പുലരിക്കും പുവിനുമൊപ്പം
പുതുവർണ്ണച്ചന്തംചേരും
ഒരുപുത്തൻ ഭാവന മെല്ലെ-
ത്തളിരിട്ടതുമൊട്ടിട്ടുള്ളിൽ..
ഒരു പാടലകോമളകല്പന...
മാറത്തേയ്ക്കോടിയണഞ്ഞെൻ
നിനവിന്റെകിളുന്നാമോമൽ-
ക്കനവിന്റെ തളിർത്തൊത്തതിലായ്
മിഴിപൂട്ടിപാൽച്ചിരിതൂകി..
ഇതളൊന്നു തുടുത്തു തിളങ്ങാൻ
കവിളത്തുതലോടിമുകർന്ന-
ച്ചെറുചേലിനെ വെറുതെ വിട്ടി-
ട്ടിളവേല്ക്കാൻ പോരുന്നെരം...
അൻപില്ലാത്ത ദിനപ്പത്രം വ-
ന്നമ്പുകണക്കിടനെഞ്ചിൽത്തട്ടീ
ട്ടഹസിച്ചുനടുക്കിപ്പിന്നാ
യുദ്ധമുഖത്തേയ്ക്കെറിയപ്പെട്ടും
മനമാസകലം കീറിമുറിഞ്ഞും
പോറിയെരിഞ്ഞും പോരിൽത്തോറ്റും
നേരമ്പോയിട്ടൊടുവിൽ വന്നെ-
ന്നുമ്മറശാന്തിയിൽ വീണ്ടുമിരിക്കെ
ച്ചിന്തിച്ചേനിപ്പുലരിയിൽ മാറ-
ത്തോടിയണഞ്ഞോ-
രോമനഭാവനയെവിടെപ്പോയി..!?
അപ്പൊഴു,താ പുലർവേള ഒരുക്കിയ ചേലുകളാകെയുലഞ്ഞു..
നിറങ്ങൾ
കലങ്ങി...യുടഞ്ഞോരുടലും...
ആരെന്നറിയാതാകെമെലിഞ്ഞി
ട്ടേന്തിവലിഞ്ഞുവിചാരത്തിന്റെ
പുറമ്പോക്കിൽപോയകലെയലഞ്ഞു
മലിഞ്ഞുമ്മാഞ്ഞും കാണാതായെൻ കോമളഭാവന
പോയതു പോൽ...ഈ
സായാഹ്നത്തിലും....ഇതാ...
കടപ്പുറത്തിരിക്കെ...
ചക്രവാളച്ചരുവിൽ നിന്ന് കണ്ണ് ഒരു വർണ്ണ മേഘക്കിളുന്തിനെ
എടുത്തു ലാളിച്ചു..
മേഘപ്പൈതൽ ചെമ്മാനമുറ്റത്ത് പിച്ചവെച്ചു
നടക്കും മുതൽ വിടാതെ കണ്ണിലിട്ടു വളർത്തുകയായിരുന്നല്ലോ. എന്തെന്തു ചന്തങ്ങൾ ആ
മുഖത്ത്....! ഇത്തിരി
മുമ്പ് വരെ ആ
കുഞ്ഞു മേഘത്തെ ചൊല്ലി എന്തെല്ലാം
പ്രതീക്ഷകളായിരുന്നു...!
എപ്പോഴോ ഒരു കടലക്കച്ചവടക്കാരൻറെ വിളികേട്ട്
അറിയാതെ മേഘക്കിളുന്തിനെ കണ്ണിൽനിന്നു വിട്ടു പോയി... ഒരു ചെറുകമ്പോളപ്പേശലിൽ
പെട്ടുപോയി. പിന്നെ കടലകൊറിച്ചും കടപ്പുറപ്പകിട്ടുകൾ കണ്ണിനാൽ കവർന്നും ഒട്ടുനേരം പോകെ
ഒരു ഞെട്ടലോടെ ഓർത്തു....
എനിക്ക് ഇവിടൊരു കുഞ്ഞുമേഘം
ഉണ്ടായിരുന്നല്ലോ.....!
ഒടുവിൽ..
അകലെ...
മാനത്തെ പൂരങ്ങൾ മടങ്ങുന്ന ചക്രവാളച്ചരിവിൽ മായുന്ന ഒരു പോറലായി.....
മായാത്ത നീറലായി...
എന്റെ...കുഞ്ഞുമേഘം...
അപ്പോൾ...
മനസിന്റെ മണൽപ്പുറവും മാനത്തിന്റെ ഉമ്മറവും മെല്ലെ മന്ത്രിച്ചു:
...ഇനിയുംതുടുക്കുമിച്ചക്രവാളങ്ങൾ.‘
--മധു,മുട്ടം
---❤---
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ