link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: 2016

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2016, ഡിസംബർ 29, വ്യാഴാഴ്‌ച

വൈശാഖസന്ധ്യ


                                 






ഞാനെന്‍റെ ഏകാന്തതയെ കസവിന്‍റെ 

ചേലയുടുപ്പിച്ചൊരുക്കിനിൽക്കെ...

മാടിയൊതുക്കി വാർമുടികെട്ടി 

ശ്വേതപുഷ്പങ്ങൾ തിരുകിനിൽക്കെ..

നീയെന്തിനീ ശോണപുഷ്പമിറുത്തെന്‍റെ

വാതിലിൽവന്നു വൈശാഖസന്ധ്യേ....!?

 

ഞാനെന്‍റെ  ഏകാന്തതയുടെ  സീമന്ത-

രേഖയിൽ സിന്ദൂരംചാർത്തിനിൽക്കെ...

മായുന്ന കുങ്കുമപ്പൊട്ടുമായെന്തിനു

വാതിലിൽനിന്നു വൈശാഖസന്ധ്യേ ...!

 

ഞാനീ എകാന്തതയ്ക്കിന്നു മംഗല്യ-

ത്താലിയും മാലയുംചാർത്തിനിൽക്കെ..

ദൂരെത്തിരിഞ്ഞുനിന്നെന്തിന്നഴിച്ചെറി-

ഞ്ഞാ വൈരമാല  വൈശാഖസന്ധ്യേ....!? 

            --മധു,മുട്ടം                         






2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

തെക്കൻകാറ്റിന്റെ പൂവിളി




തെക്കൻ കാറ്റിന്റെ പൂവിളി മാഞ്ഞല്ലോ
തെക്കിനിക്കോലായിലാളും പിരിഞ്ഞല്ലോ
ഒറ്റക്കുനീയെന്തിനിപ്പോഴുമീക്കളി-
മുറ്റത്തു വന്നിരിപ്പൂ….!? മൂകമീ
മുറ്റത്തു വന്നിന്നിരിപ്പൂ….!?

ഇന്നലെ  ഓണമുറ്റത്തു നീയൊരു
പൊൻകതിരെന്നപോൽ വന്നു നിൽക്കെ
പൂമുഖത്തൂണും ചാരി നിന്നെ നോക്കി
പൂവമ്പനെന്തോ കൊതിച്ചു നിൽക്കെ.. 
പൂവമ്പനെന്തോ കൊതിച്ചു നിൽക്കെ
നിന്റെ മോഹത്തിന്റെ നേത്രോല്പലമാല
എന്തേ ചാർത്താൻ മറന്നുപോയ് നീ..!? അവ-
നെന്തേ മൂകം പിരിഞ്ഞുപോയി..!?

ഇന്നലെ നിൻ കിനാപ്പൂക്കുലചിന്നിയ
പൊന്നോണത്തുമ്പിതുള്ളാക്കളത്തിൽ
ഇന്നെന്തേ തേടുന്നു നിൻസ്വപ്നശാരിക
മങ്ങാത്തൊരോർമ്മതൻ തേനല്ലിയോ-നിന്റെ
മങ്ങിയ സ്വപ്നത്തിൻ പൂവല്ലിയോ…?

തെക്കേമുറ്റത്തെ പൂക്കളം മാഞ്ഞല്ലോ..
മുത്തശ്ശിപ്ലാവിലെ ഊഞ്ഞാലഴിഞ്ഞല്ലോ..
അക്കരെ അമ്മാത്തൂന്നുള്ളോരും പോയല്ലോ..
ഒറ്റക്കുനീയെന്തിനിപ്പോഴുമീക്കളി-
മുറ്റത്തു വന്നിന്നിരിപ്പൂ….!? മൂകമീ
മുറ്റത്തു വന്നിന്നിരിപ്പൂ….!?
                                         -മധു,മുട്ടം
  

2016, മാർച്ച് 17, വ്യാഴാഴ്‌ച

ആരോ മറയുന്ന വഴിത്തുമ്പ്…



   




      താ.. ഇതാ
      ഈ ആഹ്ലാദം.. എങ്ങുനിന്നാണു വരുന്നത്….!?
      എങ്ങുനിന്നെങ്ങുനിന്ന്…!?
      അമ്പലച്ചങ്കിലെ അടയാളക്കല്ലിൽനിന്നോ….?
      ആറിച്ചണയ്ക്കുന്ന ആലിലക്കാറ്റിൽനിന്നോ…?
      അങ്ങേക്കാവിലെ അത്തിമരക്കൊമ്പിൽനിന്നോ…?
      ഇങ്ങേൽക്കൊഞ്ചുന്ന പാലിളഞ്ചുണ്ടിൽനിന്നോ…?
      അതോ….
      എനിക്കറിയാത്ത ഏതോ അൻപോലും പാടത്തുനിന്നോ…?

      ഇതാഇതാ..
      ഈ ദു:ഖം എങ്ങുനിന്നാണു വരുന്നത്….!?
      എങ്ങുനിന്നെങ്ങുനിന്ന്…!?
      ആരോ പോയ്‌മറഞ്ഞ നേർ‌വഴിത്തുമ്പിൽനിന്നോ…?
      ആരും തിരിവയ്ക്കാക്കോവിലി-
      ന്നുള്ളിൽനിന്നോ…?
      ആളാരുംചെല്ലാതായോരക്കന്റെ കുടിലിൽനിന്നോ…?
      അത്താഴക്കലമുടച്ച കൊട്ടിയമ്പലത്തിൽനിന്നോ…?
      അതോ
      എനിക്കറിയാത്ത  ഏതോ നെഞ്ചാളും പാടത്തുനിന്നോ…?

      ആൽമരച്ചോട്ടിൽ ഒറ്റയ്ക്കിരുന്നവൻ പറഞ്ഞു:
      ഹ്ലാദവും ദു:ഖവും ആനന്ദത്തിൽനിന്നു വരുന്നു…!
                                                                      -മധു,മുട്ടം        

    

2016, മാർച്ച് 4, വെള്ളിയാഴ്‌ച

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

തോന്നൽ

                                         ചാരത്തും ദൂരത്തുമാരുമില്ലെന്നാലും
                                         പേരെടുത്താരോ വിളിച്ചപോലെ!
                                         നേരോ...!? തിരയും മിഴിനിറച്ചിന്നുമാ
                                         നേരറിയാത്ത ദിഗന്തം മാത്രം...
                                                              -മധു

2016, ജനുവരി 3, ഞായറാഴ്‌ച

പാണപ്പാട്ട്








ട്ടണക്കെട്ടിലെക്കണ്ണാടിക്കൂട്ടിലെ

കാണാൻ ചേലുള്ള വീണപ്പെണ്ണേ

പാട്ടു മറന്നിട്ടോ  പാണൻ മറന്നിട്ടോ

നാട്ടീന്നു പോന്നു വീണപ്പെണ്ണേ.....!?

 

കേട്ടല്ലോ നന്തുണിപ്പെണ്ണേ  നിന്നെപ്പണ-

ക്കൂട്ടരാരോ കെട്ടിക്കൊണ്ട്വോയെന്നും

പാണൻ പരതി നടന്നെന്നുംനീ പുത്ത-

നീണങ്ങൾ കേട്ടു മയങ്ങിയെന്നും!

 

പണ്ടത്തെയീണങ്ങൾ ചുണ്ടത്തുണ്ടോ..?പഴേ

പാണച്ചെറുക്കനെയോർമ്മയുണ്ടോ..?

ഓണമുറ്റത്തവൻ വാരിപ്പൂണർന്നപ്പോ

മാറത്തു പൂത്ത പുളകമുണ്ടോ?

 

പണ്ടൊക്കെ നിൻകൊച്ചു മോഹങ്ങളെ

ചെണ്ടണിയിക്കാനവൻ കൊതിച്ചു

തെണ്ടിത്തിരിഞ്ഞെത്ര പൂരപ്പറമ്പു നിൻ

കണ്ഠത്തിലിമ്പത്തിൻ മാലചാർത്താൻ.

 

നാട്ടക്കുറിഞ്ഞികൊണ്ടല്ലിമാല..

കേട്ടാൽക്കൊതിക്കും കുറിഞ്ഞിമാല..

കാംഭോജി-കല്ല്യാണി രാഗമാല..

കേദാരഗൌളകൊണ്ടക്ഷമാല..

 

മിണ്ടാത്തതെന്തേ നീ വീണപ്പെണ്ണേ

മിണ്ടിയാൽച്ചേലുള്ള വീണപ്പെണ്ണേ..

എല്ലാം മറന്നുവോ വീണപ്പെണ്ണേ!നീ

എല്ലാം മറന്ന പൊൻ രാവുകളും!

 

എന്തോന്നിതോർപ്പു കള്ളിപ്പെണ്ണേ?നീ

എന്തോമറന്നിട്ട നാഗക്കാവോ.. ?

ചിന്തൊന്നു മൂളിയ കന്നിക്കാവോ?

കന്നേപ്പറമ്പിലെ കുന്നിക്കാവോ?

 

കാവൂട്ടുന്നാളിലെ പാതിരാവോ?

കാർത്തികപൂത്തമൂവന്തിക്കാവോ!?

കാലം കലിതുള്ളിപ്പോയപ്പോഴുള്ളിലെ

ചായം ചിതറിയ സ്വപ്നക്കാവോ.?

                          -മധു,മുട്ടം