link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015 ഫെബ്രുവരി 18, ബുധനാഴ്‌ച

ജ്ഞാന-കർമ്മയോഗങ്ങളും നീലാണ്ടപ്പിള്ളയും


ജ്ഞാന-കർമ്മയോഗങ്ങളും          
നീലാണ്ടപ്പിള്ളയും


“രാവണവിജയം’ എന്നൊരു നാടകമുണ്ടെന്നും അതിൽ രാവണന്റെവേഷത്തിൽ അഭിനയിക്കുന്നത് വെള്ളിക്കുന്നത്ത് പാർവതീഭവനിൽ നീലകണ്ഠൻപിള്ള എന്ന നീലാണ്ടപ്പിള്ളയാണെന്നും ഒന്നു സങ്കല്പിക്കുക..! അരങ്ങിൽ രാവണവേഷത്തിൽ തകർപ്പൻഅഭിനയം കാഴ്ചവച്ച്  കാണികളുടെ വിസ്മയഭരിതമയ ആരാധനയും ഹസ്താരവവും നേടാറുള്ള നീലാണ്ടപ്പിള്ള  ഇതെങ്ങനെസാധിക്കുന്നു.!?   നീലാണ്ടപ്പിള്ളയുടെ നടനവൈഭവത്തിന്റെ‘എൻജിൻറൂമി’ൽ കയറി നമുക്കൊന്നു നോക്കാം!”

--നല്ല ഫലിതബോധവുംപാണ്ഡിത്യവുമുള്ള  ഗുരുജി ‘പ്രായോഗികജീവിതത്തിൽ ജ്ഞാന-കർമ്മയോഗങ്ങൾ’എന്ന വിഷയത്തെപ്പറ്റി ഞങ്ങളോടു വിവരിക്കുകയാണ്-

 “താൻ രാവണനല്ല, നൂറുശതമാനവും വെള്ളിക്കുന്നത്തു പാർവ്വതീഭവനിൽ നീലാണ്ടപ്പിള്ളയാണെന്ന പൂർണ്ണബോധമാണു വീട്ടിൽനിന്നിറങ്ങു മ്പോഴും, രാവണനായി അരങ്ങുതകർക്കുമ്പോഴും, നാടകം കഴിഞ്ഞു വേഷമഴിച്ചു വീട്ടിൽ പോകുമ്പോഴുമെല്ലാം അയാളുടെ ചെയ്തികൾക്കാകെ അയത്നേന ആധാരമായിരിക്കുന്നത്.

ഇതിൽ ജ്ഞാനയോഗത്തിന്റെ ഒരു മിനിയെച്ചർ  കാണാം -!! ”

 “അപ്പോൾ കർമ്മയോഗമോ-?” ഞങ്ങൾ ചോദിച്ചു.

 “അതെ. ഇനികർമ്മയോഗം നീലാണ്ടപ്പിള്ളയിൽ എവിടെ,എങ്ങനെയാണു

സംഭവിക്കുന്നത് നോക്കാം.  രാവണവേഷധാരിയായി സാക്ഷാൽ ലങ്കേശനായുള്ള

രംഗാവതരണത്തിനു മനസാ-വാചാ-കർമ്മണാ സജ്ജനായിവേദിയിലെത്തി യവനികയുയരുമ്പോഴുണ്ടാകുന്ന സർഗ്ഗാത്മകലോകത്താണ് അതു സംഭവിക്കുന്നത്-കർമ്മയോഗം-!!

 “അതെങ്ങനെ-?!” എന്നു ഞങ്ങൾ.

 “പറയാം-”  ഗുരുജി തുടരുന്നു-:   “ഞാൻ നീലകണ്ഠപ്പിള്ളയാണ് ’ എന്ന‘ജ്ഞാനയോഗം’ യാതൊരു ഉടവുംതട്ടാതെ പൂർണ്ണമായിത്തന്നെസാക്ഷിനിൽക്കെ താൻ രാവണനാണ്, ഇവിടം ലങ്കാപുരിയാണ്, കൂടെനിൽക്കുന്ന ‘മറ്റൊരു ജ്ഞാനയോഗം’ശൈലജാകുമാരി എന്ന നടി മണ്ഡോദരിയാണ്, നാടകഗ്രൂപ്പിലെ പുഷ്പകുമാറും വേലായുധനും ഗണനാഥൻനായരും യഥാക്രമം ഇന്ദ്രജിത്തും വിഭീഷണനും കുംഭകർണ്ണനുമാണ്—എന്നിങ്ങനെയുള്ള ബോധപൂർവമായ അദ്ധ്യാരോപങ്ങളും തദനുസൃതങ്ങളായ പെരുമാറ്റങ്ങളുംസംഭാഷണങ്ങളും ഭാവ-ഹാവാദികളുമാണു കർമ്മയോഗം-!!

 ഈ പറഞ്ഞ കർമ്മയോഗത്തിൽ   രാവണന്റെ മാനസ-വാചസ-ചേഷ്ടിതങ്ങൾക്ക് സാക്ഷിയായി മാത്രംനിൽക്കുകയല്ലതെ ‘ഞാൻ നീലാണ്ടനാണ്’ എന്ന ആധാരജ്ഞാനം രാവണനിൽ ഇടപെടുകയേ യില്ല. എന്നാൽ ആ ഇടപെടായ്ക എന്നത് ഒരു വലിയ ഇടപെടലാണെന്നും, അതാണു രാവണാവതരണത്തിന്റെ സർഗ്ഗാത്മകവിജയത്തിന് അടിസ്ഥാനമെന്നും അല്പം ഒന്നാലോചിച്ചാൽ പിടികിട്ടും.  രാവണവേഷധാരിയായി വിഭീഷണനോടു കയർത്തുനിൽക്കെ വേദിക്കുമുന്നിൽ തന്നെത്തന്നെ നോക്കിനിൽക്കുന്ന  മുറുക്കാൻകടക്കാരൻ മുരുകനോട്   “ഇന്നത്തെ സർബ്ബത്തിന്റേതുൾപ്പെടെയുള്ള പറ്റു നാളെത്തന്നെയങ്ങുതീർത്തേക്കാം….”എന്നോ മറ്റോ നീലാണ്ടപ്പിള്ള കേറിഅങ്ങു പറഞ്ഞുപോയാൽ…..!!?        അതായത്- ‘നീലണ്ടപ്പിള്ള’ എന്ന ‘ജ്ഞാനയോഗ’ത്തിന്റെ‘ഇടപെടൽ’  രാവണൻ എന്ന‘കർമ്മയോഗ’ത്തിലുണ്ടായിപ്പോയാൽ.. ആ മുറുക്കാൻകടമുരുകൻ ഉൾപ്പെടെ കൂവും….!!

 ഈ വിധവീഴ്ചകൾക്കു രണ്ടുകോടികൾ ഉണ്ട്.  ഒന്ന്- ‘ നീലാണ്ടപ്പിള്ളയാണു താൻ ’എന്ന അടിസ്ഥാനബോധംഅപ്പാടെ വിസ്മരിച്ച് താൻ ശരിക്കും ലങ്കേശനാണെന്നും, വിഭീഷണന്റെ നിലപാടിനെ സ്ക്രിപ്റ്റിനു വിരുദ്ധമായി രണ്ട് വീക്കുകൊടുത്ത് നിയന്ത്രിക്കേണ്ടതാണെന്നുമുള്ള തരത്തിൽ ‘രാവണബോധ’ത്തിലേക്കുചായുക-! മറ്റൊന്ന്- രാവണവേഷധാരിയായി രംഗത്തു വന്നു നിൽക്കുന്നെങ്കിലും  ‘ഞാൻ നമ്മുടെ പാവം നീലാണ്ടനാണേ…’ എന്ന മട്ടിൽ രാവണസഹജമായ ദർപ്പിതചേഷ്ടിതങ്ങൾ കാട്ടാനാകാതെ അരങ്ങിന്റെ ഒരു കോണിൽ വെറുമൊരു ‘നീലമണ്ട’നായി നിൽക്കുക-!!   ഇതുരണ്ടും  ഉണ്ടായിക്കൂടല്ലോ.

 ഏറ്റവും രസകരമായസംഗതി- കൈയിൽ കാശില്ലാത്തതുകൊണ്ട് മാടക്കടക്കാരൻ മുരുകനോടു പറ്റുകാശ് കടംപറഞ്ഞിരിക്കുന്ന നീലാണ്ടപ്പിള്ള സർവ്വൈശ്വര്യസമൃദ്ധമായ ലങ്കയുടെ അധീശനായിരുന്നിട്ടുംപറ്റുകാശിനുള്ളതുപോയിട്ട്  ലങ്കയിൽനിന്ന്  ഒരു മൊട്ടുസൂചിപോലും  വേണമെന്നില്ലാതെ  നാടകാന്ത്യത്തിൽ  അവിടുന്നെത്ര കൂളായിട്ടാണ് ഇറങ്ങിപ്പോരുന്നത് എന്നതാണ്-!!  ഒന്നോർത്താൽ ഇതു തന്നെയാണു കർമ്മയോഗത്തിന്റെ ഒരു ഗുണം-!!

 ഇതുപോലെ.. സകലരിലും ഒന്നുപോലെ  സദാ സ്ഫുരിച്ചു സാക്ഷിമാത്രമായി നിൽക്കുന്ന ‘ഞാൻ ഉണ്ട് ’ എന്ന ആത്മബോധത്തിന്റെ വെളിച്ചത്തിൽ ‘എന്റെ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് കൂളായി ഒരു മൂളിപ്പാട്ടും പാടി  വേഷം അഴിച്ചുവച്ച് വേദിവിട്ടു പോകുക-!”

 ഗുരുജി ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ കേട്ടുകൊണ്ടിരുന്ന ഞങ്ങളിൽ ഒരാൾ ഒട്ടൊന്നു വിസ്മയിച്ച് ചിന്തയിൽമുഴുകിയിരുന്നിട്ട് തെല്ലുറക്കെയായിപ്പോയ ഒരു ആത്മഗതത്തിൽ -:    “അപ്പോ.. എടുക്കുന്നവേഷം ഒക്കുമ്പോലെയൊക്കെ പൊടിച്ചുവാരിയിട്ട്  ഈ നീലാണ്ടപ്പിള്ളേപ്പോലെ  ഇത്രക്ക് കൂളായിട്ടിറങ്ങിയങ്ങു പോകാനുള്ളതേയുള്ളൂ    ഈ ജീവിതം…! അല്ലേ …!!”

 അതുകേട്ട് ഗുരുജി-: “അതെ-! അത്രയേയുള്ളൂ-!

ഇത് അറിയുന്നതിനുള്ള അഭ്യാസത്തിനു പണ്ടൊരു പേരുണ്ടായിരുന്നു--

വിദ്യാഭ്യാസം-!   മറ്റൊരു അഭ്യാസത്തിനും ആ പേരു യോജിക്കില്ല…!”

---മധു,മുട്ടം (നിത്യമാധവം)

 

 

2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

കണ്ടവരുണ്ടോ..?


                     കണ്ടവരുണ്ടോ..?


കാപ്പിരി-:  ഇല്ലായ്മയെ ആരെങ്കിലും കണ്ടിട്ടുണ്ടോ-?

മുപ്പിരി-:    ആരെവിടെ എന്നു കണ്ടതും കാണുന്നതും കാണാൻ                                                  
                പോകുന്നതും  ഇല്ലായ്മയെ മാത്രം-!
കാപ്പിരി-:  അപ്പോ ഈ ഇല്ലായ്മയുടെ ലക്ഷണമെന്താണ്-?
മുപ്പിരി-:    കാണപ്പെടുക എന്നതുതന്നെ.
കാപ്പിരി-‌:  ങെ..! അപ്പോൾ… ഉണ്മയുടെ ലക്ഷണമോ…?
മുപ്പിരി-:    കാണപ്പെടുകയില്ല എന്നതുതന്നെ.
കാപ്പിരി-:  ഉദാഹരണം-?
മുപ്പിരി-:    ‘ഞാൻ‘.
കാപ്പിരി-:  ഇല്ലായ്മക്കോ-?
മുപ്പിരി-:    ‘എന്റെ‘

‘ഞാ’നാണുള്ളതെന്നറിഞ്ഞി-
ട്ടെന്റെതിനെമിഴിപ്പവ-
ന്നുണ്ടാമെന്തുവന്നെന്നാലും
ചുണ്ടത്തൊരൊഴിയാച്ചിരി…!
                   'നിത്യമാധവം' 
                                 --മധു 

2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

പീലിത്തൂലിക


            




1-- ചക്രവാളത്തിലൊന്നുതലോടി

സുപ്രഭാതച്ചെപ്പുതുറക്കും

ഇന്ദ്രജാലക്കാരാ തരുമോ

നിന്റെ മയിൽ‌പ്പീലി….

ഞാനൊന്നെടുത്തോട്ടേ….ഇവിടൊരു

പൂവാടിതീർത്തോട്ടേ….! അതിലെ

മാന്ത്രികക്കൊട്ടാരവാതിൽതുറന്നു ഞാൻ

മാണിക്യമെടുത്തോട്ടേ….കാണാ-

മാണിക്യമെടുത്തോട്ടേ….!

 

2— ദിനാന്തശലഭം വിണ്ണിൽ വിടർത്തും

വിലോലരാഗച്ചിറകുകളിൽ

നിറങ്ങളെഴുതിയ തൂലികതരുമോ

പ്രപഞ്ചചിത്രകലാകാരാ…

ഞാനൊന്നെടുത്തോട്ടേ…. പുതിയൊരു

പൂമാനം തീർത്തോട്ടേ….അവിടെ

മായാത്ത വാസരസ്വപ്നങ്ങളാലൊരു

മാളിക പണിഞ്ഞോട്ടേ….!ആയിരം

ദീപങ്ങൾ തെളിച്ചോട്ടേ….!

                                   -മധു,മുട്ടം

 



2015 ജനുവരി 31, ശനിയാഴ്‌ച

ചോദ്യക്കടങ്കഥ


              
       

കുടയുംചൂടിനിന്ന് മേക്കാറ്റുകളെക്കൊണ്ട് മേഘക്കടങ്കഥക്കെട്ടുകൾ ചുമപ്പിക്കുന്ന കടങ്കഥമുതലാളിയായ ആകാശത്തോട് ഞങ്ങളുടെ ആറ്റുവക്കത്തെ കുഞ്ഞിക്കാറ്റു വിളിച്ചുപറഞ്ഞു :

“ ഇറക്കിക്കെ....ഇറക്കിക്കേ…. ഒരു കടങ്കഥയിറക്കിക്കേ……നോക്കട്ടെ-!”

അന്നു വല്ല്യകോളൊന്നുമില്ലാത്തതുകൊണ്ടോ എന്തോ അതുകേട്ടപ്പോഴേ നിരനിരയായി നീങ്ങുന്ന പലതരം കടങ്കഥച്ചുമടുകൾക്കിടയിലൂടെ ഒരു ചിരിയും ചിരിച്ചുകൊണ്ട് ആകാശം ഞങ്ങളുടെ ആറ്റുകടവിലേക്കിട്ടുതന്നു.. ഒരു കടങ്കഥ--! 

ആറ്റുകടവിലെ വെള്ളത്തിൽ കാല് നനച്ചുനിന്ന കടങ്കഥയുടെ കാവിക്കുപ്പായത്തിലേക്കു നോക്കി ഞങ്ങളിരിക്കെ കടങ്കഥ പറഞ്ഞു -: “ചിന്തയിൽപ്പെട്ടുപോയിരിക്കുന്നു എന്നതാണു മനുഷ്യൻ എന്ന ഈ സങ്കടക്കടങ്കഥയിലെ പ്രശ്നം -! ചിന്തയിൽ നിന്നെങ്ങനെ  കരകയറും-?  ലളിതമാ…..ഒന്ന് ശ്രമിച്ചു നോക്ക്—! ”

അതോടെ ഞങ്ങൾ ശ്രമംതുടങ്ങി…. എത്ര ചിന്തിച്ചിട്ടും ഒരു പോംവഴി കാണുന്നില്ല….! എന്താ-! വല്ലതുമൊരുവഴി തോന്നുന്നോ.--!!  ശ്രമിച്ചു നോക്ക്… ‘പയങ്കര’ ഓഫറാ--!!

                                                                                                -മധു,മുട്ടം 

2015 ജനുവരി 28, ബുധനാഴ്‌ച

മന്ത്രകോടിമണക്കുന്ന സന്ധ്യയിൽ …




നിന്റെ നീലസമുദ്രമാകവേ

മന്ത്രകോടിമണക്കുമീ-

സന്ധ്യയിൽ രാഗസന്ധ്യ സീമന്ത

കുങ്കുമം ചാർത്തിനിൽക്കവേ…..  

എന്റെയുള്ളിലെ കാവുണർത്തുന്ന 

നന്തുണിപ്പെണ്ണുമൂളുമീ-

ചിന്തുമായ് നിന്റെ കോലകത്തിന്റെ 

ദന്തഗോപുരവാതിലിൽ

നിന്നു കാക്കവിളക്കിലോർമ്മതൻ

നെയ്യൊഴിച്ചു തെളിപ്പു ഞാൻ…..

                      
                  -മധു,മുട്ടം

2015 ജനുവരി 9, വെള്ളിയാഴ്‌ച



    രസിക്കാ‍ൻ വന്നവർ

സിദ്ധാന്തൻ-: “പേടി ആസ്വദിക്കാൻ ടിക്കറ്റെടുത്തു കയറിയവർ പേടിപ്പിക്കുമ്പോൾ പേടിച്ചാലോ-! ഹും-! ജീവിതത്തിലെ ദു:ഖങ്ങളെയും—ഭയങ്ങളെയുമൊക്കെ അങ്ങനെ മാത്രമേ കാണേണ്ടൂ…, സുഖങ്ങളെയും-! പക്ഷേ…ജീവിതം ദു:ഖിപ്പിക്കുമ്പോൾ നാം അതിനെനോക്കിരസിക്കാൻ മറക്കുന്നു…! ഇല്ലേ-!?“
മുഗ്ദ്ധാന്തൻ-:   ‘’ദു:ഖത്തെ നോക്കി രസിക്കുക എന്നു പറഞ്ഞാൽ…!? എന്താണ്-? അതെങ്ങനെയാണ്-?”
സിദ്ധാന്തൻ-: ‘’ദു:ഖം തീർച്ചയായും ദു:ഖിപ്പിച്ചു വേണമല്ലോ ‘രസി’പ്പിക്കാൻ-! പേടിച്ചു രസിക്കാൻ ടിക്കറ്റെടുത്തവരെ പേടിപ്പിച്ചാലല്ലേ അവർ തൃപ്തരാകൂ-!
മുഗ്ദ്ധാന്തൻ-: “ഹൊറർ സിനിമയും മറ്റും കണ്ടുരസിക്കുന്നവർക്ക് തങ്ങൾ അതിൽനിന്നു സുരക്ഷിതരാ‍ണെന്ന ബോധമായിരിക്കും. രസത്തിനു അതൊരു പ്രധാനകാരണവുമാണല്ലോ-! എന്നാൽ ജീവിതത്തിൽ പേടിയും ദു:ഖവുമൊക്കെ അനുഭവിക്കുമ്പോൾ തിയേറ്ററിലെപ്പോലെ തങ്ങൾ അതിൽ നിന്നു സുരക്ഷിതമായ അകലത്തിലാണെന്നു വിചാരിക്കാനാവില്ലല്ലോ-!!”
സിദ്ധാന്തൻ-: “അതെ-! എന്നുവച്ചാൽ അങ്ങനെ വിചാരിക്കാൻ പോലും   കഴിയാത്തത്ര തീവ്രതയോടെ ജീവിതം നമ്മെ എന്തും സത്യമെന്നു തൊന്നത്തക്ക വിധത്തിൽ തീവ്രമായി അനുഭവിപ്പിച്ചു രസിപ്പിക്കുന്നു എന്നർത്ഥം-!! അതായത്….‘പോര- ഇത്തിരികൂടി വരാനുണ്ട്…’ എന്നു സാധാരണ നമ്മൾ  നാടകവും സിനിമയും മറ്റും കണ്ടിട്ട് പറയുമ്പോലെ ഒരുപഴിയും പറയാൻ പഴുതില്ലാതെ ജീവിതം നമ്മെ ‘അടിമുടി അടക്കി അങ്ങു രസി’പ്പിച്ചുകളയുന്നു--!
അതല്ലേ സത്യം-?! ”
മുഗ്ദ്ധാന്തൻ-: “അങ്ങനെ പറയാൻ എങ്ങനെ പറ്റും-?! ” 
സിദ്ധാന്തൻ-: “അങ്ങനെയല്ലേ പറയാൻ പറ്റൂ-!!”
മുഗ്ദ്ധാന്തൻ-: “എന്തുകൊണ്ട്-!?”
സിദ്ധാന്തൻ-:പറയാം. ഏത് അനുഭവങ്ങളെയും ഒന്നടുത്തു നിന്നു പരിശോധിച്ചു നോക്കൂ-! അനുഭവിക്കുന്ന ആൾ അഥവാ അയാളുടെ ആത്മസത്ത എന്ന അനുഭവസാക്ഷി  ആ അനുഭവത്തിൽ പെടുന്നതേയില്ല-! സാക്ഷി എപ്പോഴും സാക്ഷ്യത്തിൽ നിന്നു ‘സുരക്ഷിതമായ അകലത്തിൽ‘ ആയിരിക്കും-!! അതുകൊണ്ടാണ് അയാൾക്ക് ആ അനുഭവം അനുഭൂതമകുന്നത്-! ഒന്ന് അനുഭവിച്ചോ- എങ്കിൽ അനുഭവിച്ച ആൾ ആ ‘അനുഭവം' ആകുകയേയില്ല-!!  ഞാൻ അനുഭവിക്കുന്ന തലവേദന ‘എന്റെ‘ തലവേദനയാവാം- പക്ഷേ ഒരിക്കലും ‘ഞാൻ തലവേദന‘യാകുകയില്ല്ല്ല-!!  അതുകൊണ്ടാണ് അത് അനുഭവിക്കാൻ കഴിയുന്നത്. ഇത് അറിയുന്നതാണ് സാക്ഷാൽ ‘ആത്മവിദ്യ’--!! 
അഭ്യാസത്തിലൂടെ ‘ആത്മവിദ്യ’ അനാവൃതമായാൽ  നാം  സകല അനുഭവങ്ങളിൽ നിന്നും ‘സുരക്ഷിതമായ അകലത്തി’ലാണെന്നു തിരിച്ചറിയുകയും അതോടെ നാമൊക്കെ  താനെന്ന സ്വന്തം കഥാപാത്രത്തിന്റെ  സുഖദു:ഖങ്ങളെ നോക്കി രസിക്കാൻ തുടങ്ങുകയും ചെയ്യും എന്നത് ഉറപ്പല്ലേ!? ഏതു പോലെ-! സ്വന്തം മരണംപോലും അല്പംകൂടി നന്നാക്കാമായിരുന്നു എന്ന് രാമനാൽ വധിക്കപ്പെടുന്ന ബാലിയുടെ വേഷം രംഗത്ത് അവതരിപ്പിച്ച്  “പോരാ—” 
എന്നു സ്വയം തോന്നിയ നടനെപ്പോലെ…..! 
എന്താ-? എന്തു തോന്നുന്നു-?

                                                             ( നിത്യമാധവം ) -മധു,മുട്ടം