“രാവണവിജയം’ എന്നൊരു നാടകമുണ്ടെന്നും അതിൽ രാവണന്റെവേഷത്തിൽ അഭിനയിക്കുന്നത് വെള്ളിക്കുന്നത്ത് പാർവതീഭവനിൽ നീലകണ്ഠൻപിള്ള എന്ന നീലാണ്ടപ്പിള്ളയാണെന്നും
ഒന്നു സങ്കല്പിക്കുക..! അരങ്ങിൽ
രാവണവേഷത്തിൽ തകർപ്പൻഅഭിനയം കാഴ്ചവച്ച് കാണികളുടെ
വിസ്മയഭരിതമയ ആരാധനയും ഹസ്താരവവും
നേടാറുള്ള നീലാണ്ടപ്പിള്ള ഇതെങ്ങനെസാധിക്കുന്നു.!? നീലാണ്ടപ്പിള്ളയുടെ
നടനവൈഭവത്തിന്റെ‘എൻജിൻറൂമി’ൽ കയറി നമുക്കൊന്നു നോക്കാം!”
--നല്ല
ഫലിതബോധവുംപാണ്ഡിത്യവുമുള്ള ഗുരുജി ‘പ്രായോഗികജീവിതത്തിൽ ജ്ഞാന-കർമ്മയോഗങ്ങൾ’എന്ന വിഷയത്തെപ്പറ്റി ഞങ്ങളോടു വിവരിക്കുകയാണ്-
“താൻ രാവണനല്ല, നൂറുശതമാനവും വെള്ളിക്കുന്നത്തു പാർവ്വതീഭവനിൽ നീലാണ്ടപ്പിള്ളയാണെന്ന പൂർണ്ണബോധമാണു വീട്ടിൽനിന്നിറങ്ങു മ്പോഴും, രാവണനായി അരങ്ങുതകർക്കുമ്പോഴും, നാടകം കഴിഞ്ഞു വേഷമഴിച്ചു വീട്ടിൽ പോകുമ്പോഴുമെല്ലാം അയാളുടെ ചെയ്തികൾക്കാകെ അയത്നേന ആധാരമായിരിക്കുന്നത്.
ഇതിൽ
ജ്ഞാനയോഗത്തിന്റെ ഒരു മിനിയെച്ചർ കാണാം -!! ”
“അപ്പോൾ കർമ്മയോഗമോ-?” ഞങ്ങൾ ചോദിച്ചു.
“അതെ. ഇനികർമ്മയോഗം നീലാണ്ടപ്പിള്ളയിൽ എവിടെ,എങ്ങനെയാണു
സംഭവിക്കുന്നത് നോക്കാം. രാവണവേഷധാരിയായി സാക്ഷാൽ ലങ്കേശനായുള്ള
രംഗാവതരണത്തിനു മനസാ-വാചാ-കർമ്മണാ
സജ്ജനായിവേദിയിലെത്തി യവനികയുയരുമ്പോഴുണ്ടാകുന്ന സർഗ്ഗാത്മകലോകത്താണ്
അതു സംഭവിക്കുന്നത്-കർമ്മയോഗം-!!
“അതെങ്ങനെ-?!” എന്നു ഞങ്ങൾ.
“പറയാം-” ഗുരുജി തുടരുന്നു-: “ഞാൻ നീലകണ്ഠപ്പിള്ളയാണ് ’ എന്ന‘ജ്ഞാനയോഗം’ യാതൊരു ഉടവുംതട്ടാതെ പൂർണ്ണമായിത്തന്നെസാക്ഷിനിൽക്കെ താൻ രാവണനാണ്, ഇവിടം ലങ്കാപുരിയാണ്, കൂടെനിൽക്കുന്ന ‘മറ്റൊരു ജ്ഞാനയോഗം’ശൈലജാകുമാരി എന്ന നടി മണ്ഡോദരിയാണ്, നാടകഗ്രൂപ്പിലെ പുഷ്പകുമാറും വേലായുധനും ഗണനാഥൻനായരും യഥാക്രമം ഇന്ദ്രജിത്തും വിഭീഷണനും കുംഭകർണ്ണനുമാണ്—എന്നിങ്ങനെയുള്ള ബോധപൂർവമായ അദ്ധ്യാരോപങ്ങളും തദനുസൃതങ്ങളായ പെരുമാറ്റങ്ങളുംസംഭാഷണങ്ങളും ഭാവ-ഹാവാദികളുമാണു കർമ്മയോഗം-!!
ഈ പറഞ്ഞ കർമ്മയോഗത്തിൽ രാവണന്റെ മാനസ-വാചസ-ചേഷ്ടിതങ്ങൾക്ക് സാക്ഷിയായി മാത്രംനിൽക്കുകയല്ലതെ ‘ഞാൻ നീലാണ്ടനാണ്’ എന്ന ആധാരജ്ഞാനം രാവണനിൽ ഇടപെടുകയേ യില്ല. എന്നാൽ ആ ഇടപെടായ്ക എന്നത് ഒരു വലിയ ഇടപെടലാണെന്നും, അതാണു രാവണാവതരണത്തിന്റെ സർഗ്ഗാത്മകവിജയത്തിന് അടിസ്ഥാനമെന്നും അല്പം ഒന്നാലോചിച്ചാൽ പിടികിട്ടും. രാവണവേഷധാരിയായി വിഭീഷണനോടു കയർത്തുനിൽക്കെ വേദിക്കുമുന്നിൽ തന്നെത്തന്നെ നോക്കിനിൽക്കുന്ന മുറുക്കാൻകടക്കാരൻ മുരുകനോട് “ഇന്നത്തെ സർബ്ബത്തിന്റേതുൾപ്പെടെയുള്ള പറ്റു നാളെത്തന്നെയങ്ങുതീർത്തേക്കാം….”എന്നോ മറ്റോ നീലാണ്ടപ്പിള്ള കേറിഅങ്ങു പറഞ്ഞുപോയാൽ…..!!? അതായത്- ‘നീലണ്ടപ്പിള്ള’ എന്ന ‘ജ്ഞാനയോഗ’ത്തിന്റെ‘ഇടപെടൽ’ രാവണൻ എന്ന‘കർമ്മയോഗ’ത്തിലുണ്ടായിപ്പോയാൽ.. ആ മുറുക്കാൻകടമുരുകൻ ഉൾപ്പെടെ കൂവും….!!
ഈ വിധവീഴ്ചകൾക്കു രണ്ടുകോടികൾ ഉണ്ട്. ഒന്ന്- ‘ നീലാണ്ടപ്പിള്ളയാണു താൻ ’എന്ന അടിസ്ഥാനബോധംഅപ്പാടെ വിസ്മരിച്ച് താൻ ശരിക്കും ലങ്കേശനാണെന്നും, വിഭീഷണന്റെ നിലപാടിനെ സ്ക്രിപ്റ്റിനു വിരുദ്ധമായി രണ്ട് വീക്കുകൊടുത്ത് നിയന്ത്രിക്കേണ്ടതാണെന്നുമുള്ള തരത്തിൽ ‘രാവണബോധ’ത്തിലേക്കുചായുക-! മറ്റൊന്ന്- രാവണവേഷധാരിയായി രംഗത്തു വന്നു നിൽക്കുന്നെങ്കിലും ‘ഞാൻ നമ്മുടെ പാവം നീലാണ്ടനാണേ…’ എന്ന മട്ടിൽ രാവണസഹജമായ ദർപ്പിതചേഷ്ടിതങ്ങൾ കാട്ടാനാകാതെ അരങ്ങിന്റെ ഒരു കോണിൽ വെറുമൊരു ‘നീലമണ്ട’നായി നിൽക്കുക-!! ഇതുരണ്ടും ഉണ്ടായിക്കൂടല്ലോ.
ഏറ്റവും രസകരമായസംഗതി- കൈയിൽ കാശില്ലാത്തതുകൊണ്ട് മാടക്കടക്കാരൻ മുരുകനോടു പറ്റുകാശ് കടംപറഞ്ഞിരിക്കുന്ന നീലാണ്ടപ്പിള്ള സർവ്വൈശ്വര്യസമൃദ്ധമായ ലങ്കയുടെ അധീശനായിരുന്നിട്ടുംപറ്റുകാശിനുള്ളതുപോയിട്ട് ലങ്കയിൽനിന്ന് ഒരു മൊട്ടുസൂചിപോലും വേണമെന്നില്ലാതെ നാടകാന്ത്യത്തിൽ അവിടുന്നെത്ര കൂളായിട്ടാണ് ഇറങ്ങിപ്പോരുന്നത് എന്നതാണ്-!! ഒന്നോർത്താൽ ഇതു തന്നെയാണു കർമ്മയോഗത്തിന്റെ ഒരു ഗുണം-!!
ഇതുപോലെ.. സകലരിലും ഒന്നുപോലെ സദാ സ്ഫുരിച്ചു സാക്ഷിമാത്രമായി നിൽക്കുന്ന ‘ഞാൻ ഉണ്ട് ’ എന്ന ആത്മബോധത്തിന്റെ വെളിച്ചത്തിൽ ‘എന്റെ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് കൂളായി ഒരു മൂളിപ്പാട്ടും പാടി വേഷം അഴിച്ചുവച്ച് വേദിവിട്ടു പോകുക-!”
ഗുരുജി ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ കേട്ടുകൊണ്ടിരുന്ന ഞങ്ങളിൽ ഒരാൾ ഒട്ടൊന്നു വിസ്മയിച്ച് ചിന്തയിൽമുഴുകിയിരുന്നിട്ട് തെല്ലുറക്കെയായിപ്പോയ ഒരു ആത്മഗതത്തിൽ -: “അപ്പോ.. എടുക്കുന്നവേഷം ഒക്കുമ്പോലെയൊക്കെ പൊടിച്ചുവാരിയിട്ട് ഈ നീലാണ്ടപ്പിള്ളേപ്പോലെ ഇത്രക്ക് കൂളായിട്ടിറങ്ങിയങ്ങു പോകാനുള്ളതേയുള്ളൂ ഈ ജീവിതം…! അല്ലേ …!!”
അതുകേട്ട് ഗുരുജി-: “അതെ-! അത്രയേയുള്ളൂ-!
ഇത്
അറിയുന്നതിനുള്ള അഭ്യാസത്തിനു പണ്ടൊരു പേരുണ്ടായിരുന്നു--
വിദ്യാഭ്യാസം-! മറ്റൊരു അഭ്യാസത്തിനും ആ പേരു യോജിക്കില്ല…!”
---മധു,മുട്ടം (നിത്യമാധവം)