link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: പേജ്നമ്പരുകളില്ലാത്ത ഏകാന്തതയെക്കുറിച്ച്

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

പേജ്നമ്പരുകളില്ലാത്ത ഏകാന്തതയെക്കുറിച്ച്


   പേജ് നമ്പരുകളില്ലാത്ത ഏകാന്തതയെക്കുറിച്ച്


  ഏകാന്തത കാതിൽ തുളച്ചുകയറുന്ന നിശ്ശബ്ദതയാണ്……

എന്നാൽ ആത്മീയമായ ഏകാന്തതയോ ദിവ്യകാവ്യങ്ങളുടെ മൗനമാണ്--- അനന്തവർണ്ണോത്സവങ്ങളുടെ അമൃതശുഭ്രത---- നിതാന്തനൃത്തോത്സവങ്ങളുടെ വിലാസനിശ്ചലത-!

ഈ ലൌകികമായ ഏകാന്തതഒറ്റവാക്കുള്ള ഈറൻ കവിതയാണ് ;

ചിലപ്പോൾ അടുത്തടുത്തെത്തുന്ന ഭയത്തിന്റെ കാൽപ്പെരുമാറ്റംകേൾക്കുന്ന നീണ്ട ഇടനാഴി-- ;

ഇടക്കെപ്പോഴോ ഒരു കാക്കക്കരച്ചിലിന്റെയോ..അകലെ കേൾക്കുന്ന വിമാനയിരമ്പലിന്റെയോ ഈർക്കിൽത്തുണ്ടു തിരുകി കാതിൽപ്പഴുതടച്ച് വിജനമായ ഒറ്റയടിപ്പാതയുടെ അറ്റത്തു കണ്ണുപാകിയിരിക്കുന്ന കുന്നിൻചരിവ്.  

ചിലപ്പോൾ നിനച്ചിരിക്കാത്ത നേരത്ത് രാത്രിയുടെ നെഞ്ചിൽ നിന്നു കുങ്കുമപ്പൊട്ടിട്ട ഭൂപാളങ്ങൾ വെങ്കലത്താലവുമായി നടയ്ക്കലെത്തും……! അന്തിക്കു കാത്തിരിപ്പിന്റെ ചന്ദ്രോത്സവങ്ങൾ തുടങ്ങും. അത്തരം രാവുകളിൽ ആകാശത്തു കാവ്യോത്സവങ്ങളുടെ ചൊൽക്കാഴ്ചകൾ നടക്കും

ഒറ്റയാൻകാറ്റു പൊടിപറത്തുന്ന മനസ്സിന്റെ വിജനതയുടെ വരണ്ട മൈതാനത്ത് രാത്രികളായി നീളുന്ന പകലുകളും പകലുകൾകൊണ്ടുണ്ടാക്കിയ രാത്രികളും യാത്രപറയാനറിയാതെ വന്നു നിൽക്കും..

ഉദിക്കാൻ മറക്കുന്ന സൂര്യന്മാർ

പകലിന്റെ തോളത്തു കരഞ്ഞുമയങ്ങുന്ന സന്ധ്യകൾ

രാത്രിയുടെ ചങ്കുകലങ്ങിച്ചെമക്കുന്ന പുലർച്ചകൾ

ഈ ഏകാന്തതയുടെ ചില രാത്രികൾക്കുമൂകതപുതച്ചു നിൽക്കുന്ന ഒരു ഇലഞ്ഞിച്ചുവടുണ്ട്... അതിന്റെ നീണ്ട നോട്ടത്തിന്റെ തുമ്പത്ത് ആളൊഴിഞ്ഞ ഒരു എട്ടുകെട്ടും!    കറുപ്പുകഴിച്ചു മയങ്ങുന്ന അലർച്ചയുടെ ഒരു അറമുറിയുണ്ടവിടെ ! പാതിരാവിൽ അതിൽ നിന്നു പാലപ്പൂമണമുള്ള നേരിയ ഒരു കാൽപ്പെരുമാറ്റം പുറത്തേക്കൊഴുകി പാടവക്കത്തെ പാലമരത്തിൽ പുറംചാരി കാതോർത്തു നിൽക്കും..!  അകലെ ആ ഏകാന്തതയുടെ പുഴയിലെ അകലുന്ന വഞ്ചിയിൽ ശ്യാംകല്ല്യാണി ഒരു ചാറ്റമഴയായി വിങ്ങിമായും....

ഈ ലൌകികമായ ഏകാന്തതയ്ക്ക് ആളൊഴിഞ്ഞ അമ്പലപ്പറമ്പിലെ പെരുമ്പകലുകളുടെ നട്ടുച്ചകളിൽ തോടിയുടെ പകൽപ്പൂരങ്ങൾ കാണാം! അപരാഹ്നം തൊഴുതുമടങ്ങവെ ഉള്ളുപൊട്ടിനിൽക്കുന്ന സാലഭഞ്ജികയുടെ ഷഹാന കേൾക്കാം

ഈ ലൌകികമായ ഏകാന്തത ചിലപ്പോൾ മീനസന്ധ്യകളിലെപടിഞ്ഞാറൻചക്രവാളത്തെപ്പോലെയാണ്  കറുക്കാനും പെയ്യാനുമറിയാതെ തുടുത്ത കുഞ്ഞുമേഘങ്ങളെ നിസ്വയായ ഒരു അമ്മയെപ്പോലെ മാറിലണച്ച് വിങ്ങാനും വിതുമ്പാനുമാകാതെ ചുമ്മാതങ്ങനെ നിൽക്കും.

ഏന്നാൽ ആ ആത്മീയമായ ഏകാന്തതയോ……? സ്വയംപ്രഭയുള്ള സുസ്മിതത്തിന്റെ സാമ തലോടുന്ന ആൽച്ചുവട്-! ഭയത്തിന്റെ ആ ലൌകികമായ ഏകാന്തത ഈ സ്വയംപ്രഭയിൽ വിളറിമാഞ്ഞ് അഭയമായി തെളിഞ്ഞുവരും..!!                                                                                                                                                                        -മധു,മുട്ടം

.

അഭിപ്രായങ്ങളൊന്നുമില്ല: