മധു,മുട്ടം
അടയാളങ്ങൾ-1 ലേയ്ക്കു തിരിച്ചു പോകാൻ
മുന്നേ പറഞ്ഞുവന്ന മാനദണ്ഡങ്ങളുമായി പണമെന്ന സമ്മോഹന വിഗ്രഹത്തിലേക്കുതന്നെ നമുക്കു ശ്രദ്ധിക്കാം. ആ മനോമോഹന വിഗ്രഹത്തിന്‍റെ ബലിവേദിയിലാണല്ലോ നമ്മൾ മനുഷ്യർ എന്നും സ്വയം ബലിയാടാകുന്നതു്.
സമ്പത്തിന്റെ
വിപരീതമാണ് ആപത്ത്. ധനത്തിന്റെ വിപരീതം ഋണവും ആകുന്നു. ഈ രണ്ടു സാഹചര്യത്തിനും പണം
പൂർണ്ണാമയും യോഗ്യമാകുന്നുണ്ടോ? പണം
സമ്പത്തോ അതോ ആപത്തോ..? അതിനു ഒരു
കേവലരൂപം ഇല്ലെന്നും ആവശ്യങ്ങളെ അപേക്ഷിച്ചാണ് ഒന്ന് സമ്പത്തോ ആപത്തോ എന്നു
തീരുമാനിക്കേണ്ടതെന്നും ഒരു കൂട്ടർ പറയുന്നു. എന്നാൽ ഒരാൾക്ക് തൽക്കാലം ആവശ്യം
എന്നു തോന്നുന്നതെല്ലാം സമ്പത്തിന്റെ ഗണത്തിൽ എണ്ണാമോ ? പറ്റില്ല...
കാരണം അവയിൽ ഒന്നുപോലും പിൽക്കാലത്ത് അയാൾക്ക് ആപത്തായി മാറില്ല എന്നു പറയാൻ
പറ്റില്ലല്ലോ. പണം ധനമാണെന്നു പറയുമ്പോഴും ഇതേ പൊരുത്താക്കേടു വരുന്നു. അത്
ഋണാത്മകമായി വരില്ലെന്ന് ആർക്കുറപ്പിക്കാൻ കഴിയും. അപ്പോൾ ആവശ്യമല്ല ഒന്നിനെ
സമ്പത്തോ ധനമോ ആക്കുന്നത്. പിന്നെയോ. ഒരാൾക്ക് ആവശ്യമെന്നു തോന്നിയ ആ വസ്തു അയാൾക്ക് തൽക്കാലവും പിൽക്കാലവും
പ്രേയസ്ക്കരവും ശ്രേയസ്ക്കരവും ആകുന്നെങ്കിലേ അതു സമ്പത്തോ ധനമോ ആകൂ.
പൊന്നും പണവും പലപ്പോഴും ആപത്താണുണ്ടാക്കുക എന്നാണു പഴയകാലം
മുതലുള്ള വിലയിരുത്തൽ. പണം
സമ്പാദിക്കുന്നതും അതു സൂ ക്ഷിക്കുന്നതും ചെലവഴിക്കുന്നതുമായ എല്ലാ ഘട്ടങ്ങളും
ഉൽക്കണ്ഠയും ഭയവും ദു:ഖവും നഷ്ടബോധവും ഉണ്ടാക്കുന്നുവെന്നും അവസാനം അതു
അശാന്തിക്കും ഋണബാധ്യതകൾക്കും പ്രാണനാശത്തിനുതന്നെയും കാരണമാകുന്ന
ആപത്തായിത്തന്നെതീരുന്നെന്നുമൊക്കെയാണു പഴയ നിലപാട്. അതെന്തായാലും ഇവിടെ അതു മാത്രമല്ല പ്രശ്നം. നമുക്ക് ഈ
ചിന്ത തുടർന്നു നോക്കാം
അറിവു തന്നെയാണു അഭയം;
അറിവില്ലായ്മ ഭയവും.
ഭയം ആരെയും ആയുധധാരിയാക്കും.
പണം ഭയന്നവന്റെ ആയുധം.
തിരയുന്ന മൂല്യം എവിടെയാണെന്നുള്ള അറിവില്ലായ്മയാണു
വിഗ്രഹങ്ങളായി മാറുന്നതെന്നു നാം കണ്ടു. ഏതുതരം അറിവില്ലായ്മയും ഭയംതന്നെയാണു്.
ഭയം ആരെയും ആയുധധാരിയാക്കും, ക്രൂരകര്‍മ്മങ്ങള്‍ചെയ്യിക്കും.
ആയുധങ്ങള്‍ ഭയന്നവന്റെ അടയാളങ്ങളാണു്. എല്ലാ അടയാളങ്ങളും അഥവാ വിഗ്രഹങ്ങളും
ഭയന്നവന്റെ ആശ്രയവും ആയുധവുമാണു്. പണം
അടയാളത്തുട്ടായതിനാൽ പണവും അങ്ങനെതന്നെ. പണം ഭയന്നവന്റെ ആശ്രയവും ആയുധവുമാണു്.
ആകട്ടെ, പണത്തെ ആയുധമാക്കുന്ന ഈ ‘ഭയം’ എന്തിനെച്ചൊല്ലിയുള്ള ഭയമാണ്..! മരണഭയം മുതൽ ആരോഗ്യനഷ്ടഭയം, സുഭിക്ഷതാനഷ്ടഭയം സഹിതം ദൈനംദിനം
വർദ്ധിച്ചുവരുന്ന കമ്പോളസുഖസൌകര്യങ്ങൾ തനിക്ക് നഷ്ടമാകുമോ എന്നതിനെ ചൊല്ലിയുള്ള
ഭയം ഉൾപ്പെടെയുള്ള ഭയങ്ങളുടെ അന്തമില്ലാതെ നീളുന്ന ഒരു ഭയപരമ്പര തന്നെയാണത്. ഇത്തരം ഭയപരമ്പരകളാണ് ‘പണം‘ എന്ന എവിടെയും പ്രയോഗിക്കാവുന്ന അപ്രതിരോധ്യമായ
ആയുധത്തെ കയ്യിലേറ്റുന്നത്..!
അടുത്തു ചെന്നുനിന്ന് ഒന്ന് അപഗ്രഥിച്ചു നോക്കിയാൽ
ആദ്യം വരുന്നത് ‘ഞാൻ അല്ലാത്തത്
ഉണ്ട് ’ എന്ന ഭ്രമധാരണയാണ്. ഇത് അപൂർണ്ണമായ അറിവാകുന്നു. (അഥവാ മങ്ങിയ വെളിച്ചത്തിലെ അറിവ് / ജളന്റെ കാഴ്ച). അപൂർണ്ണമായഅറിവിൽ നിന്നു ഭയവും ഭയത്തിൽ നിന്ന് ആയുധവും എന്നിങ്ങനെ ക്രമത്തിൽ
വരുന്നതു കാണാം.
സർവ്വാധാരമായ പൂർണ്ണസത്ത തന്നെത്തന്നെ ഒന്നു വിശേഷാൽ
കാണാൻ കണ്ണു തുറക്കുമ്പോൾ കാണുമാറാകുന്ന തന്റെതന്നെ സ്വരൂപത്തിന്റെ അംശാകാരത്തിലുള്ള അഥവാ
അപൂർണ്ണരൂപേണയുള്ള കാഴ്ചയാണു ഈ അനന്തപ്രപഞ്ചങ്ങളെന്ന ഭ്രമക്കാഴ്ചകളൊരുക്കുന്നത്.
ഇതു തന്നെയാണു
ജളക്കാഴ്ചകളായ ലോകാനുഭവങ്ങൾക്ക് നിദാനമായ അജ്ഞാനം
എന്ന അവിദ്യ . ആ അപൂർണ്ണമായ അറിവിലെ മങ്ങിയ കാഴ്ചയാണ് ‘താൻ അല്ലാത്ത’തിനെ എമ്പാടും
കാട്ടി ഭയമാക്കുന്നത്. അങ്ങനെ ഭയന്നവനു പിന്നെ കണ്ടതെല്ലാം
ആയുധങ്ങളാണ്..!വാസനാകേന്ദ്രീകൃതമാകുന്ന അപൂർണ്ണതാബോധം എന്ന ഈ ‘മൌലിക ഭയം’ കൊണ്ടുതന്നെയാണു
ജനനം സാധിക്കുന്നത്..! ഇങ്ങനെ ജനന
കാരണം ‘ഭയ’മായതിനാലാണു...അക്ഷരാർത്ഥത്തിൽത്തന്നെ സ്വന്തം
ശരീരവും ബുദ്ധിയും തൊട്ട് ഇവിടെ ‘തൊട്ടെണ്ണാവുന്ന പൊരുളെ’ല്ലാം പ്രാണരക്ഷക്കുള്ള ആയുധങ്ങളാകുന്നത്...! ശ്വസനാദികളായ ഈ ആയുധങ്ങൾ കൊണ്ട് നിലനിൽപ്പിനായി
സകല ജീവജാലങ്ങളും മൃത്യുവിനു എതിരെ
അനുനിമിഷം നടത്തുന്ന യുദ്ധം
തന്നെയാണു ശരിയായ അർത്ഥത്തിൽ പ്രഥമമായ ‘ധർമ്മ’യുദ്ധം...! അതെ... ശരിക്കും ‘നിലനിൽപ്പി’നായുള്ള യുദ്ധം.
അത് ജീവജാലങ്ങളിലെല്ലാം അനുസ്യൂതം നടക്കുന്നുമുണ്ട്.
ഇവിടെ ഒരു ചോദ്യം... എന്തിനിങ്ങനെ നിലനിൽക്കണം..?
ധ്യാനാത്മകമായ ഉത്തരം ഇതാണ്... അജ്ഞാനത്തെ
ഇല്ലാതാക്കി.. ‘തന്നെ’ ‘താൻ’ അറിയാനാണു നിലനില്പ്. എന്നാൽ മറുവശത്ത് ഈ നിലനില്പിനെ ലോകദൃഷ്ടിയിലൂടെ
നോക്കിയാൽ മുൻ പറഞ്ഞ ഭയം സാമൂഹ്യമായി വരുന്നതും അപ്പോൾ
ഉണ്ടാകുന്ന ‘സാമൂഹ്യഭയ’ത്തിന്‍റെ ആയുധമായി
ഭരണകൂടവും അധികാരവും അധികാരത്തിന്റെ ആയുധമായി പണവും ക്രമത്തിൽ
വരുന്നതും കാണാം.
യാഥാർത്ഥ്യ- പാരമാർത്ഥ്യങ്ങളെ അതീന്ദ്രിയധ്യാനങ്ങൾക്കും
യുക്തിയുക്തമായ മനനങ്ങൾക്കും അനുഭവതലത്തിലെ
പ്രയോഗങ്ങൾക്കും വിഷയമാക്കിക്കൊണ്ടുള്ള മൂല്യാധിഷ്ഠിതവും
ശാസ്ത്രീയവും ധ്യാനാത്മകവുമായ
ശരിയായ വിദ്യാഭ്യാസത്തിലുടെ മത്രമേ സത്യ-ഋതങ്ങളെ (supreme truth & empirical truth ) ശരിയായി
ധരിക്കനാകൂ. സാങ്കേതികവിദ്യയിൽ മാത്രം കാലുറപ്പിക്കുന്ന അനുഭവപ്രധാനം മാത്രമായ
തൊഴിലധിഷ്ഠിത പരിശീലനങ്ങളെ വിദ്യാഭ്യാസം എന്നു കരുതുന്നിടത്ത് സത്യദർശനം
അസാദ്ധ്യമായിരിക്കും.
സമൂഹമെന്ന നിലയിൽ ഇപ്രകാരം സത്യത്തെ സംബന്ധിച്ചുള്ള അറിവില്ലായ്മയിൽ നിന്നു സ്വാഭാവികമായുണ്ടാകുന്ന ‘പൊതുഭയം’ കൈക്കൊള്ളുന്ന ആയുധം തന്നെയാണു് ഭരണകൂടം. അതുതന്നെയാണല്ലോ അധികാരമാകുന്നതും. ഭരണകൂടവും അധികാരവും ആകുന്നത് പണം തന്നെയെന്നും നാം കണ്ടു. അങ്ങനെ ‘ഭരണകൂടവും’ അധികാരവുമായി മാറുന്ന ‘ഭയം’സൈന്യമായും യുദ്ധമായുമൊക്കെ അവതരിക്കുന്നു.
(ഈ അപൂർണ്ണമായ അറിവും അതുണ്ടാക്കുന്ന ഭയവും സമൂഹത്തിൽ നിലനിൽക്കുന്നിടത്തോളം കാലം അഥവാ സമൂഹം ക്രമേണ ശരിയായ
വിദ്യാഭാസം എന്താണെന്നു തിരിച്ചറിഞ്ഞ് മുൻ പറഞ്ഞ വിധം ശരിയായ വിദ്യാഭ്യാസത്തിലൂടെ പൂർണ്ണമായ അറിവും
അഭയവും കൈവരിക്കാത്തിട്ടത്തോളംകാലം ഭരണവും അധികാരാവും അതിന്റെ ആയുധങ്ങളും അതു
പകരുന്ന സുരക്ഷിതത്വത്തിന്റെ അനിവാര്യപരഭാഗമായ അസ്വാതന്ത്ര്യവും
പണത്തിന്റെ കോയ്മയും ചൂഷണവും അതു നിമിത്തം ഉണ്ടാകുന്ന ദു:ഖങ്ങളുടെ താഴ്വരകളും ഒരു
സമൂഹത്തിനും ഒഴിവാക്കാവതല്ലെന്നും ഓർക്കണം.)
പഴയ
രാജഭരണകാലത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ന് അതു ‘കമ്പോള ഭരണകൂട’വും ‘കമ്പോളാധികാര’വും ‘കമ്പോളപ്പണ’വും ‘കമ്പോളയുദ്ധ’വുമാണ്. പണമെന്ന
ആയുധത്തിന്റെ പ്രയോഗമാണു കമ്പോളമായിവരുന്നതെന്നും, അതേല്പിക്കുന്ന ആഘാതങ്ങളാണു് കമ്പോളത്താല്‍ നിര്‍ണ്ണയിക്കപ്പടുന്ന
അന്തമില്ലാത്ത ആവശ്യങ്ങളായി വരുന്നതെന്നും ഓര്‍ക്കുക.
ഇടനിലക്കാരായ
വെളിച്ചപ്പാടുകൾ
താൻ പരമാര്‍ത്ഥത്തിൽ ആരാണെന്നും എന്താണെന്നുമുള്ള
അറിവാകുന്ന പരമമായമൂല്യം ‘എങ്ങോപോയി മറഞ്ഞിരിക്കുന്നു’ എന്ന
ഭ്രമാത്മകമായ സ്ഥിതിയില്‍ ഉടലെടുക്കുന്ന ഭയത്തിന്റെ പേരാണു ജീവിതം. ഈ ഭയത്തിനു
സാന്ദര്‍ഭികമായി മനസ്സെന്നും രതിയെന്നുമൊക്കെ പേരുവരും. ഇതു സര്‍ഗ്ഗാത്മകവും, രസഭരിതവും, അതിനാല്‍
ദിവ്യവുമാണു്. ജീവിതമെന്ന ഭയം കൊണ്ടു നാമൊക്കെ തേടാന്‍ നിര്‍ബ്ബന്ധിതരാകുന്ന ആ
സത്യമായ മൂല്യത്തിനും നമുക്കുമിടയില്‍ ഇടനിലക്കാരായ വെളിച്ചപ്പാടുകളായി അവതരിച്ചു്
അതിവേഗങ്ങളുടെയും, അതിഭോഗങ്ങളുടെയും
പന്തങ്ങൾ ജ്വലിപ്പിച്ചു് വിഭ്രമാത്മകതയുടെ ധൂമംപരത്തി, നമ്മുടെ നൈസര്‍ഗ്ഗികമായ
സത്യാന്വേഷണചോദനകൾ സഞ്ചരിക്കേണ്ട മുല്യാധിഷ്ഠിതമായ ശാസ്ത്രീയമാര്‍ഗ്ഗങ്ങളെ
മറച്ചുകളയുന്ന വേതാളങ്ങളാണു
പണവും കമ്പോളവും. അതു കലിതുള്ളിക്കൊണ്ടു നമ്മോടുപറയുന്നു- ‘പ്രായശ്ചിത്തമായി
തപിച്ചാൽ മറഞ്ഞതിനെ വെളിപ്പെടുത്തിത്തരാം...’ എന്നു്..!!
പ്രകൃതി നമുക്കു ആവശ്യാനുസരണം ഉപയോഗിക്കാൻ തന്നിരിക്കുന്നതെല്ലാം കമ്പോളത്തിന്റെ ‘പണം’ എന്ന ഈ അടയാളച്ചില്ലി ക്രൂരമായ ഒരുചിരിയോടെ മറച്ചുപിടിക്കുകയും പൂഴ്ത്തിവയ്ക്കുകയും ചെയ്തുകൊണ്ടു് ഇവിടെ സുലഭമായതെല്ലാം ദുര്‍ലഭമാക്കുന്നു. അങ്ങനെ മനുഷ്യനുള്‍പ്പെടെ സകല ജീവികളും അവശരും ആവശ്യക്കാരുമായി മാറുന്നു. ഭവിഷ്യത്തിനെക്കുറിച്ചു ഏറെയൊന്നുംഅറിയാത്ത ‘കമ്പോള ഗവേഷണ’ങ്ങളുടെ ശുപാര്‍ശയോടെ ‘പണം’ എന്ന ഈ അടയാളച്ചില്ലി ജീവജാലങ്ങള്‍ക്കവകാശപ്പെട്ട പ്രകൃതിയുടെ ഓജസ്സെല്ലാം നികത്താനാകാത്തവിധം കുത്തിക്കവര്‍ന്നു് ‘കമ്പോളസുഖം’എന്ന ചരക്കുകളാക്കി പരസ്യപ്പെടുത്തി മനുഷ്യരെ മന്ദരാക്കി കൊതിപ്പിക്കുന്നു.
അങ്ങനെ കമ്പോളത്തിന്റെ ആയുധമായ പണം സമൂഹത്തിൽ
രൂപപ്പെടുത്തുന്ന അവശത
സാമൂഹ്യമനുഷ്യനിൽ ആവശ്യമായിവളരുന്നു. കമ്പോളഭോഗങ്ങളുടെ അനുശീലനത്തിലൂടെ കൈവരുന്ന
താൽക്കലികവും മോഹനവുമായ തൃപ്തി അവനിൽ കൂടുതൽ ഉപഭോഗിക്കാനുള്ള അദമ്യമായ
പ്രേരണയായിവികസിക്കുന്നു. കമ്പോളസുഖങ്ങൾക്കുവേണ്ടി
മത്സരിച്ച് മനുഷ്യൻ അവയുടെ നേർക്ക് ആര്‍ത്തിപൂണ്ടടുക്കുമ്പോൾ ‘എടുക്കരുതു് ’എന്നു
വിലക്കിയിട്ടു് ‘വിലക്കു് ’ ‘എടുക്കാ’ൻ ആഗ്രഹമുള്ളപക്ഷം കമ്പോളം നിശ്ചയിച്ചിട്ടുള്ള
യോഗ്യതയനുസരിച്ചു വിവിധ തസ്തികകളില്‍ കമ്പോളത്തിനുവേണ്ടി നേരിട്ടോ അല്ലാതെയോ
പണിയെടുക്കാനും, അങ്ങനെ
തപിച്ചതിന്‍റെ രേഖകളായി കമ്പോളംതന്നെ പ്രചരിപ്പിച്ചിരിക്കുന്ന പണമെന്ന
അടയാളച്ചിറ്റുകളുമായി തിരിച്ചെത്താനും വ്യവസ്ഥപ്പെടുത്തുന്നു.
ഇപ്രകാരം പ്രകൃത്യാഉള്ളതും, സത്യാന്വേഷണപരമായതിനാൽ ഓജസ്സുറ്റതുമായ മനുഷ്യ ജീവിതം എന്ന സര്‍ഗ്ഗാത്മക‘ഭയ’ത്തെ മായികമായും നിര്‍ണ്ണായകമായും മറച്ചുകൊണ്ടു കൃത്രിമവും
തമോമയവും ജാഡ്യംനിറഞ്ഞതുമായ ‘കമ്പോളം’ എന്ന ഭയം വന്നു പതിയുന്നു. അതോടെ നാം സ്വന്തം ജന്മം
എന്ന ‘രസകരമായ ഭയം’കൊണ്ടു
തേടാനെത്തിയ പരമാര്‍ത്ഥമൂല്യത്തെയും അതിനുളള സാധനങ്ങളായ യഥാര്‍ത്ഥ
വിദ്യാഭ്യാസത്തെയും അതിന്റെ പ്രേരകസാഹചര്യമായ നിസ്സര്‍ഗ്ഗജപ്രകൃതിയേയുമെല്ലാം
അപ്പാടെ വിസ്മരിക്കുന്നു...! എന്നിട്ടോ.. മനുഷ്യജീവിതത്തിന്‍റെ
ആരോഗ്യകരമായ ഗതിയിൽ ഒരുപ്രകാരത്തിലും ആവശ്യമില്ലാത്തതും, അന്തമില്ലാത്ത
പിൽക്കാല വിപത്തുകള്‍ക്കു് ഇരിപ്പിടവുമായ ‘കമ്പോളസൗകര്യ’ങ്ങൾ
കൈക്കലാക്കുന്നതിനുള്ള ആ ‘വിലക്കു് ’എടുക്കുന്നതിനായി
നാം പരക്കം പായുന്നു...!
അങ്ങനെ നാം കമ്പോള നിര്‍ദ്ദിഷ്ടമായ വിവിധതസ്തികകളിലേക്കുള്ള ‘വിദ്യാഭ്യാസ-ത്തൊഴിൽപരിശീലനത്തിലും തുടര്‍ന്നു വിവിധ തസ്തികകളിലും, ‘കന്നുകാലിക്കൃഷി’ ‘ധാന്യച്ചരക്കുകൃഷി’ തുടങ്ങിയ കമ്പോളത്തിന്റെ ‘ഊട്ടുപുരത്തസ്തിക’കളിലും, പിന്നെ കൊള്ള, കവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ സ്വയംതൊഴിലുകളിലുമായി നമ്മുടെ ജീവിതംതന്നെ ഉഴിഞ്ഞു വയ്ക്കുന്നു...! ഇങ്ങനെ നാം ഇന്നുകാണുമ്പോലെ ‘എല്ലാവിധ അധ്യാപനവും നടത്തിക്കൊടുക്കൽ’ ‘രാഷ്ട്രീയാധികാരത്തില്‍ എത്തിപ്പിച്ചുകൊടുക്കൽ’ ‘എല്ലാവിധനീതിന്യായവും നിശ്ചയിച്ചുനടത്തിക്കൊടുക്കൽ’ ‘എല്ലാവിധ സര്‍ക്കാരുകളുടെയും നടത്തിക്കൊടുക്കൽ’, ‘എല്ലാവിധ സര്‍ക്കാരിതരസംഘംനടത്തിപ്പു്, ‘പത്രംനടത്തിക്കൊടുക്കൽ’ ‘ എല്ലാവിധത്തിലുമുള്ള രോഗചികിത്സകളും ആതുരശുശ്രൂഷകളും നടത്തിക്കൊടുക്കൽ’ ‘വിവിധതരം കലാപ്രവര്‍ത്തനങ്ങളുടെ കൃത്യസമയത്തുതന്നെയുള്ള നടത്തിക്കൊടുക്കപ്പെടൽ’ പിന്നെ ‘കമ്പോളക്കമ്പിനികളില്‍ നേരിട്ടുചെയ്യുന്ന പണക്കൂറുള്ള അടിമ വേലകൾ..’തുടങ്ങിയ ഏറിയപങ്കും പ്രകൃതിയെ ആശ്രയിക്കേണ്ടാത്ത ‘തൊഴിലു‘കളിലേയ്ക്ക് നമ്മെത്തന്നെ സ്വേച്ഛയാ വലിച്ചെറിയാൻ നിർബ്ബന്ധിതരാകുന്നു. കമ്പോളത്തിന്റെ തൊഴികൊണ്ടു ചെയ്യുന്ന ഈ തൊഴിലുകളിൽ ഒരു കാരണവശാലും പ്രകൃതിയ ആശ്രയിച്ചു സമയം പാഴാക്കാതിരിക്കാൻ എമ്പാടും കമ്പോള നിർദ്ദിഷ്ടമായ യന്ത്ര-തന്ത്രാദി എളുപ്പമാർഗ്ഗങ്ങൾ അവലംബിക്കുന്നതും അതുകൊണ്ടുതന്നെ ‘മാന്യവും’ ജന്മാന്തരങ്ങൾ കൊണ്ടുപോലും മോചനമില്ലാത്തതുമായ പാരിസ്ഥിതികനാശം വിതച്ചുകൊണ്ട് കമ്പോളച്ചാവേറുകളായി സ്വയം ഒറ്റുകോടുത്തും വിറ്റുതുലച്ചും നാം നമ്മെത്തന്നെ അലക്ഷ്യങ്ങളിൽ സ്വയം ചിതറിക്കുന്നു..! ഇതു യുദ്ധക്കളമല്ലെങ്കില്‍ പിന്നെ എന്താണു്-!?
കമ്പോളയുദ്ധക്കളത്തിലെ
ഒരു ‘ആൿഷൻ’ രംഗം-!!
കമ്പോളത്തിൽനിന്നു നിരുപദ്രവമെന്നുതോന്നുന്ന ഒരു മൊട്ടുസൂചി വാങ്ങുമ്പോൾ പോലും സൂക്ഷ്മമായി ആലോചിച്ചാൽ നാം യുദ്ധമുഖത്താണെന്നു കാണാം-! സാമൂഹ്യസേവനത്തിനായി അനുവദിക്കപ്പെട്ട നിയന്ത്രിതമായ നിർമ്മാണവും മിതലാഭകരമായ വിതരണവും എന്നതിന്റെ പരിധികളെല്ലാം മറികടന്ന് ലോകത്തെ കീഴടക്കിയ ‘കമ്പോളആസുരത’ നമ്മുടെ മുൻപറഞ്ഞ അജ്ഞതാ സന്തതിയായ ‘ഭയം’ നിമിത്തം നമുക്കിടയിൽ സർവാരാധ്യമായി മാറി. അങ്ങനെ ലോകം മുഴുവൻ വ്യാപിച്ച ആധുനിക 'ആസുരയുദ്ധക്കള'മാണു കമ്പോളം-! അനുനിമിഷം അവിടെ നടക്കുന്നതു് ഏറ്റവും പുതിയ ലോകമഹായുദ്ധമാണു്. ഈ കമ്പോളയുദ്ധം ഭൂമിയുടെ ഒരോ ഇഞ്ചിനെയും യുദ്ധക്കളമാക്കുന്നു. ലോകമാസകലമുള്ള വീടുകളാണ് അതിന്റെ സ്ഫോടനലക്ഷ്യങ്ങൾ..... കുടുംബങ്ങൾക്കുള്ളിലാണു അതിന്റെ സ്ഫോടനങ്ങൾ.... മനുഷ്യബന്ധങ്ങളിലാണു അതിന്റെ വിള്ളലുകൾ..തകർച്ചകൾ.... ജീവനെ നിലനിർത്തുന്ന പരിസ്ഥിതിയിലാണു അതു പരിപൂർണ്ണ നാശം വിതക്കുന്നത്...!ചാതുർവർണ്ണ്യകാരന്റെ ഭാഷ കടമെടുത്താൽ ഇതു പഴയ ക്ഷത്രിയന്റെ യുദ്ധമല്ല...വൈശ്യന്റെ(1) യുദ്ധമാണ്.
ആ യുദ്ധം തുടങ്ങുന്നതിന്റെ
നാടകീയത അടുത്തുനിന്നൊന്നുനോക്കുക:
പ്രത്യേകിച്ചു്
ആർക്കും തന്നെ അവകാശപ്പെടാനാകാത്തതും എന്നാൽ ജീവജാലങ്ങൾക്ക് ജീവസന്ധാരണത്തിനായി വലിയ ഉപാധികൾ ഒന്നും കൂടാതെ ആവശ്യാനുസരണം എടുത്ത്
ഉപയോഗിക്കവുന്നതുമാണ് ഏതു പ്രകൃതിവിഭവവും. ജീവസന്ധാരണത്തിനു്
ആവശ്യമായതാണെങ്കിൽ സാധാരണഗതിയിൽ
യാതൊരു തടസ്സവുമില്ലാതെ ഏവർക്കും അതു ലഭ്യവുമാണു്.
അത്തരം ഒരു പ്രകൃതിവിഭവത്തെ കൃത്രിമമായ അലഭ്യതവരുത്തിയോ അല്ലാതെയോ
കമ്പോളാഭിരുചിക്കനുസൃതമായി രൂപപ്പെടുത്തി ഒരു അവശ്യസാധനമാക്കി മാറ്റിയശേഷം
സമൂഹത്തിന്റെ മുമ്പാകെ പ്രദർശിപ്പിക്കുകയും (ഉദാ-: മൂല്യവർദ്ധിത ഉലപന്നം- ഒരു മാങ്ങയിലോ ചക്കയിലോ വാഴപ്പഴത്തിലൊ പ്രകൃതി
തപസുചെയ്ത് അതിൽ നിറച്ചു വച്ച നൈസർഗ്ഗികമായ പോഷകങ്ങളും മാധുര്യാദികളും
അപ്പാടെ ഇല്ലായ്മ ചെയ്തു മിക്കവാറും ‘ജങ്ക് ഫൂഡ് ’ ആക്കിയവ. ഇനിയും മറ്റൊന്ന്: കുടി
വെള്ളവും പ്രാണവായുവും വിൽപ്പനയ്ക്കു
വരുന്നതും ഓർക്കുക..!) മുമ്പുപറഞ്ഞതുപോലെ
നിഷ്ക്കളങ്കതയോടെ അതെടുക്കാൻ ആർത്തി പൂണ്ടു് കൈനീട്ടി അടുക്കുന്നവരോടു് ‘എടുക്കരുതു് ’എന്നു
വിലക്കുകയും ചെയ്യുന്നതാണു് കമ്പോളത്തിന്റെ പടയ്ക്കുവിളി-!
അതുകേട്ടു ‘ഭയ’ന്നവർ അരുതാത്ത
പലവഴികളിലൂടെയും ഓടിപ്പാഞ്ഞു് പണം എന്ന ആയുധം കൈക്കലാക്കി കാമ്യവിഭവത്തിന്റെഎ
നിലവിലുള്ള വിലക്കിനുമേൽ പ്രാപ്തിക്കനുസരിച്ചു ‘ആസുരവും
മായായുദ്ധോപകരണവുമായ പണായുധ‘പ്രയോഗം നടത്തുന്നു. ഏറ്റവും കൂടുതൽ പണശക്തി
പ്രയോഗിക്കാൻകഴിയുന്നവർ ആ കാമ്യവിഭവത്തിന്റെ മേലുള്ള ‘വിലക്കു് ’ എടുക്കുന്നു...!
ഇതാണു ‘വിലയ്ക്കെടുത്തു’ എന്നു
കമ്പോളയുദ്ധഭാഷയിൽ അഭിമാനപൂർവ്വം നാം പറയാറുള്ള കമ്പോളയുദ്ധക്കളത്തിലെ ഒരു ‘ആൿഷൻ’ രംഗം-!!
കമ്പോള-
യുദ്ധോത്സവങ്ങളിലെ (ട്രേയ്ഡ് ഫെയർ) ചത്തവെളിച്ചം
മേല്പറഞ്ഞ ‘ആൿഷൻ’ നടക്കുമ്പോൾ സാമൂഹ്യശത്രുവായ ‘യുദ്ധപ്രഭുത്വ’ മെന്ന പ്രവണതയുടെ
ആവനാഴിയിൽ അതിലാഭമെന്ന അസഭ്യം ‘പണം’എന്ന
ആയുധക്കൂമ്പാരമായി നിറയുന്നതോടൊപ്പം ആ പ്രാഭവത്തിന്റെ (യുദ്ധപ്രഭുത്വത്തിന്റെ)
മനോവിതാനത്തിൽ ഭയം ശതഗുണീഭവിക്കുകയും ചെയ്യുന്നു..! ശത്രു പുതിയഭയങ്ങളുടെ വർദ്ധനവിനനുസരിച്ചു് മനുഷ്യനുനേരേയുള്ള കമ്പോളയുദ്ധത്തിന്റെ തീവ്രതയും വ്യാപ്തിയും വർദ്ധിപ്പിക്കാനായി
പുതിയതരത്തിലും തലത്തിലുമുള്ള പരസ്യങ്ങൾ എന്ന ‘പരസ്യ’വെല്ലുവിളികൾകൊണ്ടു് ലോകമാകെയുള്ള ‘ഉപഭോക്താക്കൾ’ എന്ന
ഇരകളുടെമനസ്സിൽ പുതിയ ഇനത്തിലും
ഗുണത്തിലുമുള്ള ആവശ്യങ്ങൾ എന്ന ഭയങ്ങൾ വിതറുന്നു. കമ്പോളയുദ്ധപ്രഭുത്വം ആ
കുന്നുകൂടിയ ‘ആയുധവരുമാനം’ കൊണ്ടു്
യുദ്ധാവശ്യങ്ങൾക്കായുള്ള പുത്തൻ സജ്ജീകരണങ്ങൾ- ക്കായി ‘ശാസ്ത്രഗവേഷണങ്ങൾ’ ത്വരിതപ്പടുത്തിക്കൊണ്ട്
യുദ്ധസാഹചര്യം കൂടുതൽ ഭയാനകമാക്കുന്നു.
തങ്ങളിൽ പടർന്നു കയറിയ ‘പുത്തൻഭയ’ങ്ങളുടെ
പരിഹാരവുമായെത്തുന്ന പുതിയ കാമ്യവിഭവത്തിന്റെ വരവുംകാത്തു് ഇരകൾ ഉറക്കമിളച്ചിരിക്കുന്നു.
ഒടുവിൾ പരിസ്ഥിതിക്കും
ജീവനുംനേരേ ചീറിനില്ക്കുന്ന അദൃശ്യങ്ങളായ ആയിരം വിഷഫണങ്ങളെ പകിട്ടിലും, വർണ്ണപ്പൊലിമയിലും
സൗരഭ്യങ്ങളിലും പൊതിഞ്ഞ വരമുദ്രകളാക്കി ആ ‘കാമ്യവിഭവം’കളത്തിലെത്തുന്നു.
നമ്മളിലെ ‘പണായുധ ശേഖരന്മാർ’ കെണിയുടെമേൽ ചാടിവീണു്
ഉപഭോഗിച്ചു് ഇരയാകുന്നു....!!
എന്നിട്ടോ ആ രംഗം തീരുന്നില്ല. കമ്പോളയുദ്ധത്തിന് അനിവാര്യമായ ‘പണായുധം’എന്ന ആസുരായുധം വേണ്ടത്ര കൈവശമില്ലാത്തതിനാൽ ‘ഇരയാകുന്നതിൽ പരാജയപ്പെട്ട’മറ്റുള്ളവർ കൊതിയോടെ നോക്കിനിൽക്കെ ‘ഇരയായവൻ’ താൻ ‘സ്വന്ത’മാക്കിയ കാമ്യവിഭവം വന്യമായ ആർത്തിയോടെ ഉപഭോഗിക്കുകയാണു്. അതു കണ്ടുനില്ക്കുന്നവരിൽ ഒരുവശത്തു് കഴിവതുംമുമ്പേ കമ്പോളത്തിന് ഇരയാകാനുള്ള ഇച്ഛാശക്തി ഉടലെടുത്തു് പണായുധസമ്പാദനാർത്ഥം വൻകിടക്കമ്പനികളിലെ തൊഴിൽ എന്ന അടിമപ്പണിക്കായി പരസ്പരം ജിഘാംസയോടെ മത്സരിക്കുന്നു. മറ്റൊരു ഭാഗത്ത് നിരാശിതരായവരിൽ വീണ്ടുവിചാരമില്ലാത്ത ഒരു വിഭാഗം തീവ്രവാദംതുടങ്ങി ഭീകരപ്രവർത്തികൾ വരെനീളുന്ന ‘കമ്പോള ഉപോല്പന്നങ്ങ’ളുടെ പട്ടികയിലെ പലതിനോടും കൂറുപ്രഖ്യാപിക്കുന്നു...! മറ്റു ചിലർ പകൽക്കൊള്ള, പിടിച്ചുപറി തുടങ്ങിയ ആദായമാർഗ്ഗങ്ങൾ തേടുന്നു....! മനുഷ്യമനസ്സിൽ അർത്ഥശൂന്യതയുടെ മരവിപ്പുപടരുന്നു... മനുഷ്യബന്ധങ്ങളിൽ അവിശ്വാസത്തിന്റെയും അവഗണനയുടെയും വിള്ളലുകൾ വർദ്ധിക്കുന്നു... അച്ഛനും,അമ്മയും, മക്കളുമെല്ലാം പരസ്പരമുള്ള ചടങ്ങുകൾമാത്രമായി മാറുന്നു. ഈ യുദ്ധത്തിനു പ്രേരാണയായ ‘കാമ്യവിഭവങ്ങ’ളുടെ വൻതോതിലുള്ള നിർമ്മാണത്തിനായി വൻകിട നിർമ്മാണശാലകൾ പ്രവർത്തിക്കുമ്പോൾ അതിനുവേണ്ടിവരുന്ന അസംസ്കൃതസാധനങ്ങൾക്കായും അവയുടെ പാകപ്പെടുത്തൽ മുഖേനയും പരിസ്ഥിതിക്ക് ഉണ്ടാകുന്ന ശാശ്വതമായ നാശവും നഷ്ടവും അതു നിമിത്തം മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങൾക്ക് ഏൽക്കേണ്ടിവരുന്ന ആഘാതങ്ങളും മാറാവ്യാധികളും യുദ്ധക്കളത്തിൽ നിന്നേല്ക്കുന്ന ഉണങ്ങാത്ത മുറിവുകളാകുന്നു....
വയലോരത്തെ ഊഷ്മളമായ പ്രേമോത്സവങ്ങളുടെ
ദീപപ്പൊലിമമാഞ്ഞിടത്തു് കമ്പോള- യുദ്ധോത്സവങ്ങളിലെ ചത്തവെളിച്ചത്തിന്റെത
അലങ്കൃതമായ ശവപ്പെട്ടികള് നിരക്കുന്നു...
‘കമ്പോളയുദ്ധക്കള’ത്തിലെ മലയാളി
ഇനി ഓർക്കുക , ഭാരതത്തിന്റെ സാഹചര്യത്തിൽ ഈ പറയുന്ന ‘നമ്മളി’ൽ ഏറെയും ശരിക്കും നമ്മൾ തന്നെയാണെന്ന്-നമ്മൾ മലയാളികൾ-! ഈ
കമ്പോളയുദ്ധത്തിൽ നിന്ന് ഒരുനിമിഷംപോലും വിട്ടുനില്ക്കാൻ കെല്പില്ലാതായവർ...!
പോരാ-! ഈ വിവരിച്ച കമ്പോളയുദ്ധത്തിൽ ശത്രുവിനു് ഇരയാകാൻ മത്സരിച്ചു ‘മുന്നേറു’ന്നവർ...!
അതെ, നാം നമ്മുടെ
വയലുകളെല്ലാം നികത്തി അവിടമെമ്പാടും ‘കമ്പോളപ്പടനില’മാക്കിക്കഴിഞ്ഞിരിക്കുന്നു..! നാം...മലയാളികൾ 24 മണിക്കൂറും ഈ പറയപ്പെട്ട ‘കമ്പോളയുദ്ധമുഖത്തെ.ചാവേർപ്പടകളല്ലേ..!
ദിനംതോറും നാം-- ‘കമ്പോള ഉപാസക’രായ മലയാളികൾ-- ഈ
കമ്പോളയുദ്ധത്തിൽ എല്ലാംമറന്നുപങ്കെടുത്തു പാഞ്ഞുനടക്കുന്നു.... ‘പണപ്രയോഗം’നടത്തി
ശത്രുവിന്റെു ആവനാഴിയെ കഴിവതുപോലെല്ലാം സമ്പന്നമാക്കുന്നു...! (മറ്റു
സംസ്ഥാനക്കാർക്കു നാം
ഇക്കാര്യത്തിൽ ‘ഉത്തമമാതൃക’യായി
പരിലസിക്കുന്നുമുണ്ടു്-!)
മലയാളിയുടെ
ബന്ധ-മൈത്രീ-സൗഹൃദങ്ങളെല്ലാം മാഞ്ഞുപോകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
മലയാളിയുടെ
ഇന്നത്തെ ഉപഭോഗവസ്തുക്കളിൽ മിക്കതും മുമ്പ് അവശ്യവസ്തുക്കളുടെ ഗണത്തിൽ
പെട്ടിരുന്നതല്ലെന്നോർക്കുക. ആദ്യം.അപരിചിത വസ്തുവോ ആർഭാടവസ്തുവോ ആയി
അകലെനിന്നിരുന്ന അത്തരം എണ്ണമറ്റവസ്തുക്കളെ കമ്പോളം അതിന്റെ അനവധി
കുതന്ത്രങ്ങളിലൂടെ ‘പണക്കാർക്കു’ള്ള സുഖോപാധി വസ്തുക്കളായും പിന്നെ അവശ്യവസ്തുക്കളായും
നമ്മുടെമേൽ അടിച്ചേൽപ്പിച്ചു. ഉപഭോഗശീലംകൊണ്ടും പിന്നെ ‘വളർച്ച’യുടെയും ‘കാലാനുസൃത’മായ ‘പരിഷ്കാരത്തി’ന്റെയും ‘വികസന’ത്തിന്റെയും പേരിലും ഇന്ന് നമുക്ക് ആ
വസ്തുക്കൾ കൂടാതെ ജീവിതം അസാധ്യം എന്ന നിലയിലായി. ഇങ്ങനെ നമുക്ക് ‘ഒഴിവാക്കാനാകാത്തവ’യായി മാറിയ ആ ‘അവശ്യഭോഗ‘വസ്തുക്കളുടെ വില
കമ്പോളം അടിക്കടി പലമടങ്ങു പെരുക്കുമ്പോൾ അത്രയും പണം കൈവശമില്ലാത്ത നാമോ... ആ ‘അവശ്യകാമ്യവസ്തു’ കൈവശമാക്കാൻ
വേണ്ടിവരുന്ന പണത്തിനുവേണ്ടി സാമൂഹ്യവിരുദ്ധവും
പ്രകൃതിയെ നശിപ്പിക്കുന്നതും മനുഷ്യവിഹിതമല്ലാത്തതുമായ ഏതു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാകുന്നു. അല്ലെങ്കിൽ സ്വീകരിക്കാൻ നിർബ്ബന്ധിതരാകുന്നു..!
സാമൂഹ്യവിരുദ്ധവും പ്രകൃതിയെ നശിപ്പിക്കുന്നതുമായ ഇത്തരം പ്രേരണകൾ സമൂഹത്തിൽ അടിക്കടി ഉണ്ടാകുമ്പോൾ ഈ കുറ്റം പലരും ആവർത്തിക്കുകയും ഒടുവിൽ അതിനു സാമൂഹ്യമായ അംഗീകാരം ലഭിക്കുകയുമാണ് ചെയ്യുന്നത്. എന്നല്ല അത് മാന്യതയുടെയും പരിഷ്കാരത്തിന്റെയും ഒരുഭാഗം ആകുകപോലുംചെയ്യുന്നു...! ഇതാകട്ടെ പ്രകൃതിയെ മുൻനിർത്തി അധ്വാനിക്കുകയും അടിസ്ഥാനമൂല്യമായ ഭക്ഷ്യവസ്തുക്കൾ വിളയിച്ച് പണമെന്ന ‘കടലാസുകുറിമാന’ങ്ങൾക്ക് അവ്യാജമായ യഥാർത്ഥമുല്യം പകർന്ന് അതിനെ വിലയുള്ളതാക്കി നിലനിർത്തുന്ന 80%ത്തോളം വരുന്ന ഭൂരിഭാഗം ജനങ്ങളെ അപകർഷപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ( ഇടയ്ക്കു പറയട്ടെ: ബാങ്കുകളുടെ സങ്കല്പ പ്രകാരം മൂല്യമായി സ്വീകരിച്ചിരിക്കുന്ന സ്വർണ്ണം വിശപ്പു ശമിപ്പിക്കാത്തിടത്തൊളം ആ പാഴ്‌ലോഹത്തിന്റെ മൂല്യനാട്യം അടിസ്ഥാനപരമായി വെറും വ്യാജമാണെന്ന് ഈ ‘കോവിഡ്കാലം‘ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ..)
അപ്പോഴോ...
കമ്പോളസുഖഭോഗികളായ നഗരോപാസകരുടെയും നിരനിരയായി നിൽക്കുന്ന ഇടനിലക്കാരുടെയും മേൽക്കുമേൽ വർദ്ധിക്കുന്ന ആസുരഭാരത്തെ മുഴുവൻ
താങ്ങിത്താങ്ങി ഈ യഥാർത്ഥ മൂല്യോൽപ്പാദകരായ മണ്ണിൽ കാർഷികമായി അദ്ധ്വാനിക്കുന്ന ഭൂരിഭാഗം ജനങ്ങളും
അടിക്കടി അവശരാകുകയാണ്. ഇതൊന്നും കണക്കിലെടുക്കാതെ സാമൂഹ്യവിരുദ്ധവും
പരിസ്ഥിതിവിരുദ്ധവുമായ കമ്പോള പ്രവണതകൾ
നമ്മുടെയൊക്കെ ആശീർവാദങ്ങളോടെ നഗരവൽക്കരണമെന്ന വികസനപദ്ധതികളുമായി മാന്യത നേടി
സുഗമമായി മുന്നേറി എല്ലാത്തുറകളിലുമുള്ള ‘മുഖ്യധാര’യുടെ ആരാധനാപാത്രങ്ങളാകുന്നു...!!
ഇത് നായകൻ ഒരിക്കൽപോലും വിജയിക്കാത്തതും വില്ലൻമാത്രം
നിരന്തരം വിജയിച്ച് നായകപരിവേഷം ചാർത്തിവിളങ്ങുന്നതുമായ നിലയിൽ ഈ ജീവിതനാടകത്തെ നിരർത്ഥകവും നിരുന്മേഷകരവുമായ
വിരസനാടകമാക്കി മാറ്റുന്നു...!.!
ഇതിനിടയിൽ നമ്മൾ
മലയാളികളോ..! നോക്കൂ... ആരുടെ കൈയിലാണു് കൂടുതൽ ‘മാരകമായ പണായുധം’ ഇരിക്കുന്നതെന്നു
സദാസംശയിച്ചും, സ്വന്തം
കുട്ടികൾ അബദ്ധത്തിൽപ്പോലും മലയാളം ഉരിയാടാനിടവരാതെ ‘കമ്പോളയജമാനന്റെ
ഭാഷ പഠിച്ചു ‘മിടുക്കരായി’ അടിമപ്പണിക്കു
തയ്യാറാകാൻ അവരെ പഞ്ചനക്ഷത്ര ഇംഗ്ലീഷ്സ്കൂളുകളിലയച്ചും... എങ്ങനേയും കൂടുതൽ പ്രഹരശേഷിയുള്ള ‘പണായുധം’ കൈക്കലാക്കണമെന്നു
നിനച്ചും, താദൃശരോടു്
അസൂയപ്പെട്ടും...ഭയന്നും.. അങ്ങനെ മനംകലങ്ങി
പലപേരിലുള്ള രോഗങ്ങൾക്കടിപ്പെട്ടും ... ചികിത്സക്കായി ശത്രുവിന്റെ
മുഖ്യയുദ്ധമുഖമായ പഞ്ചനക്ഷത്രഹോസ്പിറ്റലുകളിൽത്തന്നെ നിഷ്ഠയോടെ എത്തിയും...ഈ ‘പടക്കള’ത്തിൽ പരക്കംപായുകയാണല്ലോ
നാമൊക്കെ....!!
നമ്മുടെ പാട്ടുകൾ
പോലും ‘അടി’കൾ മാഞ്ഞ് ‘തല്ലു’കൾ
മാത്രമായിപ്പോയിരിക്കുന്നു....!!
‘അമ്മമൊഴി’യെ നടതള്ളിയ ആംഗലാഭിമാനം
ഇന്നത്തെ ‘കമ്പോളതാല്പര്യ’ ത്തിന്‍റെ പഴയ പേരായിരുന്നല്ലോ ‘സാമ്രാജ്യത്വതാല്പര്യം’. അന്ന് അതിന്റെ ചുക്കാന്‍പിടിച്ചിരുന്ന അക്രമികൾ അവരുടെ കൊള്ളമുതലിന്റെ കണക്കുപറയാന്‍ ഉപയോഗിച്ച ഭാഷയാണു് ഇംഗ്ലീഷു്. അധിനിവേശത്തിന്‍റെ അതേ അസുരക്കാലുകളും അതിലാഭത്തിന്‍റെ അതേ കഴുകക്കണ്ണുകളുമായെത്തിയ ഇന്നത്തെ ‘കമ്പോളത്തയജമാനന്റെ’ തിരുമുമ്പിലും ആജന്മഅടിമകളും ഇരകളുമായ നമ്മള്‍ നമ്മെ വിഴുങ്ങുന്നവന്‍റെ ആ അക്രമത്തിന്‍റെ ഭാഷതന്നെ എന്തുപാടുപെട്ടും സംസാരിക്കാന്‍ പരസ്പരം മത്സരിക്കും- അതിൽ എന്താണിത്ര അത്ഭുതം-! ഓര്‍ക്കണം-ഒരു ഭാഷകൂടി പഠിക്കാനുള്ള ഉന്നമോ ഉത്സാഹമോകൊണ്ടല്ല ഇതു്. പിന്നെയോ.. കേരളീയ സമൂഹമെന്ന നിലയില്‍ പണ്ടേതന്നെ സ്വന്തമായുണ്ടായിരുന്ന ദ്രമിഡമൊഴിയെ ‘അമ്മമൊഴി’ യെന്നു ഹൃദയസ്പര്‍ശിയായിപറയാൻ മറന്ന്...അന്നത്തെ യജമാനന്മാരുടെ കേവലം മേധാസ്പര്‍ശിമാത്ര മായ ‘മാതൃഭാഷ’ എന്ന സംസ്കൃതപദങ്ങൾകൊണ്ടു നാമകരണം ചെയ്ത് ‘അഭിമാനപൂരിതമായി തിളയ്ക്കുന്ന ചോരയോടെ’ സ്വീകരിച്ചു. ‘മാതൃഭാഷ’ എന്നതിലെ രണ്ടു ഘടകപദങ്ങളും മലയാളമല്ലെന്നു കാണുക...!! അങ്ങനെ നാം സ്വന്തം ‘അമ്മമലയാള’ത്തെ എന്നേ നടതള്ളി ‘ദ്രമിഡമലയാള’ത്തിൽ നിന്ന് ‘ആര്യസംസ്കൃതമലയാളി’യായി. പിന്നെ ഇന്നോ...അവൻ ‘ശ്രേഷ്ഠ മലയാളി’യുമായി..! ‘തള്ളയില്ലാത്ത’ മലയാളി ‘തള്ളയില്ലാവാവൽ കിഴുക്കാംചാതി’എന്ന നാട്ടുചൊല്ലിലെ മട്ടിലുമായി. അതുകൊണ്ടെന്തു സംഭവിച്ചു.... അമ്മവഴി ഉണ്ടാകേണ്ട അന്തസ്സും അന്തസ്സാരവും ആഭിജാത്യവും ഇല്ലാതായി. അതു നിമിത്തം കൈവന്ന അപകർഷതയും മുഖമില്ലായ്മയും മലയാളിയെ‘സായിപ്പിന്‍റെ മുമ്പിൽ കവാത്തു മറക്കുന്ന’ ‘ഏമാന്റെ മുന്നിലെ അനുസരണ’ക്കാരാക്കി.. ! എന്നിട്ടോ.. ആര്യസംസ്കൃതം എന്ന ആ ‘ആരാന്‍റെ അമ്മ’ പറഞ്ഞുതന്നതൊന്നും തെല്ലും മനസ്സിലാകാത്തതിനാൽ തങ്ങൾ ഇരകളാകുന്നത് പോലും തിരിച്ചറിയാനുള്ള കഴിവില്ലാതെ അഭിമാനപൂര്‍വ്വം ഇരകളായിക്കൊടുക്കുന്നതിന്‍റെ പാരമ്പര്യസിദ്ധവും പരിഹാസ്യവുമായ ദൈന്യത ‘മാന്യ’മായി പുത്തൻ തലമുറയുടെ തലയിലുമെത്തി...! അങ്ങനെ ‘കോമൺ വെൽത്തു‘ വഴി കോമൺസെൻസില്ലാതായതുകൂടിയാണു നമ്മുടെ അതിരുവിട്ട ഈ ‘ആംഗലഭ്രമഗോഷ്ടി’കൾക്കു കാരണം...!
( ഭാരതമെന്ന ഈ ഉപഭൂഖണ്ഡത്തിൽ രണ്ടു കാലങ്ങളിൽ
അധിനിവേശത്തിന്റെ കാലേറിവന്ന് ഈ
നാട്ടുകാരുടെ തലയിൽ കയറിയ ആര്യഭാഷകൾ എന്ന ഒരേ ഭാഷാകുടുംബത്തിൽ പിറന്ന രണ്ടു
ഭാഷകളാണ് സംസ്കൃതവും
ആംഗലവും എന്നോർക്കുമ്പോഴാണു ഇതിന്റെ നാടകീയത ചിന്താവിഷയമാകുന്നത്. പക്ഷേ അതിൽ
ആദ്യത്തേത് പരോക്ഷമായി ദ്രമിഡത്തിന്റെ ഈടുവയ്പ്പുകൾ മുഖേന സർഗ്ഗാത്മകമായ സൽഫലങ്ങളുളവാക്കി
സംസ്കൃതിയെ സമ്പന്നമാക്കിയപ്പോൾ രണ്ടാമത്തേത് ഈ നാട്ടുകാരെ കൊള്ളമുതലിന്റെ
കണക്കുപറയാൻ പഠിപ്പിച്ചു..! )
ലോകത്തിലെ
ഏറ്റവും മുന്തിയ അപകര്‍ഷതാബോധത്തിനുടമകൾ
ഏതാണ്ടു് 7-ാം നൂറ്റാണ്ടിനടുത്തകാലംവരെ യൂറോപ്പിലെ ഊരും കാടുംചുറ്റി കൊള്ളയും കൊലയുമായി നടന്ന ആംഗ്ലൊ –സാക്സൺ വർഗ്ഗം ആംഗലദേശത്ത് മാനം മര്യാദയായി ജീവിച്ചിരുന്ന ‘കെൽടിക്കു’കളെ ആക്രമിച്ച് ഓടിച്ചിട്ട് അവിടെ കയറിപ്പറ്റിയതും തുടർന്ന ലോകത്തില്‍ കഴമ്പുണ്ടായിരുന്ന പല പ്രൗഢഭാഷകളിലേയും പദങ്ങളെ കേട്ടപാതികേള്‍ക്കാത്ത പാതി അര്‍ത്ഥമറിയാതെ അനുകരിച്ചതുമൊക്കെ ഉൾപ്പെടുന്നതാണല്ലൊ ആംഗലത്തിന്റെ ഭാഷയുടെ ചരിത്രം. യുറോപ്യന്മാരായ ആ വർഗ്ഗം അവരുടെ കൊള്ളമുതലിന്‍റെയും അക്രമത്തിന്‍റെയും കണക്കുപറഞ്ഞപ്പോഴൊക്കെ നാവുവഴങ്ങാത്തതിനാൽ (‘ഗോശ്രീനാടി’നെ ’‘കൊച്ചി’നും..‘താര’യെ ‘സ്റ്റാറും’ആക്കിയതുപോലെ) വന്ന സകല ഉച്ചാരണവൈകല്യങ്ങളും കൂനകൂട്ടിയ ആംഗലത്തിന്റെ ഉച്ചാരണങ്ങള്‍..അവിടുത്തെ ഭാഷാ പണ്ഡിതന്മാരിൽ പലരും ആക്ഷേപിച്ചിട്ടുണ്ടെന്ന് ഒർക്കണം ! നമ്മുടെ അമ്മമൊഴിയെ (സംസ്കൃത പ്രകാരം ‘മാതൃഭാഷ’യെ) അപ്പാടെ മറന്നും പിന്നെ നാണംപോലെ മറക്കാന്‍കിട്ടുന്നതെന്തും മറന്നും... ആ ഉച്ചാരണ വൈകല്യങ്ങള്‍ സമസ്തവും അനുസരണയോടെ ഉച്ചരിക്കാന്‍ മത്സരങ്ങൾപോലും നടത്തിയും ഇപ്പോഴും ആ ആംഗലദേശത്തെ വെള്ളക്കാരനോടുള്ള ഭക്തിമൂത്ത് അവനൊപ്പം ചമയാൻ കിണഞ്ഞുശ്രമിച്ചുമാണല്ലോ നമ്മുടെ ‘ കോമൺവെൽത്ത് വികസ്വരതലമുറ’യുടെ നാവില്‍ ആ പഴയ കൊള്ളക്കാരന്‍റെ ഭാഷയെ നാം സദാ ‘വിള’യാടിക്കുന്നത്.....!! മാത്രമോ നമ്മുടെ സാഹിത്യ-സാംസ്കാരിക-ചാനൽ ദിനസരികളിലും മാന്യവും അസൂയാവഹവുമായ സ്ഥാനങ്ങളിൽ അഭിമാനപൂർവ്വം അതു വിഹരിക്കുകയും ചെയ്യുന്നു..! അതു കേള്‍ക്കുമ്പോൾ ആ വെള്ളക്കാരനുപോലും ചിരിപൊട്ടിപ്പോകും..!
പണ്ടു് മറ്റുചില ആര്യഗോത്രപ്രാകൃതങ്ങൾ ഭാരതസ്പര്‍ശമേറ്റു്
സംസ്കൃതമായി വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും പാടി. അന്നു് ആ അധിനിവേശക്കാരനായ ആര്യന്റെ ഭാഷ
അത്രയ്ക്കു് ഉയരത്തിലെത്താനും, ഗണിതപരമായ കൃത്യതപുലര്‍ത്തുന്ന ശാസ്ത്രഭാഷയാകാനും അമൃതവാണിയായി മാറാനും
പ്രപഞ്ചതത്വങ്ങളെ പ്രതിപാദിക്കാനും പ്രാപ്തമായത് അതിനുമൊക്കെ മുമ്പുതന്നെ
ഭാരതത്തിന്‍റെ ശീതോഷ്ണസ്ഥിതിയില്‍മാത്രം വിടരാറുണ്ടായിരുന്ന മേധാപ്രസരങ്ങളുടെയും
ധ്യാനാത്മകതയുടെയും സത്യ-സൗന്ദര്യാന്വേഷണങ്ങളുടെയും പശ്ചാത്തലസിദ്ധികളുണ്ടായിരുന്ന
സിന്ധുനദീതടത്തിലെ ദ്രമിഡത്തിന്റെ വരസ്പര്‍ശം നിമിത്തമാണെന്നോര്‍ക്കണം. ആ
ധ്യാന-മനനങ്ങളുടെ ശീതോഷ്ണസ്ഥിതി ഇന്നും ഇവിടെത്തന്നെയുണ്ടു്. എന്നാല്‍ ഇക്കഴിഞ്ഞ കാലത്തു അധിനിവേശിച്ച സാമ്രാജ്യത്വത്തോടൊപ്പമെത്തിയ
ആ ‘സര്‍വ്വഭാഷാപഭ്രംശ’ മായ ആംഗ്ലോ-സാക്സന്‍ ഉരിയാട്ടം മലയാളി
കൊണ്ടാടുന്നതിനു പിന്നിൽ ധ്യാനമനനപരമായ പ്രേരണകളൊന്നുമല്ല.... പിന്നെയോ..തമിഴനു
തായ്മൊഴി പോലെ കേൾക്കുമ്പോൾത്തന്നെ രോമാഞ്ചമുണ്ടാകത്തക്കവിധം സ്വന്തമെന്നു കറതീർന്നു വിളിക്കാൻ ഒരു അമ്മമൊഴിയില്ലാത്ത ..അതു കൊണ്ടുതന്നെ ‘മൊഴിമാന’മില്ലാത്ത (ഭാഷാഭിമാനം) ..മലയാളിമനസിന്റെ
ഒഴിച്ചുകൂടാനാകാത്ത അപകർഷ അടിമത്തം തന്നെയാണു പ്രേരകം.
,സ്വന്തം ലാവണത്തിൽ കിടക്കപ്പൊറുതിയില്ലാതെ പ്രാണരക്ഷാർത്ഥം ക്രിസ്ത്വബ്ദത്തിനു മുമ്പും പിമ്പുമുള്ള ചില നൂറ്റാണ്ടുകളിൽ കേരളത്തിൽ അധിനിവേശിച്ച് ആര്യാധിനിവേശത്തിന്റെ തന്ത്രവും പഞ്ചാംഗവിദ്യയും വർണ്ണവും മഴുവിന്റെ കഥയും കൊണ്ട് കോയ്മനേടിയ പഴയ കേരളക്കോയ്മകൾ മലയളികളെന്ന മലനാടന്‍ഗോത്രജീവികളെ തമ്മിലടിച്ചു ചാകാന്‍വിടാതെ വര്‍ണ്ണത്തിന്‍റെ തന്ത്രപൂര്‍വമായ വ്യാഖ്യാനത്തിലൂടെ അയിത്തത്തിന്‍റെ അകലങ്ങള്‍ കാണിച്ചു വരുതിയില്‍നിര്‍ത്തി കാര്യമായ പടയോട്ടങ്ങളൊന്നുമില്ലാതാക്കി ചരിത്രത്തെ ആശ്ചര്യപ്പെടുത്തി. എങ്കിലും സ്വന്തം മുഖവുമായി സ്വതന്ത്രരായിരുന്ന ഈ മലയാള ഗോത്രമനുഷ്യരെ ലോകത്തിലെ ഏറ്റവും മുന്തിയ അപകര്‍ഷതാബോധത്തിനുടമകളാക്കിയത് ആ ആര്യാധിനിവേശത്തിന്റെ കുടിലതതന്നെയാണ്. വർണ്ണത്തെ വീറൊടെ തള്ളി തങ്ങളുടെ തനിമനിലനിർത്തി കാവും മാടനും മറുതയുമായി സ്വതന്ത്രരായ അവർണ്ണരെയും ആ ആര്യക്കോയ്മയുടെ കുടിലത അപകർഷതാ ബോധത്തിലേയ്ക്കു തള്ളി. ആ അധിനിവേശക്കാരിൽ നിന്ന് ആത്മാഭിമാനത്തെ രക്ഷപ്പെടുത്തി ശുദ്ധവായുശ്വസിച്ചു നേരെയൊന്നു നടക്കാനും അക്കൂട്ടരെ പരിഭ്രമിപ്പിക്കാനും..വിദേശക്കമ്പനികളിൽ ആയുസ്സ് വിറ്റ് കമ്പോളപ്പണം നേടാനും പിന്നെ.... മലയാളിക്കു സഹജമായ ശൈലിയില്‍ ഈ അത്യുഷ്ണമേഖലയിൽ കുട്ടികൾക്കുകൂടി നെക് ടൈ കെട്ടി നടക്കുന്ന പരിഹാസ്യമായ അടിമത്തത്തിന്‍റെ ഗോഷ്ടികളോടെ ആംഗല വായ്ത്താരികേള്‍പ്പിക്കാനുമായി. സായിപ്പിന്‍റെ ‘ശിങ്കിടി’കളായ ‘നമ്മള്‍’-മലയാളികള്‍-ഒക്കുംപടി യൊക്കെ അസ്ഥാനത്തും അനവസരത്തിലും അഭിമാനപൂര്‍വ്വം ആംഗലം ഉരിയാടിനടന്നു.
ഗ്രാമങ്ങള്‍
എത്രനാള്‍ പണിയെടുക്കണം-!
എന്നിട്ടെന്തായി....!? സാമ്രാജ്യത്വത്തെ രൂപതലത്തില്‍ നാം മടക്കിയയച്ചെങ്കിലും ഭാവതലത്തില്‍ അതു
വശീകരിക്കുന്ന പുത്തന്‍മേലങ്കികളുമണിഞ്ഞു് അതിൽ എണ്ണിയാലൊടുങ്ങാത്ത അപകടങ്ങളെ
പൊന്നലുക്കിട്ടുമറച്ചു് അലങ്കരിച്ചു് ‘കമ്പോളത്ത’മായി
തിരിച്ചെത്തി. അതുകണ്ടു് ഇതു് ആളാരെന്നറിയാതെ മതിമറന്നുപോയ
നമ്മള്‍ എഴുത്തച്ഛനെയും എഴുത്തമ്മയേയുമെല്ലാം തൂക്കിയെറിഞ്ഞു്
മമ്മിയും പപ്പയുമായി കുഞ്ഞുകുട്ടിപരാധീനം സഹിതം വീടുവിട്ടിറങ്ങി
ആംഗലയുരിയാട്ടംകൊണ്ടു് ആറാട്ടുനടത്തി സായിപ്പിന്‍റെ കമ്പോളത്തിലെ അറിവുകേടുപറ്റിയ
അറവുമാടുകളായി കുത്തിമറിഞ്ഞു നടക്കുന്നു!! ഇപ്പോള്‍ ഈ
സായിപ്പിന്‍റെ കമ്പോളത്തിലെ 'ബര്‍മുഡ'യിട്ട ഇരകളെക്കൊണ്ടു്
മരുതനാട്ടുവയല്‍ക്കരകളില്‍ പുളയിലക്കരയനുടുത്തുനടന്ന മലയാളത്തിന്‍റെ
കൈപിടിപ്പിച്ചു ബന്ധമുറപ്പിക്കാമെന്നു് പട്ടണഫ്ളാറ്റുകളിലിരുന്നു കലാശാലകൾ
പോറ്റുന്ന ചില ‘ഇര’കള്‍ ബാല്യകാലം അയവിറക്കിക്കൊണ്ടു
പറഞ്ഞുപരത്തുന്നതുകേള്‍ക്കുമ്പോള്‍ മുഖംനോക്കാതെ ചിരിച്ചുപോകും. ആരെ പഴിക്കാന്‍...!
അല്ലെങ്കില്‍ത്തന്നെ പഴിപറഞ്ഞിരിക്കാന്‍ നേരമെവിടെ...യുദ്ധത്തിനു പോകണ്ടേ..!!
ഇതൊരു ഒരു യുദ്ധക്കളമല്ലേ-! ഒരു യുദ്ധംനടക്കുന്നിടത്തു് ഇന്നതേനടക്കൂ
എന്നില്ലല്ലോ....!! ഭൂമുഖത്തു് എവടെനടക്കുന്ന യുദ്ധവും കമ്പോളത്തിന്‍റെ
സൃഷ്ടിയാണെന്നു വരുമ്പോള്‍ വിശേഷിച്ചും!
നോക്കുക- പരമാര്‍ത്ഥത്തിലുള്ള മൂല്യം എവിടെന്നു്
അറിയാത്തതുനിമിത്തം തല്‍ക്കാലം ഒന്നു പകരംവച്ചുപോയ വെറുംഒരു അടയാളച്ചില്ലി
ലോകമഹായുദ്ധങ്ങളായി കോളുകൊണ്ടുനില്ക്കുന്നതു്-! (അല്ലെങ്കിലും അറിവില്ലായ്മയാണല്ലോ
സകലസന്താപങ്ങള്‍ക്കും കാരണം). സമൂഹത്തില്‍ മാറാരോഗങ്ങളായും, ആത്മഹത്യക്കുപ്രേരിപ്പിക്കുന്ന
കൊടിയ നൈരാശ്യമായും, മനോരോഗങ്ങളായും, മനുഷ്യന്‍റെ
മൂല്യസങ്കല്പങ്ങളെയും അവന്‍റെ പാവനമായ കുടുംബന്ധങ്ങളെയുമെല്ലാം അപ്പാടെ
ഉലച്ചുനശിപ്പിച്ചു കൊണ്ടിരിക്കുന്ന സ്വാര്‍ത്ഥലാഭത്തിനുള്ള മത്സരങ്ങളായും, അടിമജോലിക്കാരെ
സൃഷ്ടിക്കുന്ന വികലവിദ്യാഭ്യാസരീതികളായും, ആരോഗ്യകരമായ സാമൂഹ്യബന്ധങ്ങള്‍പൂക്കുന്ന കാര്‍ഷികതയുടെ അന്തകനായും, പരിസ്ഥിതിനാശമായും, ഭീകരവാദപ്രേരണകളായും---അങ്ങനെ...അന്തമില്ലാത്തസന്താപങ്ങളായി
നമ്മളി ലേക്കുവരുന്നതെല്ലാം കമ്പോളയുദ്ധക്കെടുതികളാണെന്നു് നാം ഇനിയും
തിരിച്ചറിയുന്നില്ലെന്നോ-!!അതെ, മലയാളിയുടേതു് നാടോടുമ്പോ നടുവേഓടുന്ന ഓട്ടമാണത്രെ-! ആരൊ ഓടിക്കുന്നു എന്നു പറയുന്നതാകും ശരി.
നമ്മുടെ അറിവുകേടിന്‍റെ ആഴം അവിടെയും നില്കുന്നില്ലല്ലോ-!
മേല്‍ക്കണ്ടവിധം ലോകമെമ്പാടും പൊട്ടിത്തെറിച്ചു പുകഞ്ഞുനില്ക്കുന്ന ഈ
യുദ്ധക്കളത്തെ നോക്കിയാണു നാമും നമ്മുടെ നേതാക്കന്മാരും ‘ഇതാ വികസനം..!, ഇതാ പുരോഗതി.,.പരിഷ്കാരം.!’ എന്നൊക്കെ ആണയിട്ടു പറയുന്നതെന്നു തിരിച്ചറിയുമ്പോഴേ
ആ അറിവുകേടിന്‍റെ ആഴത്തെക്കറിച്ചു് ഒരു ഊഹംകിട്ടൂ. അനുനിമിഷം പടര്‍ന്നുകൊണ്ടിരിക്കുന്ന
കമ്പോളമെന്ന ഭീകരയുദ്ധക്കളം ദിഗന്തങ്ങളെ
നടുക്കുന്ന അതിന്‍റെ യുദ്ധകാഹളങ്ങൾ
മുഴക്കി, ആകാശ--ഭൂമികളെ
ഒന്നിച്ചുകടിച്ചുകോര്‍ത്തുകൊണ്ടു് അടിക്കടി മാനംമുട്ടെ പുറത്തേക്കു തള്ളിവരുന്ന
ചോരപുരണ്ട ബഹുനിലകളിലുള്ള ദംഷ്ട്രകള്‍ നക്കിത്തുവര്‍ത്തി അട്ടഹസിച്ചു നില്ക്കുന്ന
നില്പിനെ നാം അഭിമാനാവേശങ്ങളോടെ വിളിക്കുന്നതു് നഗരം എന്നാണു്.. .വികസനം
എന്നാണു്..! കഷ്ടം...! രാവുപകലാക്കിയിട്ടും നേരംതികയാതെ പരക്കംപാഞ്ഞു്
മനുഷ്യജീവിതത്തിനു വേണ്ടസമസ്തവും തയ്യാര്‍ചെയ്യുന്നു എന്ന് സ്വയംഭ്രമിച്ചും ഭ്രമിപ്പിച്ചും പൈശാചികമായ ഉപഭോഗ
തൃഷ്ണയുടെ മദപ്പാടിളകി സകലതും ചവിട്ടിഞെരിച്ചുകൊണ്ടു എങ്ങോട്ടെന്നില്ലാതെ പായുന്ന
നഗരം....! ഒരു നഗരത്തെ ഒറ്റനേരമൊന്നു തീറ്റിപ്പോറ്റാന്‍ എത്ര ഗ്രാമങ്ങള്‍ എത്രനാള്‍
പണിയെടുക്കണം-! ആ ‘നഗരത്തീണ്ടൽ’ ഏറ്റു് ഒരോദിനവും എത്ര ഗ്രാമങ്ങളുടെ ഉള്ളും പുറവും
മലീമസമാകണം..! ഒന്നോര്‍ത്തുനോക്കുക- ആധുനിക ‘ശാസ്ത്ര്’വിഹിതമായ
സുഖ-ഭോഗ-വികസനങ്ങളുടെ ‘ഗൗരവമേറിയ’ നിര്‍മ്മാണ-നടത്തിപ്പുകള്‍ എന്നപേരില്‍ ഭ്രാന്തമായ
ആസക്തിയോടെ വിഷപ്പുകതുപ്പി പരക്കം പാഞ്ഞു് ജീവരാശിക്കു മൊത്തം അവകാശപ്പെട്ടതെല്ലാം
മുച്ചൂടേനശിപ്പിച്ചു് അനുനിമിഷം പരിസ്ഥിതിനാശം വരുത്തിക്കൊണ്ടു്
വലിച്ചെറിഞ്ഞുകുന്നുകൂടുന്ന ഒരിക്കലും നശിക്കാത്ത വിഷച്ചണ്ടികളുടെ മലകളും
മാറാവ്യാധികളും കുറെ സംഗീതാഭാസങ്ങളും രോഗംപരത്തുന്ന ആഭാസത്തരങ്ങളുമല്ലാതെ
മറ്റൊന്നും തരാനില്ലാത്ത ആധുനികനഗരങ്ങള്‍...! കഷ്ടം! ഇത്തരം നഗരങ്ങളുടെ ഭ്രാന്തമായ
വളര്‍ച്ചയെ നോക്കിയാണു നാം ‘അതാ വികസനം..’ ‘ഇതാ പുരോഗമനം..! പരിഷ്കൃതി..!’ എന്നു് ആവേശത്തോടെ ഏറ്റുപറയുന്നതു്.....!
ഒടുവിലിതാ ഈ കമ്പോളത്തിന്റെ കണക്കു പുസ്തകം നോക്കാൻ
സാക്ഷാൽ പ്രകൃതിതന്നെ ഒരു അണുരൂപത്തിൽ അരങ്ങേറുകതന്നെ ചെയ്തിരിക്കുന്നു...!
ഓർക്കണം.. നമ്മുടെ കണക്കുബുക്കിൽ നമുക്കു കള്ളക്കണക്കുകളെഴുതാം... അതിൽ നമുക്ക്
കണക്കുചെയ്തു തെറ്റിച്ചിടാം... പക്ഷേ...ഓർക്കുക
പ്രകൃതിയുടെ കണക്കുബുക്കിൽ ഒരു മാത്രപോലും കണക്കു
തെറ്റിക്കിടക്കില്ല..കള്ളക്കണക്ക് അരഞൊടിപോലും നിലനിൽക്കില്ല...! കണക്കിനാൽ
ഭരിക്കപ്പെടുന്ന ഈ വിശ്വപ്രകൃതിയുടെ തിരുത്തൽ താങ്ങാനാകാത്ത വൻതിരിച്ചടിയോടെ
നമ്മുടെ വിവേകശൂന്യമായ തെറ്റിന്റെ മാറുപിളർക്കും..!!
---0---
------------------------------------------------------------------------------------------------
(1) വൈശ്യന്റെ യുദ്ധം—ചാതുർവർണ്ണത്തി
ന്റെ ശാസ്ത്രീയ കല്പനപ്രകാരം പരമമായ ബ്രഹ്മജ്ഞാനം സമ്പാദിച്ചവനാണു ബ്രാഹ്മണൻ. ബ്രഹ്മജ്ഞാനിയാകയാൽ പണസമ്പാദനം പോലുള്ള
ലൌകികവ്യാമോഹങ്ങൾ സകാരണമായി ശമിച്ച് നിസ്വത ( ലൌകിക സ്വത്തുവകകൾ
ഇല്ലായ്മ ) കൈവരിച്ച ബ്രഹ്മ വർച്ചസ്സെന്ന ശുദ്ധതേജസ്സാണു ബ്രാഹമണൻ. അപ്രകാരമുള്ള ബ്രാഹ്മണന്റെ നിസ്വാർത്ഥമായ
മേൽനോട്ടത്തിലാണു ക്ഷത്രിയൻ രാജ്യഭരണം നടത്തുത്തുന്നത്. അതിനിടെ കൃഷി-കച്ചവടം എന്നിവ ( ഇതിനു രണ്ടിനും അല്പം പതിതത്വം കല്പിച്ചതിനാൽ മൂന്നാം തരം
സാമൂഹ്യാശ്രമമായാണു—സാമൂഹ്യസേവനത്തുറ-
വൈശ്യവൃത്തിയെ കരുതിയിരുന്നത്. ഇതിന്റെ പതിതത്വം എന്തെന്നത് മറ്റൊരു വിഷയമായതിനാൽ
അവസരം വരുമ്പോൾ അതിനെപ്പറ്റി വിവരിക്കാം) കുലത്തൊഴിലായ
വൈശ്യനു പണമുള്ളതിനാൽ വൈശ്യൻ എന്നും ഭരണാധിപത്യത്തിനു ഗൂഢമായി ശ്രമിച്ചിരുന്നു.
പണക്കാരനായ വൈശ്യനിൽ നിന്ന് ഇത്തരം നീക്കം പ്രതീക്ഷിച്ചിരുന്നതിനാലും ലോകക്ഷേമത്തെ
ഇതു പ്രതികൂലമായി ബാധിക്കും എന്നതിനാലും ക്ഷത്രിയരാജാക്കന്മാർ അവരെ സസൂക്ഷ്മം
നിരീക്ഷിക്കുകയും അത്തരം നീക്കങ്ങളിൽ നിന്ന് അവരെ പലമാർഗ്ഗങ്ങളിലൂടെ കർശ്ശനമായി
തടയുകയും ചെയ്തിരുന്നു.)
-----------------------------0----------------------------
അടയാളങ്ങൾ-5 ൽ തുടരുന്നു.
‘ പണംകൊണ്ടു് എത്തേണ്ടിടം ’