ഞാനെന്‍റെ ഏകാന്തതയെ കസവിന്‍റെ
ചേലയുടുപ്പിച്ചൊരുക്കിനിൽക്കെ...
മാടിയൊതുക്കി വാർമുടികെട്ടി
ശ്വേതപുഷ്പങ്ങൾ തിരുകിനിൽക്കെ..
നീയെന്തിനീ ശോണപുഷ്പമിറുത്തെന്‍റെ
വാതിലിൽവന്നു വൈശാഖസന്ധ്യേ....!?
ഞാനെന്‍റെ ഏകാന്തതയുടെ സീമന്ത-
രേഖയിൽ സിന്ദൂരംചാർത്തിനിൽക്കെ...
മായുന്ന കുങ്കുമപ്പൊട്ടുമായെന്തിനു
വാതിലിൽനിന്നു വൈശാഖസന്ധ്യേ ...!
ഞാനീ എകാന്തതയ്ക്കിന്നു മംഗല്യ-
ത്താലിയും മാലയുംചാർത്തിനിൽക്കെ..
ദൂരെത്തിരിഞ്ഞുനിന്നെന്തിന്നഴിച്ചെറി-
ഞ്ഞാ വൈരമാല വൈശാഖസന്ധ്യേ....!?
--മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ