link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: നവംബർ 2014

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, നവംബർ 26, ബുധനാഴ്‌ച

കള്ളംപറയുന്ന സത്യവും സത്യംപറയുന്ന കള്ളവും-!


      




ത്യം മിണ്ടാറില്ല; 

മിണ്ടിയാലോ കള്ളമേ മിണ്ടൂ-! 

സത്യം ഒരിക്കൽ ഒന്നു മിണ്ടിയതാണല്ലോ 

ഈ ലോകം--! കണ്ടില്ലേ —പച്ചക്കള്ളം!!

പാവം കള്ളം.! 

കള്ളം പറയുന്നു തനിക്കുള്ളതെല്ലാം 

സത്യമെന്ന്--! 

ശരിയാണ്. പക്ഷേ…  

സത്യമോ--പിന്നെയും അനന്തമായി 

ശേഷിക്കുന്നു--!

കഷ്ടം.! 

അങ്ങനെയാണു കള്ളമേ 

നീ കള്ളമായത്..!!

            -നിത്യമാധവം-മധു,മുട്ടം 


2014, നവംബർ 23, ഞായറാഴ്‌ച

പരമവേദം




വേദമേതായാലും ഓതും

കളിലക്ഷണം ശാസ്ത്രീയം.

കുട്ടികളാകുന്നു മന്നിൽ

പ്രത്യക്ഷപരമവേദം.

വേദമോർത്താൽ രണ്ടു കാണ്ഡം-

വിശപ്പിന്റെ കരച്ചിലും,

കളിക്കുള്ള വിശപ്പുമാം.

വിശപ്പോർത്താൽ ഭയംതന്നെ

ഭയമോ മൃതിഭയംതാൻ.

മൃതിക്കു ഭയംവന്നതോ-?

രസഭംഗഭയം വഴി-!

രസഭംഗം ഭയമെങ്കിൽ

ഭയം രതി നിസംശയം.

രതിയപൂർണ്ണതാബോധം

പൂർണ്ണത്തിന്റെ വിഭൂതിതാൻ.

പൂർണ്ണം മൈതാനമെങ്കിൽ

രതിയതിൽ കളിക്കളം.

( കളിക്കളം- ഒന്നായ് വന്നു

രസംകൊണ്ടു രണ്ടായിടം.

വരച്ചവര മൈതാനത്തെ

ശരിതെറ്റായ് പകുത്തിടം. )

ഇത്രമാത്രം ജീവിതാഖ്യാ-

വിനോദത്തിന്റെ സാധനം.

വിശപ്പോ കരച്ചിൽ ലിംഗം,

കളിക്കു ചിരി ലിംഗമാം.

വിശപ്പടങ്ങുന്നിടത്തു

തുടങ്ങുന്നു കളിക്കളം.

പ്രാണനംതൊട്ടു കരണ-

മേതുകൊണ്ടുള്ള കർമ്മവും

അക്കരച്ചിലടക്കീടാൻ..

ലോകയുദ്ധങ്ങൾ പോലുമേ--!

കരച്ചിലടങ്ങിയാലോ

ഭയംതന്നെ രതിയകും,

തുടങ്ങും കേളി തരമ്പോൽ..

പാവ, വീട്, മഹായുദ്ധം!

യുദ്ധംകണ്ടിട്ടു നാരദൻ

ചിരിക്കും കളികണ്ടപോൽ

കളിയും നുണച്ചു മുനി

യുദ്ധമാക്കി രസിച്ചിടും.!

രണ്ടുമൊന്നെന്നറിഞ്ഞോനു

തെല്ലുമില്ലൊരു സംശയം.

യുദ്ധത്തിലും രണ്ടുമാനം

കരച്ചിലും ചിരിയുംതാൻ

യുദ്ധത്തിൽ കളികണ്ടവൻ

ചിരിക്കും., കരയും മറ്റോൻ.

കുട്ടിയെങ്ങും കളികാണും,

മുതിർന്നോൻ കളിയിൽ യുദ്ധവും.

കരച്ചിലിങ്ങടക്കാനും

കളിച്ചങ്ങു രസിക്കാനും

കളം തീർത്തോടിയെത്തുന്ന

ജന്തുക്കളിൽ ചിന്തയുള്ളോൻ

കളിയിലും യുദ്ധം തീർത്തു

കരയും കരയിപ്പിക്കും.!

                         -മധു,മുട്ടം      

  

 

 

 

 

2014, നവംബർ 20, വ്യാഴാഴ്‌ച

നാചികേതം


                       


*
മധു,മുട്ടം    

കു
ഞ്ഞേ…. നീ പിന്നെയും എന്തിനീ വാക്കുകൾക്കു പിന്നാലെ വരുന്നു
ഒറ്റയ്ക്ക്…..!?
നിന്റെ ഒപ്പമുണ്ടായിരുന്നവരെല്ലാം മടങ്ങിപ്പോയല്ലോ…!
ഞങ്ങൾ  വാക്കുകൾ--നിന്നോടു പലതവണ പറഞ്ഞില്ലേ തിരിച്ചുപോകാൻ-!
പിന്നെയും നീ മാത്രം എന്തിനിങ്ങനെ പിന്നാലെ വരുന്നു .!?
നോക്കൂ!  വാക്കുകൾക്കു പിറകെ വന്നു നീ ഇപ്പോൾ വഴിയേറെപ്പിന്നിട്ടിരിക്കുന്നു!
കണ്ടില്ലേ-! ഇനിയങ്ങോട്ടു നീ കണ്ടിട്ടില്ലാത്ത വനസ്ഥലികളും വിജനതയുടെ  ശൈലസാനുക്കളുമാണ്….!
മടങ്ങൂ…! 
അകലെ നിന്റെ  ബന്ധുഗ്രാമത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ…!
നിനക്കൊപ്പം ഞങ്ങളുടെ പാട്ടുംപറച്ചിലും കേട്ടു പിന്നാലെവന്നവർ അതാ  താഴ്വരയിൽ ആട്ടവുംപാട്ടുംനടക്കുന്ന വഴിയോരസത്രത്തിലെ നൃത്തശാലയിലുണ്ടാകും.  ഇപ്പോൾ മടങ്ങിയാൽ നിനക്കു സന്ധ്യയ്ക്കുമുമ്പ് ആ സത്രത്തിലെത്താം   നൃത്തശാലയിൽ അവർക്കൊപ്പം രുചിയുള്ള മാംസഭോജ്യങ്ങൾ വിളമ്പുന്ന അത്താഴവും കഴിച്ചു നൃത്തോത്സവവും കണ്ടു പുലർച്ചെ നിനക്കു ഗ്രാമത്തിലേക്കു മടങ്ങാം- വേഗം തിരിച്ചുപൊയ്ക്കൊള്ളു…!

അതാ.... സായാഹ്നത്തിന്റെ പിത്തളവർണ്ണം..!
ഇരുട്ടും മുമ്പ് ഞങ്ങൾക്കു സ്വാദ്ധ്യായക്കാരുടെ കുടിലുകളിലെ തിരിവെട്ടത്തെത്തണം…!

കുട്ടീ….. നീ പോകുക…. !  വേഗം മടങ്ങിക്കൊള്ളൂ

 2

 ഹാവൂ….
സ്വാദ്ധ്യയക്കാർക്കൊപ്പം കഴിഞ്ഞ രാത്രി നാം ഏറെ സഞ്ചരിച്ചിരിക്കുന്നല്ലോ കൂട്ടരേ…!

വഴിക്ക് എവിടെയൊക്കെയോവച്ചു പലരും പിരിഞ്ഞിരിക്കുന്നു….
നമ്മുടെയും സ്വാദ്ധ്യായക്കാരുടെയും എണ്ണം ഏറെ കുറഞ്ഞുപോയിരിക്കുന്നു…!

കിഴക്കു വെള്ളകീറുന്ന ഈ അരണ്ടവെളിച്ചത്തിൽഇതാ കണ്ടാലും…….
നാം എണ്ണം കുറഞ്ഞു മന്ത്രങ്ങളായിരിക്കുന്നു…!! 

 3

 അതാ…! നോക്കൂ……! 
പ്രാത:സന്ധ്യാപാഠം കഴിഞ്ഞ താപസാശ്രമത്തിലെ നേർത്ത ഹോമധൂമം പോലെ കാണുന്ന ഈ മഞ്ഞിൽ ആരാണു പിന്നാലെ വരുന്നത്…..!!
എന്ത്--!!
ഇനിയും നീ നിന്റെ ബന്ധുഗ്രാമത്തിലേക്കു മടങ്ങിയില്ലെന്നോ കുട്ടീ--!!?
ഈ കഴിഞ്ഞരാത്രിയിലും….നീ ഇത്രദൂരം ഞങ്ങളെ പിന്തുടർന്നുവെന്നോ--!!
എവിടേക്കാണു നീ ഈ മന്ത്രാക്ഷരങ്ങളെ പിന്തുടർന്നെത്തുന്നതെന്നു കാണുന്നുണ്ടോ---!
മുന്നിലേക്കു നോക്കുക….!

എങ്ങും അന്തമില്ലാത്ത ഏകാന്തതയാണ്………!!
ഒറ്റബന്ധുവും നിനക്കവിടെയുണ്ടാവില്ല……!

ഏകാന്തതയുടെ ആ ഏകാർണ്ണവത്തിൽ മാറ്റൊലികൾപോലും നിനക്കുകൂട്ടിനുണ്ടാവില്ലാ…..!
സത്യത്തിന്റെ സ്വന്തം കള്ളങ്ങളായ ഞങ്ങളെത്തന്നെ നോക്കൂ----- 
ഞങ്ങളുടെ ആരവങ്ങൾ നിലച്ച്…… എണ്ണത്തിൽ മെലിഞ്ഞ്….. ഞങ്ങൾ    ഇതാ ഇപ്പോൾത്തന്നെ ബീജാക്ഷരപ്രമാണമായിരിക്കുന്നു--!!
കേൾക്കുക കുട്ടീ--  ഇപ്പോഴും നിനക്കു നിന്റെ ബന്ധുഗ്രാമത്തിലേക്കു മടങ്ങാം…!
പോകൂ…….
പോകുക….. ഇവിടെവച്ചു നീ മടങ്ങിപ്പോകുക….!
അതാ…. മുന്നിൽ അകലെ….മൗനത്തിന്റെ ആ മഹാഗോപുരവാതിൽ……!! 
ഞങ്ങൾ- ഈ **വൈഖരീ-മധ്യമാശരീരികൾ……ആ നടയിലലിയും……
നിനക്കു വഴികാട്ടാൻ- സ്ഥല-കാലങ്ങൾക്കു ഗതിയില്ലാത്ത ആ ഗോപുരവാതിലിനപ്പുറമെത്താൻ--- ഞങ്ങളുടെ ഈ ഉടലിനോ ചിന്തക്കോ ആവില്ല….! ഉണർവിന്റെ നടയിൽ പൊൻകിനാവുകൾക്കും മായാനല്ലേ കഴിയൂ…..! പിന്നെന്തിനു ദിഗന്തങ്ങളോടു ചോദ്യങ്ങൾ ചോദിച്ച് ഉത്തരം തേടുന്ന നീ ഞങ്ങൾക്കു പിന്നാലെ വരുന്നു--!?   ജനപദതല്ലജങ്ങളിലെ വിദ്വൽസദസ്സുകളി    ലെവിടെയും അലഭ്യങ്ങളായ എത്രയെത്ര ഉപജ്ഞാരത്നങ്ങളാണ് ഒരു ഗുരുകടാക്ഷത്തിനും പാകപാത്രമാകാത്ത നീ ഞങ്ങൾക്കു പിന്നാലെനടന്നു സഞ്ചയിച്ചത്--!!
മതി-!
ഇനി ഈ അമൂല്യഭാണ്ഡവുമായി നീ സ്ഥല-കാലങ്ങൾ മുടിചൂടുന്നിടത്തേക്കുതന്നെ മടങ്ങൂ…….! അവിടെ രാജധാനികളെ ആശ്ചര്യപ്പെടുത്തി സൂര്യമണിപോലെ ശോഭിക്കൂ….! പോകൂ---
4

 ഇതാകാലത്തിന്റെ ഈ അറ്റത്ത്…. നാം ഇപ്പോൾ മൂന്നു മാത്രകൾ മാത്രം ശേഷിച്ചിരിക്കുന്നു കൂട്ടരേ…!! മുന്നിൽ അനന്തമായ ആ അമാത്രയും…….! പിന്നിൽ….
ങേ….!! എന്താണിത്…..! എന്താണിത്….!! നോക്കൂ--!
ആശ്ചര്യം--!!   പിന്നെയും ഇവൻ…..മുന്നോട്ടുതന്നെ വരുന്നുവല്ലോ…..!!
ഇവൻ….ഇപ്പോൾ കേവലം ശ്രദ്ധയുടെ കനലായിരിക്കുന്നു--!!

നാം സത്യത്തിന്റെ ശുദ്ധകലകളാണെന്നു ഇവന്റെ ഈ  ശ്രദ്ധയ്ക്കുമുന്നിൽ  വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു-!! അങ്ങനെ ഇവനിൽ നമ്മുടെ ദൗത്യം തീരുകയാണ്-!!
പൈതൃകമായ വാക്കിൽ നേരുനിറയ്ക്കാൻ മിണ്ടാപ്രാണികൾക്കൊപ്പം വീടുവിട്ട ഇവന്റെ ഉള്ളിലെ വാക്കും ശമിച്ചിരിക്കുന്നു-!! 
ഇവന്റെ ശ്രദ്ധയാണല്ലോ നമ്മെ പ്രണവമാത്രകളാക്കി ഒടുവിൽ അമാത്രയുടെ ഈ മഹാമൗനഗോപുരനടയോളമെത്തിച്ചത്--! ഇനി ഇവന്റെ ശ്രദ്ധയിലൂടെ നമുക്കും ഈ മഹാമൗനത്തിലേക്ക് സുഖമായി നീങ്ങാം….

ഇവനിൽ ശമിച്ച വാക്ക് നാദാന്തമായി…..യമനായി.. ഇവനെ കരുണയോടെ കാത്തിരിക്കുന്ന ഈ അമൃതനടയിൽനമുക്കും മൃദുവായി..മൃദുവായി..അലിയാം…….
                                   💗
     ----------------------------------------------------------
        സർവ്വസ്വവും ദാനം ചെയ്യേണ്ട വിശ്വജിത്’ എന്ന യാഗം നടത്തുന്ന അച്ഛൻ ശാസ്ത്രവിധിയെ അവഗണിച്ച് ദക്ഷിണയായി വെറും ചടങ്ങിനെന്നവണ്ണം കറവവറ്റി ചാകാറായ പശുക്കളെയാണു ഋത്വിക്കുകൾക്കു ദാനം ചെയ്യുന്നത് എന്നു കണ്ട് മകൻ ബാലനായ നചികേതസ്സ് പിതാവിനു ദോഷമുണ്ടാകുന്ന ആ ചെയ്തിയെ തിരുത്താ നെന്നവണ്ണം അച്ഛാ.. എന്നെ ആർക്കാണു കൊടുക്കുന്നത്...?” എന്ന് ആവർത്തിച്ചു ചോദിക്കുന്നതു കേട്ടു കുപിതനായി പിതാവു പറഞ്ഞു “ നിന്നെ ഞാൻ യമന്നാണു കോടുക്കുന്നതു” എന്ന്.അച്ഛന്റെ വാക്കു നിറവേറാൻ യമലോകത്തെ ലക്ഷ്യംവച്ച് ശ്രദ്ധയോടെ സഞ്ചരിച്ചു ഉടലോടെ കാലപുരിയിലെത്തി യമനോട് മൃത്യുരഹസ്യം ധരിച്ചവൻ നചികേതസ്സ്.(കഠം)

**.പരാ-പശ്യന്തി-മദ്ധ്യമാ-വൈഖരികൾ =ശബ്ദത്തിന്റെ പ്രകാരങ്ങൾ.ഇതിനെ
വാക്കിനോടു സംബന്ധപ്പെടുത്തി

സാമാന്യമായി പറഞ്ഞാൽ വാക്കിന്റെ കാതുകൊണ്ട് കേൾക്കുന്ന ശാബ്ദിക തലമാണ് ‘വൈഖരി‘. ഉള്ളിൽ അർത്ഥദ്യോതനം തുടങ്ങുന്ന മാനമാണു ‘മദ്ധ്യമ‘. ബുദ്ധ്യഹങ്കാരങ്ങൾക്കു കാണാവുന്ന ആശയരൂപത്തിൽ എത്തുമ്പോൾ ‘പശ്യന്തി‘. ആത്മസമക്ഷം ഭാവസമർപ്പണംനടത്തി പ്രലയിക്കുമ്പോൾ ‘പരാ‘.                                         


2014, നവംബർ 16, ഞായറാഴ്‌ച

കല്പവൃക്ഷക്കൊമ്പിലേക്കൊരു കത്ത്.









വീണപൂവേ ...! നിൻ സുഗന്ധം  സാമ്യ -
മേലാത്ത  വാസന്ത ഗന്ധം...!
വീണില്ല നീ  നൽ ലതാന്തം..., മൃതി-     
വീണു നിൻ  മുമ്പിലോ  താന്തം ...!
വാടിയന്നാ നാകചന്തം , ഇന്നും
വാടിയില്ലാ  രാഗഗന്ധം...!
വാടിക്കൊഴിഞ്ഞു  നിന്നംഗം ...., ഇന്നും
വാഴുന്നു നിന്നംന്തരംഗം..!!
വാടിക്കു നീ പണ്ടു രുക്മം...., ഇന്നു 
വാണിക്കു സീമന്തരത്നം..!
വല്ലിക്കു പുന്നാരത്തങ്കം...,  ചിന്താ-
മല്ലികൾക്കിന്നു പര്യങ്കം...!
വണ്ടിനോ വാരാവസന്തം....., പണ്ടു 
കണ്ടവർക്കുള്ളിനാനന്ദം...,
ചെണ്ടുകൾക്കുത്തുംഗശൃംഗം.....നിന്നിൽ
ക്കണ്ടശ്രുഗംഗാതരംഗം.....

രാഗലോലർക്കു നിന്നന്തം അനു-
രാഗകഥതൻ ദുരന്തം....
സൽക്കലക്കേകി  നിൻബന്ധം    നവ-
വൽക്കലം ചാർത്തും നിബന്ധം.
ആശാനു ഭാവതരംഗം  നീയി-
ന്നാശകൾ മുത്തും പതംഗം....!
അദ്വൈതചിന്താമുകുന്ദം നീയാം
വിശ്വൈക ഭാവനാകുന്ദം
സന്തപ്തമർത്ത്യഹൃദന്തം  തോറും 
സംഫുല്ലമായ വസന്തം....!

അന്നു നിന്നംഗപ്രത്യംഗം  ചൂഴെ
നിന്നൊരാ മാനസഭൃംഗം
മുങ്ങിയാനാമോഹഭംഗം തന്നിൽ-
വിങ്ങിയീ ഉദ്യാനരംഗം...
എങ്കിലും....സംസാരബന്ധം  ചിന്തി
വന്നുവോ നിന്നാത്മഭൃംഗം.....!?
പിന്നങ്ങു നിന്നംഗസംഗം ചാർത്തി
നിന്നുവോ വീതാഭിഷംഗം....?
സുന്ദരീ....സപ്പരിസ്പന്ദം പരി-
സ്യന്ദിച്ചുവോ  നീ  മരന്ദം.....?
                                           -മധു,മുട്ടം
                                          
   


2014, നവംബർ 11, ചൊവ്വാഴ്ച

ആനന്ദസാഗരനടനം







മധുമുട്ടം

നന്ദ-അനന്ത സാഗരനടനം

ബോധകലാധര നിതാന്തനടനം

ഞാനും നീയെന്ന ഞാനും അതി-

ലലകൾരാഗകലകൾ..!

   (നന്ദ-അനന്ത സാഗരനടനം)

ബോധേന്ദുകല ചൂടും സാഗരനർത്തന

കേളീനടനത്തില്നാമോ രാഗിണീ.....

ഊർ‌ജ്ജ തരംഗാംഗുലികളിലുണരും

ഭാവമനോഹര രാസമുദ്രകൾ.....!

വിടരുന്നു...പുണരുന്നു...പടരുന്നു...പിരിയുന്നു..

മധുരമധുരലാസ്യ രസമുദ്രയായ്......!

*അവിരാമ സുഖസുന്ദര സുഗമാമരരസഭാസുര

നടനാമൃതസുഷമാലസ ശുഭസാഗരനടനം....!

നടനം.....

(ആനന്ദ-അനന്ത സാഗരനടനം)

രാഗേന്ദുകലചൂടുമീരാസനർത്തന

കേളീനടനത്തിൽ ജനിയും മൃതിയും

ജീവതരംഗപദങ്ങളിലെ രസ-

**നാട്യനതോന്നത ചാരുനിലകൾ.....!!

കലരുന്നു...ഋതമൗനം മുകരുംനിശ്ചലമാത്ര

മധുരമധുരമൗനരസമുദ്രയായ്....!

അവിരാമ സുഖസുന്ദര സുഗമാമരരസഭാസുര

നടനാമൃതസുഷമാലസ ശുഭസാഗരനടനം....!

നടനം.....

(ആനന്ദ-അനന്ത സാഗരനടനം)

                 💗         -

-----------------------------------------.

*അവിരാമവും( ഇടതടവില്ലാത്തതും) സുഖസുന്ദരവും സുഗമവും അമരമായരസംകൊണ്ടു ശോഭിക്കുന്നതുമായ നടനാമൃതത്തിന്റെ വിശേഷഭംഗികളാൽ ശുഭകരമായിരിക്കുന്ന സാഗരനടനം.

**നാട്യനതോന്നത=നാട്യത്തിന്റെ നതവും ഉന്നതവുമായ (താഴ്ന്നും ഉയർന്നുമുള്ള ) നിലകൾ.