link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: അടയാളങ്ങൾ-1

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2021, ജൂലൈ 8, വ്യാഴാഴ്‌ച

അടയാളങ്ങൾ-1

 


മധു മുട്ടം

 

അടയാളങ്ങൾ-1


ത്യവും ഋതവും

(Supreme Truth 

and 

Empirical Truth )


ക്കണ്ടതെല്ലാം യാഥാർ‌ത്ഥ്യമാണ്, എന്നാൽ പരമാർത്ഥമല്ല.

 ങേ..! അതു തമ്മിൽ എന്താ വ്യത്യാസം..! പരമാർ‌ത്ഥവും യാഥാർ‌ഥ്യവും തമ്മിൽ ?

യഥാർത്ഥത്തെ സംബന്ധിക്കുന്നത്. അതാണു യാഥാർ‌ത്ഥ്യം.

വിശദമാക്കണം

ഏതു ‘പ്രകാരത്തിൽ ‘കാണുന്നുവോ അഥവാ അർത്ഥമാക്കുന്നുവോ ആ ‘പ്രകാരത്തിൽ ‘കാണപ്പെടുന്നത് എന്ന് അർത്ഥം.

ഇപ്പറഞ്ഞ ‘പ്രകാരത്തിനും ‘കാണലിനും ഇവിടെ നിർണ്ണായകമായ പ്രാധാന്യമുണ്ട്.  കാണലും  നോട്ടവും ഒക്കെ നടക്കണമെങ്കിൽ നിൽക്കാൻ ഒരു ഇടം എന്ന നിലപാടുതറ കൂടിയേ കഴിയൂ.   എവിടെ നിന്നു നോക്കുന്നുവോ   ഇടത്തിന്റെ ഇടപെടൽ ഉള്ളതായിരിക്കും  നോട്ടത്തിനു കിട്ടുന്ന ആ കാഴ്ചയുടെ നിറവും മണവും രുചിയുമെല്ലാം.  നോക്കാൻ നിന്ന കാല-ദേശങ്ങൾ എന്ന കല്പനകൾ ഉൾപ്പെടുന്ന ആ നിലപാടു തറ മാത്രമല്ല  നോക്കുന്ന ആളിന്റെ സദാ മാറിക്കൊണ്ടിരിക്കുന്ന ശാരീരികം മാനസികം ബുദ്ധിപരം തുടങ്ങി അനവധി നിലപാടുകളും ഈ ഇടപെടലിൽ ഉൾപ്പെടും. ഇവയെല്ലാം ചേർന്നു നിർണ്ണയിച്ച് തൽക്കാലം മനസ്സാ  നമുക്കു കിട്ടുന്നതാണല്ലോ യഥാർത്ഥ കാഴചയുടെ ഈ ലോകം എന്ന അനുഭവം-അഥവാ അനുഭവലോകം(Empirical world )

 അനുഭവം’ എന്ന പദമാകട്ടെ അതു സത്യത്തിൽ നിന്ന് രണ്ടുപ്രാവശ്യം അകന്നു നിൽക്കുന്ന പ്രതിഭാസമാണെന്ന്  സൂചിപ്പിക്കുന്നു. എങ്ങനെയെന്നാൽ-- ഭഭവ്-അനുഭവ്---എന്നിങ്ങനെ. ’ എന്നത്  വെളിച്ചത്തെയും വെളിപ്പെടുത്തുന്ന പരമബോധം എന്ന പരമസത്യവും അതിന്റെ വിഭൂതിയായി ഭവവും ഭവത്തിന്റെ അനുഭൂതിയായി അനുഭവവും വരുന്നു എന്നാണു അനുഭവം’ എന്ന പദത്തിന്റെ നിരുക്തിപരമായ നിലപാട്. ഇപ്രകാരമുള്ള അനുഭവസത്യ(empirical truth/ Reality)ത്തെയാണു നാം യാഥാർത്ഥ്യം എന്നു വിളിക്കുന്നത്.     ഇതാണു യാഥാർ‌ത്ഥ്യത്തിന്റെ മായികസ്ഥിതി...

 പരമാർ‌ത്ഥമോ?

“ പരമമായ അർത്ഥത്തിൽ ഉള്ളത് ’ പരമാർ‌ത്ഥം.

യഥാർ‌ത്ഥത്തിൽ ഉള്ളതും പരമാർ‌ത്ഥത്തിൽ ഉള്ളതും തമ്മിൽ എന്താണു വ്യത്യാസം ?

പരമാർ‌ത്ഥത്തിൽ ഉള്ളത്  സ്ഥല-കാലാതീതമായും അതിനാൽ നിരപേക്ഷമായിത്തന്നെ ഉള്ളതും അതിനാൽ ശാശ്വതവും ആകുന്നു. അത് എല്ലാ വ്യവഹാരങ്ങൾക്കും സാക്ഷിയും വ്യവഹാരാതീതവും ആണ്. യഥാർത്ഥത്തിൽ ഉള്ളതോ....അത് തൽക്കാല-ദേശങ്ങളിൽ സാപേക്ഷമായി ഉണ്ടാകുന്നതും അതിനാൽ അനുഭവകാലത്തു മാത്രം നിലനിൽക്കുന്നതുമാണ്..!

 മനസിലായില്ല

 “ എങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞു നോക്കാം. അതായത് ഉണ്ടാകുക’ എന്നാൽ ഉണ്ട്’  എന്ന്  ആകുക.   എന്നുവച്ചാൽ സത്യത്തിൽ ഉള്ളതല്ല... ഉണ്ട്  എന്നു നടിക്കുന്നത്  അല്ലെങ്കിൽ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നത് എന്നർത്ഥം. എങ്ങനെ? മാത്തച്ചൻ എന്ന നടൻ നാടകത്തിൽ  രാവണൻ ആകുന്നതു പോലെ..! അല്ലെങ്കിൽ സ്വന്തം നിലയിൽ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത സൂര്യൻ ഉദിക്കുന്നു അസ്തമിക്കുന്നു എന്ന് നമുക്കു തോന്നുന്നതു പോലെ..!  ഇതാണു ഒന്നാമത്തെ വ്യത്യാസം.   ഇവിടെ ഒരു രസമുണ്ട്....നാം  കാണുന്നതൊക്കെ---അനുഭവിക്കുന്നതൊക്കെ- ഈ വിധം ഉണ്ടായതാണ്... ഉള്ളതല്ല...!

   ‘ഉള്ളതും ഉണ്ടായതും തമ്മിൽ എന്താ വ്യത്യാസം..!! ”

ഒരു തോന്നലിന്റെ വ്യത്യാസം മാ‍ത്രം....!

ങാഹ..! അത്രേ ഉള്ളോ. ..!?

അത്രയേ ഉള്ളു... പക്ഷേ..അതു സത്യവും കള്ളവും തമ്മിലുള്ള വ്യത്യാസമാണ്..! 'ഉള്ള'തു സത്യം, 'ഉണ്ടായ'തു കള്ളം. അതെ ഉണ്ടാകുന്നതെല്ലാം കള്ളമാണ്. അഥവാ കള്ളത്തിനാണു ജനന-മരണങ്ങൾ ഉള്ളത്..!  ഉള്ളത് വീണ്ടും ഉള്ളതാകേണ്ടതില്ലല്ലോ. കാരണം ഉള്ളതു ഉണ്മയാണ്..സത്യമാണ്...അതു പൂർ‌ണ്ണമാണ്. എന്നാൽ ഈ ഉള്ളതിനു പലതും ഉണ്ടാക്കാൻ കഴിയും. ഉണ്ടാക്കുക എന്നാൽ  ഉണ്ട് എന്ന്  ആക്കുക. അതായത്..സത്യമല്ലാത്തതിനെ സത്യമാണെന്നു തോന്നിപ്പിക്കുക. ഈ തോന്നിപ്പിക്കൽ തന്നെ സത്യത്തിന്റെ അനന്ത വൈഭവങ്ങളിൽ ഒന്നാണ്. ഇങ്ങനെ വിശേഷാൽ ഭവിപ്പിക്കുന്നതിനാൽ സത്യം വിഭുവാണ്. വിഭുവിനുള്ള  ശേഷിയാണു വൈഭവം. ഇത് അല്പം ഫലിതവഴിക്കു പറഞ്ഞാൽ ഇങ്ങനിരിക്കും—‘ സത്യത്തിനു ഇനി സത്യം ആകേണ്ടതില്ലാത്തതിനാൽ സത്യം കള്ളമേ കാണിക്കൂ...പറഞ്ഞാൽ കള്ളമേ പറയൂ..! അങ്ങനെ സത്യം കാണിക്കുന്ന 'പറയുന്ന’ കള്ളമാണ് ഈ ലോകം...!

മേൽപ്പറഞ്ഞത് ഒരു കലാപരമായ കാര്യമാണ്. അതു രസകരമാണു. അങ്ങനെയാണ്  ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും  ഇത്ര രസകരമാകുന്നത്.   ഉണ്ടാകുക എന്ന് വച്ചാൽ ഉണ്ട് എന്ന് ആകുകയാണെന്നു കണ്ടല്ലൊ.  അതേ,സത്യമാണെന്നു നടിക്കുന്ന ഈ കള്ളം അഥവാ കല നമ്മെ രസിപ്പിക്കുന്നതു കണ്ടില്ലേ..!

മാത്തച്ചനും രാവണനും

മാത്തച്ചനാണു നാടകത്തിൽ രാവണനാകുന്നത്...! മാത്തച്ചൻ സത്യത്തിൽ രാവണനാണോ?അല്ല. പിന്നെയോ... മാത്തച്ചൻ നാടകത്തിനായി രണ്ടുമണിക്കൂറ് നേരത്തേയ്ക്ക് രാവണൻ ആകുകയാണ്. ഇവിടെ ആകുക എന്നാൽ തോന്നുക എന്നോ തോന്നിപ്പിക്കുക എന്നോ ആണ്. അതായത് സത്യമല്ലാത്തതിനെ സത്യമാണെന്ന പ്രതീതിയിൽ ആക്കുക എന്നർത്ഥം. ഇതിൽ മാത്തച്ചൻ ഉള്ളതും രാവണൻ രണ്ടു മണിക്കൂറു നേരത്തേക്ക് ഉണ്ടാകുന്നതുമാണ്..! ഇപ്പോ പിടികിട്ടിയോ വ്യത്യാസം. ഈ തോതു മനസിൽ വച്ചാൽ ഒരുപാടു ലോകരഹസ്യങ്ങളുടെ ചുരുളഴിക്കാം..! ഇവിടെത്തന്നെ കണ്ടില്ലേ..!

1-മാത്തച്ചന്റെ ആ രാവണൻ രണ്ടുമണിക്കൂറു നേരത്തേക്ക് അരങ്ങ് എന്ന സ്ഥലത്താണു ‘ഉള്ളതായി തോന്നുന്നത്..! എന്നുവച്ചാൽ ഉണ്ടായതിനെല്ലാം സ്ഥല-കാലങ്ങൾ ബാധകമായിരിക്കും എന്നു വ്യക്തം.

2. നാടകത്തിനുള്ളതു പോലെ ഉണ്ടായതിന്’  എല്ലാം തുടക്കവും മദ്ധ്യവും അവസാനവും ഉണ്ട്.

3.നാടകത്തിലെ മാത്തച്ചൻ പാലു തൈരാകുന്നതുപോലെ അങ്ങു രാവണനായിപ്പോയിട്ടില്ല. കാണികൾക്ക് അരങ്ങു തകർക്കുന്ന രാവണനായിരിക്കുമ്പോഴും മാത്തച്ചനറിയാം മാത്തച്ചൻ പാവം മാത്തച്ചൻ മാത്രമാണെന്ന്..! മാത്രമല്ല.. നാടകാന്ത്യത്തിൽ രാമബാണമേറ്റു ദിവംഗതനായതിനു ശേഷവും വേഷമഴിച്ചുവച്ച് സർഗ്ഗാത്മക സംതൃപ്തിയോടെ വീട്ടിലേയ്ക്ക് സന്തോഷത്തോടെ മടങ്ങാൻ മാത്തച്ചൻ പൂർണ്ണമായി ശേഷിക്കുന്നുമുണ്ട്..!

4. മാത്തച്ചൻ വിജയപൂർവ്വം രാവണനെ അവതരിപ്പിച്ച് സ്വയം രസിക്കുകയും കാണികളെ രസിപ്പിക്കുകയും ചെയ്തു.

5. ഇങ്ങനെ, ഉണ്ടാകുന്നതെന്തും കാലം എന്ന കല്പനയിൽ(ഭാവനയിൽ) പെട്ടിരിക്കും. കാലബദ്ധമായതെല്ലാം സ്ഥലബദ്ധവും ആയിരിക്കും. സ്ഥല-കാലബദ്ധമായതെല്ലാം രസിപ്പിക്കും...! സ്ഥല കാല ബദ്ധമായതെല്ലാം  നാടകം തന്നെ. അതാകട്ടെ  കൊണ്ടവനും കണ്ടവനും രസിക്കുന്ന കളിയും.( ഏതു കളിക്കും കളം വേണം. ഏതു കളവും സ്ഥല-കാലങ്ങൾ കൊണ്ടേ ചമയ്ക്കാനാകൂ. കളത്തിൽ നടക്കുന്നതെല്ലാം കളിതന്നെ-!  കളം= ഖണ്ഡം = quantum. കളത്തിൽ കാലദേശങ്ങളെന്ന കല്പനയാണു ഭരണം നടത്തുന്നത്. ക്വാണ്ടം ഫിസിക്സിന്റെയും ജീവിതത്തിന്റെയും മായികത നാടകത്തിന്റെ- കളിയുടെ- മൂശയിൽ ത്തന്നെ വാർത്തിരിക്കുന്നു...! )

6. സത്യത്തിൽ ‘ഉള്ളതു തന്നെയാണു ഉണ്ടായതായി തോന്നുന്നത്. [രാവണനായി അരങ്ങു തകർക്കുമ്പോഴും മാത്തച്ചനറിയുന്നു ഞാൻ രാവണനല്ല....മാത്തച്ചനാണെന്ന്...! ഇതുപോലെ നാം ജീവിതത്തിൽ ആയിരിക്കുമ്പോഴും  അറിയാതെ അറിയുന്നുണ്ട് ഞാൻ അഹങ്കാരിയായ ഈ ഞാൻ അല്ലെന്നും ഇപ്പോഴും എപ്പോഴും ഈ ജീവിതത്തെ തൊട്ടുരസിക്കുന്നതും അതേ സമയം ജീവിതം പുരളാത്തതുമായ നിരുപാധികമായ ഞാൻ എന്ന ആ പൂർണ്ണമായ അറിവാണു ഞാൻ എന്നും....! ഒന്നു ധ്യാനിച്ചാൽ അതു ആർക്കും വെളിവാകുമെന്നും ആശ്ചര്യത്തൊടെ നാമൊക്കെ അറിഞ്ഞുപോകുന്നു...! ]

7.ഉണ്ടായതെല്ലാം അളക്കത്തക്കതാണ്. അതിനാൽ ശാസനാവിധേയവും അതുകൊണ്ടുതന്നെ ശാസ്ത്രാധീനവുമാണ്..ആയതിനാൽ ഈശന(ഭരണ) വിധേയവും സേശ്വരവുമാകുന്നു (ഈശ്വരനോടു കൂടിയത്). എന്നാൽ ഉള്ളതോ...? ഉള്ളത് അളക്കാനകാത്തതും അശാസനീയവും അതിനാൽ ഈശനത്തിനൊ ശാസ്ത്രത്തിനോ ബുദ്ധിക്കോ ചിന്തക്കോ പ്രവേശിക്കാ‍നാകാത്തതും അനീശ്വരവും (നിരീശ്വരം) ആകുന്നു. ( ഈ അനീശ്വരത (നിരീശ്വത്വം) ഇവിടെ പ്രത്യേക അർത്ഥത്തിൽ പറഞ്ഞതും പ്രത്യേക വിഷയമാ‍യി പിന്നീട് വിവരിക്കാൻ ഉദ്ദേശിക്കുന്നതുമാണ്---ലേഖകൻ)

8. ‘ഉണ്ടാക്കലും ഉണ്ടായിരിക്കലും കലാപരമായതിനാൽ രസകരം. അതെ, ഉണ്മയുടെ  അഥവാ സത്യത്തിന്റെ *വിഭൂതിയാണു കള്ളം. കള്ളം  അപൂർണ്ണതയാൽ ചമച്ചിരിക്കുന്നു. അപൂർണ്ണത തന്നെയാണു കല’ എന്നു പറയപ്പെടുന്നത്. അതു വികാര വിധേയമാണ്. അതു പൂർണ്ണതയുടെ അഥവാ സത്യത്തിന്റെ വേഷം കെട്ടി നടിക്കുന്നതിനാൽ  രസകരമാണ്...

---0---

സംഭാഷണ രൂപത്തിൽ മേൽക്കണ്ടത് അടയാളങ്ങൾക്ക് ഒരു ആമുഖമാണ്.

*വിഭൂതി=വിശേഷേണ ഭവിക്കുന്നത്; സൃഷ്ടി  . സ്വയം ചെലവഴിയാതെ മറ്റൊന്നിനെ ഉണ്ടെന്നാക്കി കാണിക്കുന്ന പൂർണ്ണം’ ആണു വിഭു. വിഭുവിന്റെ ഇപ്പറഞ്ഞ വിവർത്തിക്കാനുള്ള ശേഷിയാണു വൈഭവം.  വിവർത്തം= ഇവിടെ വേദാന്ത പ്രസിദ്ധമായ അർത്ഥത്തിലാ‍ാണു സ്വീകരിച്ചിരിക്കുന്നത്. ശങ്കരാചാര്യരുടെ മായാവാദം വിവർത്തത്തെ കൂടുതൽ പരിചയപ്പെടുത്തും

അടയാളങ്ങൾ 2- തുടരുന്നു- 

വിചാരവും പദങ്ങളും

 (അടയളങ്ങൾ- 2- ലേയ്ക്കു പോകാൻ)

അഭിപ്രായങ്ങളൊന്നുമില്ല: