കത്തിവേഷംതകർ-
ത്തെത്തീ പകൽ തന്റെ
അഗ്നികിരീടമിളക്കീ
പ്രതീചിയിൽ…
കച്ചകളോരോന്നഴി-
ച്ചഴിച്ചാ സാന്ധ്യ-
ചക്രവാളത്തിൽ
വിരിച്ചിട്ടു വാസരം…!
ചുട്ടികുത്തിച്ചമ-
ഞ്ഞന്തിനക്ഷത്രമാ-
മുത്തരീയത്തുമ്പു-
യർത്തി മുഖംനോക്കി
നിൽക്കുന്നണിയറ-
ത്തിണ്ണയിൽ രാവിന്റെ-
പച്ച..... അടുത്ത
കഥയിലെ നായകൻ..!
ആട്ടച്ചമയങ്ങൾ
കാണുവാൻ വിണ്ണിന്റെ
ഊട്ടുപുരക്കോണി
ലിന്നു ഞാൻ നിൽക്കവേ
കേട്ടൂ മനസ്സിന്റെ
നാലമ്പലങ്ങളിൽ
മാറ്റൊലിക്കൊള്ളും
പുരാസാന്ധ്യകേളികൾ.
ഏതാണരങ്ങെ-
ന്നറിഞ്ഞില്ല….., ആടുന്ന-
തേതുകഥയോ
പറഞ്ഞില്ല….! മുദ്രകൾ
പാടേമറന്നൊരീ
മൗനത്തെ ഈ സാന്ധ്യ-
മൂകതയേതോ
മുഖച്ചുട്ടികുത്തുന്നു...!!
ആ
മുഖത്തേക്കുറ്റു
നോക്കീ നിമേഷിച്ചു
ശീലമില്ലാത്ത
മനക്കണ്ണുകൊണ്ടു ഞാൻ.
ഞാനെന്നുമെന്നെ-
യൊളിച്ചുപോയ്
മഞ്ഞളും
നൂറും
നിവേദി-
ച്ചിരുത്തും വിഷാദങ്ങൾ.....!!
കാലം കഥകളി-
ക്കച്ചഞൊറിഞ്ഞിട്ട
സായന്തനങ്ങളിൽ
ദേവാങ്കണങ്ങളിൽ
മാനസം പണ്ടു
മനയോലചാലിച്ചു
ചൂടിച്ചൊരുക്കിയ
മൂകസ്വപ്നങ്ങളേ-!
നിങ്ങളെയിന്നു
ഞാൻ
കണ്ടു നഭസ്സിന്റെ
കണ്ഠഹാരത്തിലെ
കല്ല്യാണദീപ്തിയായ്....!
-മധു,മുട്ടം
2 അഭിപ്രായങ്ങൾ:
Very conventional style of verse ...Best wishes
Sri. Ravi Saroj Gopal...Thanks for the visit & comment. Best wishes.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ