link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2016 ജനുവരി 3, ഞായറാഴ്‌ച

പാണപ്പാട്ട്








ട്ടണക്കെട്ടിലെക്കണ്ണാടിക്കൂട്ടിലെ

കാണാൻ ചേലുള്ള വീണപ്പെണ്ണേ

പാട്ടു മറന്നിട്ടോ  പാണൻ മറന്നിട്ടോ

നാട്ടീന്നു പോന്നു വീണപ്പെണ്ണേ.....!?

 

കേട്ടല്ലോ നന്തുണിപ്പെണ്ണേ  നിന്നെപ്പണ-

ക്കൂട്ടരാരോ കെട്ടിക്കൊണ്ട്വോയെന്നും

പാണൻ പരതി നടന്നെന്നുംനീ പുത്ത-

നീണങ്ങൾ കേട്ടു മയങ്ങിയെന്നും!

 

പണ്ടത്തെയീണങ്ങൾ ചുണ്ടത്തുണ്ടോ..?പഴേ

പാണച്ചെറുക്കനെയോർമ്മയുണ്ടോ..?

ഓണമുറ്റത്തവൻ വാരിപ്പൂണർന്നപ്പോ

മാറത്തു പൂത്ത പുളകമുണ്ടോ?

 

പണ്ടൊക്കെ നിൻകൊച്ചു മോഹങ്ങളെ

ചെണ്ടണിയിക്കാനവൻ കൊതിച്ചു

തെണ്ടിത്തിരിഞ്ഞെത്ര പൂരപ്പറമ്പു നിൻ

കണ്ഠത്തിലിമ്പത്തിൻ മാലചാർത്താൻ.

 

നാട്ടക്കുറിഞ്ഞികൊണ്ടല്ലിമാല..

കേട്ടാൽക്കൊതിക്കും കുറിഞ്ഞിമാല..

കാംഭോജി-കല്ല്യാണി രാഗമാല..

കേദാരഗൌളകൊണ്ടക്ഷമാല..

 

മിണ്ടാത്തതെന്തേ നീ വീണപ്പെണ്ണേ

മിണ്ടിയാൽച്ചേലുള്ള വീണപ്പെണ്ണേ..

എല്ലാം മറന്നുവോ വീണപ്പെണ്ണേ!നീ

എല്ലാം മറന്ന പൊൻ രാവുകളും!

 

എന്തോന്നിതോർപ്പു കള്ളിപ്പെണ്ണേ?നീ

എന്തോമറന്നിട്ട നാഗക്കാവോ.. ?

ചിന്തൊന്നു മൂളിയ കന്നിക്കാവോ?

കന്നേപ്പറമ്പിലെ കുന്നിക്കാവോ?

 

കാവൂട്ടുന്നാളിലെ പാതിരാവോ?

കാർത്തികപൂത്തമൂവന്തിക്കാവോ!?

കാലം കലിതുള്ളിപ്പോയപ്പോഴുള്ളിലെ

ചായം ചിതറിയ സ്വപ്നക്കാവോ.?

                          -മധു,മുട്ടം

 

2015 ഡിസംബർ 20, ഞായറാഴ്‌ച

പാടുവാനല്ലെങ്കിൽ…






(ഈ വരികൾ ഒരു ഈണത്തിൽ തൊട്ടു താഴെ ഓഡിയോയിൽ കേൾക്കാം)

പാടുവാനല്ലെങ്കിലെന്തിനു ഞാൻ നിന്റെ
വേണുവായ് ചുണ്ടോടമർന്നു…!
ഗാനമായ് നീ നിറഞ്ഞില്ലെങ്കിലെന്തിനീ
പാഴ്മുളന്തണ്ടായ് പിറന്നു ഞാനീ
പാഴ്മുളന്തണ്ടായ് പിറന്നു….!
നീലിമേ…..
ആദിമമൌനത്തിൻ അനാദിസംഗീതമേ…!
താവക ഗീതം
പാടുവാനല്ലെങ്കിലെന്തിനു ഞാൻ നിന്റെ
വേണുവായ് ചുണ്ടോടമർന്നു…!

നീരവമദ്ധ്യാഹ്നകാനനവീഥിയിൽ
മോഹങ്ങൾ പൂക്കുന്ന മേട്ടിൽ
മേഘങ്ങൾ മേഞ്ഞു തളർന്നുമയങ്ങുന്ന
ദേവവൃക്ഷത്തിന്റെ ചോട്ടിൽ..
ഞാനൊരു കാട്ടുപുൽത്തണ്ടായി ദൂരെ നിൻ
കാറൊളി കാതോർത്തു നിന്നു….ഉള്ളിൽ
രാഗസ്വപ്നങ്ങൾ നിറഞ്ഞു..
നീലിമേ….
ആദിമ മൌനത്തിൻ അനാദിസംഗീതമേ
താവക ഗീതം
പാടുവാനല്ലെങ്കിലെന്തിനു ഞാൻ നിന്റെ
വേണുവായ് ചുണ്ടോടമർന്നു…!

വേനലിനാഗ്നേയഭൃംഗങ്ങൾ പ്രാണനിൽ
ദ്വാരങ്ങൾ പാകിപ്പറന്നു
ശൂന്യത വന്നെന്റെ ഉള്ളിൽ വിമൂകമാം
നോവിൻ കനലൂതി നിന്നു
നീയൊരു പാതിരാത്തെന്നലായ് വന്നെന്നും
കാതിൽ മന്ത്രിച്ചുനിന്നെന്നും
ഞാനറിഞ്ഞില്ല മഹാമൌനമേ നിന്റെ
വേണുവായ് ഞാൻ മാറിയെന്നും….ചുണ്ടിൽ
നീ ചേർത്തണച്ചെന്നെയെന്നും…!!
                                           -മധു,മുട്ടം



2015 നവംബർ 28, ശനിയാഴ്‌ച

നീ മാത്രം


                   
                                                

    

കാണുമ്പോൾ തമ്മിൽ കയർത്തേക്കുമെങ്കിലും
കണ്ടിരിക്കുമ്പോൾ കലമ്പുമെന്നാകിലും
കാണാത്ത നേരത്തെ പ്രാർത്ഥനാവേളയിൽ
നീ മാത്രമാണെന്നിൽ നിത്യനിരഞ്ജനേ.
                        
                               -മധു,മുട്ടം





2015 നവംബർ 18, ബുധനാഴ്‌ച

ചില ചില മോഹങ്ങൾ...







ചി ചില മോഹങ്ങൾക്കു 
ചിലമ്പുണ്ടോ.!?കാലിൽ
കിലു കിലെ കിലുങ്ങുന്ന 
കിങ്ങിണിത്തളയുണ്ടോ..!?
തളയിട്ടു കരളിന്റെ
തളമാകെ ഓടിയോടി
ഒളിവിൽപ്പോയ് മണിചിന്നും
ചിരിയുണ്ടോ!?മായാ-
മറയിൽ നിന്നൊളികണ്ണാൽ 
കളിയുണ്ടോ!?
                  (ചില..ചില..

അരയിൽ കിങ്ങിണിയുണ്ടോ!?.
നെറുകയിൽ പീലിയുണ്ടോ.!?
ഒരുകൈയിൽ കുഞ്ഞോട-
ക്കുഴലുണ്ടോ……!? മെയ്യിൽ
മരതക മണിവർണ്ണ-
പ്പൊലിമയുണ്ടോ.!?
                   (ചില..ചില..

ഇടയിൽ  വിങ്ങുന്ന നെഞ്ചിൻ
യമുനാ തീരത്തൊരു
ഇടയനെപ്പോലുള്ള
വരവുണ്ടോ.!?ഓട-
ക്കുഴലൊലിയമൃതാലെ
തഴുകലുണ്ടോ!?
                (ചില..ചില..
                  -മധു,മുട്ടം

 


                      

2015 നവംബർ 2, തിങ്കളാഴ്‌ച

ത്രേതായുഗം വീണ്ടും പിറന്നാൽ







ത്രേതായുഗം വീണ്ടും പിറന്നാൽ

ത്ര്യംബകം വീണ്ടുമൊടിഞ്ഞാൽ

രാമായണത്തിലെ നായിക വീണ്ടും

മായാ മാനിനെ കാണും- വാല്മീകി-

മാമുനി അതുകണ്ടു ചിരിക്കും-!

         (ത്രേതായുഗം വീണ്ടും...

അംബുജലോചനനന്നും പ്രിയതൻ

ചില്ലിവില്ലേറ്റകലും

പണ്ടു മുഴങ്ങിയ 

നിലവിളിവീണ്ടും

പഞ്ചവടികേട്ടു നടുങ്ങും

 സ്വരമറിയും 

അനുജനു മൈഥിലി

ആദ്യപ്രഹേളികയാകും         

             (ത്രേതായുഗം വീണ്ടും...

ദണ്ഡകകാനന വനിയിൽ വിതുമ്പി

*ത്ര്യംബകോൽത്ഭവ ഒഴുകും..

രണ്ടുയുഗങ്ങളിൽ 

സേതു ഉയർത്തി

തമ്പി തളർന്നു മയങ്ങും

ആ മലരടികൾ

രാമൻ മിഴിനീർ

പാദ്യം കൊണ്ടു കുതിർക്കും.

             (ത്രേതായുഗം വീണ്ടും...

                       -മധു,മുട്ടം

--------------------------------

* ഗോദാവരി നദി