭ്രമിച്ചിരിക്കുന്നു-എന്തോ ഒരു മറിയൽ-എവിടോ ഒരു മറയൽ...! എവിടാണു്?എന്താണതു്-? അതിവിടെത്തന്നെ-! ആരറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അനുസ്യൂതം സർവ്വരിലും സദാ
നടക്കുന്നുകൊണ്ടിരിക്കുന്ന ആത്മോപാസനയെന്ന ബ്രഹ്മാണ്ഡൻ തമാശയിൽ...ആ ഭ്രമം
സംഭവിക്കുന്നു-എപ്പോഴും...!!
“എങ്ങനെ-!?”
“ആത്മ’ എന്ന പൂജ്യജ്ഞാനമായ ‘ ഞാന്‍’ സർവ്വഥാ പൂർണ്ണം
തന്നെയായിരിക്കെ ‘നീ’ എന്ന ഉപാസ്യമെവിടെ----!!?
ഉപാസ്യമില്ലാതെ ഉപാസനയെവിടെ---!!?
പർമാർത്ഥത്തിൽ അങ്ങനെയൊരു ‘നീ’ ‘ഉള്ള’തേയല്ല...!!
പിന്നെയോ- ? ‘നീ’ ‘ ഉണ്ടായ’താണ്-!!!
“ അല്ലാ..!അതു മനസിലായില്ലല്ലോ..!
ഈ ‘ഉള്ള’തും ‘ഉണ്ടായ’തും തമ്മിൽ എന്താ വ്യത്യാസം!?
“ ഉള്ളതു’ പരമാർത്ഥത്തിൽ ഉള്ളതും, ‘ ഉണ്ടായത്’ ‘ഉണ്ട് എന്ന് ആയ’തുമാണ്…!
“മനസ്സിലായില്ല..”
“ പറയാം. അതായത് ഉണ്ടായതു ഒരു
പ്രത്യേക കാല-ദേശങ്ങളോടെ യഥാർത്ഥത്തിൽ കാണപ്പെടുന്നെങ്കിലും പരമാർത്ഥത്തിൽ
അപ്രകാരം ‘ഉള്ള‘തല്ല. അതാണു വ്യത്യാസം. അപ്പോൾ, ‘ഉള്ളത് ’ കാല-ദേശാതീതമായി
ഉള്ളതുതന്നെ. അതു പൂർണ്ണം.
എന്നാൽ‘ഉണ്ടായ’തിൽ ആകട്ടെ ഈ ‘ഉള്ളത്’തന്നെ കാലദേശപ്രതീതികളോടെ ‘ഉണ്ട്’ എന്ന് ‘ആകുകു’യാണ്..!
എങ്ങനെയെന്നാൽ--
‘ഉള്ള’ മൈതാനത്ത് ‘ഉണ്ടാക്കുന്ന’ കളിക്കളം പോലെ. അല്ലെങ്കിൽ ഒരു
നടൻ തന്റെ സ്വത്വത്തിനു അഴിവൊന്നുമില്ലാതെതന്നെ രാവണനോ…ഒതെല്ലോയൊ ‘ആകു’ന്നതു പോലെ. ‘പരമാർത്ഥ’ത്തിൽ ‘ഉള്ള’ത് അതിന്റെതന്നെ
കല്പനാവൈഭവത്താൽ ‘യഥാർത്ഥ’ത്തിൽ ഉണ്ട്‘ എന്ന് ‘ആകുക‘യാണ്. ‘ഉണ്ടാകുന്ന’തെല്ലാം ‘ഉള്ള’തിന്റെ കല്പനാ വൈഭവം
നിമിത്തമായുള്ള ഭ്രമം കൊണ്ടാണു അതു സാധിക്കുന്നത്..! ഉണ്ടാകുന്നതിനെല്ലാം
ആദി-മദ്ധ്യാ-ന്തങ്ങളുണ്ട്. അതു കലാപരമാണ്. വെളിച്ചത്തിൽ ഇരുട്ടും, അഭയത്തിൽ ഭയവും അറിവിന്റെ അപൂർണ്ണതനിമിത്തമായ ‘ഭ്രമം’ കൊണ്ടല്ലാതെ
എങ്ങനെയുണ്ടാകാന്‍-!!
പരമാർത്ഥത്തിൽ ‘ഉള്ള’ത് ‘പൂജ്യ-പൂർണ്ണ’ മായ ആത്മബോധമെന്ന അഭയത്തിന്റെ
വെളിച്ചം മാത്രം--!
[[ ഈ ‘പൂജ്യം’ ആപേക്ഷികതയുടെ ‘സീറോ’ അല്ല. നിരപേക്ഷവും കേവലവുമായ‘പൂർണ്ണ’മാണ്.) പൂർണ്ണമെന്ന പൂജ്യം (0) ‘എടുത്താൽ തീരുന്ന’ ‘ഒന്നി’നെ ( eg-: 1-1/4 =3/4 ) ക്രീഡാർത്ഥം , കലനം ചെയ്തു തന്നിൽത്തന്നെ 'നീ' യായി കല്പിച്ചിട്ട് , ഈ കളിക്കളത്തില്‍ എതിരെവന്നു 'ഞാ'നെന്ന
പൂജ്യമാകാന്‍ ക്ഷണിച്ചാൽ (eg-: 0+0 = 0 ) യുദ്ധം ചെയ്തു
രസിച്ചുപ്രലയിക്കുക എത്ര സ്വാഭാവികം-!
ഈ തത്വം
ഇങ്ങനെചിഹ്നനം ചെയ്യാം. 0 x 1= 0 ; 0 + 0 = 0.
കളിക്കളങ്ങളോ..?
വിലക്കുകളൊന്നുമില്ലാത്ത സർവ്വതന്ത്രസ്വതന്ത്രമായി-നിഷ്പക്ഷമായി-കിടക്കുന്ന
മൈതാനത്ത് എല്ലാവരുംകൂടി രസിക്കാനായി കല്പിതമായവിലക്കുകളുടെ വരകളിട്ട്
കൽപ്പിച്ചുകൂട്ടി ‘ഇടുക്കം’ (സുഖ-ദു:ഖങ്ങൾ) വരുത്തി
ഉണ്ടാക്കുന്നതാണു കളിക്കളങ്ങൾ (അഥവാ കണക്കിന്റെ ആകെ സ്വത്തെന്നു പറയാവുന്ന ആ ഒന്ന്
-1) .
ഈ പറഞ്ഞ എപ്പോഴും ‘ഉള്ള’ മൈതാനവും അതിൽ രസിക്കാനായി
അല്പകാലത്തേക്കു മാത്രമായി വരച്ചു ‘ഉണ്ടാക്കു’ന്ന കളിക്കളവും
യഥാക്രമം പൂർണ്ണമെന്ന പൂജ്യവും , പൂജ്യസമക്ഷം കലനത്തിനായി ‘ഉണ്ടാകുന്ന’ ഒന്നും (1) നമ്മളിലെല്ലാം എപ്രകാരം ഏതെല്ലാം പേരോടെ സന്നിഹിതമായിരിക്കുന്നു എന്നുകൂടി
അറിയണ്ടേ-! പറയാം- ആ അറുതിയില്ലാത്ത മൈതാനവും,കണക്കിനൊക്കെയും ആധാരസാക്ഷിയായി
അവ്യയമായിരിക്കുന്ന പൂജ്യപൂർണ്ണവും എല്ലാവരിലും ‘ഞാൻ ഞാൻ..’എന്നു സദാ ‘അഹ’മായി സ്ഫുരിക്കുന്ന അനന്തമായ
ആത്മബോധമാണ്...! മൈതാനത്ത് അല്പകാലത്തേക്കു മാത്രമായി വരച്ച് ‘ഉണ്ടാക്കുന്ന’ആ കളിക്കളവും, പൂർണ്ണമെന്ന പൂജ്യസമക്ഷം കലനത്തിനായി ‘ഉണ്ടാകുന്ന’ ആ ഒന്നും (1) ഓരോ വ്യക്തിയിലും വ്യത്യസ്തമായും കർമ്മസാധനമായുമിരിക്കുന്ന ‘ഈ ഞാൻ എന്ന ഭാവം ’ അഥവാ ‘എന്റെ’ എന്ന അഹങ്കാരമാണ്..! ]]
ഇതാണ് ‘ഉള്ള’ ഞാനും ‘ഉണ്ടായ’ ഞാനും..!
നിരുപാധികമായ ‘ഞാൻ’ ‘ഈ ഞാൻ’ എന്ന് സോപാധികമായി
(പ്രാതിഭാസികമായി ) അഹങ്കരിക്കുമ്പോൾ ‘ഞാൻ’ എന്ന ആ സനാതനൻ
(എല്ലാ ജീവികളിലും ആധാരബോധമായിരിക്കുന്ന ആ ഒരേ ഒരു ‘ഞാൻ’ ) അവ്യയപൂർണ്ണമായിരിക്കവെ തന്നെ ലോകമെന്ന ഈ കളിക്കളത്തിൽ ‘ഉണ്ടായ ഞാനും’ ‘നീ’യുമായി (അഥവാ ‘എന്റെയും’ ‘നിന്റെ’യുമായി ) എതിരെ വന്ന് ഭയത്തെ
അഭിമുഖമാക്കുന്നു. ഇതാണു ‘രസം’.
ഇതു
അപൂർണ്ണതാബോധം എന്ന ‘രതി’ തന്നെയായാണു.
‘സത്യം’ രസമല്ല, ‘ഋത’മാണു രസം. ‘സത്യം’ പരമാനന്ദമാണ്.
(ഇവിടെ ‘സത്യം’ എന്നാൽ ‘നിരപേക്ഷമായ സത്യം’. ‘ഋതം’ ആപേക്ഷിക സത്യം (അഥവാ
പ്രാപഞ്ചിക സത്യം.);
സത്യം അമൃതം.--- ഋതം മൃതം.
സത്യം ചൈതന്യം---. ഋതം ജഡം.
സത്യം വാഗതീതം, സർവ്വശാസ്ത്രാതീതം.
ഋതം വാഗധീനം, ശാസ്ത്രഗമ്യം.
സത്യം സ്ഥല-കാലാതീതം;
ഋതം സ്ഥല-കാല ബദ്ധം.
സത്യം പൂർണ്ണം.---- ഋതം കല.
സത്യം വിഭു ;--- ഋതം വിഭൂതി.
ഇതാണു സത്യ- ഋത പ്രകാരം. അഥവാ സത്യ’ത്തിന്റെയും‘ഋത’ത്തിന്റെയും പ്രകാരഭേദം.)
'ഞാനും’ ‘നീ’യുമുള്ളിടമേതും കളിക്കളമാണു്.
ഏതു കളിക്കളത്തിലും ‘ഞാനും‘ ’നീ’ യും ഉണ്ടായേ മതിയാകൂതാനും.! ‘കള’ത്തില്‍ നടക്കുന്നതെല്ലാം
കളികളാണു്.സംഭവങ്ങളേതും കളികളാണ്. ഏതുകളിക്കും കേന്ദ്രസ്ഥാനത്തു് ഒരു ‘പ്രശ്നം’അനിവാര്യം. ഈ പ്രശ്നമാകട്ടെ
ശുദ്ധമേ കല്പിതം!തനി കള്ളം! കേന്ദ്രസ്ഥമായി ഈ കള്ളനിർമ്മിതിയായ ‘പ്രശ്ന’മില്ലെങ്കില്‍ ‘രസം’ പിറക്കാത്തതിനാൽ ‘കളി’യില്ല.
ജീവിതത്തെ
നോക്കുക, അതു കളിയായതിനാല്‍‘പ്രശ്നങ്ങൾകൊണ്ട്
സൃഷ്ടിച്ചിരിക്കുന്നു--!
ഏതു പ്രശ്നവും
സന്ദിഗ്ദ്ധതയാണു്-ഭയമാണു്. ഞാനല്ലാത്ത ‘നീ’ ഭയവും
അതുകൊണ്ടുതന്നെ ‘പ്രശ്ന’വും ‘സന്നിഗ്ദ്ധത’യുമാണ്.
കളികളെല്ലാം യുദ്ധവും,യുദ്ധമെല്ലാം കളികളുമാണു്. കളി ഏതായാലും
രസിക്കാനുള്ളതാണു്. അതാണു് യുദ്ധംകണ്ടു കയ്യടിച്ചുരസിക്കുന്ന നാരദത്വം. അങ്ങനെ
രസിക്കാന്‍ നാരദന്റെ അറിവു്--കാണുന്നകാഴ്ചയെല്ലാം 'ഞാനെ’ന്ന ‘സർവ്വവ്യാപകപൂജ്യം' തന്നെ എന്ന സഹജമായ അറിവു് --വേണം.
'നിന്നെ' കാണുന്ന ഒരു പുരാതന കളിക്കളമാണു് ഈ ലോകം . 'നിന്നെ’ കാണുന്ന 'കാലം' തന്നെയാണു ലോകം...!
ങ്ഹും-! നോക്കൂ...! ‘കാലം’, ‘ലോകം’-!!
രണ്ടിന്റെയും ഉച്ചാരണത്തിൽത്തന്നെ തുടങ്ങുന്നു ഒരു തകിടംമറിയൽ. ലോകത്തിന്റെ
കയ്യിൽ കാലവും കാലത്തിന്റെ കൈയ്യിൽ ലോകവും ഇരിക്കുന്നു... നമ്മുടെ‘കലനം’കൊണ്ടാണല്ലോ രണ്ടും ‘ഉണ്ട് എന്ന് ആകു’ന്നത്...! രണ്ടും കണക്കെന്ന
കള്ളം.!"
“ങെ...!? കണക്കു കള്ളമോ....!! എങ്ങനെ..? ”
“ഇല്ലാത്തതിനെ ഉണ്ട് എന്നു ‘ഗണിക്ക’ലല്ലേ കണക്ക്..!അതു
കലയാണു-കല്പനയാണു...‘അല്പത’യേ കല്പിക്കാൻ പറ്റൂ, കലനം ചെയ്യാൻ പറ്റൂ. പൂർണ്ണം കലനത്തിനു വിധേയമാകില്ല. കാരണം പൂർണ്ണം
തന്നിൽത്തന്നെ അനന്തമായി ശേഷിച്ചുകൊണ്ട് സർവ്വകലനങ്ങൾക്കും സാക്ഷിയാകുകയാണ്.
ഇനി നോക്കൂ... അനന്തം, അഥവാ സർവ്വരിലും
ഏകാധാരമായിരിക്കുന്ന 'ഞാന്‍’ എന്ന പൂർണ്ണ -പൂജ്യം
സ്വവൈഭവത്തിലെ കലാഭ്രമത്താല്‍ ക്രീഡാർത്ഥം’ 'എന്റെ' എന്ന കളിക്കളം വരയുന്നതു നോക്കുക:
ക്രീഡ അഥവാ ലീല
എന്ന കളിയുടെ ലക്ഷ്യം രസം അനുഭവിക്കുക എന്നതാണല്ലോ. രസിക്കണമെങ്കിൽ അനന്തത്തിൽ ‘സാന്തം’(അന്തമുള്ളത്) ഉണ്ടാക്കണം. പൂർണ്ണപൂജ്യം--
നിരുപാധികമായ അറിവ്-- രണ്ടായി പിരിയണം. ഞാനും നീയുമെന്ന രണ്ടു ചേരികൾ വേണം.
എന്നാൽ
നിരുപാധികവും പൂർണ്ണവുമായ അറിവിനു മുറിവില്ലല്ലോ. അതു അപരിച്ഛിന്നമാണ്, അച്ഛേദ്യമാണ്. അങ്ങനെയാണു അദ്വൈതമായ ‘ഞാൻ’ പ്രതിഭാസിച്ചു
താൻ തന്നെ സാക്ഷിയാകുന്ന ‘വിവർത്തഭ്രമം’എന്ന കലാവിദ്യകാണിച്ച് ‘ഉണ്ടായഞാ' നും നീയു’ മായി അഥവാ ‘എന്റെ'യും 'നിന്റെയു’മായി ചേരിതിരിയുന്നത്
ഇങ്ങനെ
ചേരിതിരിഞ്ഞാൽ മാത്രം പോരാ പൊതുസമ്മതമുള്ള തെറ്റും ശരിയുമുണ്ടാകണം. എന്നിട്ടോ
തെറ്റിപ്പോകാൻ എളുപ്പമുള്ള ഇടുക്കം-കടമ്പകൾ-(ദുർഗ്ഗമമായ *** ‘ഖം’-ദു:ഖം,) ഉണ്ടാകണം, ഒപ്പം കടമ്പകൾ
കടന്നാൽ അഥാവാ ഇടുക്കത്തിനകത്തുള്ള ഇടം കിട്ടൽ ( സുഗമമായ ‘ഖം’-സുഖം)ഉണ്ടാകണം. അതിനു തെറ്റും ശരിയുമുണ്ടാക്കുന്ന കളം
വരയ്ക്കണം. കളത്തിലും (space),കളിയുടെ കാലത്തിലുമേ (Time) രസത്തിന്റെ തെറ്റും ശരിയും പിറക്കൂ..!!.
അങ്ങനെ,അപൂർണ്ണതാബോധമെന്ന
കലാഭ്രമത്തിന്റെ അളവുകള്‍ കൊണ്ടുവരച്ചിടുന്ന കളിക്കളത്തിന്റെ അനുപ്രസ്ഥവിതാനമാണു
ലോകം; ഉപരിതനവിതാനം കാലവും. ഇതാകട്ടെ
ഓരോരുവനി ലെയും 'എന്റെ'എന്ന
വാസനാനുസാരമുള്ള വിവിധ വ്യക്തിത്വം തോറും വ്യത്യസ്തം-!!
‘ഞാന്‍’എന്ന പൂർണ്ണത്തിൽ വാസന
വരച്ചിട്ട ഈ നിശ്ശേഷരസദയായ ‘കള’ത്തിൽ ഞാനും നീയുമായി
രണ്ടായിപിരിഞ്ഞ് അഹംകാരിയായി നിൽക്കുന്ന ‘ഈ ഞാൻ’ എന്റെ
അഹംകൃതദൃഷ്ടിയിൽ എതിരെകാണുന്ന ‘നീ’എന്ന ഭയത്തിനു
നേരെ-അഥവാ‘പ്രശ്ന’ത്തിനു നേരെ-കലാഭ്രമമെന്ന
കളിഭ്രമത്തല്പ്പെട്ടു രസം പകർന്നു നടത്തുന്ന യുദ്ധം തന്നെയാണു കളി; ഈ കളിതന്നെയാണു യുദ്ധം..!
ചുരുക്കത്തില്‍
സർവ്വരിലും ഏകാധാരമായിരിക്കുന്ന ‘ഞാൻ’എന്ന
ആത്മബോധത്തിൽ ( പൂജ്യത്തിൽ ‘ഒന്ന് ’ എന്ന് പ്രഥമ കല്പന
നടത്തും പോലെ ‘(1/0)) ‘ഞാൻ ഉണ്ടായി’എന്ന്
കലാഭ്രമമണച്ചു. അങ്ങനെ ‘ജനിച്ച ഞാനും’ എനിക്കെതിരെ ‘ജനിച്ച‘നീ’ യും ‘അതും’ ‘ഇതും’ ‘ഉണ്ടാ’യി. അഥവാ ‘ഞാനല്ലാത്തത് ’ ഉണ്ടായി.
ഞാനല്ലാത്തതൊക്കെ
അസ്വസ്ഥത ഉളവാക്കുകയാൽ ‘നിന്നെ’ ഇല്ലാതക്കാനായി- അതായതു ‘നിന്നെ നേടിയെടുത്തു ഞാനാക്കാ’നായി- ‘ഉണ്ടായഞാൻ’ എനിക്കുമുമ്പിൽ കാണുമാറായ ‘നിന്നെ’ ‘സ്നേഹിച്ചു’ അഥവാ നിന്നോടു ‘യുദ്ധം’ ചെയ്തു.
എന്നാൽ യഥാർത്ഥത്തിൽ
ഉണ്ടെന്നുതോന്നുന്ന ‘നീ’ പരമാർത്ഥത്തിൽ ഇല്ലാത്തതാണു്
----!! അഥവാ ‘നീ’ ‘ഞാൻ’ തന്നെയാണു്.
‘ഞാന’ല്ലാത്തതൊന്നും ഉള്ളതല്ല, ‘ഉണ്ടാ’യതാണ് ‘ഉണ്ടാ’യതിനൊന്നും
ആത്യന്തികമായ ‘ഉണ്മ’യില്ല എന്നു നേരത്തെ
പറഞ്ഞല്ലോ--(ഒരു നടൻ രാവണൻ‘ആകു’മ്പോലെ-! )
[ഞാന്‍‘എന്റെ’ എന്നു പറയുന്നതൊക്കെയും
പ്രാതിഭാസികംമാത്രമാണെന്നുസാരം.
പൂജ്യം(0)വിഭു അഥവാ ഭാസ്സ്. ഒന്നു്(1)വിഭൂതി അഥവാ പ്രതിഭാസ്സ്. ആരിലുമിരിക്കുന്ന
ആത്മബോധാർത്ഥകമായ ‘ഞാന്‍’ വിഭുവായ ഭാസ്സ് ; ‘നീ’യും ‘എന്റെ’യും വിഭൂതികളായ പ്രതിഭാസങ്ങൾ.
പൂർണ്ണപൂജ്യമായ
ആത്മബോധം ലീലാർത്ഥം സ്വവൈഭവത്താൽ അപൂർണതാബോധഭ്രമമുളവാക്കി അഹങ്കാരിയാകുമ്പോൾ
തന്റെതന്നെ മറ്റേത്തുമ്പായി ‘നിന്നെ’ അന്യമായി എതിരെ
കാണപ്പെടും.
ആത്മബോധാർത്ഥകമായ ‘ഞാന്‍’ ഉണ്മ എന്ന പൂജ്യം(0) .
‘ ഉണ്ടായ ഞാനും ’ ‘ഈ ഞാൻ’ കാണുന്ന ‘നീ’യും ഒന്നു് (1). ഇതു കലനത്തിന്റെ- കല്പനകളുടെ നാടകവേദി.!
പൂർണ്ണ പൂജ്യം സ്വവൈഭവത്താല്‍ കാണുന്ന‘ഒന്നി’ന്റെ നാടകം-! ]
പരമാർത്ഥം
ഇങ്ങനെയായിരിക്കെ- അതായതു് ശുദ്ധമേ ആത്മബോധാർത്ഥകമായ ‘ഞാ’നല്ലാത്തതൊന്നും പരമാർത്ഥത്തിൽ
ഇല്ലാതിരിക്കെ---‘യഥാർത്ഥ ’ത്തിൽ ‘അഹങ്കാരിയായ ‘ഉണ്ടായ ഈ ഞാൻ‘ ‘നിന്നെ’കണ്ടാല്‍ ‘ഉണ്ടാകുന്നത്’ അപൂർണ്ണതാബോധസ്ഫുരണ മായ ‘ഭയ’മാണു്. അന്യത്വമായി
അനുഭവപ്പെടുന്ന ഈ ‘ഭയം’ ജീവിതകേളിയുടെ
ഉപാദാനകാരണമാണു്-! ഭയവും രതിയും അപൂർണ്ണതാബോധം തന്നെയാണ്. അഥവാ ഭയം രതിതന്നെയാണു്.
[ഇതു തന്നെയാണു
നമ്മുടെ സാക്ഷിത്വം കൊണ്ട് പുറമേ കാണുന്ന പ്രപഞ്ചത്തിൽ നമുക്കൊക്കെ അനുഭൂതമാകുന്ന
ആപേക്ഷികത എന്ന പ്രതിഭാസത്തിനു കാരണമായ ഭാവാത്മക ആധാരം. . ഇതിനു രണ്ടു
തുമ്പുണ്ട്...! ഇതു സർഗ്ഗദക്ഷമാണു്. ഇതിലിരിക്കുന്നു പ്രപഞ്ചസർജ്ജനരഹസ്യം.! ഇതാണു
സാക്ഷാൽ ‘Universal truth’ഋതം!അഥവാ ഇംഗ്ലീഷുകാരൻ
അർത്ഥത്തിന്റെ ആഴമറിയാതെ പറയുന്ന ‘Rhythm’എന്ന താളം, പ്രപഞ്ചസർജ്ജനതാളം.
സകല ഭൌതിക ശാസ്ത്രങ്ങളും ഈ ഋതത്തിൽ ഇരിക്കുന്നു.! ഈ ഋതം പരമാർത്ഥമല്ല; യാഥാർത്ഥ്യമാണ്.
ഋതം പരമസത്യമല്ല; പരമസത്യത്തിന്റെ
വിഭൂതിയായ പ്രപഞ്ചസത്യമാണ്.
സത്യം=
പൂജ്യം-പൂർണ്ണം (0);
ഋതം= കല (1)
‘സത്യം’ പറയാവുന്നതല്ല.
ഋതം എന്ന പ്രപഞ്ചസത്യം പറയാവുന്നതാണ്. കാരണം അതു കലയാണു, കള്ളമാണ്! ‘കല’യെ മാത്രമെ കലനം ചെയ്യാൻ പറ്റൂ, കള്ളമേ പറയാൻ പറ്റൂ! അഥവാ പറയാവുന്നതൊക്കെ കള്ളമാണ്; കലനം ചെയ്യാവുന്നതൊക്കെ കലയാണു;
അളക്കാവുന്നതൊക്കെ‘അല്പത’യാണു.
ഈ ഋതം
പ്രപഞ്ചതാളമാണ്. താളങ്ങളേതും മാത്രാബദ്ധമായിരിക്കും. അവയ്ക്കു ആദിയും മദ്ധ്യവും
അന്തവും ഉണ്ടാകും. എല്ലാ താളങ്ങളും ആപേക്ഷികമാണു; അതു കലയെന്ന ‘കള്ള’മായതി നാൽ ആത്യന്തികമായി
ജഡമാണു-!
ഈ ‘ഋത’മാണു കണക്കിൽ ആകെയുള്ളതായി
കാണുന്ന ആ ഒന്ന്(1)...!
കണക്കിനെ വിശ്വസിക്കാം. കാരണം അതു കള്ളമാണ്.!
കള്ളത്തെ മാത്രമേ വിശ്വസിക്കാൻ പറ്റൂ...!കാരണം അത് ഇനി കള്ളം പറയില്ല..! അതു
ജഡമാണല്ലോ! അതിനാൽ എഴുന്നേറ്റ് ഓടിക്കളയില്ല... അതുകൊണ്ടു‘വിശ്വസി’ക്കാം!
ഇങ്ങനെയാണു ‘കണക്കും’ ‘ശാസ്ത്രവും’ ‘വിശ്വസനീയ’മാകുന്നത്. പക്ഷേ... വെളിച്ചം
കൂടുമ്പോൾ ഇതിന്റെ രൂപം മാറും...! കാരണം ജളത്വം കൊണ്ടാണ് ജഡം ഉണ്ടാകുന്നതും ജഡത്തെ
കാണുന്നതും....! ജളത്വം തന്നെയാണു ജഡത്വം. അതുതന്നെയാണു ജലത്വം. അതിനാൽ അതു ‘രസകര’മാണു!
( ജളൻ= സത്യത്തെ മങ്ങിയ വെളിച്ചത്തിൽ മറ്റൊന്നായി കാണുന്നവൻ. അവൻ എപ്പോഴും
താനല്ലാത്ത മറ്റൊന്നിനെ കാണുന്നവനാകയാൽ വെളിച്ചം കൂടുന്നതിനനുസരിച്ച് കാഴ്ച എന്ന
ഭ്രമത്തിൽ നിന്ന് ‘കൂടുതൽ തെളിഞ്ഞ’തും അതിനാൽ ‘കൂടുതൽ വിശ്വസിക്കത്ത’ക്കതുമായ ആനുഭൂതികമായ
കാഴ്ചകൾക്ക് അടിക്കടി സാക്ഷിയായിക്കൊണ്ടിരിക്കും..! )
ഈ ജളത്വം കൊണ്ടു
കാണുമാറാകുന്ന ‘ഋത’ത്തിലാണു ലോകശാസ്ത്രങ്ങൾ
അശേഷവും നിലനിൽക്കുന്നത്.!ഈ ‘ഋതം’തന്നെയാണു
പ്രകൃതി എന്ന ഭൈരവി-! ഇതു ഭയമാണ്. ഇതു രസമാണ്.]
ഈ ഭയം തന്നെയാണു
കലാരസം...! ഭയത്തിന്റെ ഈ കലാബോധം അഥവാ നാടകബോധമില്ലെങ്കില്‍ ആയുധമെടുക്കും. ഞാന്‍
എന്നോടുതന്നെ യുദ്ധം ചെയ്യും. ലോകത്തെ ഏതു യുദ്ധവും ‘ഞാൻ’ ‘എന്നോടു’തന്നെ ചെയ്യുന്ന യുദ്ധമാണ്.
നാടകബോധമുണർത്തി ഭയത്തെ താളപ്പെടുത്തിയാൽ രസം കിട്ടും. ഈ നാടക ബോധമെന്ന
മൂല്യബോധംകൊണ്ടു താളപ്പടുത്തിയ യുദ്ധംതന്നെയാണു സമാധാനം.
(നാടകബോധത്തെ ‘വിവേകം‘, ‘സംപൂർണ്ണകലാബോധം‘, വിദ്യ, ധർമ്മബോധപ്രതിപാദകമായ ആത്മവിദ്യ- എന്നിങ്ങനെ പലപേരുകളിൽ പറയാം; അർത്ഥമറിയാതെ പറയുന്നുമുണ്ടു് .)
ആര്, എവിടെ ‘സ്നേഹി’ച്ചാലും അതു യുദ്ധമാകുന്നത്
ഇപ്രകാരമാണ്.“
“അപ്പോൾ എന്തു ചെയ്യണമെന്നാ
ശുപാർശ..?”
“യുദ്ധത്തെ നാടകമാക്കുക.
സ്നേഹിക്കുക എന്ന ക്രിയ ചെയ്യാതിരിക്കുക. പിന്നെയോ.. സൂക്ഷ്മമായും കൃത്യമായും
പറഞ്ഞാൽ -സ്നേഹിക്കാതിരിക്കുക.......! പിന്നെയോ-‘പ്രേമ’മായിരിക്കുക.-(‘പരമം ആയിരിക്കുക’ എന്ന് അർത്ഥം). പ്രേമത്തിൽ
പ്രേമമമേ ഉള്ളു, ‘പ്രേമിക്കൽ’ഇല്ല. കാരണം അവിടെ ഒരു ‘നീ’ ഇല്ലല്ലോ..! ഉള്ളതെല്ലാം ഞാൻ
തന്നെ-പരമബോധമെന്ന ഞാൻ.”
“മനസ്സിലായില്ല...”
“സത്യം ആർക്കും
മനസിലാക്കാനാവില്ല. എല്ലാവർക്കും ‘അത് ആയിരിക്കാ’നേ കഴിയൂ.
ഇപ്പോൾത്തന്നെ അതു അങ്ങനെതന്നെയാണുതാനും--!
എന്നാൽ ‘അതു അങ്ങനെ യാണെ’ന്നു ലോകഭ്രമം എന്ന
കളിക്കമ്പംകൊണ്ടു തിരിച്ചറിയുന്നില്ല എന്നതാണു ‘ലോകം’എന്ന ഈ
കടങ്കഥയുടെ രസികത.
ഈ കടങ്കഥയുടെ
ഉത്തരംതേടുന്ന ‘രസ’ത്തിലാണു നാമെല്ലാം. കടങ്കഥയുടെ
ഉത്തരമായ ‘സത്യ’ത്തെ അന്വേഷിക്കാം. പക്ഷേ
മറ്റെന്തും കണ്ടെത്തുംപോലെ കണ്ടെത്താൻ പറ്റില്ല. കാരണം ആ സത്യം ഇപ്പോൾത്തന്നെ
നമ്മളിലോരോരുവനിലും ‘ഞാ’നായിരിക്കുകയാ ണല്ലോ...!!
അതുതിരിച്ചറിയുന്നിടത്താണു കണ്ടെത്തലിന്റെ അമൃതബിന്ദു.
ആ
തിരിച്ചറിവിലേക്കുള്ള അന്വേഷണവഴികൾ മാത്രമെ നമുക്കു പറയാനും മനസിലാക്കാനും കഴിയൂ.
അതാണു ഇതുവരെ പറഞ്ഞതും ഈ പറയുന്നതും. കേൾക്കൂ-സ്നേഹിക്കൽ ക്രിയയാണ് ; ക്രിയകളെല്ലാം യുദ്ധങ്ങളാണ് എന്നു പറഞ്ഞല്ലോ...!”
“ അതു മനസിലായി. പക്ഷേ... യുദ്ധം
ഒഴിവാക്കാൻ....?”
“സ്നേഹിക്കാതിരിക്കുക.”
“ അതു നടക്കുമോ...!? ആകട്ടെ.....സ്നേഹിക്കാതിരിക്കാൻ എന്തു ചെയ്യണം....?”
“സ്നേഹിച്ചു തുടങ്ങണം...!എന്നാൽ
ആ യുദ്ധത്തിൽ നിന്നേല്ക്കുന്ന ‘രസ’കരമായ മുറിവുകളിൽ നിന്നു ക്രമേണ
തിരിച്ചറിയണം അവിടെ ‘നീ’ ആയി എതിരെ നിന്നത് ‘ഞാൻ’ തന്നെ
ആയിരുന്നെന്ന്.പരമാർത്ഥത്തിൽ ഒരു ‘നീ’ എവിടെയും
ഇല്ലെന്ന്...!”
“നീ ഇല്ലെന്നറിയാൻ...?”
“‘തന്നെ’ ‘താൻ’ അറിയണം...!അത് അറിയാനുള്ള
അഭ്യാസത്തിന്റെ പേരാണ്‘വിദ്യാഭ്യാസം’. താൻ ആരെന്നു
പൂർണ്ണമായി അറിയണം. അങ്ങനെ ‘തന്നെ’ ‘താൻ’പൂർണ്ണ വെളിച്ചത്തിൽ അറിഞ്ഞാൽ
ഏതു ‘നീ’യും ‘ഞാൻ’ ആയിപ്പോകും...! കാണുന്നതൊക്കെ
താൻ തന്നെയാകും...!അപ്പോൾ ഞാനും നീയും പോയി ‘പ്രേമം’മാത്രമാകും.
അപ്പോൾ എതിരെ ഇപ്പോഴുള്ളതുപോലെ എല്ലാം വന്നു നിൽക്കുമ്പോൾ അതിലെല്ലാം താൻ
തന്നെത്തന്നെ കാണും. ഇതാണു മോചനം. അപ്പോൾ ഏതു യുദ്ധവും താനേ ‘നാടകം’ ആയിപ്പോകും- ഓച്ചിറക്കളി
പോലെ...!!
കളിക്കമ്പം
മൂത്തു കളത്തിലിറങ്ങിയവരാണു നാമെല്ലാം. ജയിക്കാൻ വേണ്ടിയാവണം കളിക്കുന്നത് എന്നതു
ശരിയാണെങ്കിലും കളിക്കളത്തിന്റെയും കളിയുടെയും മുഖ്യമായ ലക്ഷ്യം ‘രസ‘മാണ് എന്നറിഞ്ഞു
കളിക്കുന്നവനുള്ളതാണു ആത്യന്തിക ജയം...!
അതെ, കളി കണ്ടവനും കൊണ്ടവനും പരമരസാനുഭവം ഉണ്ടാകണം. ഈ ‘ജയ രഹസ്യം’ അറിയുന്ന ഒരുവൻ എതിർചേരിയിൽ
നിരന്നിരിക്കുന്നതു താൻ തന്നെയാണെന്ന സത്യം മറവില്ലാതെ കാണും. അവൻ കളിക്കളത്തിൽ
നിരായുധനായി വരും...@ ധീരമായി പൊരുതി
രസിക്കും...രസിപ്പിക്കും. അവൻ സർവ്വത്ര സർവ്വഥാ ജയിക്കും. മൈതാനമാകെ
നിറഞ്ഞുകവിയുന്ന അവൻ പിന്നെയും അനന്തമായി ശേഷിക്കും---!! ഭയന്നവരോ...
ആയുധധാരികളായി വരും.. എതിർചേരിയിൽ നിരന്നിരിക്കുന്ന ബന്ധുക്കളെ ശത്രുക്കളായി
കാണും... ! അവർ കളിക്കളത്തിൽ ജയിക്കാൻ വേണ്ടി ഭയന്നു കളിക്കും....കൊടിയ
കളിപ്പിഴവുകൾകൊണ്ട് രസഭംഗം ഉണ്ടാക്കും. പിന്നെയോ താൻ കഷ്ടിച്ചെങ്കിലും ഒന്നു
ജയിക്കാനായി തന്നെത്തന്നെ കൊന്നു **‘ജയി’ച്ചുകൊണ്ടു അമ്പേ
തോൽക്കും..!
ഇതറിയുന്നവനിൽ വിടരുന്ന ചിരിയാണു ബുദ്ധന്റെ ചിരി... ഉള്ളിന്റെ ഉള്ളറിയുന്ന---തന്നെ താൻ അറിയുന്ന അമൃതമന്ദഹാസം.!! ഓർത്താലും....ഈ ചിരി വിടർത്താത്ത അഭ്യാസമൊന്നും വിദ്യാഭ്യാസമല്ലതന്നെ.” .
--0--
----------------------------------------------------------------------------------------------------------------------------
@ വ്യാസന്റെ കൃഷ്ണൻ നിരായുധനായി കുരുക്ഷേത്രത്തിൽ യുദ്ധത്തിൽ പങ്കെടുക്കുന്നു
എന്നതിന്റെ ദാർശനികധ്വനി..
**വ്യാസമഹാഭാരതത്തിനു ‘ജയം’ എന്നൊരു പേരും ഉണ്ടായിരുന്നു
***.ഖം=ആകാശം (
അവകാശിക്കുന്നത് .)
2 അഭിപ്രായങ്ങൾ:
വായിച്ചു,വാസ്തവത്തിൽ സാറിന്റെ ഒരു പ്രസംഗം കേട്ടത്പോലെ,ആ ശെെലി.
കള്ളം പറയാൻ ഒന്നങ്ങോട്ട് വരണം..വരാം
സന്തോഷം..ശ്രീ.ജയപ്രകാശ്.എപ്പോഴും.സ്വാഗതം. ക്ഷേമാന്വേഷണങ്ങൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ