link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: അടയാളങ്ങൾ-2

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2021, ജൂലൈ 8, വ്യാഴാഴ്‌ച

അടയാളങ്ങൾ-2

                             


                                                       
മധു,മുട്ടം

 

 അടയാളങ്ങൾ-2

 

 വിചാരവും പദങ്ങളും

നുഷ്യന്റെ മനനശേഷി അഥവാ ചിന്താ‍ശേഷി  ഒരു വിഷയത്തെ കേന്ദ്രീകരിക്കുന്നതിനെയാണു ഇവിടെ വിചാരം എന്ന വാക്കു കൊണ്ട്  അർ‌ത്ഥമാക്കുന്നത് . വിചാരം എത്ര ചെറുതായാലും വലുതായാലും വാക്കിന്റെയൊ ഗണിതസംജ്ഞകളുടെയൊ സൂചകചിഹ്നങ്ങളുടെയോ അർത്ഥ-ഭാവങ്ങളേറിയാണ് അതിന്റെ  പുറപ്പാട്. അങ്ങനെ വിചാരവും വാഗർത്ഥഭാവങ്ങളും അവിഭാജ്യങ്ങളായിവരുന്നു.   വിചാരം ‘നടക്കുമ്പോൾ തെളിയുന്ന ‘കാല്പാടുകളാണു പദങ്ങൾ എന്നു പറയാം...! പുരുഷാന്തരങ്ങളുടെ വിചാരങ്ങൾ നടന്നു നടന്നു തെളിഞ്ഞു വന്ന ചിന്തയുടെ ‘പാദമുദ്രകളാണല്ലോ ഇക്കണ്ട ‘പദങ്ങളത്രയും. എത്രയെത്ര തലമുറകളുടെ വിചാരങ്ങളുടെ ‘പദമുദ്രകളാണ് നമുക്കു മുമ്പിൽ ഇവിടെ പതിഞ്ഞുപോയിരിക്കുന്നത്..! മാറിമാറിവരുന്ന ജീവിതവ്യവഹാരവ്യവസ്ഥകളുടെ പുതിയ പുതിയ പുറങ്ങളിലൂടെ  മൌലികവിചാരങ്ങൾ നടന്നപ്പോൾ പതിഞ്ഞ പാദമുദ്രകളാണു നമുക്കു പൈതൃകമായി കിട്ടിയ പദസമ്പത്തെന്ന അമൂല്യനിധി.!ആ ശേഖരത്തിലേയ്ക്കു  പുതിയ നിക്ഷേപങ്ങൾ എക്കാലത്തും ഉണ്ടാകുന്നു. ആ പദമുദ്രകൾ നോക്കി പിന്നാലെ വന്ന തലമുറകൾ  ‘മുന്നാലെ പോയതിന്റെ പിന്നാലെ’ എന്ന മുറയിൽ നടന്നു പതം വരുന്നവയാണു പ്രയോഗത്തിൽ വരുന്ന  നമ്മുടെ പദാവലികൾ. അവയിൽ പദമൂന്നി പിന്നെയും ചെറുതും വലുതുമായ എത്രയോ വിചാരങ്ങൾ ഇതുവഴി കടന്നുപോയി..! കാലക്രമേണ പിന്നെയും ആ ഒരോ പദത്തിലും എന്തെന്തു വിചാരങ്ങളുടെ പാഠഭേദങ്ങൾ നെടുകയും കുറുകെയും നടക്കുന്നു! കാര്യമായ അർത്ഥചിന്തനമൊന്നും കൂടാതെ അവയിൽ ഏറെയും മാഞ്ഞുപോകുന്നു...

ഇന്ന് പുതുചിന്തകളുടെ നടപ്പ് ഉണ്ടാകുന്നുണ്ടോ...? മൌലികമെന്നു വിശേഷിപ്പിക്കാവുന്ന പുതുചിന്തകളും അതിന്റെ പുതിയകാല്പാടുകളും ഇവിടെ പതിയുന്നുണ്ടോ...?  ഇല്ലാതിരിക്കാൻ തരമില്ല..മനുഷ്യൻ ചിന്തിക്കാൻ വിധിക്കപ്പെട്ടവനോ ശപിക്കപ്പെട്ടവനോ ആയിരിക്കുമ്പോൾ..പ്രത്യേകിച്ചും!    ( ചിന്തിക്കാൻ ‘ശപിക്കപ്പെട്ടവൻ’ എന്നതിനേക്കാൾ ‘വിധിക്കപ്പെട്ടവൻ’ എന്നതായിരിക്കും കൂടുതൽ യോഗ്യമായ പ്രയോഗമെന്നു തോന്നുന്നു. കാരണം ശാപാനുഗ്രഹങ്ങൾക്ക് അധികാരമുള്ള അജ്ഞേയമായ ഒരു ‘തസ്തികയെ നമ്മുടെ ചെലവിൽ എന്തിനു പോറ്റണം..! ‘വിധിഎന്നാവുമ്പോൾ എല്ലാവർക്കും നോക്കാനും കാണാനും പറ്റുന്ന ഒരു കണക്കു പുസ്തകമെങ്കിലും..അഥവാ ഒരു നിയമാവലിയെങ്കിലുമുണ്ടല്ലോ..!)

മനുഷ്യൻ എന്ന ഈ ജന്തു ‘മനനം ചെയ്യുന്ന ജന്തു’ ആയതുകൊണ്ടാണല്ലോ മനുഷ്യനാമധാരിയായത്. ആ പേരുപോലും അവൻ അവനെത്തന്നെ മനനവിഷയമാക്കി ഇട്ട പേരാണ്. (  അന്യനെപോലെ മാറിനിന്ന് അവനെത്തന്നെ അടിമുടി നോക്കാനും ഇങ്ങനൊരു പേരിടാനും  ചിന്താകളങ്കമില്ലാത്ത മറ്റു ജന്തുക്കളുടെ ഇടയിൽ നിന്ന് മേനിനടിക്കാനും മേലാത്തതെല്ലാം കാണിച്ചുകൂട്ടാനും മനുഷ്യൻ എന്ന ഈ ജന്തുവല്ലാതെ മറ്റാരു വരാൻ....!) കത്രികയ്ക്കു കത്രിക്കാനേ കഴിയു എന്നപോലെ മനുഷ്യൻ ചിന്തിക്കാൻ-വിചാരിക്കാൻ വിധിക്കപ്പെട്ടവനാണ്. ‘മറ്റൊന്നിനുമുള്ള ‘സ്വാതന്ത്ര്യംഅവനില്ല.അവന്റെ ‘സർവ്വതന്ത്രസ്വതന്ത്രത’ പോലും ചിന്തയുടെ ബന്ധനത്തിലാണ്..! ഉണർന്നാൽ ഉറങ്ങും വരെ ചിന്തയിൽ നിന്ന് അവനു മോചനമേ ഇല്ല.  ഈ യാഥാർ‌ത്ഥ്യം അവൻ വീർപ്പുമുട്ടലോടെ തിരിച്ചറിയുന്നതിന്റെ അടയാളം -മനുഷ്യൻഎന്ന ആ നാമകരണത്തിലുണ്ട്. ഇതേ വീർപ്പുമുട്ടലിൽ നിന്നാവണം പിന്നീട്  വിചാരത്തിന്റെ തന്നെ നിരോധം സ്വേച്ഛയാ സാധിക്കുന്ന ‘ചിത്തവൃത്തി നിരോധത്തിലും മറ്റും എത്തിച്ചേരുന്നത്. ചിന്തയിൽനിന്നുള്ള ‘നിത്യമോചനമാണോ മോക്ഷം...? അതോ ചിന്ത നിലനിൽക്കെത്തന്നെ അതിന്റെ ബാധ ഏൽക്കാതിരിക്കലോ..? എന്തായാലും തെല്ലു പഴക്കമുള്ളതെങ്കിലും ‘നിർവികല്പസമാധിയോളമെത്തിക്കുന്ന അത്തരം ഒരു ‘മോക്ഷോപായം’ ആയിരുന്ന ‘പാതഞ്ജലയോഗം’  ഇന്നത്തെ കമ്പോളവൽകൃതസമൂഹത്തിന്റെ ‘ആരോഗ്യോപായം’ എന്ന നിലയിൽ   ‘ലൌകികസിദ്ധികൾക്കു വേണ്ടിയാണല്ലൊ  കൂടുതൽ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നത്.

അതെന്തുമാകട്ടെ നമ്മൾ പറഞ്ഞുവന്നത് കാല്പാടുകളെപ്പറ്റിയാണ്. അതു വെറും കാൽപ്പാടുകളായാലും ചിന്തയുടെ കാൽപ്പാടുകളായാലും അവ അടയാളങ്ങളാണ്. ഈ അടയാളങ്ങൾ നോക്കിയാണ് ലോകത്തിന്റെ മുഖ്യമായ സഞ്ചാരം. വിശേഷിച്ച് ചിന്തയുടെ പാദമുദ്രകളായ പദങ്ങളെയും സംഖ്യകളെയും കണ്ടും കൊണ്ടുമാണല്ലോ ലോകത്തിന്റെ ധൈഷണിക സഞ്ചാരം.

 ലോകം

ലോകം മാത്രമല്ല ‘ലോകമെന്നപദവും വളരെ കൗതുകകരമാണെന്നു ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കറിയാം. ഭൂമി, വിശ്വം, ജഗത്, തുടങ്ങിയ പദങ്ങളെല്ലാം ഒരേ പ്രതിഭാസത്തിന്റെ  വ്യത്യസ്തങ്ങളായ കർമ്മദൌത്യങ്ങളെയാണു കാണിച്ചുതരുന്നത്. ‘ലോകം’ എന്ന പദം എന്താണു കാട്ടിത്തരുന്നത്..?  ‘ആലോകനം കൊണ്ടുണ്ടാകുന്നതു് ’ --അതാണു ലോകം. ‘ആലോകനമെന്നാൽ നോട്ടം. അപ്പോൾ ‘നോട്ടംകൊണ്ട് ഉണ്ടാകുന്നത് ’ അതാണു ‘ലോകം...! അതു ഭൂമിയോ വിശ്വമോ ജഗത്തോ അല്ല. പദനിഷ്പത്തിപരമായ ഈ അർ‌ത്ഥസൂചന രസകരമായ പലചിന്തകൾക്കും വഴിതുറക്കുന്നു.    (ആ+ലോകനം. ‘ലോകനത്തിലെ ‘ലോക് ’ ഇംഗ്ലീഷിൽ എഴുതിനോക്കുക- - സംസ്കൃതവും ഇംഗ്ലീഷും ഒരു ഗോത്രത്തിൽപ്പെട്ട ഭാഷകളായതിനാലാവാം ഏകദേശം LOOKഎന്നു കിട്ടുന്നതും തെല്ലു കൌതുകകരമാണല്ലോ.! Look(v)=നോക്കുക, തോന്നിക്കുക;   Look (n) =നോട്ടം.)

നോട്ടങ്ങളേതും ‘മനസിജമാണെന്നോർക്കുക. അതായത് മനസിൽ ജനിക്കുന്നത്.  നോക്കിയാൽ കാണും. എന്തു കാണും..? മനസ്സിലുള്ളതു കാണും. അതെ.. മനുഷ്യൻ കാണുന്നതെന്തും മനസിജമായതാണല്ലോ. നോട്ടങ്ങളെല്ലാം മനസ്സിന്റെ നോട്ടെങ്ങളാണെന്നു സാരം.

കണ്ടിട്ടില്ലാത്തതിനെ നോക്കുമ്പോഴൊ?’ എന്നു ചിലരെങ്കിലും’ ചോദിച്ചേക്കാം..! അപ്പോഴും ‘കണ്ടിട്ടില്ലാത്തത് ’ എന്ന് മന്ത്രിക്കുന്നതും അതിനനുസരിച്ചു കാഴ്ചയെ  അനുഭവിപ്പിക്കുന്നതും  മനസ്സാണല്ലോ. അതെ, ഇങ്ങനെ നോട്ടത്തിൽ നിന്ന്  മാനസികമായി ഉണ്ടാകുന്നതാണു ‘ലോകം’ എന്നു വ്യക്തമാകുന്നു .

അങ്ങനെയെങ്കിൽ എത്രയെത്ര നോട്ടങ്ങൾ....! അതിലൊക്കെ എന്തെന്തു ലോകങ്ങള്‍..!! മക്കളുടെനോട്ടത്തിൽ‌ ഒരാള്‍ അച്ഛന്‍. അതേയാള്‍ അയാളുടെ അമ്മയുടെ നോട്ടത്തിൽ‌ മകൻ, ജ്യേഷ്ഠൻ നോക്കുമ്പോൾ അനുജൻ..., ഭാര്യ നോക്കുമ്പോള്‍ ഭര്‍ത്താവു്..! ഇങ്ങനെ ഒരാള്‍തന്നെ വ്യത്യസ്തങ്ങളായ ‘നോട്ടങ്ങളിൽപ്പെടുമ്പോൾ  ദൃഷ്ടിഭേദം അനുസരിച്ച് പലതായി വ്യാഖ്യാനിക്കപ്പെടുകയും അനുഭവിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പംതന്നെ ഇപ്രകാരം നോക്കപ്പെടുന്ന ഇയാൾ ആ നോക്കുന്ന ദൃഷ്ടികളുടെ ഭേദങ്ങള്‍ക്കനുസരിച്ചുണ്ടാകുന്ന അനുഭവങ്ങളുടെ വ്യത്യസ്തലോകങ്ങൾക്കനുകൂലമായി തന്നെത്തന്നെ വ്യാഖ്യാനിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു ! ‘സന്ദർഭാനുസാരി നോട്ടങ്ങൾ’ (contextual glance/ look) തുടങ്ങി ഇനിയും കിടക്കുന്നു നോട്ടങ്ങൾ അനവധി...! ഇതിൽ ഏതെങ്കിലും നോട്ടങ്ങൾ കാട്ടുന്നതല്ലാത്ത ഒരു ലോകവും ഇഹത്തിലും പരത്തിലുമില്ലതന്നെ. ഇങ്ങനെ നോട്ടങ്ങളിൽ നിന്ന് അനുഭവത്തിൽ ഉരുവം കൊള്ളുന്ന പ്രതിഭാസത്തിന്റെ പേരാണു് ‘ലോകം!

 

ജീവിതംഎന്ന ഈ കടങ്കഥയുടെ രസികത

ഇത്രത്തോളമെത്തുമ്പോൾ ആരും ചോദിച്ചു പോകും— “അല്ലാ...!ഈ നോട്ടത്തിനും തൽ‌ഫലമായുണ്ടാകുന്ന ഈ ലോകങ്ങങ്ങൾക്കും പിന്നിൽ ആരാണു ഒളിച്ചിരിക്കുന്നത്..!? അവിടെ ഒളിച്ചിരുന്ന് ഇങ്ങനെ ‘നോക്കുന്നത് ആരാണ്..?  ആരാണ്  നോക്കി നോക്കി ഇക്കണ്ട ലോകങ്ങളൊക്കെ ‘ഉണ്ടാക്കുന്നത്!? ഈ നോട്ടങ്ങളായ നോട്ടങ്ങൾക്കൊക്കെ പിന്നിൽ നിന്ന് ഇതെല്ലാം കാണുന്നത് ആരാണ്..!?  ആ പരമാർത്ഥം  .എന്താണു..!!? അഥവാ  ജീവിതമെന്ന ഈ കെട്ടുകഥ ചമയ്ക്കുന്ന ഇക്കണ്ട  നോട്ടങ്ങള്‍ക്കെല്ലാം ഇരിപ്പിടമായ ആ ‘കണ്ണ് ’ ഏതാണു്-!? അതെ, ഇങ്ങനെ പലരീതിയിൽ ചോദിക്കവുന്ന  ഈ ചോദ്യത്തിനുള്ള ഉത്തരംതേടലാണു് ‘ജീവിതംഎന്ന ഈ കടങ്കഥയുടെ രസികത-! രസകരമായ ആ അന്വേഷണം ബ്രഹ്മാവു മുതൽ അണുജീവിയിൽ വരെ അനവരതം നടന്നുകൊണ്ടുമിരിക്കുന്നു....!

നോട്ടങ്ങള്‍കൊണ്ടു സങ്കീര്‍ണമായിരിക്കുന്ന രസകരമായ ഒരു ചിത്രപ്രശ്നമാണു് നമ്മുടെമുമ്പിലെ  ഈ ലോകവും ജീവിതവുമെങ്കിൽ‌ അതിൽ‌ ഇപ്പറഞ്ഞ ആ ‘കണ്ണിരിക്കുന്ന നമ്മുടെ ആ ‘സ്വന്തം വീട്ടിലെത്താൻ വഴിയറിയാതെ പകച്ചു നില്ക്കുന്ന ഒരു കുഞ്ഞിപ്പൂച്ചയോ കുഞ്ഞാടോ ഉണ്ടു്-നമ്മിൽ ഓരോ വ്യക്തിയിലും...ഇല്ലേ.! അതിനു സ്വന്തം വീട്ടിലെത്താൻ വഴികാണിക്കുക....! നമ്മുടെ ആ ‘സ്വന്തം വീട്’ എവിടെ..? നോട്ടങ്ങള്‍ക്കെല്ലാം ഇരിപ്പിടമായ നമ്മുടെ ആ ‘കണ്ണു് ’  എവിടെ..?!

അതെ.., ഏതു കാലത്തും ജിജ്ഞാസയുണർത്തുന്ന ചോദ്യമാണിത്. എന്നാൽ ഈ ചോദ്യത്തിനുള്ള ശരിയായ  ഉത്തരം ലോകരായ ലോകർക്കു മുഴുവന്നുമറിയാം എന്നതാണു ആശ്ചര്യം...! ‘ആരാണു ഈ നോട്ടങ്ങൾക്കെല്ലാം പിന്നിൽ ‘കണ്ണായി ഒളിച്ചിരിക്കുന്നത് ..?’ എന്ന ഈ ചോദ്യത്തിനു ചിന്താശേഷിയുള്ള ഒരു സരസന്റെ ഉത്തരം ഇങ്ങനെയായി രിക്കും—  “കണ്ടിട്ടില്ലാത്തതുകൊണ്ട് ആളെ നമുക്ക് അത്ര പരിചയം കാണില്ല. പക്ഷേ നിങ്ങൾക്കും ആളിനെ അറിയാം..! ‘ഞാൻ’ എന്നു പറയും !!

ങേ..! ഞാനോ..!?

അതെ...അതു’ ‘നീ തന്നെ’ ‘ആകുന്നു...! നിന്നിലെ ‘ഞാൻ....!

പേരു വിളിക്കാനുള്ളതാണെങ്കിലും ഇന്നേവരെ ‘ഞാനേ...എന്നാരും വിളിച്ചു കേട്ടിട്ടില്ല..!അതുകൊണ്ട് അത് ഒരു ‘പേർ’ അല്ല..! എന്നാലോ.. ‘ആരാ?’ എന്ന് ആരോടു ചോദിച്ചാലും പറയും ‘ഞാനാണെന്ന്...! അങ്ങനെ എവിടെത്തിരഞ്ഞാ‍ലും കിട്ടുന്ന ‘ഞാനാണു ഈ പറഞ്ഞ കക്ഷി..!

“ ങേ..!! അത്ഭുതം തന്നെ....! ‘ഞാൻ’ എവിടെ..?!

“ ദൂരത്തെങ്ങുമല്ലല്ലൊ... . പിന്നെയോ-? തൊട്ടടുത്തു്...! പോരാ..തൊട്ടടുത്തെന്നതിലുമുപരി.. തൊടുകപോലും വേണ്ടാത്ത വിധം അടുത്തു്...! അല്ല....അടുത്ത്’ എന്നതും പോരാ...! ‘തന്നിലെ ‘താനായി.., ‘തന്‍തനിമയായി., നമ്മിലെ നാമായി.. പ്രിയതമമായി.., ‘പരമമെന്ന പ്രേമമായി.., പരമാനന്ദമായി, ‘ഞാനുണ്ട്.. ഞാനുണ്ട്’ എന്ന ആത്മബോധമായി..,അറിവുകളുടെയൊക്കെ ‘അറിവായി.. സദാ സര്‍വ്വരിലും സ്ഫുരിച്ചു വിളങ്ങി സർവ്വർക്കും സർവ്വത്ര സദാസിദ്ധമായിരിക്കുന്നു.!! ഇതുതന്നയാണു് ആ ‘കണ്ണു് ’  അഥവാ  അറിവിന്റെ അറിവായ അറിവ്!  ഇതു തന്നെയാണ്  നിങ്ങളിലെ കുഞ്ഞാടോ കുഞ്ഞിപ്പൂച്ചയോ തേടുന്ന ആ നിങ്ങളുടെ ആ സ്വന്തം ‘കണ്ണിരിക്കുന്ന വീടു്...!

അതുകൊണ്ടുതന്നെ അധികം തപ്പണ്ടാ... കാണാൻ കിട്ടുകയേയില്ല...!! കാരണം ആർക്കും ‘ഞാൻആയിരിക്കാനേ പറ്റൂ  എന്നതു തന്നെ. ‘ഞാൻ’ ആയിരിക്കുക  എന്നാൽ  തന്നെ ഒഴിച്ച് എല്ലാം കാണുന്ന കണ്ണായിരിക്കുക എന്നാണ്.  ‘ഞാൻ’ ‘ആയിരിക്കവെതന്നെ ഞാനിനെ ആര്  എന്ന് എവിടെ കണ്ടിരിക്കുന്നു..!? ഇല്ല...

ആരും കണ്ടിട്ടില്ലാ..!  ഞാൻ’ എന്ന കക്ഷിയെ കാണാനേ കിട്ടില്ലാ..! പിന്നെയോ ‘ഞാൻ’ ആയിരിക്കാനേ പറ്റൂ....!! ഇവിടെ നമ്മൾ ആ ലോകരഹസ്യം അറിയുന്നു. എന്തെന്നോ....ഞാൻ’ ആയിരുന്നുകൊണ്ട് നാം കാണുന്നതെല്ലാം ഞാനിനെ മാത്രം...!!കാണുന്നതും ഞാൻ   കാണപ്പെടുന്നതും ഞാൻ...!! പക്ഷേ..കലാ-രസഭ്രമത്താൽ നാം അത് അറിയുന്നതേയില്ല..!! മാത്രമല്ല.. ഇതേ കലാ-രസഭ്രമത്താൽ  നാം ഞാനല്ലാത്ത മറ്റൊന്നിനെ കാണുകയും ചെയ്യുന്നു.....!! ആര്..? ജന്മത്തിന്റെ ടിക്കറ്റെടുത്ത് ജീവിതനാടകം കാണാൻ..അതിന്റെ ഭാഗമാകാൻ... ലോകവേദിയിൽ കയറി സീറ്റു പിടിച്ചിരിക്കുന്ന നമ്മൾ...!!

ഹോ..! ‘ലോകത്തിന്റെ രഹസ്യമിരിക്കുന്നതു് ഇത്ര അടുത്തോ..! ദൈവമേ..! അതും നമ്മുടെ  വെറും ഒരു നോട്ടത്തിനു പിന്നിൽ..!.ഇതു് രസകരമായ ഒരു ആശ്ചര്യം തന്നെയാണല്ലോ...! അതെ... പരമ സത്യംതേടി നാം എത്താത്തിടത്തൊക്കെ  പരതും....പക്ഷേ  അതു് എപ്പോഴും നമ്മുടെ തൊട്ടടുത്തു തന്നെയായിരുന്നാലോ!  അതുമല്ല  അതു നമ്മിൽത്തന്നെയാണെന്നും ..എന്നല്ല   അത്  നാം തന്നെയാണെന്നും വന്നാലോ..!! എങ്കിൽ... നോട്ടങ്ങള്‍കൊണ്ടു ചമയ്ക്കുന്ന ഈ ലോകത്തു് മറ്റൊരു നൂറായിരം ഉപനോട്ടങ്ങള്‍കൊണ്ടു നാം തന്നെ വിടര്‍ത്തിയെടുക്കുന്നതാണ് ഈ ജീവിതാനുഭവങ്ങളെന്ന് ആര്‍ക്കും പിടികിട്ടാൻ തുടങ്ങും..!

ഓരോ  മനുഷ്യന്റെയും മുന്നിലുള്ള ഈ ‘ജീവിത കടംങ്കഥയുടെ ഉത്തരം തേടി ഉടനീളം ഉഴലുമ്പോൾ ഒടുവിൽ  ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദിക്കിൽ നിന്ന് ഇങ്ങനെ ഒരു  ഉത്തരം കിട്ടുമ്പോൾ  ഉണ്ടാകുന്ന അനന്തമായ ആ പൊട്ടിച്ചിരിയുണ്ടല്ലോ...അതാണു ജീവിതസാരമായ ‘രസം...! ഉപനിഷത്ത് പറയും ‘രസോ വൈ സഃ .’ ഉടലാർന്നതിനൊക്കെ ശ്വസനപ്രേരണയായി..ഹൃദയോത്സാഹമായി ഉള്ളിലിരിക്കുന്നത് ഈ ‘രസമാകുന്നു.

 

 ഞാനും  ഈ ഞാനും

 മുൻപറഞ്ഞ ‘നോട്ടങ്ങളിലെയ്ക്കു തന്നെ നമുക്ക് തിരിച്ചു വരാം. ‘നോട്ടങ്ങളിൽ പലതിനും പേരിലും രൂപത്തിലും ചില സമാനതകളൊക്കെ തോന്നാമെങ്കിലും ഭാവത്തില്‍ അവയെല്ലാം പ്രതിജനഭിന്നവും പ്രതിക്ഷണപരിണാമിയുമാണു്.              ഓരോ ആളിന്റെയും നോട്ടം വ്യത്യസ്തം, ലോകം വ്യത്യസ്തം. ഒരാളിന്റെ തന്നെ ഒരേ വിഷയത്തിന്റെ നേര്‍ക്കുള്ള നോട്ടത്തിനും സദാ മാറ്റമുണ്ടാകുന്നു, അങ്ങനെ അയാളുടെ തദ്വിഷയകമായ ലോകാനുഭവത്തിനും സദാ മാറ്റമുണ്ടാകുന്നു. നോട്ടങ്ങളുടെ ഈ മാറ്റങ്ങളാണല്ലോ ലോകത്തെ മാറ്റുന്നതിനും ലോകാനുഭവങ്ങളുടെ മാറ്റങ്ങള്‍ക്കും നിയാമകമാകുന്നതു്. ലോകവും അതിലെ മാറ്റങ്ങളും ‘നോട്ടങ്ങൾക്കു കിട്ടുന്ന ഭ്രമക്കാഴ്ചകളും പ്രതീതികളും’  മാത്രമാണെന്നു സാരം. ജീവിതം മൈനസ്(-) നോട്ടങ്ങള്‍ സമം(=) പൂജ്യം(0) എന്നൊരു സമവാക്യംപോലും ആകാമെന്നുതോന്നുന്നു.....! ചുരുക്കത്തില്‍ നോട്ടങ്ങളുടെ സമാഹാരമായ ജീവിതം ശുദ്ധമേസങ്കല്പഭരിതം....! നേരേ അങ്ങു പറഞ്ഞാൽ‌ ‘ഒരു കെട്ടുകഥ-!

നോട്ടങ്ങള്‍ക്കെല്ലാം ഇരിപ്പിടവും താനല്ലാത്ത മറ്റൊന്നിനെ  നോക്കാനില്ലാത്തതിനാൽ രണ്ടാമതൊന്നില്ലാത്തതുമായ ആ ‘കണ്ണ്’ തന്നെത്തന്നെ നോക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന അപൂർണ്ണതയാൽ പ്രതീയമാനമാകുന്നതാണ് കലാഭ്രമരൂപേണ ഈ കാണുന്നതൊക്കെയും..!അക്കൂട്ടത്തിൽ പ്രതീയമാനമായി കാണുന്ന വെറുമൊരു ഭ്രമക്കാഴ്ചമാത്രമാണു നാമെന്നു നാം കരുതുന്ന നമ്മുടെ ഈ വ്യക്തിത്വവും..! അഥവാ ‘എന്റെ’ എന്നു ചേര്‍ത്തു നമുക്കു പറയാന്‍കഴിയുന്നതെന്തും ആ കണ്ണിന്റെ നോട്ടത്തിൽ വടിവാര്‍ന്നുവരുന്ന വെറും പ്രതീതികള്‍മാത്രം. ‘ഞാൻ’ , ‘എന്റെ!! അതില്‍ ‘ഞാൻ’ സര്‍വ്വാധാരമായ കണ്ണു്-!!-!!( ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം‌ - സാധാരണ ഒരാൾ ‘ഞാൻഎന്ന് സ്വന്തം നെഞ്ചത്തടിച്ചുകൊണ്ട് പറയുമ്പോൾ അയാൾ ഉദ്ദേശിക്കുന്നത് താനെന്ന ശരീരോപാധിയോടുകൂടിയ ‘വ്യക്തിയെയാണ്. കടലിൽ നിന്നു കരയിലേയ്ക്കു  ഉയർന്നു വരുന്ന ഒരു ജലച്ചുരുളിനെ ജലമെന്നു വിളിക്കാതെ  ജലത്തിന്റെ ആ വടിവിനെ ഉദ്ദേശിച്ച് ‘തിര’ എന്നു വിളിക്കുമ്പോലെയാണ് ആ വിളി. എന്നാൽ അങ്ങനെ വിളിക്കുമ്പോഴും അതു സത്യത്തിൽ ജലം തന്നെയായിരിക്കുന്നതു പോലെയാണു  ‘ഞാനും.     ഒരാൾ ‘ഈ ഞാൻ’ എന്നു പറയുമ്പോൾ അയാളുടെ കാല-ദേശ ബദ്ധമായ ശരീരോപാധിളോടുകൂടിയിരിക്കുന്ന പ്രതിഭാസമാത്ര മായ ‘അഹങ്കാരപരമായ ‘വ്യക്തതയെയാണു ഉദ്ദേശിക്കുന്നത്. എങ്കിലും   നിരുപാധികമായ ബോധത്തെ ലക്ഷ്യമാക്കിയുള്ള ജ്ഞാനപദത്തിന്റെ തൽഭവമായ ഞാൻതന്നെയാണ് അവിടെയും ആധാരസത്യമായിരിക്കുന്നത്.

ഞാൻ എന്നതിനോട് വാസ്തവത്തിൽ ഒരു വിഭക്തിപ്രത്യയവും ചേരുന്നില്ല എന്ന സൂക്ഷ്മസ്ഥിതി തിരിച്ചറിഞ്ഞാൽ ഈ സത്യം വെളിവാകും. ‘ഞാനിൽ ‘ഞന്റേത്.. ‘ഞാനോട്’ ‘ഞാനിനെ’ എന്നൊന്നും പ്രയോഗമില്ലല്ലോ. ‘അഹം’ എന്ന ‘ഞാൻ’ പദത്തോടു വിഭക്തി ചേരില്ല. ( ‘നിർദ്ദേശികാവിഭക്തിയെന്നു  വിഭക്തിക്കാർ പറയുന്നതിന്റെ സാധുത്വം വ്യാകരണപ്രകരണത്തിൽ മാത്രമാണെന്നു കാണുക.) ‘എൻ’ എന്ന അഹംങ്കാരത്തിനെ വിഭക്തി ചേരൂ. ഇനി ഈ ‘എന്റെഎന്നതോ-? അതു മുൻ പറഞ്ഞ കണ്ണിന്‍റെ നോട്ടത്തിൽ വിടരുന്ന വെറുമൊരു മായക്കാഴ്ചമാത്രം..!

ചുരുക്കത്തിൽ നാമൊക്കെ സദാ അറിഞ്ഞുകൊണ്ടിരിക്കുന്ന ‘ഞാൻ ഉണ്ട് ’ എന്ന കാലാതീതമായ ഉണ്മ  ഇനി എവിടെയും അന്വേഷിച്ചുപോകേണ്ടാത്ത വിധം നാമായിത്തന്നെ പൂർ‌ണ്ണമായിരിക്കുന്നു എന്നതാണു ഇപ്പറഞ്ഞതിലെ ‘പരമാര്‍ത്ഥം. പക്ഷേ ‘യാഥാര്‍ത്ഥ്യമോ? മായക്കാഴ്ചയായ ‘എന്റെ’ എന്ന ‘വ്യക്തിത്വത്തില്‍പ്പെട്ടുനില്ക്കുന്ന നാം നമ്മിലെ ആ ‘ഞാൻഎവിടെന്നു നോക്കിയാൽ അന്തമില്ലാത്ത അകലത്തിൽ കാണാതായിപ്പോകുന്നു. ഇങ്ങനെയാണു് ‘എന്റെ’  എന്ന ‘ജീവിതം’ ചിത്രപ്രശ്നമോ പ്രഹേളികയോ  ആകുന്നതു്.

ഇങ്ങനെ, ‘ഉണ്ടു് ’ എന്നു നമുക്കു തീര്‍ച്ചയുള്ളതും അതേസമയം എവിടെയൊക്കെ എങ്ങനെയെല്ലാം നോക്കിയിട്ടും ‘കാണാന്‍കിട്ടാത്തതുമായ നമ്മുടെയൊക്കെ അത്യന്തം പ്രിയപ്പെട്ട ആ ‘ഞാൻഎന്ന പരമമായ മൂല്യത്തെയാണു് ജീവിതമെന്ന ഈ  ചിത്രപ്രശ്നത്തിൽ നാമൊക്കെ ‘കാണാനായി തേടിനടക്കുന്നതു്..!

ഏതു ചിത്രപ്രശ്നത്തിലുമെന്നപൊലെ ജീവിതമെന്ന ഈ  ‘ചിത്രപ്രശ്നത്തി ലേയ്ക്കു  നോക്കിയാലും കാണാം ധാരാളം ‘വഴികള്‍..!  അതു കുറച്ചു കൂടുതലുണ്ടു താനും..! ആ വഴികളിലൂടൊക്കെ നാം പായുകയാണ്... സകലലോകത്തിന്റെയും കണ്ണിനു കണ്ണായ ആ കണ്ണു തേടി..ആ കണ്ണെന്ന ‘സ്വന്തം വീടു’ തേടി.! അതെ ‘അതു താൻ തന്നെ’ എന്നറിയാതെ...തേടിത്തേടി പായുകയാണ്...! വഴികളുടെ അറ്റങ്ങളിൽ ചെല്ലുമ്പോൾ നാം അറിയുന്നു...  എല്ലാം ഭ്രമിപ്പിക്കുന്ന വഴികളെന്ന്-!! അതല്ലേ കളിയുടെ രസം..! ജീവിതമെന്ന ഈ ‘ചിത്രപ്രശ്നം’ ചിന്തിക്കുന്നവര്‍ക്കു രസകരം. കടങ്കഥയാണെന്ന സത്യം മറക്കുന്നവര്‍ക്കു ദുഃഖകരം. നമുക്കു ചിന്തയുടെ വഴിയേ പ്രാപ്തിക്കനുസരിച്ചു് ഇത്തിരിയിടയൊന്നു പോയിനോക്കിയാലോ....

---0---


അടയാളങ്ങൾ 3-ൽ തുടരുന്നു 

ലോകം സദാ മാറി മറിയുന്ന അനന്തമാനങ്ങളുള്ള വിചിത്ര വടിവ്


( അടയാളങ്ങൾ 3-ലേയ്ക്കുള്ള ലിങ്ക്  )

 

 

അഭിപ്രായങ്ങളൊന്നുമില്ല: