link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015 മാർച്ച് 11, ബുധനാഴ്‌ച

രാക്കിളിപ്പിണക്കം











നീലപ്പീലിയിളക്കും രാവിന്റെ
തൂവലിനിന്നെന്തു മിനുക്കം..!
തേഞ്ചോരും മൊഴിയേ…രാക്കിളിയേ നിന്റെ
പൂഞ്ചുണ്ടിലിന്നെന്തേ പിണക്കം…?!

1-പൂമാനച്ചില്ലയിൽ പൂവമ്പൻ പോറ്റുന്ന
പൂന്തിങ്കൾക്കിളി വന്നൂ—നിന്റെ
തൂവലുരുമ്മിയിരുന്നൂ…
പൂഞ്ചിറകൊതുക്കും രാക്കിളിയേ നിന്റെ
തൂമൊഴിക്കെന്നിട്ടും പിണക്കം…! നിൻ
നീൾമിഴിക്കീറൻ തിളക്കം….!

2-മാലേയത്തെന്നലിൽ മാകന്ദവിശിഖന്റെ
തേരായിന്നവൻ വന്നൂ….നിന്നെ
മാറോടണക്കാൻ നിന്നൂ…
മാമ്പൂമണക്കും ഇണക്കിളിയേ നിന്റെ
മാരനോടെന്തിത്ര പിണക്കം…! നിൻ
ഭാവങ്ങൾക്കിന്നെന്തിണക്കം..!

                      -മധു,മുട്ടം

2015 മാർച്ച് 8, ഞായറാഴ്‌ച

അസുരഗീതം

           







എത്തിയേൻ മായേ  നിന്റെ 
നടക്കൽ..വേദാന്തം വ-
ന്നെത്തി മൂർച്ഛിക്കാറുള്ള 
രഥ്യാമണ്ഡപം തന്നിൽ…..!
--ഉത്തുംഗതാരാപഥ-
പ്പരപ്പിൽ ദുരൂഹത
പത്തിനീർത്താടും നീല
നിശ്ശബ്ദവിഹായസ്സും...
തൊട്ടുതൊട്ടെല്ലാമസ്ഥി-
മാടമായ് മാറ്റും കാല-
കല്പന നിഗൂഢമായ്
പതുങ്ങും ഹൃദന്തവും...
ബ്രഹ്മകല്പങ്ങൾ ഹോമ-
കുണ്ഡങ്ങൾ ജ്വലിപ്പിക്കെ
ജന്മങ്ങൾ പരാർദ്ധം ഞാൻ
ഹവിസ്സായർപ്പിച്ചിട്ടു-
മിന്നുമീയസ്തിത്വത്തിൻ 
കാവിലെത്തിറയ്ക്കുള്ളിൽ
വന്നെന്നെ വിറപ്പിച്ച 
ഞാനും--- എൻ പ്രജ്ഞയ്ക്കുള്ളിൽ
നിത്യവും കണ്ണാമ്പൊത്തി
കളിക്കെത്തളർന്നു മ-
ച്ചിത്തവും ചിറകുള്ള 
ചിന്തയും ചേക്കേറുന്ന
പൊത്തിതിൽ--വന്നേൻ നിത്യ-
സത്യമേ നിന്നെത്തേടി
ഭക്തനാമെന്നെത്തന്നെ 
നേദിക്കാനില്ലാതകാൻ.

അഷ്ടതാരിണീ--! ദേവീ--!
 ത്വൽ‌പ്പദം തേടിക്കോടി
നക്ഷത്രമായി ക്ഷീര-
പഥത്തിലലഞ്ഞു ഞാൻ
ദുഷ്ടനായ്…, കൃതഘ്നനായ്..,
ശിഷ്ടനായ്..,നിശ്ചേഷ്ടനായ്
മൃഷ്ടമായ് പിന്നെക്കോടി
ജന്മങ്ങൾ നിന്നെത്തേടി....!!
എന്നിൽനിന്നെന്നോളമു-
ള്ളീവഴിക്കനന്തത-
യൊന്നൊന്നായുരിഞ്ഞിട്ട 
പടങ്ങൾ പാറീടുന്നു....!!
എത്രയോ മഹാകല്പം 
വറ്റിയീപ്രപഞ്ചത്തിൽ...
എത്രയോ രൂപം പേറി
ത്തളർന്നേൻ...!! ഇന്നും ദേവീ-!
ബന്ധനങ്ങളെത്തെറ്റി-
ദ്ധരിച്ചാ പ്രമ്ലോചയ്ക്കു
ബിന്ദുവാസരക്കുളി-
രേകുന്നു നിരന്തരം...!
ജുടക സഹസ്രങ്ങൾ
കൊഴിഞ്ഞൂ......! ഇന്നോ മുഖ-
മ്മൂടികൾ ചൂടിച്ചൂടി 
എന്നെ ഞാൻ മറന്നേപോയ്.....!
അങ്കുശങ്ങളെത്തെറ്റി-
ദ്ധരിച്ചു തൂവൽത്തുമ്പാൽ
ശങ്കിയാതയേ ബത-! 
ചാർത്തി ഞാൻ വിരാമമായ്…!
പുരളേ-! നീയല്ലാതെ 
പൂർണ്ണമാം ബിന്ദു വേറെ
വിരിയും സങ്കല്പങ്ങൾ
കരിയായെന്നേയുള്ളിൽ.
ബ്രഹ്മബിന്ദുക്കൾകൊണ്ടീ 
മണ്ണിൽ ഞാനൊഴുക്കിയ
ബ്രഹ്മപുത്രകൾ നിന്റെ 
തൃക്കഴൽ തേടുന്നിന്നും…
യുഗങ്ങൾ അവഭൃഥ-
സ്നാനം ചെയ്തിന്നും മമ
ഹൃദന്തേ പുനർജ്ജനി-
ക്കൂഴം കാത്തിരിക്കുന്നു…!
ഇക്കണ്ട ചരാചര-
സഞ്ചയങ്ങളിലെന്റെ-
യുഗ്രമാം തപസ്സല്ലോ 
തുടരുന്നനുസ്യുതം...
നേരമായില്ലേയിന്നും 
കാരണീ-! സനാതന
തീരമേ-!അടഞ്ഞ നിൻ 
തൃക്കാപ്പു തുറക്കുവാൻ…?
വേണ്ടെനിക്കിനി മൂന്നു
പുരങ്ങൾ…അമ്മേ-! ഒന്നു
ചൂണ്ടിയാൽ കരിഞ്ഞുപോം
വരങ്ങൾ… നാഗാസ്ത്രങ്ങൾ..
വേണ്ടല്ലോ ചിരംവാഴാനമൃതം...! 
എനിക്കിനിവേണ്ടതോ.അമ്മേ-!?
ഒരു പൂർണ്ണമാം വിരാമമാം.
                                           --മധു,മുട്ടം


2015 മാർച്ച് 1, ഞായറാഴ്‌ച

എന്റെവിസ്മയം


   



മഴവില്ല് കണ്ടു
മതിവരാഞ്ഞും
മറിമാന്മിഴിയിൽ
മതിമറന്നും
തളിരും മലരും
മനം കവരും
കുളിരും പുലർകാല
ഭംഗി കണ്ടും
തെളിമാനംകണ്ടും 
ത്രിസന്ധ്യകണ്ടും
പുളകംകൊണ്ടമ്പിളി-
ത്തെല്ലുകണ്ടും
കവിമനപ്പൂങ്കാ-
വനങ്ങൾ പൂക്കെ
അതിലല്ലെൻ 
വിസ്മയച്ചെണ്ടുപൂത്തു-!
‘അവിടില്ലാക്കൊമ്പി’ലെ
പൂവിറുത്ത്
‘ഇവിടില്ലാനൂലി’ലാ 
പൂവുകോർത്ത്
അഴകോടിന്നീവിധം
ചൂടിനിൽക്കും
മമ മനം കണ്ടു ഞാൻ
വിസ്മയിപ്പൂ….!!

           -മധു,മുട്ടം



കുള

2015 ഫെബ്രുവരി 18, ബുധനാഴ്‌ച

ജ്ഞാന-കർമ്മയോഗങ്ങളും നീലാണ്ടപ്പിള്ളയും


ജ്ഞാന-കർമ്മയോഗങ്ങളും          
നീലാണ്ടപ്പിള്ളയും


“രാവണവിജയം’ എന്നൊരു നാടകമുണ്ടെന്നും അതിൽ രാവണന്റെവേഷത്തിൽ അഭിനയിക്കുന്നത് വെള്ളിക്കുന്നത്ത് പാർവതീഭവനിൽ നീലകണ്ഠൻപിള്ള എന്ന നീലാണ്ടപ്പിള്ളയാണെന്നും ഒന്നു സങ്കല്പിക്കുക..! അരങ്ങിൽ രാവണവേഷത്തിൽ തകർപ്പൻഅഭിനയം കാഴ്ചവച്ച്  കാണികളുടെ വിസ്മയഭരിതമയ ആരാധനയും ഹസ്താരവവും നേടാറുള്ള നീലാണ്ടപ്പിള്ള  ഇതെങ്ങനെസാധിക്കുന്നു.!?   നീലാണ്ടപ്പിള്ളയുടെ നടനവൈഭവത്തിന്റെ‘എൻജിൻറൂമി’ൽ കയറി നമുക്കൊന്നു നോക്കാം!”

--നല്ല ഫലിതബോധവുംപാണ്ഡിത്യവുമുള്ള  ഗുരുജി ‘പ്രായോഗികജീവിതത്തിൽ ജ്ഞാന-കർമ്മയോഗങ്ങൾ’എന്ന വിഷയത്തെപ്പറ്റി ഞങ്ങളോടു വിവരിക്കുകയാണ്-

 “താൻ രാവണനല്ല, നൂറുശതമാനവും വെള്ളിക്കുന്നത്തു പാർവ്വതീഭവനിൽ നീലാണ്ടപ്പിള്ളയാണെന്ന പൂർണ്ണബോധമാണു വീട്ടിൽനിന്നിറങ്ങു മ്പോഴും, രാവണനായി അരങ്ങുതകർക്കുമ്പോഴും, നാടകം കഴിഞ്ഞു വേഷമഴിച്ചു വീട്ടിൽ പോകുമ്പോഴുമെല്ലാം അയാളുടെ ചെയ്തികൾക്കാകെ അയത്നേന ആധാരമായിരിക്കുന്നത്.

ഇതിൽ ജ്ഞാനയോഗത്തിന്റെ ഒരു മിനിയെച്ചർ  കാണാം -!! ”

 “അപ്പോൾ കർമ്മയോഗമോ-?” ഞങ്ങൾ ചോദിച്ചു.

 “അതെ. ഇനികർമ്മയോഗം നീലാണ്ടപ്പിള്ളയിൽ എവിടെ,എങ്ങനെയാണു

സംഭവിക്കുന്നത് നോക്കാം.  രാവണവേഷധാരിയായി സാക്ഷാൽ ലങ്കേശനായുള്ള

രംഗാവതരണത്തിനു മനസാ-വാചാ-കർമ്മണാ സജ്ജനായിവേദിയിലെത്തി യവനികയുയരുമ്പോഴുണ്ടാകുന്ന സർഗ്ഗാത്മകലോകത്താണ് അതു സംഭവിക്കുന്നത്-കർമ്മയോഗം-!!

 “അതെങ്ങനെ-?!” എന്നു ഞങ്ങൾ.

 “പറയാം-”  ഗുരുജി തുടരുന്നു-:   “ഞാൻ നീലകണ്ഠപ്പിള്ളയാണ് ’ എന്ന‘ജ്ഞാനയോഗം’ യാതൊരു ഉടവുംതട്ടാതെ പൂർണ്ണമായിത്തന്നെസാക്ഷിനിൽക്കെ താൻ രാവണനാണ്, ഇവിടം ലങ്കാപുരിയാണ്, കൂടെനിൽക്കുന്ന ‘മറ്റൊരു ജ്ഞാനയോഗം’ശൈലജാകുമാരി എന്ന നടി മണ്ഡോദരിയാണ്, നാടകഗ്രൂപ്പിലെ പുഷ്പകുമാറും വേലായുധനും ഗണനാഥൻനായരും യഥാക്രമം ഇന്ദ്രജിത്തും വിഭീഷണനും കുംഭകർണ്ണനുമാണ്—എന്നിങ്ങനെയുള്ള ബോധപൂർവമായ അദ്ധ്യാരോപങ്ങളും തദനുസൃതങ്ങളായ പെരുമാറ്റങ്ങളുംസംഭാഷണങ്ങളും ഭാവ-ഹാവാദികളുമാണു കർമ്മയോഗം-!!

 ഈ പറഞ്ഞ കർമ്മയോഗത്തിൽ   രാവണന്റെ മാനസ-വാചസ-ചേഷ്ടിതങ്ങൾക്ക് സാക്ഷിയായി മാത്രംനിൽക്കുകയല്ലതെ ‘ഞാൻ നീലാണ്ടനാണ്’ എന്ന ആധാരജ്ഞാനം രാവണനിൽ ഇടപെടുകയേ യില്ല. എന്നാൽ ആ ഇടപെടായ്ക എന്നത് ഒരു വലിയ ഇടപെടലാണെന്നും, അതാണു രാവണാവതരണത്തിന്റെ സർഗ്ഗാത്മകവിജയത്തിന് അടിസ്ഥാനമെന്നും അല്പം ഒന്നാലോചിച്ചാൽ പിടികിട്ടും.  രാവണവേഷധാരിയായി വിഭീഷണനോടു കയർത്തുനിൽക്കെ വേദിക്കുമുന്നിൽ തന്നെത്തന്നെ നോക്കിനിൽക്കുന്ന  മുറുക്കാൻകടക്കാരൻ മുരുകനോട്   “ഇന്നത്തെ സർബ്ബത്തിന്റേതുൾപ്പെടെയുള്ള പറ്റു നാളെത്തന്നെയങ്ങുതീർത്തേക്കാം….”എന്നോ മറ്റോ നീലാണ്ടപ്പിള്ള കേറിഅങ്ങു പറഞ്ഞുപോയാൽ…..!!?        അതായത്- ‘നീലണ്ടപ്പിള്ള’ എന്ന ‘ജ്ഞാനയോഗ’ത്തിന്റെ‘ഇടപെടൽ’  രാവണൻ എന്ന‘കർമ്മയോഗ’ത്തിലുണ്ടായിപ്പോയാൽ.. ആ മുറുക്കാൻകടമുരുകൻ ഉൾപ്പെടെ കൂവും….!!

 ഈ വിധവീഴ്ചകൾക്കു രണ്ടുകോടികൾ ഉണ്ട്.  ഒന്ന്- ‘ നീലാണ്ടപ്പിള്ളയാണു താൻ ’എന്ന അടിസ്ഥാനബോധംഅപ്പാടെ വിസ്മരിച്ച് താൻ ശരിക്കും ലങ്കേശനാണെന്നും, വിഭീഷണന്റെ നിലപാടിനെ സ്ക്രിപ്റ്റിനു വിരുദ്ധമായി രണ്ട് വീക്കുകൊടുത്ത് നിയന്ത്രിക്കേണ്ടതാണെന്നുമുള്ള തരത്തിൽ ‘രാവണബോധ’ത്തിലേക്കുചായുക-! മറ്റൊന്ന്- രാവണവേഷധാരിയായി രംഗത്തു വന്നു നിൽക്കുന്നെങ്കിലും  ‘ഞാൻ നമ്മുടെ പാവം നീലാണ്ടനാണേ…’ എന്ന മട്ടിൽ രാവണസഹജമായ ദർപ്പിതചേഷ്ടിതങ്ങൾ കാട്ടാനാകാതെ അരങ്ങിന്റെ ഒരു കോണിൽ വെറുമൊരു ‘നീലമണ്ട’നായി നിൽക്കുക-!!   ഇതുരണ്ടും  ഉണ്ടായിക്കൂടല്ലോ.

 ഏറ്റവും രസകരമായസംഗതി- കൈയിൽ കാശില്ലാത്തതുകൊണ്ട് മാടക്കടക്കാരൻ മുരുകനോടു പറ്റുകാശ് കടംപറഞ്ഞിരിക്കുന്ന നീലാണ്ടപ്പിള്ള സർവ്വൈശ്വര്യസമൃദ്ധമായ ലങ്കയുടെ അധീശനായിരുന്നിട്ടുംപറ്റുകാശിനുള്ളതുപോയിട്ട്  ലങ്കയിൽനിന്ന്  ഒരു മൊട്ടുസൂചിപോലും  വേണമെന്നില്ലാതെ  നാടകാന്ത്യത്തിൽ  അവിടുന്നെത്ര കൂളായിട്ടാണ് ഇറങ്ങിപ്പോരുന്നത് എന്നതാണ്-!!  ഒന്നോർത്താൽ ഇതു തന്നെയാണു കർമ്മയോഗത്തിന്റെ ഒരു ഗുണം-!!

 ഇതുപോലെ.. സകലരിലും ഒന്നുപോലെ  സദാ സ്ഫുരിച്ചു സാക്ഷിമാത്രമായി നിൽക്കുന്ന ‘ഞാൻ ഉണ്ട് ’ എന്ന ആത്മബോധത്തിന്റെ വെളിച്ചത്തിൽ ‘എന്റെ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് കൂളായി ഒരു മൂളിപ്പാട്ടും പാടി  വേഷം അഴിച്ചുവച്ച് വേദിവിട്ടു പോകുക-!”

 ഗുരുജി ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ കേട്ടുകൊണ്ടിരുന്ന ഞങ്ങളിൽ ഒരാൾ ഒട്ടൊന്നു വിസ്മയിച്ച് ചിന്തയിൽമുഴുകിയിരുന്നിട്ട് തെല്ലുറക്കെയായിപ്പോയ ഒരു ആത്മഗതത്തിൽ -:    “അപ്പോ.. എടുക്കുന്നവേഷം ഒക്കുമ്പോലെയൊക്കെ പൊടിച്ചുവാരിയിട്ട്  ഈ നീലാണ്ടപ്പിള്ളേപ്പോലെ  ഇത്രക്ക് കൂളായിട്ടിറങ്ങിയങ്ങു പോകാനുള്ളതേയുള്ളൂ    ഈ ജീവിതം…! അല്ലേ …!!”

 അതുകേട്ട് ഗുരുജി-: “അതെ-! അത്രയേയുള്ളൂ-!

ഇത് അറിയുന്നതിനുള്ള അഭ്യാസത്തിനു പണ്ടൊരു പേരുണ്ടായിരുന്നു--

വിദ്യാഭ്യാസം-!   മറ്റൊരു അഭ്യാസത്തിനും ആ പേരു യോജിക്കില്ല…!”

---മധു,മുട്ടം (നിത്യമാധവം)

 

 

2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

കണ്ടവരുണ്ടോ..?


                     കണ്ടവരുണ്ടോ..?


കാപ്പിരി-:  ഇല്ലായ്മയെ ആരെങ്കിലും കണ്ടിട്ടുണ്ടോ-?

മുപ്പിരി-:    ആരെവിടെ എന്നു കണ്ടതും കാണുന്നതും കാണാൻ                                                  
                പോകുന്നതും  ഇല്ലായ്മയെ മാത്രം-!
കാപ്പിരി-:  അപ്പോ ഈ ഇല്ലായ്മയുടെ ലക്ഷണമെന്താണ്-?
മുപ്പിരി-:    കാണപ്പെടുക എന്നതുതന്നെ.
കാപ്പിരി-‌:  ങെ..! അപ്പോൾ… ഉണ്മയുടെ ലക്ഷണമോ…?
മുപ്പിരി-:    കാണപ്പെടുകയില്ല എന്നതുതന്നെ.
കാപ്പിരി-:  ഉദാഹരണം-?
മുപ്പിരി-:    ‘ഞാൻ‘.
കാപ്പിരി-:  ഇല്ലായ്മക്കോ-?
മുപ്പിരി-:    ‘എന്റെ‘

‘ഞാ’നാണുള്ളതെന്നറിഞ്ഞി-
ട്ടെന്റെതിനെമിഴിപ്പവ-
ന്നുണ്ടാമെന്തുവന്നെന്നാലും
ചുണ്ടത്തൊരൊഴിയാച്ചിരി…!
                   'നിത്യമാധവം' 
                                 --മധു 

2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

പീലിത്തൂലിക


            




1-- ചക്രവാളത്തിലൊന്നുതലോടി

സുപ്രഭാതച്ചെപ്പുതുറക്കും

ഇന്ദ്രജാലക്കാരാ തരുമോ

നിന്റെ മയിൽ‌പ്പീലി….

ഞാനൊന്നെടുത്തോട്ടേ….ഇവിടൊരു

പൂവാടിതീർത്തോട്ടേ….! അതിലെ

മാന്ത്രികക്കൊട്ടാരവാതിൽതുറന്നു ഞാൻ

മാണിക്യമെടുത്തോട്ടേ….കാണാ-

മാണിക്യമെടുത്തോട്ടേ….!

 

2— ദിനാന്തശലഭം വിണ്ണിൽ വിടർത്തും

വിലോലരാഗച്ചിറകുകളിൽ

നിറങ്ങളെഴുതിയ തൂലികതരുമോ

പ്രപഞ്ചചിത്രകലാകാരാ…

ഞാനൊന്നെടുത്തോട്ടേ…. പുതിയൊരു

പൂമാനം തീർത്തോട്ടേ….അവിടെ

മായാത്ത വാസരസ്വപ്നങ്ങളാലൊരു

മാളിക പണിഞ്ഞോട്ടേ….!ആയിരം

ദീപങ്ങൾ തെളിച്ചോട്ടേ….!

                                   -മധു,മുട്ടം