link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ഏപ്രിൽ 2018

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2018, ഏപ്രിൽ 4, ബുധനാഴ്‌ച

ആനയും കുഞ്ഞാണ്ടിയും-ചൊൽ‌ നാടകം

----മധു,മുട്ടം.


[വേനലവധിക്കാലത്ത് മുതിർന്നവരുടെ മുമ്പിൽ അവതരിപ്പിക്കാൻ കുട്ടികൾക്കുള്ള ഒരു ചൊൽ‌ നാടകം’--- ]
-
[ ഈ പാട്ടു നാടകത്തിലെ വരികൾക്ക് ( ചൊല്ലുകൾക്ക്) .കുട്ടികൾക്കു ചൊല്ലാൻ പാകത്തിൽ അവസരോചിതമായ വ്യത്യാസങ്ങളോടെ ലളിതമായ ഈണങ്ങളും താളങ്ങളും ഉണ്ടാക്കണം. തുടക്കം മുതൽ ഒടുക്കം വരെ എല്ലാവരുടെയും ചൊല്ലുകൾ തമ്മിൽ താളഭംഗം ഉണ്ടാകാതെ തുടർച്ചയായി ബന്ധപ്പെട്ടു വരണം. ഉച്ചാരണ ശുദ്ധിയും താളബോധവുമുള്ള നാലഞ്ചു കുട്ടികളും കുഞ്ഞമ്മയാകാൻ ഒരു യുവതിയും വേണം. സൂത്രധാരനാകാൻ ഈ കുട്ടികളിൽ നിന്നുതന്നെ ഒരുകുട്ടി മതിയാകും..കുട്ടികളും കുഞ്ഞമ്മയും സൂത്രധാരനും അവരവരുടെ ഭാഗങ്ങൾ നല്ല ഭാവപ്പൊലിമയോടെ ചൊല്ലി അവതരിപ്പിക്കണം. കുഞ്ഞാണ്ടിയാകാൻ കുട്ടികളുടെ കൂട്ടത്തിൽ നിന്നുതന്നെ സന്ദർഭം പോലെ മാ‍റി മാറി പലരെയും സ്വീകരിക്കാം. അതല്ലെങ്കിൽ കുട്ടികളിൽ ഒരാൾ തന്നെ ഉടനീളം കുഞ്ഞാണ്ടിയാകുന്ന രീതിയുമാകാം. വെള്ളക്കർ‌ട്ടനിൽ യഥോചിതം നിഴലുണ്ടാക്കി ആനയാക്കാം. അഥവാ എല്ലാം സംവിധായകന്റെ ഔചിത്യം പോലെ.]




സൂത്രധാരൻ-:
പള്ളിക്കൂടം പൂട്ടിയനാൾ
പിള്ളാരൊരു കഥ കേൾക്കാനായ്
പുള്ളിച്ചുരിദാറിട്ടു വരും
കുഞ്ഞമ്മക്കൊരു വലയായി
പിള്ളക്കൂട്ടം ചിലയായി..!


(അർത്ഥവ്യക്തത വരുത്തി സൂത്രധാരൻ ഈ ആദ്യ ചൊല്ല് ഒരിക്കൽ കൂടി ആംഗികമായ അഭിനയത്തിന്റെ അകമ്പടിയോടെ ആവർത്തിക്കുന്നു.
തുടർന്ന് കുട്ടികൾ പിന്നാലെ കൂടി ഓടിച്ചിട്ട് അവരിൽ‌നിന്ന് രക്ഷപ്പെടാനെന്നപോലെ ചിരിയോടെ അരങ്ങത്തേയ്ക്കു ഓടി വരുന്ന കുഞ്ഞമ്മയും പിന്നാലെ ആർത്തു വിളിച്ചുകൊണ്ട് കുട്ടിപ്പടയും.)


പിള്ളക്കൂട്ടം കുഞ്ഞമ്മയെ വിടാതെ ചുറ്റിവളഞ്ഞു നിന്ന് -:
കുഞ്ഞമ്മേ....കുഞ്ഞമ്മേ...
ഒരു കഥ പറ പറ കുഞ്ഞമ്മേ..
കുഞ്ഞമ്മേ...കുഞ്ഞമ്മേ..
കഥ പറ കഥ പറ ചെറിയമ്മേ...!
പറ പറ പറ പറ കുഞ്ഞമ്മേ

സൂത്രധാരൻ-:
അപ്പോൾ പറയും കുഞ്ഞമ്മ...


കുഞ്ഞമ്മ-:
നിറപറ വേണോ...പറവേണോ...
കളി പറയോ പറ കുറപറയോ--?”


സൂത്രധാരൻ-:
ഉടനേ പറയും പിള്ളാര്...


പിള്ളാര്-:
ഇപ്പറയൊന്നും പറയല്ലേ..!
കഥപറവേണം കുഞ്ഞമ്മേ..!
കുഞ്ഞമ്മേ...കുഞ്ഞമ്മേ
ഒരു കഥ പറ പറ കുഞ്ഞമ്മേ
കഥ..പറ പറ പറ ചിറ്റമ്മേ...!?”


സൂത്രധാരൻ-:
അപ്പോൾപ്പറയും ചിറ്റമ്മ...


ചിറ്റമ്മ-:
കഥയില്ലാത്തൊരു കഥ പറയാം
കൂടെപ്പറയണമെല്ലാരും-!


പിള്ളാര്-:
ഓഹോ..! പറയാം പറയാല്ലോ..!


സൂത്രധാരൻ-:
അപ്പോളിങ്ങനെ ചെറിയമ്മ ...


ചെറിയമ്മ -:
കൊച്ചേ..കുഞ്ഞേ...കുഞ്ഞമ്മേ....
ചേച്ചേ...മറിയേ...ചെല്ലമ്മേ...


സൂത്രധാരൻ-:
ഒത്തു പറഞ്ഞു പിള്ളാരും...


പിള്ളാർ-:
കൊച്ചു കരഞ്ഞാൽ കൊട്ടാടും
അച്ചം പിച്ചം ചേട്ടത്തി
ഇച്ചേച്ചിക്കൊരു പിച്ചാത്തി-----!!
--ഇക്കഥ ഞങ്ങൾക്കറിയാല്ലോ-!
എന്തൊരു കഥയിതു കുഞ്ഞമ്മേ-!
ഇക്കഥ വേണ്ടാ‍ ചിറ്റമ്മേ...
വലിയൊരു കഥ പറ ചെറിയമ്മേ..
പെരിയൊരു കഥ പറ കുഞ്ഞമ്മേ-!!
തീരാ‍ാ‍ാ‍ാത്തൊരു കഥ കേൾക്കാൻ
തീരാ‍ാ‍ാ‍ാ ക്കൊതി കുഞ്ഞമ്മേ..!
വലിയൊരു കഥ പറ കുഞ്ഞമ്മേ
പറ പറ പറ പറ ചെറിയമ്മേ.....!


സൂത്രധാരൻ-:
പറ പറ പറ പറ എന്നോതി
ഇക്കിളി കൂട്ടീ പിള്ളാരും
മതി മതി മതി മതിയെന്നവരെ-
ച്ചുറ്റുമിരുത്തി ചിറ്റമ്മ...!
അപ്പോൾപ്പറയും ചെറിയമ്മ ...


ചെറിയമ്മ- :
എങ്കിൽപ്പറയാം പിള്ളാരേ
കൂടെപ്പറയരുതാരാനും--!
വന്നൊരു സംശയമെന്നാലോ
ചൊല്ലണമുടനടി കുട്ടപ്പാ-!
താളം പിടിപിടി പിള്ളാരേ
താളത്തിൽ‌ക്കഥ പറയാല്ലോ.
താളമടിക്കണമെല്ലാരും
തള വള ഇട്ടോരെല്ലാരും
താളം തെറ്റിപ്പൊയാലോ
തറപറയാകും കഥപറയൽ..!


സൂത്രധാരൻ-:
താളമടിച്ചു പറഞ്ഞുടനാ-
ത്താളത്തിൽത്താൻ പിള്ളാരും..!

പിള്ളാര്-:
തള പോയാലും ഞങ്ങൾക്കീ
വള പോയാലും ഞങ്ങൾക്കീ
താളം തെറ്റുകയില്ലമ്മേ
കഥ പറ കഥ പറ കുഞ്ഞമ്മേ-!


സൂത്രധാരൻ-:
മേളം കേട്ടാക്കുഞ്ഞമ്മ
താളത്തിൽ കഥ ചൊല്ലുകയായ്..


കുഞ്ഞമ്മ-:
കഥകൊതിയന്മാരെല്ലാരും
കഥ കേട്ടോളൂ പിള്ളാരേ....!
മഴയില്ലാത്തൊരു ലോകത്ത്
മലയില്ലാത്തൊരു ദേശത്ത്
മരമില്ലാത്തൊരുകാലത്താ
വഴിയേ വന്നൊരു കുഞ്ഞാണ്ടി...!
മിഴിയില്ലാത്തൊരു ലോകത്തെ
ചെവിയില്ലാത്തൊരു ദേശത്തെ
മൊഴിയില്ലാത്തൊരു നാട്ടീന്നാ
വഴിയേ വന്നൊരു കുഞ്ഞാണ്ടി...!

(പശ്ചാത്തലത്തിലെ ഉചിതമായ ചെറുവായ്ത്താരികളോടെ കുഞ്ഞാണ്ടിയുടെ വരവ്. സൂത്രധാരൻ അതു കാണികൾക്കു ചൂണ്ടിക്കാണിച്ച് കൈത്താളമിട്ടുകൊടുക്കുന്നു).


കുഞ്ഞമ്മ-:
വഴിയേ വന്നാക്കുഞ്ഞാണ്ടിനട-
വഴിയിൽത്തന്നൊരു പുഴ കണ്ടു...!
പുഴകേറാനായ്‌ നോക്കുമ്പോൾ
പുഴയിൽ വീണൊരു പെരിയാ‍ാ‍ാ‍ാന...!!
വഴികിട്ടാതെ കുഴങ്ങീട്ടാ
വഴിയിൽ‌ത്തങ്ങീ കുഞ്ഞാണ്ടി...!


സൂത്രധാരൻ-:
ഉടനെ ചൊല്ലീ പിള്ളാരും....!


പിള്ളാർ കൂട്ടാമായി (കഥയിലെ ഒരു കള്ളം
കയ്യോടെ പിടികൂടിയ മട്ടിൽ) -:
ങേഏഏഏഏ..............!????
പെപ്പേരപ്പര പേരപ്പാ.....!!
അതു നില്ലമ്മേ കുഞ്ഞമ്മേ-!
ഇപ്പടി എപ്പടി വന്നമ്മേ...!?
ഇങ്ങനെ എങ്ങനെ വന്നമ്മേ..!?
എങ്ങനെ ഇങ്ങനെ വന്നമ്മേ..!?


ചെറിയമ്മ-:
എങ്ങനെ...?!ഇങ്ങനെ..?!.എങ്ങനെ..?!


കുട്ടി-1.
മിഴിയില്ലാത്തൊരു നാട്ടീന്നാ
വഴിയേ വന്നൊരു കുഞ്ഞാണ്ടി
പുഴയിൽ വീണൊരു പെരിയാനെ
എങ്ങനെ കണ്ടൂ കുഞ്ഞമ്മേ...!?
പെപ്പേരപ്പര പേരപ്പാ.....


( കൂട്ടമായി ചുവടു വച്ച് മുദ്രാവാക്യം പോലെ)
ങാ‍ാ‍ാ.....!
എങ്ങനെ കണ്ടൂ കുഞ്ഞമ്മേ...!?
എങ്ങനെ കണ്ടൂ കുഞ്ഞമ്മേ...!?
പെപ്പേരപ്പര പേരപ്പാ.....


കുട്ടി-2
കണ്ണില്ലാത്തൊരു കുഞ്ഞാണ്ടി
കാണുവതെങ്ങനെ കുഞ്ഞമ്മേ..?!
മിഴിയില്ലാത്തക്കുഞ്ഞാണ്ടിയ്ക്കിരു-
മിഴിവന്നെങ്ങനെ കുഞ്ഞമ്മേ...?!”


സൂത്രധാരൻ-:
അതു കേട്ടുടനെ കുഞ്ഞമ്മ....


കുഞ്ഞമ്മ-:
“--- ങാ‍ാ‍ാ‍ാ....
അതു പറയാം ഞാൻ കേട്ടോളൂ..!
മിഴിയുടെ മറ്റേത്തുമ്പാണല്ലോ
മലയും പുഴയും കാഴ്ചകളും...!!
(ആംഗ്യങ്ങളോടെ നിർത്തി നിർത്തി വിസ്തരിച്ച് )
മിഴിയുടെ മ േേേേറ്റേ....’. ത്തുമ്പാണല്ലോ
മലയും പുഴയും കാഴ്ചകളും...!!
കണിയില്ലാത്തൊരു ദേശത്തല്ലോ
മിഴിയില്ലാത്തതു പിള്ളാരേ-!
കണിയുണ്ടെങ്കിൽ മിഴിയുണ്ടെന്നതു
കളിയല്ലല്ലോ കൂട്ടാരേ-!
കണി വന്നപ്പോൾക്കുഞ്ഞാണ്ടിക്കിരു
മിഴിയും വന്നൂ പിള്ളാരേ-!!


സൂത്രധാരൻ-:
അതു കേട്ടപ്പോൾപ്പിള്ളാരും-


(പിള്ളാര് ആശ്ചര്യപൂർവ്വം പരസ്പരം നോക്കി )-:
-----“ഓാാാ.......!
അതു ശരി ശരി ശരി കുഞ്ഞമ്മേ
അങ്ങനെ വന്നൊരു കുഞ്ഞാണ്ടിക്കി-
ന്നിങ്ങനെ വന്നാ മിഴിരണ്ടും--!! ഓ...!
ഇങ്ങനെ വന്നാ മിഴിരണ്ടും..!!
ഇതുകൊള്ളാല്ലോ... കുഞ്ഞമ്മേ..! ഈ
കഥ പറ പറ പറ ചെറിയമ്മേ-!


സൂത്രധാരൻ-:
അതു കേട്ടിങ്ങനെ ചെറിയമ്മ
കഥ തുടരുന്നതു കേട്ടോളൂ....


ചെറിയമ്മ-:
പുഴയിൽ വീണൊരു പെരിയാന
കര കേറാനൊരു വഴി കാണാൻ
വഴിയില്ലാതെ വലഞ്ഞാന
കുഴയും മിഴിയൊടു നോക്കുമ്പോൾ
വഴി കിട്ടാതെ കുഴങ്ങീട്ടാ
മിഴിനട്ടങ്ങനെ നിൽക്കുന്നു
വഴിവക്കത്താക്കുഞ്ഞാണ്ടി...!
പുഴയിൽ മുങ്ങിയിരുന്നാന
പുറമേ കണ്ടാൽക്കുഞ്ഞാന--!
മിഴികൾ തിരുമ്മീ കുഞ്ഞാണ്ടിഇരു
മിഴിയാൽക്കണ്ടൊരു കുഞ്ഞാന--!!
കരകേറാനൊരു വഴി കാണാൻ
മൊഴിയുകയാണക്കുഞ്ഞാന....


കുഞ്ഞാന-:
ഞാനൊരു പാവം കുഞ്ഞാന
പുഴയിൽ വീണൊരു കുറിയാന..!
കരകേറാനൊരു വഴിവേണം..
വഴിയുണ്ടോ വഴി കുഞ്ഞാണ്ടീ...!?
കുഞ്ഞാണ്ടീ......കുഞ്ഞാണ്ടീ...
ഒരു വഴി കണ്ടേ കുഞ്ഞാണ്ടീ...
ഒരു പോംവഴി പറ പറ കുഞ്ഞാണ്ടീ...


കുഞ്ഞമ്മ-:
മൊഴിയതു കേട്ടൂ കുഞ്ഞാണ്ടി..
മൊഴിയില്ലാത്തക്കുഞ്ഞാണ്ടി..
ചെവിയില്ലാത്തൊരു നാട്ടീന്നാ
വഴിയേ വന്നൊരു കുഞ്ഞാണ്ടി--!


സൂത്രധാരൻ-:
ഉടനെ ചൊല്ലീ പിള്ളാരും.”


പിള്ളാര് കൂട്ടമായി-:
ങേഏഏഏഏ.................!!!!!????
തക്കിട തരികിട താങ്കിടതാ
അതു നില്ലമ്മേ കുഞ്ഞമ്മേ...!
ഇങ്ങനെയെങ്ങനെ വന്നമ്മേ..?!
ഇപ്പടി എപ്പടി വന്നമ്മേ..!?
ധക്കോ തരികിട ധാങ്കിടതോ..!!


കുഞ്ഞമ്മ-:
എപ്പടി...?! ഇപ്പടി...!? എപ്പടി..!?”


കുട്ടി-3
ചെവിയില്ലാത്തൊരു നാട്ടീന്നാ
വഴിയെ വന്നൊരു കുഞ്ഞാണ്ടി
വഴിയിൽക്കണ്ടവരുരിയാടുമ്പോ-
ഴെങ്ങനെ കെട്ടൂ കുഞ്ഞമ്മേ...!!?”


കുട്ടി-4
                              “---------ങാ‍ാ‍ാ...
ചെവിയില്ലാത്തൊരു കുഞ്ഞാണ്ടിക്കിരു
ചെവിവന്നെങ്ങനെ കുഞ്ഞമ്മേ...!!?”

സൂത്രധാരൻ-:
അതു കേട്ടുടനെ കുഞ്ഞമ്മ..


കുഞ്ഞമ്മ--:
                    ---- “ങാ‍ാ‍ാ‍ാ...........
അതു പറയാം ഞാൻ കേട്ടോളൂ...!
ചെവിയുടെ മറ്റേത്തുമ്പാണല്ലോ
പറയും കഥയും പാട്ടുകളും..!
(ആംഗ്യങ്ങളോടെ നിർത്തി നിർത്തി വിസ്തരിച്ച് )
ചെവിയുടെ മ േേേേറ്റേ....’. ത്തുമ്പാണല്ലോ
പറയും കഥയും പാട്ടുകളും..!
ഒലിയില്ലാത്തൊരു കാലത്തല്ലോ
ചെവിയില്ലാത്തതു പിള്ളാരേ..!
ഒലിവന്നപ്പോൾ കുഞ്ഞാണ്ടിക്കിരു-
ചെവിയും വന്നൂ പിള്ളാരേ...!!


സൂത്രധാരൻ-:
അതു കേട്ടപ്പോപ്പിള്ളാരും--:


(പിള്ളാര് ആശ്ചര്യപൂർവ്വം പരസ്പരം നോക്കി ) -:
                      --------“ഓാാാ.......!
അതു ശരി ശരി ശരി കുഞ്ഞമ്മേ..!
അങ്ങനെ വന്നൊരു കുഞ്ഞാണ്ടിക്കി-
ന്നിങ്ങനെ വന്നൂ ചെവിരണ്ടും..!! ങാ‍ാ‍ാ
ഇങ്ങനെ വന്നാ ചെവിരണ്ടും...!!
അതു കൊള്ളാല്ലോ കുഞ്ഞമ്മേ..! ഈ
കഥ പറ പറ പറ ചെറിയമ്മേ...!!


സൂത്രധാരൻ-:
അതു കേട്ടിങ്ങനെ ചെറിയമ്മ
കഥ തുടരുന്നതു കേട്ടോളൂ.....

ചെറിയമ്മ-:
പുഴയാനക്കൊരു വഴി കാണാൻ
വഴി കാണാഞ്ഞു കുഴഞ്ഞൊടുവിൽ
മൊഴിയില്ലാ‍ത്തക്കുഞ്ഞാണ്ടി
മൊഴിയുന്നിങ്ങനെ കേട്ടാലും..!!
വഴി കാണാത്തൊരു പുഴയാനേ
വഴിയുണ്ടെന്നായ് കുഞ്ഞാണ്ടി..!!


സൂത്രധാരൻ-:
ഉടനെ ചൊല്ലീ പിള്ളാരും......
പിള്ളാർ കൂട്ടമായി-:
ങേഏഏഏഏ............!!!!!!?????
ധപ്പോ ധരികിട ധാങ്കിട തോ...!
അപ്പടി എപ്പടി വന്നമ്മേ..!!?
തിക്കോ തരികിട താങ്കിട തോ..!
ഇപ്പടി എപ്പടി വന്നമ്മേ....!!?


ചെറിയമ്മ-:
ഇപ്പടി..!? എപ്പടി..!? എപ്പടി...!?


കുട്ടി-1
മൊഴിയില്ലാത്തൊരു കുഞ്ഞാണ്ടിക്കീ
മൊഴിവന്നെങ്ങനെ കുഞ്ഞമ്മേ...!!?
കുട്ടികൾ കൂട്ടമായി-:
-----“ ങാ‍ാ‍ാ...!
മൊഴിവന്നെങ്ങനെ കുഞ്ഞമ്മേ...!!?ഈ-
മൊഴിവന്നെങ്ങനെ കുഞ്ഞമ്മേ...!!?
തക്കോ തരികിട താങ്കിട തോ..!
മൊഴിവന്നെങ്ങനെ കുഞ്ഞമ്മേ...!!?”


സൂത്രധാരൻ-:
അതുകേട്ടുടനെ കുഞ്ഞമ്മ....


കുഞ്ഞമ്മ-:
--------- “ങാ‍ാ‍ാ...!
അതു പറയാം ഞാൻ...! കേട്ടോളൂ....!
വഴികാണാഞ്ഞു വലഞ്ഞാലാർക്കും
മൊഴിയുണ്ടാകും പിള്ളാരേ...!
മൊഴിയില്ലെങ്കിൽ വഴിയില്ലെന്നൊരു
പഴമൊഴിയുണ്ടെട പൊന്നപ്പാ..!
വഴിയുണ്ടെന്തിനുമെന്നാൽ നാട്ടിൽ
മൊഴിയില്ലമ്പട.. ചെല്ലപ്പാ...!
പഴുതുണ്ടമ്പതു ചെണ്ടക്കെങ്കിൽ
അടിപിന്നെന്തിനു മാരാരേ..!
വഴികിട്ടാഞ്ഞിട്ടാദ്യം വന്നൊരു
മൊഴിയല്ലോ പിന്നുലകായി...!
വഴികാണാഞ്ഞാക്കുഞ്ഞാണ്ടിക്കും
മൊഴിവന്നങ്ങനെ പിള്ളാരേ..!


സൂത്രധാരൻ-:
അതുകേട്ടപ്പോൾ പിള്ളാരും --:


(പിള്ളാര് ആശ്ചര്യപൂർവ്വം പരസ്പരം നോക്കി ) -:
            -------- “ഓാാാ.......!
അങ്ങനെ വന്നക്കുഞ്ഞാണ്ടി-
ക്കിന്നിങ്ങനെ വന്നീയുരിയാട്ടം..! ങാ‍ാ
ഇങ്ങനെ വന്നാ ഉരിയാട്ടം.....!!
അതു ശരി ശരി ശരി കുഞ്ഞമ്മേ..!
ഹിതു കൊള്ളാല്ലോ കുഞ്ഞമ്മേ....!
ഇനിയിക്കഥ പറ കുഞ്ഞമ്മേ..!
കഥ..പറ...പറ..പറ ചെറിയമ്മേ...!


സൂത്രധാരൻ-:
അതു കേട്ടിങ്ങനെ ചെറിയമ്മ
കഥ തുടരുന്നതു കേട്ടാലും....


ചെറിയമ്മ -:
വഴികിട്ടാനായ്പ്പുഴയാനക്കൊരു
വഴി പറയുന്നൂ കുഞ്ഞാണ്ടി....!


കുഞ്ഞാണ്ടി-:
വഴിയുണ്ടേ.... വഴിയുണ്ടേ...!
തീരമണയ്ക്കും വഴിയുണ്ടേ...!
തീരാ‍ാ‍ാ ത്തൊരു വഴിയെന്നൊരു
തീരാ‍ാ‍ാ‍ാ‍പ്പഴിയതിനുണ്ടേ.....!
വഴിയുണ്ടേ.....വഴിയുണ്ടേ...! ആ-
വഴി പറയേണം ഞാനെന്നാകിൽ
വഴി മാറിത്താ പുഴയാനേ...!


കുഞ്ഞമ്മ-:
അതു കേട്ടിട്ടാപ്പുഴയാന
അരിശപ്പെട്ടു പറഞ്ഞാന....!


പുഴയാന-:
തീരാ‍ാ‍ാ‍ാത്തൊരു വഴിയെങ്ങനെ
തീരത്തെത്തും കുഞ്ഞാണ്ടീ...!!?
ചേരാത്തൊരു വഴിമൊഴിയേണ്ടി-
പ്പോഴത്തം കള കുഞ്ഞാണ്ടീ...!
കുഞ്ഞാണ്ടീ...കുഞ്ഞാണ്ടീ
മറുവഴി കണ്ടേ കുഞ്ഞാണ്ടീ...! ഒരു
കുറുവഴി കണ്ടേ കുഞ്ഞാണ്ടീ...!


കുഞ്ഞമ്മ-:
അരിശപ്പെട്ടിട്ടാനപറഞ്ഞതി-
ലരിശപ്പെട്ടൂ കുഞ്ഞാണ്ടി..


കുഞ്ഞാണ്ടി-:
വഴി വഴിയെന്നു പറഞ്ഞാലെങ്ങനെ
വഴിയാകും പുഴ പുഴയാനേ..!!?
മൊഴി മൊഴിയെന്നു പറഞ്ഞാലെങ്ങനെ
വഴിയാകും മൊഴി പുഴയാനേ..!!?
വഴി പറയാനൊരു മൊഴി വേണം...! ആ
മൊഴിയറിയാനൊരു വഴി വേണം..! ആ
വഴിയെച്ചെന്നു പഠിക്കാൻ മറ്റൊരു
വഴിപോയ് വഴിയെ മൊഴിയേണം...!!
കുഴ കുഴ കുഴ കുഴ കുഴയാനേ..!
കുഴയും വഴിയിതു പുഴയാനേ..!


കുഞ്ഞമ്മ-:
മൊഴിയില്ലാത്തൊരു കുഞ്ഞാണ്ടി
മൊഴിയാനൊരു വഴി കണ്ടപ്പോൾ
കുഴമറിമൊഴിയുന്നതു കേട്ടിട്ടാ-
പ്പുഴയാനയ്ക്കു കുറുമ്പിളകി..!
കുഴമൊഴികേട്ടാപ്പെരിയാന
കുഴിയും കൊമ്പു കുലുക്കീട്ടാ-
വഴിയിൽപ്പൊങ്ങി വളർന്നതു കണ്ടാ-
മിഴിതള്ളിച്ചൂ കുഞ്ഞാണ്ടി...!
മിഴികൾ ശരിക്കു തുറന്നപ്പോഴാ
പുഴകണ്ടില്ലാ കുഞ്ഞാണ്ടി....!!
പുഴമാഞ്ഞിട്ടങ്ങവിടപ്പോഴാ
വഴികണ്ടപ്പടി കുഞ്ഞാണ്ടി...!!
വഴികണ്ടപ്പോൾ കുഞ്ഞാണ്ടി
പുഴയാനയ്ക്കാ വഴി ചൊല്ലി--:


കുഞ്ഞാണ്ടി-:
പിഴയാനേ....പുഴയാനേ...
വഴിയിൽക്കണ്ടൊരു പിഴയാനേ...!
മലയില്ലാത്തൊരു ലോകത്തെങ്ങനെ
മഴയുണ്ടാകും പിഴയാനേ...!
മഴയില്ലാത്തീ ദേശത്തെങ്ങനെ
പുഴയുണ്ടാകും പുളുവാനേ....!
പുഴയില്ലാത്തീ ദേശത്തെങ്ങനെ
പുഴയിൽ വീഴും പൊളിയാനേ...!
പുഴയിൽ വീഴാത്താനയ്ക്കെന്തിനു
പുഴകേറാൻ വഴി.. കളിയാനേ..!!?
പുഴയില്ലെന്നതു കാണുകതന്നാ-
പ്പുഴകേറാനൊരു വഴിയാനേ...! ഇനി
വഴിമാറിത്താ പെരിയാനേ...!


കുഞ്ഞമ്മ-:
അതുകേട്ടമ്പട പെരിയാന
വഴിയിൽപ്പമ്മിയിരുന്നാന...
പുറമേ കണ്ടാൽ കുറിയാന...!
കുഴിയിൽ വീണൊരു കുഴിയാന...!
മിഴികൾ തിരുമ്മീ കുഞ്ഞാണ്ടി...ഇരു-
മിഴിയാൽക്കണ്ടൊരു കുഴിയാന..!!
കുഴികേറാനൊരു വഴികാണാൻ
മൊഴിയുകയാണക്കുഞ്ഞാന..!


കുഴിയാന-:
ഞാനൊരു പാവം കുഴിയാന...
കുഴിയിൽ വീണൊരു ചെറിയാന..!
കരകേറാനൊരു വഴി പറയാൻ
വഴിയുണ്ടോ വഴി കുഞ്ഞാണ്ടീ-!!
കുഞ്ഞാണ്ടീ....കുഞ്ഞാണ്ടീ
ഒരുവഴി കണ്ടേ കുഞ്ഞാണ്ടീ..! ഒരു
പോംവഴി കണ്ടേ കുഞ്ഞാണ്ടീ...!


കുഞ്ഞമ്മ-:
മൊഴിയതു കേട്ടൂ കുഞ്ഞാണ്ടീ
മിഴികൾ തുറന്നൊരു കുഞ്ഞാണ്ടി
കുഴിയിൽ വീണക്കുറിയാനക്കൊരു
വഴിയും കണ്ടക്കുഞ്ഞാണ്ടി...!
അതു പറയാമോ പിള്ളാരേ...! ആ
വഴി പറയാമോ പിള്ളാരേ....?”


സൂത്രധാരൻ-:
കഥയിതു പാതി പറഞ്ഞിട്ടിങ്ങനെ
മറുചോദ്യവുമായ് കുഞ്ഞമ്മ...
അതുകേട്ടമ്പട പിള്ളാരും
മിഴിയൊട്ടങ്ങനെ പൂട്ടീട്ട്
വഴിയേ ഇങ്ങനെ ഓരോ പിള്ളേം
വഴി ചൊല്ലുകയായ് താളത്തിൽ...


കുട്ടി-1
കുഴിയാനേ.......കുഴിയാനേ.
വഴിയിൽക്കണ്ടൊരു പിഴയാനേ-!
കുന്നില്ലാത്തൊരു ദേശത്തെങ്ങനെ
കുഴിയുണ്ടാകും കളവാനേ..?!”


കുട്ടി-2
കുഴിയില്ലാത്തീ ദേശത്തെങ്ങനെ
കുഴിയിൽ വീഴും പുളുവാനേ..!


കുട്ടി-3
കുഴിയിൽ വീഴാത്താനയ്ക്കെന്തിനു
കുഴി കയറാൻ വഴി..... കളിയാനേ..!
കുഴിയില്ലെന്നതു കാണുക തന്നാ-
ക്കുഴികയറാനൊരു വഴിയാനേ..!!ഇനി
വഴിമാറിത്താ കുഴിയാനേ...!! ഈ
വഴിമാറിത്താ കുറിയാനേ...!!


സൂത്രധാരൻ-:
അതു കേട്ടിട്ടക്കുഞ്ഞമ്മക്കൊരു
ചിരി വന്നിട്ടു മൊഴിഞ്ഞല്ലോ...


കുഞ്ഞമ്മ-:
കൊള്ളാം കൊള്ളാം പിള്ളാരേ
കൊള്ളാം വഴിയതു പിള്ളാരേ..!
അങ്ങനെ തന്നാ‍ക്കുഞ്ഞാണ്ടീം
കുഴിയാനയ്ക്കായ് വഴി ചൊല്ലി.
അതുകേട്ടുടനെ കുഴിയാന
നൊടിയിടകൊണ്ടൊരു കാട്ടാന ..!!
വഴിയിൽ വീണൊരു കൂറ്റാന..!!
മിഴികൾതിരുമ്മീ കുഞ്ഞാണ്ടി...! ഇരു-
മിഴിയാൽക്കണ്ടൊരു കരിയാന’..!
എഴുന്നേൽക്കാനൊരു വഴി കാണാൻ
മൊഴിയുകയാണക്കാട്ടാന
കരിനിറമുള്ളൊരു കൂറ്റാന---:


കരിനിറമുള്ള കാട്ടാന-:

ഞാനൊരു പാവം കാട്ടാന
വഴിയിൽ വീണൊരു കൂട്ടാന
എഴുന്നേൽക്കാനൊരു വഴികാണാൻ
വഴിയുണ്ടോ വഴി കുഞ്ഞാണ്ടീ...!?
കുഞ്ഞാണ്ടീ...കുഞ്ഞാണ്ടീ....
ഒരു വഴി കണ്ടേ കുഞ്ഞാണ്ടീ...! ഒരു
കുറുവഴി പറ പറ കുഞ്ഞാണ്ടീ...!!


സൂത്രധരൻ-:
മൊഴിയതു കേട്ടൂ കുഞ്ഞാണ്ടി
മിഴികൾതുറന്നക്കുഞ്ഞാണ്ടി
വഴിയിൽ‌വീണക്കരിയാനയ്ക്കൊരു
വഴി ചൊല്ലുകയായ് കുഞ്ഞാണ്ടി ..


കുഞ്ഞാണ്ടി-:
വഴിയിൽ വീണതൊരാനയതെങ്കിൽ
പഴിയായെങ്കിലുമുടൽ‌ വേണ്ടേ..?!
മിഴി ഞാനിത്രതുറന്നിട്ടും ഒരു
തരികാണാനില്ലുടലാനേ..!!
കരിപോലെന്തോ കാണാം..അതു നി-
ന്നുടലല്ലല്ലൊരു.... പടമല്ലേ...!!?
അടവുകൾ പറയും വരയാനേ നീ
കരികൊണ്ടെഴുതിയ *കരിയല്ലേ..!?
ഉടലില്ലാത്തൊരു വരയാനേ ! ഈ
വഴിയിൽ വീഴുവതെങ്ങനെ നീ..!?
കരിയെന്നുള്ളൊരു ജന്തുവൊരെണ്ണം
വഴിയിൽ വീണിട്ടില്ലിവിടെ...!!
വഴിയിൽ‌ വീഴാത്താനയെയെങ്ങനെ
വഴിയേ വന്നെഴുന്നേൽ‌പ്പിക്കാൻ..!?
വഴിയിൽ വീണിട്ടില്ലില്ലെന്നൊരു
വഴിയേയുള്ളൂ വഴിപറയാൻ..!
വഴിഞാനിങ്ങനെ ചൊല്ലീട്ടും..നീ
വഴിമാറാത്തതിന്താനേ..!?
വഴി നീ മാറുന്നില്ലെങ്കിൽ...ഒരു
തൊഴി ഞാൻ തരുമേ..കൂട്ടിക്കോ..!


കുഞ്ഞമ്മ-:
അതുകേട്ടപ്പോൾ പിള്ളാരേ..ആ
വരയാനയ്ക്കും ചിരിപൊട്ടി...! ആ
ചിരികേട്ടപ്പോൾക്കുഞ്ഞാണ്ടി
മിഴിനട്ടങ്ങനെ നിൽപ്പായി.
അതു കണ്ടിട്ടാ വരയാന
ചിരിയോടിങ്ങനെ പറയുകയായ്-:


വരയാന-:
മിഴിയില്ലാത്താ നാട്ടീന്നീവഴി
തനിയേ വന്നൊരു കുഞ്ഞാണ്ടീ-!
മിഴി നല്ലോണമുറപ്പിച്ചീവഴി
വഴിപോൽ നോക്കുക കുഞ്ഞാണ്ടീ-!
വഴിയിൽ വീണു കിടപ്പതു മാറാൻ
വഴിയില്ലാത്തൊരു നിഴലാന-!! ഞാൻ
വഴികാണാ‍ത്തൊരു നിഴലാന..!
പഴി പറയാതൊരു വഴി പറയാൻ
വഴിയുണ്ടൊ വഴി കുഞ്ഞാണ്ടീ-!? ഒരു
പോം വഴി പറ പറ കുഞ്ഞാണ്ടീ...!


കുഞ്ഞമ്മ-:
അതുകേട്ടപ്പോൾ കുടു കുടെ നമ്മുടെ
കുഞ്ഞാണ്ടിക്കും ചിരിപൊട്ടി.!
ചിരിയോടിങ്ങനെ കുഞ്ഞാണ്ടി
നിഴലാനയ്ക്കും വഴിചൊല്ലി..!


കുഞ്ഞാണ്ടി-:
നിലഴലാനേ---! കളവാനേ---!
നുണ പറയുന്നൊരു കള്ളാനേ..!!
മലയില്ലാത്തീ ലോകത്തെങ്ങനെ
മഴണ്ടാകും പൊയ്യാനേ..!?
മഴയില്ലാത്തൊരു ലോകത്തെങ്ങനെ
വനമുണ്ടാകും പുളുവാനേ..!
വനമില്ലാത്തൊരു കാലത്തെങ്ങനെ
ഗജമുണ്ടാകും കളവാനേ..!
ഗജമില്ലാത്തൊരു ദേശത്തെങ്ങനെ
നിഴലാനയ്ക്കൊരു വഴിയാനേ..!?
അതിനൊരു വഴി പറ കള്ളാനേ..!
വഴി പറ വഴി പറ പൊയ്യാനേ..!!


കുഞ്ഞമ്മ-:
അതു കേട്ടമ്പട..! നിഴലാന
പട പട പൊട്ടിച്ചിരിയായി..!
ചിരിയൊട്ടൊന്നു കഴിഞ്ഞാന
പിഴവിട്ടിങ്ങനെ മൊഴിയുകയായ്..


നിഴലാന-:
മിഴിയില്ലാത്തൊരു നാട്ടീന്നീവഴി
തനിയേ വന്നൊരു കുഞ്ഞാണ്ടീ..!
കണിവന്നപ്പോൾ മിഴി വന്നിട്ടും
കണികാണാത്തൊരു കുഞ്ഞാണ്ടീ...!
കരി കരിയെന്നു നിനച്ചിട്ടൊരു നിഴൽ
കരിയാക്കുന്നൊരു കുഞ്ഞാണ്ടീ...!
പുഴ പുഴയെന്നു നിനച്ചിട്ടീവഴി
പുഴയാക്കുന്നൂ കുഞ്ഞാണ്ടി..! അ-
പ്പുഴയിൽക്കരിയെ നിനച്ചിട്ടീ നിഴൽ
പുഴയാനയ്ക്കൊരു വഴിയായി..!
കുഴികുഴിയെന്നു നിനച്ചിട്ടാപ്പുഴ
കുഴിയാക്കുന്നൊരു കുഞ്ഞാണ്ടീ..!
കുഴിയിൽപ്പിന്നെ നിനച്ചിട്ടീ നിഴൽ
കുഴിയാനയ്ക്കും വഴിയായി...!!
വരയെപ്പിന്നെനിനച്ചിട്ടീ നിഴൽ
വരയാനയ്ക്കും വഴിയായി..!!
പുഴകാണാനും കുഴികാണാനും
വഴികാണാനും കുഞ്ഞാണ്ടി
മിഴിയായ് നിന്നൂ തന്നെത്താനേ
കുഞ്ഞാണ്ടീന്നൊരു കുഞ്ഞാണ്ടി...!!
മിഴിതെല്ലൂടെ മിഴിച്ചാൽ കാണാം
ഈ നിഴൽ നിൻ ‌നിഴൽ കുഞ്ഞാണ്ടീ...
ഈ നിഴൽ നിൻ ‌നിഴൽ കുഞ്ഞാണ്ടീ..!!!
നീയല്ലാതിവിടില്ലാരും....
നീയല്ലാതിവിടില്ലാരും....
നീയല്ലാതിവിടില്ലാരും...!!!

കുഞ്ഞമ്മ-:
നിഴൽമൊഴിയങ്ങനകന്നേ പോയ്..
നിഴൽമാത്രം നിന്നവിടെത്താൻ..!
നിഴൽമൊഴി ദൂരെയകന്നേപോയ്..
അങ്ങനെയങ്ങനകന്നേ പോയ്...
നിഴലുണ്ടപ്പൊഴുമവിടെത്താൻ..!!
മിഴിതള്ളിപ്പോയ് കുഞ്ഞാണ്ടിയ്ക്കാ
നിഴൽമൊഴികേൾക്കെപ്പിള്ളാരേ..!
പിടികിട്ടാത്തൊരു കഥപോലെ
മിഴിചുറ്റിച്ചൂ കുഞ്ഞാണ്ടി...!
മെല്ലെപ്പിന്നെ നടക്കുമ്പോൾ
കുഞ്ഞാണ്ടിക്കൊരു ചിരിവന്നൂ...!


കുഞ്ഞാണ്ടി-:
പലരൂപത്തിൽക്കണ്ടതിതെന്നുടെ
നിഴലാരുന്നോ പൊന്നപ്പാ..!!

കുഞ്ഞമ്മ-:
പിന്നെ നടക്കെക്കൂടെച്ചെല്ലും
നിഴലിനെ നോക്കീ കുഞ്ഞാണ്ടീ...
മിണ്ടാറില്ലാ നിഴലെന്നപ്പോൾ-
ക്കുഞ്ഞാണ്ടിക്കൊരു വെളിപാട്...!
പയ്യെപ്പടപ്പട ചിരിയൊടു നടയായ്-
ക്കൊണ്ടു പറഞ്ഞൂ കുഞ്ഞാണ്ടി-:


കുഞ്ഞാണ്ടി-:
ഞാനല്ലാതില്ലല്ലോ കാണും-
ഞാനൊന്നിവിടെപ്പോന്നപ്പാ..!!!
ഞാനെന്നെങ്ങു പറഞ്ഞാലെന്നും
ഞാനൊന്നേയുള്ളയ്യപ്പാ...!!!
കാണ്മതു കേൾപ്പതുമെല്ലാമെങ്ങും
ഞാനാണല്ലോ പൊന്നപ്പാ..!!!


സൂത്രധാരൻ-:
കുട്ടികളതു കേട്ടേറ്റു പറഞ്ഞ-
ക്കുഞ്ഞമ്മയ്ക്കു വലം വച്ചു...


[ കുട്ടികൾ കുഞ്ഞമ്മയ്ക്കു ചുറ്റും
താളത്തിൽ ചുവടുവച്ചു വലംവച്ചുകൊണ്ട്-:]


കുട്ടികൾ-:
കുഞ്ഞാണ്ടിക്കഥ കൊള്ളാമല്ലോ
കുഞ്ഞല്ലിക്കഥ കുഞ്ഞമ്മേ....!
ഞാനല്ലാതില്ലല്ലോ കാണും-
ഞാനൊന്നിവിടെട പൊന്നപ്പാ..!
ഞാനെന്നെങ്ങു പറഞ്ഞാലെന്നും
ഞാനൊന്നേയുള്ളയ്യപ്പാ...!!
കാണ്മതു കേൾപ്പതുമെല്ലാമെങ്ങും
ഞാനാണല്ലോ പൊന്നപ്പാ..!!!


സൂത്രധാരൻ‌-:
താളമടിച്ചു വലം വയ്ക്കുന്നാ-
ത്താളക്കാരുടെ നടുവത്തായ്
ചിരിവന്നിട്ടു മുഖം പൊത്തിക്കൊ-
ണ്ടങ്ങനെ പോകും കുഞ്ഞമ്മ
അണിയറപൂകും കുഞ്ഞമ്മ...!


[ ഇങ്ങനെ ആനയും കുഞ്ഞാണ്ടിയും
എന്ന ചൊൽ‌നാടകം സമാപിച്ചു.]
         -----ശുഭം----

    * കരി= ആന