തെക്കൻ കാറ്റിന്റെ പൂവിളി മാഞ്ഞല്ലോ
തെക്കിനിക്കോലായിലാളും പിരിഞ്ഞല്ലോ
ഒറ്റക്കുനീയെന്തിനിപ്പോഴുമീക്കളി-
മുറ്റത്തു വന്നിരിപ്പൂ….!? മൂകമീ
മുറ്റത്തു വന്നിന്നിരിപ്പൂ….!?
ഇന്നലെ ഈ ഓണമുറ്റത്തു നീയൊരു
പൊൻകതിരെന്നപോൽ വന്നു നിൽക്കെ
പൂമുഖത്തൂണും ചാരി നിന്നെ നോക്കി
പൂവമ്പനെന്തോ കൊതിച്ചു നിൽക്കെ..ആ
പൂവമ്പനെന്തോ കൊതിച്ചു നിൽക്കെ
നിന്റെ മോഹത്തിന്റെ നേത്രോല്പലമാല
എന്തേ ചാർത്താൻ മറന്നുപോയ് നീ..!? അവ-
നെന്തേ മൂകം പിരിഞ്ഞുപോയി..!?
ഇന്നലെ നിൻ കിനാപ്പൂക്കുലചിന്നിയ
പൊന്നോണത്തുമ്പിതുള്ളാക്കളത്തിൽ
ഇന്നെന്തേ തേടുന്നു നിൻസ്വപ്നശാരിക
മങ്ങാത്തൊരോർമ്മതൻ തേനല്ലിയോ-നിന്റെ
മങ്ങിയ സ്വപ്നത്തിൻ പൂവല്ലിയോ…?
തെക്കേമുറ്റത്തെ പൂക്കളം മാഞ്ഞല്ലോ..
മുത്തശ്ശിപ്ലാവിലെ ഊഞ്ഞാലഴിഞ്ഞല്ലോ..
അക്കരെ അമ്മാത്തൂന്നുള്ളോരും പോയല്ലോ..
ഒറ്റക്കുനീയെന്തിനിപ്പോഴുമീക്കളി-
മുറ്റത്തു വന്നിന്നിരിപ്പൂ….!? മൂകമീ
മുറ്റത്തു വന്നിന്നിരിപ്പൂ….!?
-മധു,മുട്ടം