എത്തിയേൻ മായേ നിന്റെ
നടക്കൽ..വേദാന്തം വ-
ന്നെത്തി മൂർച്ഛിക്കാറുള്ള
രഥ്യാമണ്ഡപം തന്നിൽ…..!
--ഉത്തുംഗതാരാപഥ-
പ്പരപ്പിൽ ദുരൂഹത
പത്തിനീർത്താടും നീല
നിശ്ശബ്ദവിഹായസ്സും...
തൊട്ടുതൊട്ടെല്ലാമസ്ഥി-
മാടമായ് മാറ്റും കാല-
കല്പന നിഗൂഢമായ്
പതുങ്ങും ഹൃദന്തവും...
ബ്രഹ്മകല്പങ്ങൾ
ഹോമ-
കുണ്ഡങ്ങൾ ജ്വലിപ്പിക്കെ
ജന്മങ്ങൾ പരാർദ്ധം
ഞാൻ
ഹവിസ്സായർപ്പിച്ചിട്ടു-
മിന്നുമീയസ്തിത്വത്തിൻ
കാവിലെത്തിറയ്ക്കുള്ളിൽ
വന്നെന്നെ വിറപ്പിച്ച
ഞാനും--- എൻ പ്രജ്ഞയ്ക്കുള്ളിൽ
നിത്യവും
കണ്ണാമ്പൊത്തി
കളിക്കെത്തളർന്നു മ-
ച്ചിത്തവും ചിറകുള്ള
ചിന്തയും ചേക്കേറുന്ന
പൊത്തിതിൽ--വന്നേൻ
നിത്യ-
സത്യമേ നിന്നെത്തേടി
ഭക്തനാമെന്നെത്തന്നെ
നേദിക്കാനില്ലാതകാൻ.
അഷ്ടതാരിണീ--! ദേവീ--!
ത്വൽപ്പദം
തേടിക്കോടി
നക്ഷത്രമായി
ക്ഷീര-
പഥത്തിലലഞ്ഞു ഞാൻ
ദുഷ്ടനായ്…, കൃതഘ്നനായ്..,
ശിഷ്ടനായ്..,നിശ്ചേഷ്ടനായ്
മൃഷ്ടമായ്
പിന്നെക്കോടി
ജന്മങ്ങൾ നിന്നെത്തേടി....!!
എന്നിൽനിന്നെന്നോളമു-
ള്ളീവഴിക്കനന്തത-
യൊന്നൊന്നായുരിഞ്ഞിട്ട
പടങ്ങൾ പാറീടുന്നു....!!
എത്രയോ മഹാകല്പം
വറ്റിയീപ്രപഞ്ചത്തിൽ...
എത്രയോ രൂപം
പേറി
ത്തളർന്നേൻ...!! ഇന്നും ദേവീ-!
ബന്ധനങ്ങളെത്തെറ്റി-
ദ്ധരിച്ചാ
പ്രമ്ലോചയ്ക്കു
ബിന്ദുവാസരക്കുളി-
രേകുന്നു
നിരന്തരം...!
ജുടക സഹസ്രങ്ങൾ
കൊഴിഞ്ഞൂ......! ഇന്നോ മുഖ-
മ്മൂടികൾ ചൂടിച്ചൂടി
എന്നെ ഞാൻ മറന്നേപോയ്.....!
അങ്കുശങ്ങളെത്തെറ്റി-
ദ്ധരിച്ചു
തൂവൽത്തുമ്പാൽ
ശങ്കിയാതയേ ബത-!
ചാർത്തി ഞാൻ വിരാമമായ്…!
പുരളേ-! നീയല്ലാതെ
പൂർണ്ണമാം ബിന്ദു വേറെ
വിരിയും സങ്കല്പങ്ങൾ
കരിയായെന്നേയുള്ളിൽ.
ബ്രഹ്മബിന്ദുക്കൾകൊണ്ടീ
മണ്ണിൽ ഞാനൊഴുക്കിയ
ബ്രഹ്മപുത്രകൾ നിന്റെ
തൃക്കഴൽ തേടുന്നിന്നും…
യുഗങ്ങൾ അവഭൃഥ-
സ്നാനം
ചെയ്തിന്നും മമ
ഹൃദന്തേ
പുനർജ്ജനി-
ക്കൂഴം കാത്തിരിക്കുന്നു…!
ഇക്കണ്ട
ചരാചര-
സഞ്ചയങ്ങളിലെന്റെ-
യുഗ്രമാം തപസ്സല്ലോ
തുടരുന്നനുസ്യുതം...
നേരമായില്ലേയിന്നും
കാരണീ-! സനാതന
തീരമേ-!അടഞ്ഞ നിൻ
തൃക്കാപ്പു
തുറക്കുവാൻ…?
വേണ്ടെനിക്കിനി
മൂന്നു
പുരങ്ങൾ…അമ്മേ-! ഒന്നു
ചൂണ്ടിയാൽ കരിഞ്ഞുപോം
വരങ്ങൾ… നാഗാസ്ത്രങ്ങൾ..
വേണ്ടല്ലോ
ചിരംവാഴാനമൃതം...!
എനിക്കിനിവേണ്ടതോ.അമ്മേ-!?
ഒരു പൂർണ്ണമാം വിരാമമാം.
--മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ