കറുകറുത്തിട്ടാണു
മഴയുടെയമ്മാവൻ…
ഇടവത്തിലക്കരേ
ന്നെത്തിടുന്നോൻ…..!
മഴയെന്നപെണ്ണിന്റെ
ഗമയൊന്നുകാണണ-
മിടവത്തിൽ---
അതുവരെ വെന്തുനിന്നോൾ…!
അവളെപ്പഴിച്ചിട്ടു
കാര്യമി,ല്ലാർക്കുമി-
ല്ലിതുപോലൊ‘രമ്മാവൻ
വര’വീനാട്ടിൽ--!!
ഇടിമിന്നൽചിന്നുന്ന
മാലയും, നീലക്ക
ല്ലൊളിമിന്നും
പട്ടുടയാടച്ചേലും,
ഒരുപാടു സമ്മാന
പ്പൊതികളിൽ നാട്ടിലെ-
പ്പല‘വഹ’ക്കാർ
ക്കുള്ള
വിഭവങ്ങളും,
മലനാടൻതൊടിയാകെ
ക്കളിതുള്ളിച്ചാഞ്ചാടും
മരുമകൾക്കണിയുവാൻ
പണ്ടങ്ങളും,
മയിലിനും മലയാള
ത്തോപ്പുകൾക്കും പീലി
മുഴുവൻവിരിച്ചാടാൻ
മോഹങ്ങളും…..
ഇവയെല്ലാമായിട്ടാ
ണവളുടെയമ്മാവൻ
വരവെല്ലാക്കൊല്ലവും
മാനമേറി…!!
2
ഇക്കൊല്ലമിടവത്തി
ലൊത്തിരികാത്തിട്ടു-
മക്കരേന്നമ്മാവ
നെത്തിയില്ല…..
മഴയെപ്പുറത്തോട്ടു
കാണാനേയില്ലെന്നാ-
യവമാനംകൊണ്ടാകാ,
മെവിടൊളിച്ചോ……!
ഒരുനേരമെവിടെയോ കണ്ടു…
ചന്നംപിന്നമുടയാടകീറി….!
പെണ്ണോടിമാഞ്ഞു….!
ചാറ്റലിൻ കീറ്റലിൽ
നീറ്റുന്ന പാവാട
മാറ്റുവാൻ മറ്റില്ല
വൾക്കൊരെണ്ണം…..
3
ഉടുമുണ്ടുപോലും
പുതയ്ക്കാതെ പുകയുന്ന
പുലരിയിൽ നാടു
മയങ്ങുംകാലം
ഒരുവെളുപ്പാൻകാല
ത്തകലത്താ മാനത്തൂ-
ന്നൊരു പെരുമ്പൂര
മിരമ്പിവന്നു---!!
മഴയുടെയമ്മാവ
നെത്തിപ്പോയ്----!!
പെണ്ണിന്റെകിളരമിപ്പോൾ
മാനം മുട്ടിക്കാണും---!!
തൊടിയാകെത്തണ്ടിന്മേൽ
ത്തുടികൊട്ടും പാട്ടു-
ങ്കേട്ടുണരുമ്പോഴെമ്പാടും
കടലിരമ്പം----!!
ഇനിയെത്രകാണണം
മഴയത്തിപ്പെണ്ണിന്റെ
പുതുപുത്തൻ വെള്ള
പ്പട്ടുടയാടകൾ---!
പലതരം വെണ്മുത്തു
മാലകൾ, മരതക-
മൊളിചിന്നുമൊഡ്യാണം,
മൂക്കുത്തികൾ---!
4
മഴയത്തിപ്പെണ്ണിന്റെ
നെഗളിപ്പു കാണുവാ-
നിറയത്തിറങ്ങി
ഞാൻ നിന്ന നേരം
സ്ഫടികച്ചിലങ്കകള
കലെക്കിലുങ്ങി, പി-
ന്നടിവച്ചിങ്ങരികിലേ
ക്കണയുമ്പോലെ--!
അയലത്തെത്തൊടിയുടെ
യങ്ങേപ്പുറത്തുകൂ-
ടഴകൊത്ത നവവധു
വെന്നപോലെ….
ഒഴുകുന്ന വെൺപട്ടി
ലഴകുള്ള കുളിരുപോ-
ലൊരു നൃത്തക്കാരി
യെന്നരികിലെത്തി---!
ചാറി ചന്നംപിന്നം
കീറിയ പാവാട-
മാറി-! ഇതാരിവ
ളപ്സരസ്സോ-!?
കേറിവരുന്ന പൂമങ്കയോ….!
കേരള-ഭൂവിന്റെ മംഗള
ദേവതയോ--!
ഒരുവർഷംകൊണ്ടെത്ര
മാറിപ്പോയ് മഴയിവൾ…!
പഴയ കുറുമ്പിൻ
കുസൃതിയില്ല--!
യുവതവന്നെത്തിയ
പക്വത-! വഴിപോലെ
ഭരതം പഠിച്ചതിൻ
മുദ്രകളും--!
സുഖമുള്ള മൃദുരവ
സംഗീതഭംഗിയിൽ
ചൊരിയുന്ന ഞൊറിവെള്ള
പ്പാവാടയും…..,
ഹിമധാരപോൽ
കാറ്റിലുലയുന്ന നേരിയ
മണിമിന്നും നീരാള
ത്തളിരാടയും….,
ജലനൂപുരത്തിന്റെ
കിലുകിലാരവവുമായ്
മഴയെന്റെ മുറ്റത്തു
നൃത്തം വയ്ക്കെ
അവളുടെ നടന
പദങ്ങളിൽ താളങ്ങൾ
കുളിർമുത്തുമണികൾക്കു
ചിറകുവച്ചു--!
5
ചടുലമാ നൃത്തത്തിൻ
ദ്രുതതാളവൃത്തത്തിൽ
ഞൊറിവെള്ളപ്പാവാട
പ്പൂവിടർന്നു--!
തൊടിയാകെ വിടരുന്നി
തപ്സരനർത്തന-
വടിവാകെ വെൺപട്ടു
സാരസ്സങ്ങൾ---!
തുടി,മദ്ദളം, മേഘ
ത്തകിൽമേളം, ജതിമൂളും
തിമില, സൗദാമിനീ
തന്തിനാദം---!
നവജീവിതസുരഗംഗാ
പദനർത്തനഗളിതം
മിളിതം വസുധാമംഗള
മദമന്ത്രണഭരിതം
ജലകങ്കണകരലാളിത
മൃദുമുദ്രികഭണിതം
ലളിതം മധുമതി ഗായതി
ശുഭവർഷണസവിധം.
അവളുടെ സുഖനൃത്ത
ലയതാളലോലമാ-
പ്പദമാർദ്രമാക്കാത്തൊ
രിടവുമില്ല-!
വെന്തു തപംചെയ്ത
മണ്ണിന്റെയുള്ളിലി-
ന്നെന്തു കിനാക്കൾ
പിറന്നുകാണും--!
കൊമ്പുതോറും പൂത്തു
നാളെയപ്പൊന്നോണ-
ത്തുമ്പികൾ പാറു
മവയ്ക്കു ചുറ്റും…!
ഇവളല്ലോ അപ്സര
നർത്തകി--!
സ്വർഗ്ഗത്തീന്നവതരിക്കും
സാക്ഷാൽ സുരസുന്ദരി….!
6
പെട്ടെന്നു നിന്നുപോയ്
നൃത്തോത്സവത്തിന്റെ
മുറ്റത്തെ മഞ്ജീര
ശിഞ്ജിതങ്ങൾ…..
ഒക്കെയുമെങ്ങോ
വിദൂരാരവങ്ങളാ-
യൊറ്റഞൊടിയി
ലകന്നു പോയി…..!
അക്കരെപ്പാടത്തിന
ങ്ങേക്കരയിലേ-
യ്ക്കപ്സരനർത്തന
രംഗം മാറി--!
നഷ്ടബോധം പൂണ്ടി
റയത്തു ചുറ്റുമെൻ
ദൃഷ്ടിയയച്ചു ഞാൻ
നിന്നുപോയി….
നൃത്തം മുറുകിയ നേരം
ഹരംകൊണ്ട
നർത്തകിയൂരി
യെറിഞ്ഞതാവാം
പുത്തിലഞ്ഞിക്കൊമ്പിൽ
മിന്നുന്നൊരു പുത്തൻ
മുത്തണിവൈഡൂര്യ
ചിത്രഹാരം,
പൊട്ടിയുതിർന്നൊരു
മാരിവിൽമാലതൻ
ചിത്രമണികൾ
തിളങ്ങുമ്പോലെ--!
പുൽത്തുമ്പിനും കിട്ടി
പുഷ്യരാഗത്തിന്റെ
കൽത്തിളക്കം
പൂത്ത മൂക്കുത്തികൾ---!
പത്മരാഗത്തിന്റെ
മാർത്താലി ചാർത്തിയെൻ
മുറ്റത്തെമുല്ല
കുണുങ്ങിനിന്നു--!
എങ്ങുപോയ് സർവ്വ
ചരാചരസൗഹാർദ്ദ-
മംഗളവർഷിണി….
ശ്യാമളാംഗി…!?
തെല്ലും നിനയ്ക്കാ
തിരിക്കുമ്പോൾ
വീണ്ടുമി-
ന്നല്ലിൽ പതുങ്ങി
യിങ്ങെത്തുവാനോ…..!?
എങ്കിൽ നിൻ പാദസ്സ
രാമന്ത്രണത്തിനാ-
യിന്നു രാവേറെ
ഞാൻ കാത്തിരിക്കും…….
--മധു,മുട്ടം
❤