നീലപ്പീലിയിളക്കും രാവിന്റെ
തൂവലിനിന്നെന്തു മിനുക്കം..!
തേഞ്ചോരും മൊഴിയേ…രാക്കിളിയേ നിന്റെ
പൂഞ്ചുണ്ടിലിന്നെന്തേ പിണക്കം…?!
1-പൂമാനച്ചില്ലയിൽ പൂവമ്പൻ പോറ്റുന്ന
പൂന്തിങ്കൾക്കിളി വന്നൂ—നിന്റെ
തൂവലുരുമ്മിയിരുന്നൂ…
പൂഞ്ചിറകൊതുക്കും രാക്കിളിയേ നിന്റെ
തൂമൊഴിക്കെന്നിട്ടും പിണക്കം…! നിൻ
നീൾമിഴിക്കീറൻ തിളക്കം….!
2-മാലേയത്തെന്നലിൽ മാകന്ദവിശിഖന്റെ
തേരായിന്നവൻ വന്നൂ….നിന്നെ
മാറോടണക്കാൻ നിന്നൂ…
മാമ്പൂമണക്കും ഇണക്കിളിയേ നിന്റെ
മാരനോടെന്തിത്ര പിണക്കം…! നിൻ
ഭാവങ്ങൾക്കിന്നെന്തിണക്കം..!
-മധു,മുട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ