2014, ഒക്‌ടോബർ 29, ബുധനാഴ്‌ച
പേജ്നമ്പരുകളില്ലാത്ത ഏകാന്തതയെക്കുറിച്ച്
2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച
ചോദ്യവും ഉത്തരവും
ചോദ്യം -:
മുടിപ്പാൻ നടപ്പോ-
നുടുക്കെന്തിനച്ചെം-
ജ്ജടയ്ക്കെന്തിനി-
പ്പൊന്മതിത്തെല്ല-
തോർത്താൽ
ഉടുപ്പില്ലരയ്ക്കും….
അരപ്പങ്കുമയ്ക്കും…!!
പഠിക്കുന്നിടം നന്നു
കോടാലിരാമാ…!!!
ഉത്തരം -:
പഠിപ്പേൻ മുടിപ്പിൻ
മുടിപ്പക്കലേശ-
പ്പൊടിപ്പൊന്നു-
ചൂഡന്നടിപ്പൂവുചൂടി…
അരയ്ക്കുള്ള മാനം
രതിക്കുള്ളകാലം
ഉമയ്ക്കും തുടിയ്ക്കുമ-
ക്കാമാരിയോഗം…..!
--മധു,മുട്ടം
2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച
പുലിയെത്തിന്നു മടങ്ങി വരുമ്പോള്‍...
“പുലിയെത്തിന്നു മടങ്ങും വമ്പനെ
എലി പിടി കൂടിത്തിന്നുകളഞ്ഞു --!!”
“എന്തൊരു കഥയിതു കൂവേ--!?” “ഹല്ലി-
ന്നെന്തിനു കോപം നേരുരചെയ്താൽ--!”
“നേരെന്നുള്ളൊരു കാര്യം ലോക-
ത്താരെവിടെന്നതു നേരേകണ്ടു-!?”
“കണ്ടവയൊന്നും നേരല്ലെന്നതു
പണ്ടേ ഗുരുവരരരുളിയ നാട്ടിൽ
ഇണ്ടലിതെന്തിനു…?! വിണ്ടലർനാഥൻ
തണ്ടിലിരുന്നും
തെണ്ടിപ്പോകാം !!”
--മധു,മുട്ടം
2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച
കഠിനമായ അകലം
2014, ഒക്‌ടോബർ 19, ഞായറാഴ്‌ച
കാക്കവിളക്ക്
കാവായിമാറിയാറെ….,
കൗമാരമോഹനീലാഞ്ജനമൗനങ്ങൾ
കല്ലായിമാറിയാറെ….
കാക്കവിളക്കു
കൊളുത്തിയില്ലിന്നോളം
കാവൂട്ടൊരുക്കിയില്ല...,
കാവിയുടുത്തന്നിറങ്ങവേ
വന്നൊന്നു
കൈകൂപ്പിനിന്നുമില്ല...
കാറ്റുനക്കാത്ത...കരിന്തിരികത്താത്ത
വാക്കുമാത്രം തെളിപ്പൂ.... ഇന്നീ
വാക്കുമാത്രം......
-മധു,മുട്ടം
2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച
2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച
ഒരു പൂക്കിനാവ്
ഒരു പൂക്കിനാവ്
ഇന്നലെരാത്രീൽ ഞാൻ സ്വപ്നത്തിലേയ്ക്കു പോകുമ്പോൾ എന്റെമുറ്റത്തെ
ഒരു മുല്ലപ്പൂവും ഒപ്പമുണ്ടായിരുന്നു..
അപ്പോൾ അവിടെയും രാത്രിയായിരുന്നു…
അരുകിൽ കസ്സവു പിടിപ്പിച്ച ഒരു നീലരാത്രി .
സ്വപ്നത്തിലെ രാത്രിയുടെ ഇന്ദ്രനീലമണ്ഡപത്തിൽ ഞാൻ ആരെയോ കാത്തിരുന്നു.
വരുമെന്നു പറഞ്ഞവർ ഒരിക്കലും വരില്ലെന്നേറ്റുപറയുന്ന യാമമെത്തി. കാവലിരുന്ന മുല്ലപ്പൂവ്
സ്വപ്നത്തിലെ ഉറക്കത്തെപ്പറ്റിപ്പറഞ്ഞു. പിന്നെ സ്വപ്നങ്ങളിലെ
സ്വപ്നത്തെപ്പറ്റി… സ്വപ്നങ്ങളിൽവച്ചു തമ്മിൽ
കണ്ടുമുട്ടുന്നതിനെപ്പറ്റി…കാത്തിരിക്കുന്നതിനെപ്പറ്റി. സ്വപ്നങ്ങൾക്കു ജീവിതത്തോളം നീളം വരുന്നതിനെപ്പറ്റി....
അങ്ങനൊരു സ്വപ്നത്തിൽ വിടർന്നതാണത്രെ ആ പൂവ്..!
ഞാൻ പൂവിനെ ഒറ്റയ്ക്ക് സ്വപ്നത്തിലിരുത്തിയിട്ട് ഉറക്കത്തിലേയ്ക്കു നടന്നു. തിരിഞ്ഞുനോക്കുമ്പോഴും പൂവ് സ്വപ്നം കണ്ട് നീലക്കൽമണ്ഡപത്തിൽത്തന്നെ ഇരിപ്പുണ്ടായിരുന്നു.
ഉറക്കം പതിവുപോലെ ഒന്നും മിണ്ടാതെ പൊതിച്ചോറൊരുക്കി. പിന്നെ…എപ്പോഴാണെന്നറിയില്ല ഞാൻ സ്വപ്നത്തിലേയ്ക്കു തിരിച്ചെത്തിയത്.
നമുക്കൊന്നു തിരിച്ചെത്താൻ ആകെ ഈ സ്വപ്നമല്ലേയുള്ളു.
അതോ....മറ്റൊരിടമുണ്ടോ...?
നീലക്കൽമണ്ഡപത്തിൽ അപ്പോഴും മുല്ലപ്പൂവ് എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. പക്ഷേ…..പുലരിക്കൈ തൊട്ടപ്പോൾ ഞാൻ ഉണർന്നുപോയി—ഇന്നിലേക്ക്. അതാണല്ലോ ഈ ഇന്ന്.
സത്യത്തിൽ ഉറക്കത്തിലെ ആ പൊതിച്ചോറിനു പോയില്ലെങ്കിൽ ഇക്കണ്ടതെല്ലാം ഒരു നീണ്ട
ഇന്ന്…!
മുറ്റത്തെ മുല്ല എന്നെ കണ്ടപ്പോൾ ഉൽക്കണ്ഠയോടെ ചോദിച്ചു- “എന്റെ പൂ എവിടെ--?”
ഉത്തരമില്ലാതെ ഞാൻ ഓർത്തു നിന്നു…
പിന്നെ ഇന്നിതുവരെ ഞാൻ ആ പൂവിനെ തേടി നടക്കുകയായിരുന്നു….
ഇപ്പോൾ… ഒരിത്തിരി മുമ്പ്.. ഈ പാണ്ടിത്തെരുവിലെ തിരക്കിലൂടെ
നടക്കവെ ഒരു മിന്നായം പോലെ ഞാൻ കണ്ടു….ആരുടേയോ
മുടിക്കെട്ടിൽ…ആ പൂവ്….!! എന്റെ മുറ്റത്തെ ആ ഒറ്റ മുല്ലപ്പൂവ്…!
അതെ…!! പക്ഷേ….ആരായിരുന്നു ആ പൂ ചൂടിയിരുന്നത്---?
ഞാൻ തിരയുകയാണ്….ഇപ്പോഴും… ഈ പാണ്ടിത്തെരുവിൽ….
ആരായിരുന്നു ആ പൂ ചൂടിയിരുന്നത്---!?
അല്ല….! ഈ തെരുവ്….സ്വപ്നത്തിലോ…..അതോ….ഈ ഇന്നിന്റെ ഏതെങ്കിലും മൂലയിലോ--?
ങേ…? ഇപ്പോ ആരോടാ ഒന്നു ചോദിക്കുക….
ഏയ്…അതേയ്… ഒന്നു നിൽക്കണേ….!—‘ ഈ സ്വപ്നത്തിലേയ്ക്കു പോകാൻ ഈ വഴി ചെന്നിട്ട്…?
-മധു,മുട്ടം.