link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: അടയാളങ്ങൾ-3

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2021, ജൂലൈ 9, വെള്ളിയാഴ്‌ച

അടയാളങ്ങൾ-3

 


                                                        മധു,മുട്ടം

അടയാളങ്ങൾ-3

 

   

നോട്ടങ്ങള്‍ക്കു മുമ്പിൽ എപ്പോഴുമുണ്ടാകുന്നതു് കാഴ്ചകളാണെന്നു നമുക്കറിയാം. കാഴ്ചകളോ രൂപമുള്ളവയാണു്. രൂപമുള്ളവയ്ക്കെല്ലാം വടിവുകളുണ്ടു്. കാഴ്ചകളുടെ സമുച്ചയമായ ലോകം മുഴുവനും വടിവുകളുടേതാണു്. കാഴ്ചകളുടെ നീക്കുപോക്കില്ലാത്ത വ്യവസ്ഥയാണതു്. എനിക്കു് എന്നെ കാണാൻ ശരീരമെന്ന ഈ വടിവുവേണം.  ഈ വടിവുകള്‍ അലക്ഷ്യമായ കുറേ കുത്തിവരകളല്ല, സലക്ഷ്യമായ അടയാളങ്ങളാണു്. നമ്മുടെ മസ്തിഷ്കത്തിലെ രാസവിദ്യകളുണര്‍ത്തുന്ന അനുഭൂതികളെ കാണാനും തൊടാനുമായി നോട്ടത്തിനു കിട്ടുന്ന ടോക്കണുകള്‍ അഥവാ അടയാളങ്ങള്‍ ആണു് അവ. പുറമേ ഉണ്ടെന്നു കാണുന്ന അച്ഛനമ്മമാര്‍പോലും നമ്മുടെ അകമേ അഥവാ മസ്തിഷ്കത്തില്‍ അരൂപമായിരിക്കുന്ന അച്ഛൻ അമ്മഎന്ന ഭാവാനുഭൂതികളുടെ സംവേദനത്തിനു വേണ്ടി പാകം ചെയ്തുവച്ചിരിക്കുന്ന രാസവിന്യാസവേദി തുറന്നുകിട്ടാനുള്ള അടയാളച്ചിറ്റുകളോ  എൻട്രൻസ്‌ പാസ്സുകളോ  മാത്രം-!! അങ്ങനെ അകത്തു കടന്നാല്‍പ്പിന്നെ ആ അടയാളച്ചിറ്റുകള്‍ക്കു് എന്തു പ്രസക്തി-!? അച്ഛനും അമ്മയും മാത്രമല്ല... കാണുമാറാകുന്നിടത്തോളം വ്യക്തികളായ നാം നമുക്കു തന്നെ വെറും അടയാളച്ചിറ്റുകളാണ്...!!  അതു തന്നെയാണു നമ്മുടെ വിഷയവും.

    അതെ-! ‘തനിമതന്നാല്‍ തന്തയും, ഈ ഭൂമിയിലേയ്ക്കു തള്ളിക്കഴിഞ്ഞാല്‍ തള്ളയും, അര്‍ത്ഥം പകര്‍ന്നാൽ അക്ഷരവും....ആത്മാന്വേഷണത്തിന്റെ തുമ്പിൽ പിടികിട്ടിയാൽ വ്യക്തികളായ നാം സ്വയം തന്നെയും  പിന്നെ പുറത്തെ അടയാളങ്ങളായി പിന്‍വാങ്ങുകയല്ലേ മെല്ലെ മെല്ലെ...! പിന്നീടവയെ കാണുന്നതു് അവ അകമേ പകര്‍ന്ന അര്‍ത്ഥങ്ങൾ ഓര്‍ത്തെടുത്തുവായിക്കാൻ പുറമേ നില്ക്കുന്ന അടയാളങ്ങളായി മാത്രം....! അകത്തെ മൂല്യബോധത്തിനും അനുഭൂതികള്‍ക്കും പുറത്തു പകരംവച്ച ചിഹ്നങ്ങൾ വിഗ്രഹങ്ങള്‍അല്ലെങ്കിൽ ടോക്കണുകൾ മാത്രമാണു അവ..!(കണ്ടും  തൊട്ടും നാം നമ്മുടെ മസ്തിഷ്കത്തിൽ  വിഷയാനുസൃതമായ ഭാവാനുഭൂതികൾ പകർന്ന പ്രിയപ്പെട്ട അമ്മയുടെയും അച്ഛന്റെയും നമ്മുടെതന്നെയും ഈ ശരീരവടിവുകൾ ഒടുവിൽ അഴിഞ്ഞു പോകുമ്പോൾ നിസഹായതയോടെ അതിനു വഴങ്ങാനെ നമുക്ക് കഴിയുന്നുള്ളു..!കാരണം..നാടകീയമായ ഈ ജീവിതാനുഭൂതികൾ പകരുന്ന കാര്യത്തിൽ പ്രകൃത്യാ തന്നെ അവയുടെ ദൌത്യം കഴിഞ്ഞെന്നും അത്രത്തോളമേ ഇക്കാര്യത്തിൽ ആ ശരീര വടിവുകൾ എന്ന അടയാള വസ്തുക്കൾക്ക്  പ്രകൃതിയുടെ കണക്കു ബുക്കിൽ പ്രസക്തിയുള്ളു  എന്നതും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്.)

പന്തില്ലാതെ അന്താരാഷ്ട്രടീമുകൾ പന്തുകളിയിൽ വേൾഡ്കപ്പ് കളിക്കുന്ന കാലം

ടോക്കണുകൾ വിഗ്രഹങ്ങളാണു്-വിശേഷാല്‍ഗ്രഹിക്കേണ്ടവ. എന്നുവച്ചാൽ അവ പകരംവച്ചവയാണെന്നും അവയുടെ പരമാര്‍ത്ഥമൂല്യം അതിലില്ലെന്നും ആ അനര്‍ഘമായ മൂല്യം കാണാമറയത്തെങ്ങോ ആണെന്നും... അതു കണ്ടെത്തെണമെന്നും സാരം. ലോകത്തില്‍ കാണപ്പെടുന്നതെന്തും കാണാമറയത്തിരിക്കുന്ന ആ മൂല്ല്യത്തിന്‍റെ ടോക്കണുകളാണു്. വാസ്തവത്തില്‍, നമുക്കു അവയെ കാണാനും അനുഭവിക്കാനും കഴിയുന്നു എന്നതുതന്നെ അവയൊന്നും പരമാര്‍ത്ഥമല്ലെന്നും, പരമാര്‍ത്ഥത്തിനു പകരം നില്ക്കുന്ന അടയാളങ്ങള്‍ മാത്രമാണെന്നുമുള്ളതിന്‍റെ തെളിവാണു്.

 മനുഷ്യനു് അനുഭവിക്കാൻ അടയാളങ്ങളേ കിട്ടൂ.....! അതിന്റെ കാരണം എന്തെന്നു് ആ അനുഭവം’ എന്ന പദംതന്നെ മിക്കവാറും വ്യക്തമാക്കുന്നുണ്ട് . ഭവത്തിന്റെ’ ഒരു ‘അനുയാത്ര’ മാത്രമാണ്  ‘അനുഭവം. അപ്പോൾ ഭവത്തിലാണു് കാഴ്ചകളുടെ യഥാര്‍ത്ഥ ഭാവമൂല്യമെങ്കിൽ അനുഭവത്തിനു കിട്ടുന്നതു് അതിന്റെ അടയാളവസ്തു മാത്രമായിരിക്കുമെന്നു വ്യക്തം. (എന്ന നിരുപാധിക ബോധപ്രകാശമാണ് മൂല്യത്തിന്റെ തന്നെ പരമാർത്ഥം എന്നും ഇവിടെ ഓർക്കണം. പരമാർത്ഥം യാഥാർത്ഥ്യം’ എന്ന സോപാധിക പ്രതിഭാസത്തിന്റെ വിഭുവാകുന്നു. അതായത്, പരമാർത്ഥത്തിന്റെ വിഭൂതി മാത്രമാണു യാഥാർത്ഥ്യം എന്നും ഇവിടെ ഓർക്കണം . ) നാം ലോകത്തു പെരുമാറുമ്പോൾ‌ നമുക്കുകാണാനും കേള്‍ക്കാനും തൊടാനും മണക്കാനുമൊക്കെ കിട്ടുന്നതു് അഥവാ അനുഭവിക്കാൻ കിട്ടുന്നത് അടയളങ്ങളെ മാത്രമാണു്. ഒരിക്കലും അതിന്റെ  അര്‍ത്ഥ- ഭാവങ്ങളെയല്ല-! പന്തടിച്ചു കളിക്കുന്നു എന്നല്ലാതെ പന്തിന്റെ അര്‍ത്ഥമടിച്ചു കളിക്കുന്നു എന്നു പറയാറില്ല. പക്ഷേ പന്തുകളിയുടെ അര്‍ത്ഥാനുഭൂതിയായ രസം’ ആ പന്തിലിരിക്കുന്നില്ല. സ്വന്തം നിലയില്‍ അത്തരമൊരു രസം വിളമ്പിത്തരാൻ അര്‍ത്ഥമില്ലാത്ത ആ പന്തിനു കഴിയുകയുമില്ല. എന്നാല്‍ അമൂര്‍ത്തമായ ആ അര്‍ത്ഥരസം തൊട്ടുനോക്കാനാകാത്തനിലയിൽ അനുഭൂതിമാത്രമായി മസ്തിഷ്കത്തിലെങ്ങോ മറഞ്ഞിരിക്കുന്നു.  അദൃശ്യമായ അതിനെ  പ്രകാടാ‍നുഭുതിയാ‍ക്കി രസിക്കാൻ ആവശ്യമായ ചലനസൂചനകള്‍ വ്യാഖ്യാനിക്കുവാന്‍വേണ്ടിവരുന്ന ദർശനീയമായ അടയാളം മാത്രമാണു് ആ പന്തു്...! അല്പമൊന്നു സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഇക്കാര്യം ആര്‍ക്കും കാണാവുന്നതേയുള്ളു.   (മസ്തിഷ്കത്തിലെ ആ അമ്പരപ്പിക്കുന്ന അത്ഭുതരഹസ്യങ്ങളിലേയ്ക്ക് ഒരു  മൊട്ടുസൂചി പ്പഴുതിലൂടെങ്കിലും ഒരു ചെറുനോട്ടം കിട്ടിയാൽത്തന്നെ കാണാം പന്തില്ലാതെ അന്താരാഷ്ട്രടീമുകൾ പന്തുകളിയിൽ വേൾഡ്കപ്പ് കളിക്കുന്ന ഒരു കാലവും കളിക്കളങ്ങളും..! 

നമ്മുടെ മസ്തിഷ്കത്തിന്റെ കണക്കുകളും അതിന്റെ അപാരസാധ്യതകളും ലാഭകരമല്ലാത്തതിനാൽ  മനുഷ്യന്റെ കമ്പോള സയൻസിന്റെ സത്യാന്വേഷണത്തിന്റെ ഇടുങ്ങിയ പരിധികൾക്ക് ഒരു ശതമാനം പോലും പരിചയമില്ല.   വല്ല രോഗക്കമ്പോളക്കാരുടെയും ലാഭക്കണ്ണ് അതിലെ പൊട്ടൊ പൊടിയോ വല്ലപ്പൊഴും ഒന്നു നോ‍ക്കിയെന്നിരിക്കാം.) 

ലോകം  കളിക്കളം.  ജീവിതം  കളി..!

നമ്മുടെ അഞ്ചു് ഇന്ദ്രിയങ്ങള്‍ക്കും അനുഭവിക്കാൻ കിട്ടുന്നതു് വെറും അടയാളങ്ങളെ മാത്രം. അതുകൊണ്ടാണല്ലോ ജലപ്രവാഹത്തിന്റെ വടിവുപോലെ അനുനിമിഷം പാഞ്ഞു മാഞ്ഞുകൊണ്ടിരിക്കുന്ന അവയെ ഭവ് ’ എന്നു പറയാതെ അനുഭവം’ എന്നു പറയുന്നതു്. അവയുടെ  യാഥാര്‍ത്ഥ്യം ഭാവാത്മകതത്ത്വങ്ങളായി അടയാളങ്ങളിലൂടെ പ്രത്യക്ഷമായിരിക്കുന്നു. അവയുടെ  പാരമാര്‍ത്ഥ്യമോ..അതു ഭാ’ എന്ന പരംപൊരുളായി പരോക്ഷമായിരിക്കുന്നു.

ലോകത്തു് അടയാളങ്ങള്‍ വേണ്ടിവരുന്നതുതന്നെ ലോകം’ സത്യത്തില്‍ നിന്നു് ഭ്രമപരമായി അകന്നിരിക്കുന്നതു കൊണ്ടാണല്ലോ. ഭ്രമപരമായി അകന്നിരിക്കുന്നു എന്നു പറഞ്ഞാൽ സത്യത്തിന്റെ  വിഭൂതിയാണ് അഥവാ വിവർത്ത വടിവാണ് നമുക്ക് യാഥാർത്ഥ്യം എന്ന പേരിൽ അനുഭൂതമാകുന്നത് എന്നർത്ഥം. അപ്പോൾ സത്യത്തെ സത്യമായിത്തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. അഥവാ, മുന്‍പറഞ്ഞതുപോലെ ഇനി ഒന്നു കണ്ടെത്തേണ്ടാത്തവിധം’ ‘സത്യം’ താന്‍തന്നെയായിരിക്കുന്നുവെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു എന്നു സാരം. ആ തിരിച്ചറിവു് ഇല്ലാത്തിടത്തോളമാണു്  ലോകം എന്ന രസകരമായ ഈ കടങ്കഥ  രസം കെടുത്തുന്ന ദു:ഖകഥയായി നമുക്ക് അനുഭവപ്പെടുന്നത്... അങ്ങനെയാണു ലോകം ഒരു കളിക്കളവും ജീവിതം ഒരു കളിയുമായിരിക്കുമ്പോൾ...അല്ലെങ്കിൽ ലോകം ഒരു നാടകവേദിയും ജീവിതം ഒരു നാടകവുമായിരിക്കുമോൾ നമുക്ക് ആ കളിയോടൊ ആ നാടകത്തോടൊ നീതി പുലർത്താനോ അവയിൽ പങ്കെടുത്ത് അവ വേണ്ടവണ്ണം ആസ്വദിക്കാനോ കഴിയാതെ പോകുന്നത്....  

ചുരുക്കത്തിൽ ലോകമെന്നാല്‍  നോട്ടങ്ങളിൽ നിന്ന് അനുഭൂതികളെ ചമയ്ക്കുന്ന  അടയാളങ്ങളുടെ സമാഹാരം എന്നു മാത്രമല്ല, ആ അടയാളങ്ങളെ അവയുടെ സത്യത്തിലുള്ള അര്‍ത്ഥമാക്കിമാറ്റിയാൽ‌ മാത്രം പരമാര്‍ത്ഥമൂല്യത്തിലേയ്ക്കു മോചിതമാകുന്നതു് എന്നുകൂടിയാണു് ധ്വനിപരമായ അര്‍ത്ഥം. പക്ഷേ ഇതൊന്നും നമ്മള്‍ സാധാരണ തിരിച്ചറിയാറില്ലെന്നു മാത്രം. ജീവിക്കാന്‍ ഇത്തരം തിരിച്ചറിവു കൂടിയേകഴിയൂ എന്നില്ലെങ്കിലും ജീവിതത്തിന്റെ ഭ്രമപരത നമ്മെ കൊണ്ടെത്തിക്കുന്ന ചില സങ്കീര്‍ണ്ണസാഹചര്യങ്ങൾ അതിജീവിക്കാൻ  ഇത്തരം തിരിച്ചറിവുകള്‍ അനിവാര്യമാണു്. നമ്മില്‍ത്തന്നെ നടക്കേണ്ട തിരിച്ചറിവാണു സത്യദര്‍ശനം എന്ന പരമാര്‍ത്ഥമൂല്യ ദര്‍ശനം എന്നിരിക്കെ അതറിയാതെ-സാക്ഷാല്ക്കരിക്കാതെ- ഇപ്പറഞ്ഞ ഭ്രമപരതയുടെ അന്തരാളത്തിൽ നാം അന്തമില്ലാത്ത സ്വപ്നസഞ്ചാരങ്ങള്‍ക്കു വിധേയരായിപ്പോകുന്നു..! അവിടെ പലപാടു ഭ്രമിപ്പിച്ചു പീഡിപ്പിക്കുന്ന തെറ്റിധാരണകളും, ചൂഷണ പ്രവണതകളും നമ്മെ നാമറിയാതെ സത്യത്തില്‍നിന്നു ബഹുദൂരം കൂട്ടിക്കോണ്ടു പൊയ്ക്കളയുന്നു...!

 

പണം എന്ന വിഗ്രഹം

  മേൽപ്പറഞ്ഞ ചൂഷണത്തിന് ഉദാഹരണമായി നമ്മുടെ ദൈനംദിനജീവിതത്തിലെ ദിനസരികളെ അടക്കിഭരിക്കുന്ന  പണത്തിന്റെ കാര്യംതന്നെയെടുക്കുക. പണം സൌകര്യപ്രദമായ ഒരു വിനിമയോപാധി എന്ന നിലയിൽ സ്വീകാര്യമായിരിക്കെത്തന്നെ...മനുഷ്യൻ ഉൾപ്പെടെയുള്ള ഭൂമിയിലെ ജീവജാലങ്ങൾക്കാകെ അതിഭീകരവും അവസാനമില്ലാത്തതുമായ അനർത്ഥ്ങ്ങളെ ഉണ്ടാക്കുന്ന തും ഭൂമിയെ ഒറ്റുകൊടുക്കുന്നതുമായ സകല പ്രവണത്തകളേയും പിന്നിൽ ഒളിപ്പിക്കുന്ന സുരക്ഷിതമായ ഒരു ഒളി.വുസ്ഥലം കൂടിയാണേന്നോർക്കുക..!  പണം കറന്‍സിനോട്ടുകളായി,  നാണയങ്ങളായി, പലതരം രേഖകളായി അവതരിച്ചു് സമൂഹത്തിന്റെ മുഴുവൻ ഉപാസനാവിഗ്രഹമാകുന്നു. പണമെന്ന ടോക്കൺ‌ പരമാര്‍ത്ഥത്തിൽ  പ്രതിനിധാനം ചെയ്യുന്നതു് എന്തിനെയാണെന്നു് അന്വേഷിച്ചുചെന്നാ‌ൽ അതിന്റെ ഭൗതികമൂല്യ സങ്കല്പങ്ങളുടെ തലങ്ങളെല്ലാം കടന്നു് മനസ്സിന്റെ മഹാരഹസ്യങ്ങള്‍ക്കുമപ്പുറം നിരാകാരമായി നില്ക്കുന്ന പരമമൂല്യത്തിന്റെ  തിരുനടയോളമെത്താം-! അതു പരമാർത്ഥത്തിന്റെ കാര്യം. എന്നാൽ പണമെന്ന ടോക്കൺ യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത് എന്തിനെ ആവാം. തീർച്ചയായും അതു മനുഷ്യനു ജീവസന്ധാരണത്തിനും ജീവിതാവശ്യങ്ങൾക്കുമായുള്ള ഭൌതിക വിഭവങ്ങളെത്തന്നെയാണ്. ഇവിടെയും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും അവകാശപ്പെട്ട ആ   ഭൌതികവിഭവങ്ങളെ പണം എന്ന വിഗ്രഹം മായികമായി മറച്ചു പിടിച്ച്  ചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റുന്നു.   മനുഷ്യ മനസ്സാകട്ടെ ആവശ്യങ്ങളെന്ന ഭ്രമങ്ങളുണര്‍ത്തി തല്കാലം കാമ്യങ്ങളെന്നു തോന്നുന്ന ഏതെങ്കിലുമൊക്കെ സ്വര്‍ണ്ണമൂടികളിൽ ആ മൂല്യത്തെ തെറ്റായി ആരോപിച്ചു തെറ്റിദ്ധരിപ്പിച്ചു് ഒരുതരം അറിവില്ലായ്മയില്‍പ്പെടുത്തി മറച്ചുകളയുന്നു.  ആ മൂല്യബോധം നമ്മില്‍ത്തന്നെയുള്ള ഭ്രമധാരണകളുടെ മായികമറവിൽനിന്നു പരമാര്‍ത്ഥജ്ഞാനമായോ  മനുഷ്യനും മറ്റു ജീവികൾക്കും പ്രകൃത്യാ അവകാശപ്പെട്ട യഥാർത്ഥ വിഭവമായോ നിരുപാധികം സാക്ഷാൽക്കരിക്കപ്പെടുംവരെ   നാം പലപാട് അവശരും അതുകൊണ്ടുതന്നെ അറുതിയില്ലാത്തവിധം ആവശ്യക്കാരുമായി തുടരുകതന്നെ ചെയ്യും. അപ്പോൾ  പണമെന്ന അടയാളച്ചില്ലിയുള്‍പ്പെടെയുള്ള സകലമാന ടോക്കണുകളും(അഥവാ വിഗ്രഹങ്ങൾ) നമ്മെ അസ്വതന്ത്രരാക്കി അടക്കിഭരിക്കുകയും ചെയ്യും.

അപ്പോൾ  ടോക്കണുകൾ-വിഗ്രഹങ്ങൾ- അനാവശ്യങ്ങളാണെന്നാണോ-!?

തീര്‍ച്ചയായുമല്ല. മനസ്സിനു് അനുഭവപരമായി ഏകാഗ്രപ്പെടാന്‍ ഭാഷയുടെ ചിഹ്നങ്ങൾ വേണം. മുന്‍പറഞ്ഞ മൂല്യജ്ഞാനത്തിന്റെ തിരിച്ചറിവു് എന്ന ഗ്രഹിക്കൽ നടക്കുംവരെ ഏതെങ്കിലും നിപുണമായ ഭാഷയുടെ വിഗ്രഹങ്ങളെ മനസ്സു് ആശ്രയിക്കും. പക്ഷേ നമ്മുടെ ലക്ഷ്യം വെറും ടോക്കണുകളായ ആ വിഗ്രഹങ്ങളല്ലെന്നു് ഒരിക്കലും മറന്നുകൂടാ. വിഗ്രഹങ്ങളുടെ ദൗത്യം അതല്ലല്ലോ-! തങ്ങളെ വിശേഷാൽ ഗ്രഹിക്കാൻ’ (അതായതു്, വിഗ്രഹങ്ങളായ  തങ്ങളെയല്ല, തങ്ങള്‍ക്കുപിന്നിൽ മറഞ്ഞിരിക്കുന്ന ശരിയായ മൂല്യത്തെയാണു ഗ്രഹിക്കേണ്ടതു് എന്നു്) വിനീതമായി ആവശ്യപ്പെട്ടുനില്ക്കുന്ന പാവം പകരക്കാരാണല്ലോ ആ വിഗ്രഹങ്ങൾ-! ആ വിഗ്രഹങ്ങൾ പരമാര്‍ത്ഥത്തിന്‍റെ പടിവാതിലില്‍ വണങ്ങിനിന്നു് പരമമൂല്യദര്‍ശനത്തിനായി ഇരുകൈകൾകൊണ്ടും നമ്മെ വിനയപൂര്‍വ്വം ക്ഷണിച്ചു് അകത്തേയ്ക്ക്  ആനയിക്കാൻ നില്ക്കുന്നു. നാമാകട്ടെ ആ വിഗ്രഹങ്ങളെത്തന്നെ ‘പരമാർത്ഥത്തിന്റെ സമ്രാട്ടുകളാക്കി  സിംഹാസനത്തില്‍ ഇരുത്തി ഉപാസിക്കുന്നു-! മറ്റൊരു രീതിയില്‍ പറഞ്ഞാൽ , ഉറക്കത്തിൽ നിന്നു് ഉണര്‍വ്വിലേക്കുനയിക്കുന്ന സ്വപ്നങ്ങള്‍കൊണ്ടുണ്ടാക്കിയ മായികവാഹനങ്ങള്‍മാത്രമാണു വിഗ്രഹങ്ങള്‍. ലക്ഷ്യത്തിന്റെ ഉണര്‍വ്വിലെത്തി നോക്കുമ്പോൾ സ്വാഭാവികമായിത്തന്നെ അലിഞ്ഞുമായേണ്ട മായികവാഹനങ്ങൾ-! ലക്ഷ്യത്തിലെത്തിയ വാഹനങ്ങളില്‍നിന്നു നാം ഇറങ്ങുന്നതു പോലെ-- യഥാര്‍ത്ഥ ഉണര്‍വ്വിലെത്തിയാല്‍പ്പിന്നെ കിടക്കയുടെയും പാഴ്ക്കിനാവുകളുടെയും ഭരണം സ്വാഭാവികമായിത്തന്നെ മാഞ്ഞു് നാം കിടക്കയില്‍നിന്നു് എഴുന്നേല്ക്കുന്നതുപോലെ-- വിഗ്രഹങ്ങളില്‍നിന്നു് എന്നെങ്കിലും നമുക്കു എഴുന്നേറ്റു സ്വതന്ത്രരാകാന്‍ കഴിയണം. മറിച്ചു് ലക്ഷ്യത്തിന്റെ പടിവാതിലിൽ എത്തിയിട്ടും അത് തിരിച്ചറിയാതെ... തന്റെ വരവിന്റെ ലക്ഷ്യമേ മറന്ന്  വാഹനസുഖം സ്വദിച്ച്  അത് വിട്ടിറങ്ങാൻ മനസ്സില്ലാതെ വാഹനത്തെത്തന്നെ മുറുകെ പുണർന്നിരിക്കും പോലെ... ഉണർന്നിട്ടും മയക്കസുഖത്തിൽ കിടക്കവിടാൻ മടിച്ചു കിടക്കയെത്തന്നെവീണ്ടും ആശ്രയിച്ചാൽ നാം പഴയപടി ആ പാഴ്‌ക്കിനാവുകളുടെ ഭരണത്തിന്‍കീഴിലേയ്ക്കു പിന്നെയും മടങ്ങുകയേയുള്ളു. അതല്ല, ഉണര്‍ന്നിട്ടും നാം ടോക്കണുകളെത്തന്നെ മുറകെപിടിക്കുകമാത്രമാണു് എന്നാണെങ്കിൽ അതിനര്‍ത്ഥം  നമുക്കുകൈവന്നതു് പരമാര്‍ത്ഥമൂല്യബോധത്തിലേയ്ക്കുള്ള ചിരസ്ഥായിയായ ഉണര്‍വ്വല്ലെന്നും, ഉണര്‍വ്വെന്നു ഭ്രമിച്ചു് അപ്പോഴും നാം  മയക്കത്തിന്‍റെ മൗഢ്യത്തിൽ‌ത്തന്നെ രമിക്കുകയാണെന്നും  നാം പേടിപ്പിക്കുന്ന ആ പഴയ പാഴ്ക്കിനാവുകളുടെ ഭരണമേഖലയില്‍ത്തന്നെ തുടരുന്നു എന്നുമാണു്. എന്നുവച്ചാൽ സ്വാതന്ത്ര്യത്തിലേക്കുള്ള പുരോഗമനത്തിനു പകരം ആന്ധ്യ-മാന്ദ്യങ്ങൾ കൊണ്ടുണ്ടായ നിരര്‍ത്ഥകമായ ആ പരതന്ത്രത-ആ അടിമത്തം- തുടരുകയാണെന്നര്‍ത്ഥം.

 

സ്വാതന്ത്ര്യം, പുരോഗതി, വികസനം

വിടെ, സ്വാതന്ത്ര്യം, പുരോഗതി, വികസനം എന്നെല്ലാം പറയുന്നതു് ശരിയായ അര്‍ത്ഥത്തിൽ  നാം കാണുന്നു. അടയാളങ്ങളെ പകരം നിര്‍ത്തി വ്യക്തിയും സമൂഹവും പരമമൂല്യദര്‍ശനമെന്ന ലക്ഷ്യപ്രാപ്തി ക്രമേണ കൈവരിക്കുമ്പോൾ അതു് ആ അടയാളങ്ങളില്‍നിന്നു് അഥവാ വിഗ്രഹങ്ങളിൽ നിന്നുള്ള മോചനംകൂടിയാണു്. അതെ, അടയാളങ്ങളില്‍നിന്നുള്ള മോചനമാണു് പരമാര്‍ത്ഥത്തിലെ മൂല്യസാക്ഷാല്‍ക്കാരം. അതുതന്നെയാണു സത്യസാക്ഷാല്‍ക്കാരമെന്ന മോക്ഷം. അടയാളങ്ങളില്‍നിന്നു് അതിന്റെ അര്‍ത്ഥത്തിലേയ്ക്കും ഭാവത്തിലേയ്ക്കും ഒടുവിൽ ‘ഭാഎന്ന പരമഭാസ്സിലേക്കുമുള്ള മോചനം... അഥവാ വെളിച്ചത്തിന്റെ വെളിച്ചത്തിലേയ്ക്കുള്ള വിമോചനം..! ഈ  പരമമായ ഭാസ് ’ (പരമ പ്രകാശം‌--പരമമയ അറിവ്)  യുദ്ധംചെയ്തു നേടാവുന്നതല്ല. അതു എപ്പോഴെങ്കിലും നേടേണ്ടതുമല്ല. കാരണം അതു് കാലാതീതവും ഒരിക്കലും നഷ്ടപ്പെടാത്തതും അദ്വൈതവുമായ അറിവ് ’ ആയി ആത്മബോധം’ എന്ന പേരിൽ സകലത്തിലും സദാ സന്നിഹിതമായിരിക്കുന്നു...!

 അതിനാൽ അനുഭവങ്ങളില്‍നിന്നു ഭവ’ ത്തിലേയ്ക്കും തുടര്‍ന്നു ഭായിലേയ്ക്കുമുള്ള മുക്തി...അത് ഒരു നേടിയെടുക്കലല്ല... ആയിരിക്കുന്നതിന്റെ തിരിച്ചറിവാണത്. ഇതാണു്  ‘ജീവന്മുക്തി. ആ മോചനാനുഭവവുമായി ജീവിച്ചിരിക്കുമ്പോൾ മനസ്സിനു് അനുഭൂതമാകുന്ന സ്വാതന്ത്ര്യമാണു് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഒരു സമൂഹമെന്നനിലയില്‍ ഈ സ്വാതന്ത്ര്യത്തെപ്പറ്റി തിരിച്ചറിവുണ്ടാകുകയും  അത് അനുഭവിച്ചുകൊണ്ട്  ആ പരമാർത്ഥമൂല്യത്തിലേക്ക് പ്രായോഗികജീവിതം തുടരെ  അടുക്കുകയും ചെയ്യുന്നതാണ് യഥാർഥ സാമൂഹ്യപുരോഗതി. അഥവാ, ‘അടയാളച്ചില്ലികളില്‍നിന്നു മെല്ലെമല്ലെയുള്ള കൈയെടുക്കൽ... അതിനാവശ്യമായ  സാഹചര്യമൊരുക്കൽ-അതുമാത്രമാണു വികസനം. അതെ, അഭയദമായ ഈ വികസനം’ നിമിത്തം പ്രകൃതിയ്ക്കുണ്ടകുന്ന ഉണർവുകൾ  മനുഷ്യനുൾപ്പെടുന്ന സകല ജീവജാലങ്ങൾക്കും സുഖം പകരുമ്പോൾ അതിന്റെ പേരാണു പുരോഗതിഎന്ന്..! അല്ലാതെ നാമിന്നു ചെയ്തുവരുന്നതു പോലെ അടയാളങ്ങളുടെ.. അഥവാ ടോക്കണുകളുടെ---വിഗ്രഹങ്ങളുടെ വീണ്ടും വീണ്ടുമുള്ള വർദ്ധിപ്പിക്കലോ വികസിപ്പിക്കലോ അല്ല.. അടയാളച്ചില്ലികളെന്ന പണത്തിന്റെ പെരിപ്പിക്കലുമല്ല.  ഇതല്ല വികസനം....ഇതല്ല പുരോഗതി..! ഇന്നു നാം കാണുന്ന വികസനം’ വികസിക്കലല്ല...സങ്കോചിക്കലാണു..! ഇന്നു നാം കാണുന്ന പുരോഗമനം’ അധോഗമനമാണ്...!  

( അതെ... തീർച്ചയായും കമ്പോളത്ത്iനു പകരം നമുക്ക് വിഭവങ്ങളുടെ പുതിയ ഒരു ക്രയ-വിക്രയക്രമം രൂപപ്പെടുത്തേണ്ടതുണ്ട്.. അതിനു തർക്കമില്ല...അത് സുപ്രധാന വിഷയം തന്നെ. പക്ഷേ അതു പണാധിഷ്ഠിതമായിരിക്കില്ല... മറിച്ച് ആവശ്യാധിഷ്ഠിതവും വിഭവാധിഷ്ഠിതവുമായിരിക്കും.. ആധുനികമായ ഏതു നിർമ്മിതിയും ആദ്യമൊക്കെ ഈ ക്രയ-വിക്രയത്തിൽ പണത്തിന്റെ ഉപാധിയെ ആശ്രയിക്കാതെ..അതേ സമയം വിഭവോപാധികളെ ആശ്രയിച്ച് ആവശ്യാധിഷ്ഠിതമായി.. സ്വൈരമായി..വിഭവങ്ങൾ സ്നേഹപൂർവ്വം കൈമാറുന്ന അതി വിപുലവും ആഗോള വ്യാപ്തിയുള്ളതും...സകലതുറകളിലുള്ളവരും നേരിട്ടു പങ്കെടുക്കുന്നതും അവിശ്വസനീയമാംവണ്ണം സകലതലസ്പർശിയും  ആയ ഒരു നൂതന വിതരണവ്യവസ്ഥയായിരിക്കും അത്..! )മനുഷ്യന്റെ മഹാബലിത്തെറ്റുകൾ 

മനുഷ്യൻ തന്റെ സാങ്കേതികവിദ്യകളെ മഹാബലങ്ങൾ എന്നു മാനിച്ചു  മഹാബലികളാകുമ്പോൾ പ്രകൃതി ഈ മഹാബലിത്തെറ്റുകൾ തിരുത്തുന്നത് കോവിഡു പൊലുള്ള വാമനാവതാരങ്ങളെക്കൊണ്ടാണ്....! ഇങ്ങനെയുണ്ടാകുന്ന പാതാളങ്ങളുടെ ഇടുക്കങ്ങളിലാണു ഇന്നു ഈ മനുഷ്യർ’ എന്ന മഹാബലികൾ----- ‘ചിന്തിക്കുന്ന ജന്തുക്കൾ വന്നു പെട്ടിരിക്കുന്നത് എന്നു തിരിച്ചറിയണം...

സത്യമായ മൂല്യം എവിടെന്നും എന്തെന്നും  അറിയാത്തിടത്തു മാത്രമേ ഏതുതരം അടയാളങ്ങളുമുണ്ടാകൂ ,പ്രസക്തമാകൂ  , നിലനില്ക്കൂ. സത്യം അറിയുകയും കൈവരിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ അവിടെ അടയാളങ്ങളുടെ ഭരണം നടക്കില്ല, അവിടെനിന്നു് അടയാളങ്ങള്‍ക്കും  വിഗ്രഹങ്ങള്‍ക്കും മാഞ്ഞുപോയേപറ്റൂ. അവിടെ മനുഷ്യന്‍ സ്വതന്ത്രനാകും. അവിടെ മനുഷ്യന്‍റെ  സ്വാതന്ത്ര്യോത്സവഗീതികൾ ഉണരും... പ്രേമകീർത്തനങ്ങൾ അലയടിച്ചുയരും ...!

ചുരുക്കത്തിൽ നമ്മുടെ ആറിവുകുറവുതന്നെയാണു അടയാളങ്ങളായി ഇന്നു നമ്മെ അടക്കിഭരിച്ചുകൊണ്ട് ചുറ്റും പൊതിഞ്ഞിരിക്കുന്നത്-! അപ്പോൾ, അടയാളങ്ങളുടെ പെരുപ്പിക്കലെന്നാൽ നമ്മുടെ അറിവില്ലായ്മയുടെ പെരുപ്പിക്ക‌ൽ എന്നുതന്നെയാണ് അർത്ഥം. അടയാളങ്ങളുടെ വികസിപ്പിക്കലെന്നാൽ നമ്മുടെ പലതരം പാരതന്ത്ര്യങ്ങളുടെ വികസിപ്പിക്കൽ എന്നുമാണ്  അർത്ഥം!!

പക്ഷേ നാം അതറിയുന്നില്ലല്ലോ..! എന്തിനും കേറി പകരംനിൽക്കുന്നു പണം-! പണം എന്ന അടയാളത്തിന്‍റെ വിഗ്രഹത്തിന്റെ ഈ ഇടപെടൽ നമുക്കു നൈസര്‍ഗ്ഗികമായുണ്ടാകേണ്ടിയിരുന്ന എത്രയെത്ര അറിവുകള്‍ക്കു പകരംനിന്നു് നമ്മെ സഹായിക്കുകയാണെന്ന നാട്യത്തോടെ നമ്മെ നാമറിയാതെ  അറിവില്ലായ്മകളില്‍ തളച്ചിട്ടു് പരതന്ത്രരും മടിയന്മാരും നിത്യരോഗികളുമാക്കി സ്വൈരമായി ചൂഷണംചെയ്യുന്നു. 

---0--- 

   അടയളങ്ങൾ-4 ൽ തുടരും )

                                    'കമ്പോളലോകമഹായുദ്ധം'

 


അഭിപ്രായങ്ങളൊന്നുമില്ല: