ഒറ്റയ്ക്ക്…..!?
നിന്റെ ഒപ്പമുണ്ടായിരുന്നവരെല്ലാം മടങ്ങിപ്പോയല്ലോ…!
ഞങ്ങൾ ഈ വാക്കുകൾ--നിന്നോ ടു പലതവണ പറഞ്ഞില്ലേ തിരിച്ചുപോകാൻ-!
പിന്നെയും നീ മാത്രം എന്തിനിങ്ങനെ പിന്നാലെ വരുന്നു ….!?
നോക്കൂ! ഈ വാക്കുകൾക്കു പിറകെ വന്നു നീ ഇപ്പോൾ വഴിയേറെപ്പിന്നിട്ടിരിക്കുന്നു!
കണ്ടില്ലേ-! ഇനിയങ്ങോട്ടു നീ കണ്ടിട്ടില്ലാത്ത വനസ്ഥലികളും വിജനതയുടെ ശൈലസാനുക്കളുമാണ്….!
മടങ്ങൂ…!
അകലെ നിന്റെ ആ ബന്ധുഗ്രാമത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ…!
നിനക്കൊപ്പം ഞങ്ങളുടെ പാട്ടുംപറച്ചിലും കേട്ടു പിന്നാലെവന്നവർ അതാ ആ താഴ്വരയിൽ ആട്ടവുംപാട്ടുംനടക്കുന്ന വഴിയോരസത്രത്തിലെ നൃത്തശാലയിലുണ്ടാകും. ഇപ്പോൾ മടങ്ങിയാൽ നിനക്കു സന്ധ്യയ്ക്കുമുമ്പ് ആ സത്രത്തിലെത്താം നൃത്തശാലയിൽ അവർക്കൊപ്പം രുചിയുള്ള മാംസഭോജ്യങ്ങൾ വിളമ്പുന്ന അത്താഴവും കഴിച്ചു നൃത്തോത്സവവും
കണ്ടു പുലർച്ചെ നിനക്കു ഗ്രാമത്തിലേക്കു മടങ്ങാം- വേഗം തിരിച്ചുപൊയ്ക്കൊള്ളു…!
അതാ.... സായാഹ്നത്തിന്റെ പിത്തളവർണ്ണം..!
ഇരുട്ടും മുമ്പ് ഞങ്ങൾക്കു
സ്വാദ്ധ്യായക്കാരുടെ കുടിലുകളിലെ തിരിവെട്ടത്തെത്തണം…!
കുട്ടീ….. നീ പോകുക…. ! വേഗം മടങ്ങിക്കൊള്ളൂ…
2
ഹാവൂ….
സ്വാദ്ധ്യയക്കാർക്കൊപ്പം
കഴിഞ്ഞ രാത്രി നാം ഏറെ സഞ്ചരിച്ചിരിക്കുന്നല്ലോ കൂട്ടരേ…!
വഴിക്ക് എവിടെയൊക്കെയോവച്ചു പലരും പിരിഞ്ഞിരിക്കുന്നു….
നമ്മുടെയും
സ്വാദ്ധ്യായക്കാരുടെയും എണ്ണം ഏറെ കുറഞ്ഞുപോയിരിക്കുന്നു…!
കിഴക്കു വെള്ളകീറുന്ന ഈ അരണ്ടവെളിച്ചത്തിൽ…ഇതാ കണ്ടാലും…….
നാം എണ്ണം കുറഞ്ഞു
മന്ത്രങ്ങളായിരിക്കുന്നു…!!
3
അതാ…! നോക്കൂ……!
പ്രാത:സന്ധ്യാപാഠം കഴിഞ്ഞ താപസാശ്രമത്തിലെ നേർത്ത
ഹോമധൂമം പോലെ കാണുന്ന ഈ മഞ്ഞിൽ ആരാണു പിന്നാലെ വരുന്നത്…..!!
എന്ത്--!!
ഇനിയും നീ നിന്റെ
ബന്ധുഗ്രാമത്തിലേക്കു മടങ്ങിയില്ലെന്നോ കുട്ടീ--!!?
ഈ കഴിഞ്ഞരാത്രിയിലും….നീ ഇത്രദൂരം ഞങ്ങളെ പിന്തുടർന്നുവെന്നോ--!!
എവിടേക്കാണു നീ ഈ
മന്ത്രാക്ഷരങ്ങളെ പിന്തുടർന്നെത്തുന്നതെന്നു കാണുന്നുണ്ടോ---!
മുന്നിലേക്കു നോക്കുക….!
എങ്ങും അന്തമില്ലാത്ത ഏകാന്തതയാണ്………!!
ഒറ്റബന്ധുവും
നിനക്കവിടെയുണ്ടാവില്ല……!
ഏകാന്തതയുടെ ആ ഏകാർണ്ണവത്തിൽ മാറ്റൊലികൾപോലും നിനക്കുകൂട്ടിനുണ്ടാവില്ലാ…..!
സത്യത്തിന്റെ സ്വന്തം കള്ളങ്ങളായ
ഞങ്ങളെത്തന്നെ നോക്കൂ-----
ഞങ്ങളുടെ ആരവങ്ങൾ നിലച്ച്…… എണ്ണത്തിൽ മെലിഞ്ഞ്….. ഞങ്ങൾ ഇതാ ഇപ്പോൾത്തന്നെ ബീജാക്ഷരപ്രമാണമായിരിക്കുന്നു--!!
കേൾക്കുക കുട്ടീ-- ഇപ്പോഴും നിനക്കു നിന്റെ ബന്ധുഗ്രാമത്തിലേക്കു മടങ്ങാം…!
പോകൂ…….
പോകുക….. ഇവിടെവച്ചു നീ മടങ്ങിപ്പോകുക….!
അതാ…. മുന്നിൽ അകലെ….മൗനത്തിന്റെ ആ മഹാഗോപുരവാതിൽ……!!
ഞങ്ങൾ- ഈ **വൈഖരീ-മധ്യമാശരീരികൾ……ആ
നടയിലലിയും……
നിനക്കു വഴികാട്ടാൻ- സ്ഥല-കാലങ്ങൾക്കു ഗതിയില്ലാത്ത ആ
ഗോപുരവാതിലിനപ്പുറമെത്താൻ--- ഞങ്ങളുടെ ഈ ഉടലിനോ ചിന്തക്കോ ആവില്ല….! ഉണർവിന്റെ നടയിൽ പൊൻകിനാവുകൾക്കും മായാനല്ലേ കഴിയൂ…..! പിന്നെന്തിനു ദിഗന്തങ്ങളോടു ചോദ്യങ്ങൾ ചോദിച്ച് ഉത്തരം
തേടുന്ന നീ ഞങ്ങൾക്കു പിന്നാലെ വരുന്നു--!? ജനപദതല്ലജങ്ങളിലെ വിദ്വൽസദസ്സുകളി ലെവിടെയും അലഭ്യങ്ങളായ എത്രയെത്ര
ഉപജ്ഞാരത്നങ്ങളാണ് ഒരു ഗുരുകടാക്ഷത്തിനും പാകപാത്രമാകാത്ത നീ ഞങ്ങൾക്കു പിന്നാലെനടന്നു
സഞ്ചയിച്ചത്--!!
മതി-!
ഇനി ഈ അമൂല്യഭാണ്ഡവുമായി നീ സ്ഥല-കാലങ്ങൾ മുടിചൂടുന്നിടത്തേക്കുതന്നെ മടങ്ങൂ…….! അവിടെ രാജധാനികളെ
ആശ്ചര്യപ്പെടുത്തി സൂര്യമണിപോലെ ശോഭിക്കൂ….! പോകൂ---
4
ഇതാ…കാലത്തിന്റെ
ഈ അറ്റത്ത്…. നാം ഇപ്പോൾ മൂന്നു മാത്രകൾ മാത്രം ശേഷിച്ചിരിക്കുന്നു കൂട്ടരേ…!! മുന്നിൽ അനന്തമായ ആ അമാത്രയും…….! പിന്നിൽ….
ങേ….!! എന്താണിത്…..! എന്താണിത്….!! നോക്കൂ--!
ആശ്ചര്യം--!! പിന്നെയും ഇവൻ…..മുന്നോട്ടുതന്നെ വരുന്നുവല്ലോ…..!!
ഇവൻ….ഇപ്പോൾ കേവലം ശ്രദ്ധയുടെ കനലായിരിക്കുന്നു--!!
നാം സത്യത്തിന്റെ
ശുദ്ധകലകളാണെന്നു ഇവന്റെ ഈ ശ്രദ്ധയ്ക്കുമുന്നിൽ വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു-!! അങ്ങനെ ഇവനിൽ
നമ്മുടെ ദൗത്യം തീരുകയാണ്-!!
പൈതൃകമായ വാക്കിൽ
നേരുനിറയ്ക്കാൻ മിണ്ടാപ്രാണികൾക്കൊപ്പം വീടുവിട്ട ഇവന്റെ ഉള്ളിലെ വാക്കും
ശമിച്ചിരിക്കുന്നു-!!
ഇവന്റെ ശ്രദ്ധയാണല്ലോ നമ്മെ പ്രണവമാത്രകളാക്കി ഒടുവിൽ അമാത്രയുടെ ഈ മഹാമൗനഗോപുരനടയോളമെത്തിച്ചത്--! ഇനി ഇവന്റെ ശ്രദ്ധയിലൂടെ നമുക്കും ഈ മഹാമൗനത്തിലേക്ക് സുഖമായി നീങ്ങാം….
ഇവന്റെ ശ്രദ്ധയാണല്ലോ നമ്മെ പ്രണവമാത്രകളാക്കി ഒടുവിൽ അമാത്രയുടെ ഈ മഹാമൗനഗോപുരനടയോളമെത്തിച്ചത്--! ഇനി ഇവന്റെ ശ്രദ്ധയിലൂടെ നമുക്കും ഈ മഹാമൗനത്തിലേക്ക് സുഖമായി നീങ്ങാം….
ഇവനിൽ ശമിച്ച വാക്ക്… നാദാന്തമായി…..യമനായി.. ഇവനെ കരുണയോടെ കാത്തിരിക്കുന്ന ഈ അമൃതനടയിൽ…നമുക്കും മൃദുവായി..മൃദുവായി..അലിയാം…….
💗
----------------------------------------------------------
* സർവ്വസ്വവും ദാനം ചെയ്യേണ്ട ‘വിശ്വജിത്’ എന്ന യാഗം നടത്തുന്ന അച്ഛൻ ശാസ്ത്രവിധിയെ അവഗണിച്ച് ദക്ഷിണയായി വെറും
ചടങ്ങിനെന്നവണ്ണം കറവവറ്റി ചാകാറായ പശുക്കളെയാണു ഋത്വിക്കുകൾക്കു ദാനം ചെയ്യുന്നത്
എന്നു കണ്ട് മകൻ ബാലനായ നചികേതസ്സ് പിതാവിനു ദോഷമുണ്ടാകുന്ന ആ ചെയ്തിയെ തിരുത്താ
നെന്നവണ്ണം “അച്ഛാ.. എന്നെ
ആർക്കാണു കൊടുക്കുന്നത്...?” എന്ന് ആവർത്തിച്ചു ചോദിക്കുന്നതു കേട്ടു കുപിതനായി പിതാവു പറഞ്ഞു “ നിന്നെ ഞാൻ
യമന്നാണു കോടുക്കുന്നതു” എന്ന്.അച്ഛന്റെ വാക്കു നിറവേറാൻ യമലോകത്തെ
ലക്ഷ്യംവച്ച് ശ്രദ്ധയോടെ സഞ്ചരിച്ചു ഉടലോടെ കാലപുരിയിലെത്തി യമനോട് മൃത്യുരഹസ്യം
ധരിച്ചവൻ നചികേതസ്സ്.(കഠം)
**.പരാ-പശ്യന്തി-മദ്ധ്യമാ-വൈഖരികൾ =ശബ്ദത്തിന്റെ 4 പ്രകാരങ്ങൾ.ഇതിനെ
വാക്കിനോടു സംബന്ധപ്പെടുത്തി
സാമാന്യമായി പറഞ്ഞാൽ വാക്കിന്റെ
കാതുകൊണ്ട് കേൾക്കുന്ന ശാബ്ദിക തലമാണ് ‘വൈഖരി‘. ഉള്ളിൽ അർത്ഥദ്യോതനം തുടങ്ങുന്ന മാനമാണു ‘മദ്ധ്യമ‘.
ബുദ്ധ്യഹങ്കാരങ്ങൾക്കു കാണാവുന്ന ആശയരൂപത്തിൽ എത്തുമ്പോൾ ‘പശ്യന്തി‘. ആത്മസമക്ഷം ഭാവസമർപ്പണംനടത്തി
പ്രലയിക്കുമ്പോൾ ‘പരാ‘.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ