link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2016 മാർച്ച് 17, വ്യാഴാഴ്‌ച

ആരോ മറയുന്ന വഴിത്തുമ്പ്…



   




      ഇതാ.. ഇതാ…
      ഈ ആഹ്ലാദം.. എങ്ങുനിന്നാണു വരുന്നത്….!?
      എങ്ങുനിന്നെങ്ങുനിന്ന്…!?
      അമ്പലച്ചങ്കിലെ അടയാളക്കല്ലിൽനിന്നോ….?
      ആറിച്ചണയ്ക്കുന്ന ആലിലക്കാറ്റിൽനിന്നോ…?
      അങ്ങേക്കാവിലെ അത്തിമരക്കൊമ്പിൽനിന്നോ…?
      ഇങ്ങേൽക്കൊഞ്ചുന്ന പാലിളഞ്ചുണ്ടിൽനിന്നോ…?
      അതോ….
      എനിക്കറിയാത്ത ഏതോ അൻപോലും പാടത്തുനിന്നോ…?

      ഇതാ…ഇതാ..
      ഈ ദു:ഖം… എങ്ങുനിന്നാണു വരുന്നത്….!?
      എങ്ങുനിന്നെങ്ങുനിന്ന്…!?
      ആരോ പോയ്‌മറഞ്ഞ നേർ‌വഴിത്തുമ്പിൽനിന്നോ…?
      ആരും തിരിവയ്ക്കാക്കോവിലി-
      ന്നുള്ളിൽനിന്നോ…?
      ആളാരുംചെല്ലാതായോരക്കന്റെ കുടിലിൽനിന്നോ…?
      അത്താഴക്കലമുടച്ച കൊട്ടിയമ്പലത്തിൽനിന്നോ…?
      അതോ…
      എനിക്കറിയാത്ത  ഏതോ നെഞ്ചാളും പാടത്തുനിന്നോ…?

      ആൽമരച്ചോട്ടിൽ ഒറ്റയ്ക്കിരുന്നവൻ പറഞ്ഞു:
      ഹ്ലാദവും ദു:ഖവും ആനന്ദത്തിൽനിന്നു വരുന്നു…!
                                                                      -മധു,മുട്ടം        

    

2016 മാർച്ച് 4, വെള്ളിയാഴ്‌ച

2016 ഫെബ്രുവരി 10, ബുധനാഴ്‌ച

തോന്നൽ

                                         ചാരത്തും ദൂരത്തുമാരുമില്ലെന്നാലും
                                         പേരെടുത്താരോ വിളിച്ചപോലെ…!
                                         നേരോ...!? തിരയും… മിഴിനിറച്ചിന്നുമാ
                                         നേരറിയാത്ത ദിഗന്തം മാത്രം...
                                                              -മധു

2016 ജനുവരി 3, ഞായറാഴ്‌ച

പാണപ്പാട്ട്








പട്ടണക്കെട്ടിലെക്കണ്ണാടിക്കൂട്ടിലെ

കാണാൻ ചേലുള്ള വീണപ്പെണ്ണേ…

പാട്ടു മറന്നിട്ടോ  പാണൻ മറന്നിട്ടോ

നാട്ടീന്നു പോന്നു വീണപ്പെണ്ണേ.....!?

 

കേട്ടല്ലോ നന്തുണിപ്പെണ്ണേ  നിന്നെപ്പണ-

ക്കൂട്ടരാരോ കെട്ടിക്കൊണ്ട്വോയെന്നും

പാണൻ പരതി നടന്നെന്നും…നീ പുത്ത-

നീണങ്ങൾ കേട്ടു മയങ്ങിയെന്നും…!

 

പണ്ടത്തെയീണങ്ങൾ ചുണ്ടത്തുണ്ടോ..?പഴേ

പാണച്ചെറുക്കനെയോർമ്മയുണ്ടോ..?

ഓണമുറ്റത്തവൻ വാരിപ്പൂണർന്നപ്പോ

മാറത്തു പൂത്ത പുളകമുണ്ടോ…?

 

പണ്ടൊക്കെ നിൻ‌കൊച്ചു മോഹങ്ങളെ

ചെണ്ടണിയിക്കാനവൻ കൊതിച്ചു

തെണ്ടിത്തിരിഞ്ഞെത്ര പൂരപ്പറമ്പു നിൻ

കണ്ഠത്തിലിമ്പത്തിൻ മാലചാർത്താൻ….

 

നാട്ടക്കുറിഞ്ഞികൊണ്ടല്ലിമാല..

കേട്ടാൽക്കൊതിക്കും കുറിഞ്ഞിമാല..

കാംഭോജി-കല്ല്യാണി രാഗമാല..

കേദാരഗൌളകൊണ്ടക്ഷമാല..

 

മിണ്ടാത്തതെന്തേ നീ വീണപ്പെണ്ണേ…

മിണ്ടിയാൽച്ചേലുള്ള വീണപ്പെണ്ണേ..

എല്ലാം മറന്നുവോ വീണപ്പെണ്ണേ…!നീ

എല്ലാം മറന്ന പൊൻ രാവുകളും…!

 

എന്തോന്നിതോർപ്പു കള്ളിപ്പെണ്ണേ…?നീ

എന്തോമറന്നിട്ട നാഗക്കാവോ.. ?

ചിന്തൊന്നു മൂളിയ കന്നിക്കാവോ…?

കന്നേപ്പറമ്പിലെ കുന്നിക്കാവോ…?

 

കാവൂട്ടുന്നാളിലെ പാതിരാവോ…?

കാർത്തികപൂത്തമൂവന്തിക്കാവോ…!?

കാലം കലിതുള്ളിപ്പോയപ്പോഴുള്ളിലെ

ചായം ചിതറിയ സ്വപ്നക്കാവോ….?

                          -മധു,മുട്ടം

 

2015 ഡിസംബർ 20, ഞായറാഴ്‌ച

പാടുവാനല്ലെങ്കിൽ…






(ഈ വരികൾ ഒരു ഈണത്തിൽ തൊട്ടു താഴെ ഓഡിയോയിൽ കേൾക്കാം)

പാടുവാനല്ലെങ്കിലെന്തിനു ഞാൻ നിന്റെ
വേണുവായ് ചുണ്ടോടമർന്നു…!
ഗാനമായ് നീ നിറഞ്ഞില്ലെങ്കിലെന്തിനീ
പാഴ്‌മുളന്തണ്ടായ് പിറന്നു… ഞാനീ
പാഴ്‌മുളന്തണ്ടായ് പിറന്നു….!
നീലിമേ…..
ആദിമമൌനത്തിൻ അനാ‍ദിസംഗീതമേ…!
താവക ഗീതം
പാടുവാനല്ലെങ്കിലെന്തിനു ഞാൻ നിന്റെ
വേണുവായ് ചുണ്ടോടമർന്നു…!

നീരവമദ്ധ്യാഹ്നകാനനവീഥിയിൽ
മോഹങ്ങൾ പൂക്കുന്ന മേട്ടിൽ
മേഘങ്ങൾ മേഞ്ഞു തളർന്നുമയങ്ങുന്ന
ദേവവൃക്ഷത്തിന്റെ ചോട്ടിൽ..
ഞാനൊരു കാട്ടുപുൽത്തണ്ടായി ദൂരെ നിൻ
കാറൊളി കാതോർത്തു നിന്നു….ഉള്ളിൽ
രാഗസ്വപ്നങ്ങൾ നിറഞ്ഞു..
നീലിമേ….
ആദിമ മൌനത്തിൻ അനാദിസംഗീതമേ…
താവക ഗീതം
പാടുവാനല്ലെങ്കിലെന്തിനു ഞാൻ നിന്റെ
വേണുവായ് ചുണ്ടോടമർന്നു…!

വേനലിനാഗ്നേയഭൃംഗങ്ങൾ പ്രാണനിൽ
ദ്വാരങ്ങൾ പാകിപ്പറന്നു…
ശൂന്യത വന്നെന്റെ ഉള്ളിൽ വിമൂകമാം
നോവിൻ കനലൂതി നിന്നു…
നീയൊരു പാതിരാത്തെന്നലായ് വന്നെന്നും
കാതിൽ മന്ത്രിച്ചുനിന്നെന്നും
ഞാനറിഞ്ഞില്ല മഹാമൌനമേ നിന്റെ
വേണുവായ് ഞാൻ‌ മാറിയെന്നും….ചുണ്ടിൽ
നീ ചേർത്തണച്ചെന്നെയെന്നും…!!
                                           -മധു,മുട്ടം